തനിക്ക് ഏറ്റവും ആരാധന തോന്നിയിട്ടുള്ള നായക നടനായ കമല്‍ ഹാസന് ലോകേഷ് നല്‍കിയിരിക്കുന്ന ട്രിബ്യൂട്ട് ഫിലിം ആണ് വിക്രം, കാര്‍ത്തിക് സുബ്ബരാജ് രജനിയെ നായകനാക്കി പേട്ട ഒരുക്കിയതുപോലെ
വിജയ് നായകനായ മാസ്റ്ററിനേക്കാള്‍ ലോകേഷ് കനകരാജ് (Lokesh Kanagaraj) എന്ന സംവിധായകനെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നത് കൈതിയുടെ സംവിധായകന്‍ എന്ന നിലയ്ക്കാണ്. യുവതലമുറ തമിഴ് സംവിധായകരില്‍ ശ്രദ്ധേയനായ ലോകേഷ് ആദ്യമായി കമല്‍ ഹാസനെ (Kamal Haasan) നായകനാക്കി ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍, ഒപ്പം പ്രധാന വേഷങ്ങളില്‍ വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരെയ്‍ന്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് തുടങ്ങിയ വലിയ താരനിര, സൂര്യയുടെ അതിഥിവേഷം, അനിരുദ്ധ് രവിചന്ദറിന്‍റെ സംഗീതം, ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണം.. ഇങ്ങനെ സമീപകാലത്ത് പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് വിക്രം (Vikram). കമല്‍ തന്നെ നായകനായി ഇതേപേരില്‍ 1986ല്‍ ഒരു ചിത്രം പുറത്തിറങ്ങിയിട്ടുണ്ട് എന്നതും കമല്‍ ആരാധകരെ സംബന്ധിച്ച് കാത്തിരിപ്പില്‍ കൗതുകം വര്‍ധിപ്പിച്ച ഘടകമാണ്.
തനിക്ക് ഏറ്റവും ആരാധന തോന്നിയിട്ടുള്ള നായക നടനായ കമല്‍ ഹാസന് ലോകേഷ് നല്‍കിയിരിക്കുന്ന ട്രിബ്യൂട്ട് ഫിലിം ആണ് വിക്രം, കാര്‍ത്തിക് സുബ്ബരാജ് രജനിയെ നായകനാക്കി പേട്ട ഒരുക്കിയതുപോലെ. ചിത്രം തിയറ്ററുകളിലെത്തുന്നതിന്‍റെ തലേ രാത്രി, വിക്രം കാണുന്നതിനു മുന്‍പ് തന്‍റെ മുന്‍ ചിത്രം കൈതി ഒരിക്കല്‍ക്കൂടി കാണണമെന്ന് ആരാധകരോട് ലോകേഷ് അഭ്യര്‍ഥിച്ചിരുന്നു. കൈതിയില്‍ ലോകേഷ് സൃഷ്ടിച്ച ലോകത്തിന് സമാനമായ ഒന്നാണ് വിക്രത്തിന്‍റെയും പശ്ചാത്തലം. ചെന്നൈ തീരത്തേക്ക് എത്തിയ ശതകോടികള്‍ വില വരുന്ന മയക്കുമരുന്ന് കണ്ടെയ്‍നറുകള്‍ തങ്ങളുടെ കൈകളില്‍ എത്തുന്നതിനു മുന്‍പേ അപ്രത്യക്ഷമായതിന്‍റെ ഞെട്ടലിലാണ് അധോലോകം. മയക്കുമരുന്ന് വേട്ട നടത്തിയ യുവ ഉദ്യോഗസ്ഥനടക്കം ചിലര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. തങ്ങള്‍ക്ക് തലവേദന സൃഷ്‍ടിച്ച ഈ കൊലപാതകങ്ങള്‍ അന്വേഷിക്കാനുള്ള ചുമതല അണ്ടര്‍കവര്‍ ഏജന്‍റ് ആയ അമറിലും സംഘത്തിലും എത്തുകയാണ്. കൊല ചെയ്യപ്പെട്ട മൂന്നുപേരില്‍ രണ്ടുപേര്‍ പൊലീസ് ഉദ്യോഗസ്ഥരായ നിലയ്ക്ക് മൂന്നാമത്തെ ആളായ കര്‍ണനിലേക്കാണ് അമറിന്‍റെ ശ്രദ്ധ പോകുന്നതും അയാള്‍ കൂടുതല്‍ അന്വേഷിക്കുന്നതും. പലരില്‍ നിന്നും പലതരം കഥകള്‍ കേള്‍ക്കുന്ന, അറിയുന്തോറും നിഗൂഢത വര്‍ധിച്ചുവരുന്ന കര്‍ണന്‍ ആരെന്നും അയാളുടെ ഭൂതകാലം എന്തെന്നും നഗരത്തില്‍ നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് അയാളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നുമൊക്കെയാണ് മുന്നോട്ടുപോകെ ചിത്രം പരിശോധിക്കുന്നത്. അമറിനെ ഫഹദ് ഫാസിലും കര്‍ണന്‍/ വിക്രത്തെ കമല്‍ ഹാസനും അവതരിപ്പിച്ചിരിക്കുന്നു.
