ആഘോഷിക്കാൻ വിജയ്‍യുടെ ഒരു കുടുംബ ചിത്രം, 'വാരിസ്' റിവ്യു

By Web Team  |  First Published Jan 11, 2023, 12:15 PM IST

വിജയ് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'വാരിസി'ന്റെ റിവ്യു.


വിജയ് എന്നാല്‍ ആഘോഷമാണ് ആരാധകര്‍ക്ക്. തമിഴ്‍നാടിന്റെ ആഘോഷമായ പൊങ്കലിന് വിജയ് ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുമ്പോള്‍ സംവിധായകന് അക്കാര്യത്തെ കുറിച്ച് കൃത്യമായ ബോധ്യമുണ്ടാകും. അങ്ങനെ ആഘോഷിക്കാൻ ഒരുപാട് വിഭവങ്ങളുള്ള ചിത്രമാകുന്നു ഇന്ന് തിയറ്ററുകളിലെത്തിയ 'വാരിസും'. സമീപകാല വിജയ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്‍തമായി കുടുംബത്തെ പ്രധാന പ്ലോട്ടായി കണ്ടാണ് 'വാരിസ്' അവതരിച്ചിരിക്കുന്നതിനാല്‍ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ഒന്നായും മാറിയിരിക്കുന്നു.

'രാജേന്ദ്രൻ' എന്ന വൻ വ്യവസായിയെ ചുറ്റിപ്പറ്റിയാണ് 'വാരിസി'ന്റെ കഥ മെനഞ്ഞിരിക്കുന്നത്. മൂന്ന് മക്കളുടെ അച്ഛനായ 'രാജേന്ദ്രൻ' തന്റെ 'വാരിസ്' അഥവാ പിന്തുടര്‍ച്ചക്കാരനെ കണ്ടെത്താനുമുള്ള ശ്രമത്തിലാണ്. മക്കളില്‍ വ്യവസായത്തില്‍ ആരാണ് കേമൻ എന്ന് കണ്ടെത്തി അനന്തരവകാശിയായി പ്രഖ്യാപിക്കാനാണ് നീക്കം. 'അജയ്', 'ജയ്' എന്നീ മക്കളില്‍ നിന്ന് വ്യത്യസ്‍തനായ മൂന്നാമൻ 'വിജയ്‍'യ്‍ക്ക് കുടുംബവും ബിസിനസും ഒരേതരത്തില്‍ കാണുന്നതില്‍ താല്‍പര്യവില്ല.

Latest Videos

ഒരു പ്രത്യേക സാഹചരത്തിത്തില്‍ അച്ഛനുമായി വഴക്കിട്ട് 'വിജയ്' വീടുവിട്ടിറങ്ങുകയും ചെയ്യുന്നു. കുടുംബത്തിലെ ചടങ്ങിന് അമ്മ ആവശ്യപ്പെട്ടതനുസരിച്ച് വിജയ് വീണ്ടും വീട്ടിലെത്തുകയും ചെയ്യുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്. വിജയ് അച്ഛന്റെ ബിസിനസ് ഏറ്റെടുക്കുന്നു. എന്തൊക്കെ വെല്ലുവിളികളാകും വിജയ് നേരിടേണ്ടി വരിക?, എങ്ങനെയാണ് വിജയ് പ്രതിസന്ധികളെ അതിജീവിക്കുക?, തുടങ്ങിയ സ്വാഭാവിക ചോദ്യങ്ങള്‍ക്ക് ഉത്തരമാകുന്ന തരത്തില്‍ ത്രസിപ്പിക്കുന്നതും രസിപ്പിക്കുന്നതുമായ കഥാ സന്ദര്‍ഭങ്ങളിലൂടെയാണ് 'വാരിസ്' പൂര്‍ത്തിയാകുന്നത്.

സ്വന്തം പേരാണ് വിജയ്‍ക്ക് ചിത്രത്തില്‍. 'വിജയ് രാജേന്ദ്രൻ' ആയി നിറഞ്ഞാടുകയാണ് ചിത്രത്തില്‍ താരം. പഴയ കാലത്ത് വിജയ് ചെയ്‍തതുപോലുള്ള കോമഡികള്‍ ചിത്രത്തിന്റെ ആകര്‍ഷകമായി മാറുന്നുണ്ട്. നൃത്തരംഗങ്ങളില്‍ വിജയ്‍'യുടെ ഇളകിയാട്ടം തന്നെയാണ്. ചിത്രത്തിലെ വൈകാരിക രംഗങ്ങളും വിജയ് തന്റേതായ സ്വാഭാവിക രീതിയില്‍ മികവുറ്റതാക്കിയിരിക്കുന്നു . ആരാധകരെ ത്രസിപ്പിക്കുന്ന തരത്തില്‍ ആക്ഷൻ രംഗങ്ങളില്‍ കസറിയിരിക്കുകയാണ് വിജയ്. എന്തായാലും തിയറ്ററില്‍ ആരാധകര്‍ ആഘോഷിക്കാനുള്ള ഒരു ചിത്രമായിട്ടു തന്നെയാണ് വിജയ് വാരിസിനെ സമീപിച്ചിരിക്കുന്നത്.

