ഇതൊരു ഒന്നൊന്നര 'വെടിക്കെട്ട്'; റിവ്യു

By Web Team  |  First Published Feb 3, 2023, 4:35 PM IST

പേര് പോലെ തന്നെ 'വെടിക്കെട്ട്' അനുഭവം തന്നെയാണ് ചിത്രം തിയറ്ററുകളിൽ സമ്മാനിച്ചത്.


ലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ഹിറ്റുകള്‍ എഴുതിയ ജോഡി. ഇരുവരും മികച്ച അഭിനേതാക്കളും കൂടിയാണെന്ന് പലതവണ തെളിയിച്ചിട്ടുള്ളതാണ്. സിനിമയിൽ എന്നും വലിയ സ്വപ്നങ്ങളുമായി സഞ്ചരിക്കുന്ന ബിബിനും വിഷ്ണുവും ആദ്യമായി സംവിധാനം ചെയ്ത ചിത്രം. അതുതന്നെ ആയിരുന്നു 'വെടിക്കെട്ട്' എന്ന ചിത്രം പ്രേക്ഷക ശ്രദ്ധനേടാൻ കാരണമായത്. 

പേര് പോലെ തന്നെ 'വെടിക്കെട്ട്' അനുഭവം തന്നെയാണ് ചിത്രം തിയറ്ററുകളിൽ സമ്മാനിച്ചത്. ആദ്യ സംവിധാന സംരംഭം ആണെങ്കിലും വിഷ്ണുവും ബിബിനും മനോഹരമായി തന്നെ ചിത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചുവെന്ന് നിസംശയം പറയാനാകും. ഇമോഷനും ആക്ഷനും പ്രണയവും കോമഡിയും സൗഹൃദവും നിറച്ചാണ് 'വെടിക്കെട്ട്' ഒരുക്കിയിരിക്കുന്നത്. 

Latest Videos

undefined

ജിത്തു, ഷിബു എന്നിവരാണ് വെടിക്കെട്ടിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരെ ചുറ്റിപ്പറ്റി തന്നെയാണ് ക്ലൈമാക്സ് വരെയും ചിത്രം കടന്നുപോകുന്നത്. ജിത്തു എന്ന കഥാപാത്രമായി ബിബിൻ ജോർജും ഷിബുവായി വിഷ്ണു ഉണ്ണികൃഷ്ണനും സ്ക്രീനിൽ തിളങ്ങി. പ്രത്യേകിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ കെട്ടിയാടിയ വേഷങ്ങളിൽ നിന്നും തീർത്തും വിഭിന്നമാണ് വെടിക്കെട്ടിലെ ഷിബു. കലിപ്പനെങ്കിലും മനസ്സിലെവിടെയോ നന്മ സൂക്ഷിച്ച, പെങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്ന കഥാപാത്രമാണ് ഇത്. ആ കഥാപാത്രത്തിന്റെ തനിമ ഒട്ടും ചോരാതെ തന്നെ വിഷ്ണു അവതരിപ്പിച്ചു. 

മഞ്ഞപ്ര, കറുങ്കോട്ട എന്നിങ്ങനെ രണ്ട് പ്രദേശങ്ങളിൽ ഉള്ളവരാണ് ജിത്തുവും ഷിബുവും. ഒരു വിവാഹത്തോടെ വേർപിരിഞ്ഞതാണ് ഇരുകരകളും. ഇവരുടെ ചേരിപ്പോരിന് പഴക്കവും ഏറെയുണ്ട്. മറ്റുള്ളവരാൽ അവ​ഗണിക്കപ്പെട്ട ജാതിയുടെ പേരിൽ അകറ്റിനിർത്തപ്പെട്ട, പൊലീസ് പോലും ഭയക്കുന്ന ഒരു കൂട്ടം ആളുകളാണ് കറുങ്കോട്ടയിൽ ഉള്ളത്. ഇവിടെയുള്ള ഷിമിലി എന്ന പെൺക്കുട്ടിയെ മഞ്ഞപ്രയിലെ ജിത്തു പ്രേമിക്കുന്നു. ഇതിന്റെ പേരിൽ നടക്കുന്ന കോലാഹലങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഒപ്പം കറുപ്പും വെളുപ്പുമല്ല മനുഷ്യന്റെ മനസാണ് പ്രധാനമെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നു. സൗഹൃദത്തിന്റെ വിലയും ചിത്രം തുറന്നു കാട്ടുന്നുണ്ട്.