ലീനിയര്‍ രീതിയിലാണ് കഥ പറഞ്ഞുപോകുന്നതെങ്കിലും സ്പൂണ്‍ ഫീഡീംഗ് പരമാവധി ഒഴിവാക്കാന്‍ രചയിതാവ് കൂടിയായ സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ മള്‍ട്ടിസ്റ്റാര്‍ കാസ്റ്റുമായി എത്തിയിരിക്കുന്ന ചിത്രത്തില്‍ പ്രധാന അഭിനേതാക്കള്‍ക്കൊക്കെ ഒരേപോലെ സ്ക്രീന്‍ ടൈമും നല്‍കിയിട്ടുണ്ട് ലോകേഷ്. അന്വേഷണോദ്യോഗസ്ഥനായി എത്തുന്ന ഫഹദ് ഫാസിലിലൂടെയാണ് ചിത്രം വിജയ് സേതുപതിയുടെ ഡോണ്‍ സന്ദനത്തിലേക്കും കമലിന്‍റെ ടൈറ്റില്‍ കഥാപാത്രത്തിലേക്കുമൊക്കെ എത്തുന്നത്. സമാന്തരമായ പല പ്ലോട്ടുകളില്‍ പല കഥാപാത്രങ്ങളുമായി ഒരു ജിഗ്സോ പസില്‍ പോലെ ആരംഭിക്കുന്ന ചിത്രം സൂക്ഷ്മമായ കാഴ്ചയാണ് പ്രേക്ഷകരില്‍ നിന്ന് ആവശ്യപ്പെടുന്നത്. 2 മണിക്കൂര്‍ 53 മിനിറ്റ് റണ്ണിംഗ് ടൈം ഉള്ള ചിത്രം ഒരിടത്തുപോലും ഇഴച്ചില്‍ അനുഭവപ്പെടുത്തുന്നില്ല എന്നത് ലോകേഷിന്‍റെ മികവാണ്.
വലിയ ഇടവേളയ്ക്കു ശേഷം കമല്‍ ഹാസന്‍ എന്ന താരത്തെ ഏറ്റവും കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയിരിക്കുന്ന തിരക്കഥയാണ് വിക്രത്തിന്‍റേത്. രാജശേഖറിന്‍റെ സംവിധാനത്തില്‍ 1986ല്‍ പുറത്തെത്തിയ വിക്രത്തിന്‍റെ റെഫറന്‍സ് ഉപയോഗിച്ചാണ് ലോകേഷ് 2022ലെ വിക്രത്തെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പഴയ വിക്രം കണ്ടിട്ടുള്ള കമല്‍ ആരാധകരെ സംബന്ധിച്ച് ഏറെ ഗൃഹാതുരത നല്‍കുന്ന ഒന്നാണ് ഇത്. കൈതിക്കു ശേഷം മാസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ വിജയ്‍യുടെ താരഭാരത്തില്‍ ലോകേഷിലെ സംവിധായകന് താളം തെറ്റിയെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ വിക്രത്തിലെത്തുമ്പോള്‍, കമലിലെ താരത്തെ ആഘോഷിക്കുമ്പോള്‍ത്തന്നെ തന്‍റേതായ ഒരു ലോകസൃഷ്ടിയിലേക്കും സിനിമാ സമീപനത്തിലേക്കും ആ താരത്തെ അനായാസതയോടെ എത്തിച്ചിരിക്കുകയാണ് ലോകേഷ്. കൈതിയിലെ ഇന്‍സ്പെക്ടര്‍ ബിജോയ് (നരെയ്ന്‍) അതേ പേരില്‍ത്തന്നെ വിക്രത്തിലുണ്ട്, എന്തിന് കാര്‍ത്തിയുടെ ഡില്ലി തന്നെയും ചിത്രത്തില്‍ സാന്നിധ്യമാവുന്നുണ്ട്. ഫഹദും വിജയ് സേതുപതിയുമൊക്കെ പേരിനുമാത്രമല്ല ചിത്രത്തില്‍ എന്നത് കമലിനും