രശ്‍മിക മന്ദാനയാണ് നായികയായി വിജയ്‍ക്ക് ചിത്രത്തില്‍ കൂട്ട്. ആഘോഷമേറ്റുന്ന ഗാന രംഗങ്ങളില്‍ മാത്രമാണ് രശ്‍മികയ്‍ക്ക് കാര്യമായി ഇടം ലഭിച്ചിരിക്കുന്നത്. 'വാരിസി'ല്‍ പ്രകടനത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന  പ്രധാന കഥാപാത്രം ശരത്‍കുമാറിന്റെ 'രാജേന്ദ്രനാ'ണ്. ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായി വാണ കാലത്തിലേയും ജീവിതം കൈവിടുന്ന സമയത്തെയും വിവിധ ഘട്ടങ്ങളെ ശരത്‍കുമാര്‍ മികച്ച രീതിയില്‍ പകര്‍ത്തിയിട്ടുണ്ട്.

'വാരിസി'ല്‍ ജയസുധ  അവതരിപ്പിച്ച 'സുധ' എന്ന അമ്മ കഥാപാത്രത്തിനും പ്രധാന്യം നല്‍കിയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. വിജയ്- ശരത് കുമാര്‍ കോംബോ പോലെ തന്നെ ജയസുധയുമായുള്ള രംഗങ്ങളും വര്‍ക്ക് ആയിട്ടുണ്ട്.  ട്രെയിലറില്‍ കണ്ടപോലെ വില്ലൻ അംശങ്ങള്‍ ചേര്‍ന്ന പ്രകാശ് രാജ് കഥാപാത്രത്തിനൊപ്പം സഞ്ചരിച്ചിക്കുന്ന പ്രകടനം നടത്തിയിരിക്കുന്നു. ശാം, ശ്രീകാന്ത്, പ്രഭു, വിടിവി ഗണേഷ്, സുമൻ, ശ്രീമാൻ തുടങ്ങിയവര്‍ അവരുടെ കഥാപാത്രങ്ങള്‍ക്ക് പാകമുള്ള താരങ്ങളായി.

ഒരു കുടുംബ ചിത്രം എന്ന ഴോണറിനോട് തീര്‍ത്തും സത്യസന്ധത പുലര്‍ത്തിയാണ് വംശി പൈഡപള്ളി ചിത്രം ഒരുക്കിയിരിക്കുന്നത്. വിജയ്‍യെ ഇളകിയിടാൻ അനുവദിക്കുമ്പോള്‍ തന്നെ കേന്ദ്ര കഥ കുടുംബപശ്ചാത്തലമാണ് എന്ന് കൃത്യമായി ബോധ്യപ്പെടുത്തുകയും ഇമോഷണ്‍, കോമഡി, റൊമാൻസ്, ആക്ഷൻ, വില്ലത്തരങ്ങള്‍, ഡാൻസ് എന്നിങ്ങനെ വാണിജ്യ സിനിമയ്‍ക്ക് അനിവാര്യമായ എല്ലാ ചേരുവകളും കൃത്യമായി ചേര്‍ത്തുമാണ് വംശി 'വാരിസ്' തിയറ്ററുകളിലേക്ക് എത്തിച്ചിരിക്കുന്നത്. കാര്‍ത്തിക് പളനിയുടെ ഛായാഗ്രാഹണം ദൃശ്യ ഭംഗി മാത്രമല്ല ചടുലതയും 'വാരിസി'ന് പകരുന്ന തരത്തിലുള്ളതാണ്. തിയറ്റില്‍ പ്രേക്ഷകനെയും ചുവടുവയ്‍പ്പിക്കുന്ന തരത്തിലുള്ള സംഗീതം പകര്‍ന്ന എസ് തമനും കൊറിയോഗ്രാഫി ചെയ്‍ത് രാജ സുന്ദരം, ഷോബി, ജാനി എന്നിവരും 'വാരിസി'ന്റെ വിജയ ഘടകങ്ങളാണ്.

Read More: ഫാന്‍സ്, ഫസ്റ്റ് ഷോ കഴിഞ്ഞു; വിജയിയുടെ വാരിസ് എങ്ങനെ; പ്രേക്ഷക പ്രതികരണം ഇങ്ങനെ

tags
click me!