അക്ഷനും കോമഡിയും നിറച്ച ആദ്യപകുതിയും ഇമോഷണൽ ബാക്കപ്പിൽ തുടങ്ങിയ രണ്ടാം പകുതിയും പ്രേക്ഷകർക്ക്  ​ഗംഭീര അനുഭവമാണ് സമ്മാനിച്ചത്. സൗഹൃദങ്ങളെ ചുറ്റിപ്പറ്റി അവസാനിക്കുന്ന ചിത്രത്തിന്റെ രണ്ടാം പകുതി ഓരോ പ്രേക്ഷകന്റെയും ഉള്ള് തൊട്ടു. കണ്ണുകളെ ഈറനണിയിച്ചു. സംഘട്ടനങ്ങളും ഇമോഷണലുമാണ് ചിത്രത്തിൽ ഭൂരിഭാ​ഗമെങ്കിലും പതിവ് പോലെ കോമഡിക്കും വിഷ്ണുവും ബിബിനും പ്രധാന്യം നൽകിയിട്ടുണ്ട്. 

വിഷ്ണുവും ബിബിനും തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പ്രേക്ഷകരുടെ പൾസ് അറിഞ്ഞുള്ളത് തന്നെയാണ് തിരക്കഥ. അതുതന്നെയാണ് വെടിക്കെട്ടിന്റെ വിജയവും. ചിത്രത്തിൽ ഫ്ലാഷ് ബാക്കുകൾ ഇടയ്ക്ക് വരുന്നുണ്ടെങ്കിലും കഥയുടെ ഗതി വിട്ടുമാറാതെ തന്നെ അവയെ കൈകാര്യം ചെയ്യാൻ സംവിധായകർക്ക് സാധിച്ചിട്ടുണ്ട് എന്നത് അഭിനന്ദനാർഹമാണ്.  

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനും ഉൾപ്പടെയുള്ള ഏതാനും ചിലർ ഒഴികെ മറ്റുള്ള കഥാപാത്രങ്ങളെല്ലാം അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖങ്ങളാണ്. നായികയായി എത്തിയ ഐശ്യര്യ അനിൽകുമാറും മനോഹരമായി തന്റെ കഥാപാത്രത്തെ സ്ക്രീനിൽ‌ എത്തിച്ചു. ജിത്തുവിന്റെ കൂട്ടുകാരായി എത്തിയവരും മാതാപിതാക്കളായി അഭിനയിച്ചവരും നാട്ടുകാരായി എത്തിയവരുമെല്ലാം തങ്ങളുടെ ഭാ​ഗങ്ങൾ മികച്ചതാക്കിയിട്ടുണ്ട്. 

ചിത്രത്തിൽ എടുത്തുപറയേണ്ടുന്ന ഘടകം പാട്ടുകളും ആക്ഷനും ആണ്. വെടിക്കെട്ടിലെ ഓരോ പാട്ടുകളും  പ്രേക്ഷകരുടെ മനസ്സിൽ താളംചവിട്ടുന്നുണ്ട്. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ, അരുണ്‍ രാജ് എന്നിവർ ചേർന്നാണ്. 

'മമ്മൂക്ക ഫാന്‍സ് എന്ന പ്രയോഗം വിഷമമുണ്ടാക്കുന്നത്'; മമ്മൂട്ടി പറയുന്നു

പശ്ചാത്തല സംഗീതം ഒരുക്കി പതിവുപോലെ അല്‍ഫോന്‍സ് ജോസഫും ചിത്രത്തിൽ കസറിയിട്ടുണ്ട്. ഫീനിക്സ് പ്രഭു, മാഫിയ ശശിയും ചേർന്നാണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. മനോഹരമായ ഷോട്ടുകൾ കോർത്തിണക്കിയ ഛായാഗ്രഹകനായ രതീഷ് റാമും കയ്യടി അർഹിക്കുന്നു. എന്തായാലും ഇരട്ട തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായെത്തിയ വെടിക്കെട്ട് പ്രേക്ഷകരെ നിരാശപ്പെടുത്തില്ലെന്ന് ഉറപ്പാണ്.

click me!