അഭിമാനിക്കാവുന്ന കാര്യമാണ്. ഫഹദിന് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമല്ല അമര്‍. എന്നാല്‍ ഫഹദിനെ താരത്തെയും നടനെയും നന്നായി ഉപയോഗപ്പടുത്തിയിട്ടുണ്ട് ലോകേഷ്. പ്രകടനങ്ങളില്‍ ആദ്യം എടുത്തുപറയാവുന്നത് വിജയ് സേതുപതിയാണ്. മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളില്‍ എപ്പോഴും ശോഭിക്കാറുള്ള സേതുപതിയുടേത് സന്ദനമായി മികവുറ്റ പ്രകടനമാണ്. മാസ്റ്ററിലേതുള്‍പ്പെടെ താന്‍ അവതരിപ്പിച്ച മുന്‍ പ്രതിനായക കഥാപാത്രങ്ങളില്‍ നിന്ന് മാനറിസങ്ങളിലും ഭാവപ്രകടനത്തിലുമൊക്കെ വ്യത്യസ്തത കൊണ്ടുവന്നിട്ടുണ്ട് വിജയ് സേതുപതി.
ലോകേഷും കമല്‍ ഹാസനും ഒന്നിക്കുന്ന ഒരു ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന സാങ്കേതിക മേന്മയും വിക്രത്തിനുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളുടെ ഛായാഗ്രാഹകനെന്ന നിലയില്‍ ഭാഷാതീതമായ പ്രേക്ഷകശ്രദ്ധ നേടിയ ഗിരീഷ് ഗംഗാധരന്‍ ഇതുവരെ ചെയ്‍തതില്‍ ഏറ്റവും വലിയ കാന്‍വാസ് ഉള്ള ചിത്രമാണ് വിക്രം. ഗ്യാങ് വാറുകളും വെടിയും പുകയുമുള്ള, കഥാപാത്രങ്ങള്‍ക്കൊപ്പം അവര്‍ക്കൊപ്പമുള്ള ആള്‍ക്കൂട്ടത്തിനും പശ്ചാത്തലത്തിനുമൊക്കെ ദൃശ്യപരമായി പ്രാധാന്യമുള്ള, നിരവധി നൈറ്റ് സീക്വന്‍സുകളുള്ള വിക്രത്തെ മികച്ച ദൃശ്യാനുഭവമാക്കി മാറ്റിയിട്ടുണ്ട് ഗിരീഷ്. സമാന്തര ട്രാക്കുകളിലൂടെ നിഗൂഢത സൃഷ്ടിച്ച് മുന്നോട്ടുനീങ്ങുന്ന ചിത്രത്തിന് ചേര്‍ന്ന പേസിംഗിലാണ് ഗിരീഷിന്‍റെ ക്യാമറാ മൂവ്മെന്‍റുകള്‍. തിരഞ്ഞെടുത്തിരിക്കുന്ന കളര്‍ പാലറ്റും ഫ്രഷ്നസ് നല്‍കുന്നുണ്ട്. ഫിലോമിന്‍ രാജിന്‍റെ എഡിറ്റിംഗും ഒരു ഘട്ടത്തിലും കാഴ്ചയുടെ ഒഴുക്കിന് വിഘാതം സൃഷ്ടിക്കാത്തതാണ്.
രാഷ്ട്രീയപ്രവേശനത്തിനു ശേഷം സിനിമയ്ക്ക് പഴയതുപോലെ ശ്രദ്ധ നല്‍കാത്ത കമലിലെ അഭിനേതാവിനെ ഏറെക്കാലമായി മിസ് ചെയ്യുന്ന ആരാധകര്‍ക്കുള്ള ആഘോഷക്കാഴ്ചയാണ് വിക്രം. മള്‍ട്ടി സ്റ്റാര്‍ കാസ്റ്റും സ്റ്റാര്‍ ഡയറക്ടറുമൊക്കെ ചേരുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെന്തോ അത് നല്‍കാന്‍ പര്യാപ്തമാണ് ഈ ലോകേഷ് കനകരാജ് ചിത്രം.