രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമെത്തുന്ന അജിത്ത് കുമാര്‍ ചിത്രം
ഒരു അജിത്ത് കുമാര്‍ (Ajith Kumar) ചിത്രത്തിന് സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണ് വലിമൈ (Valimai). കൊവിഡ് സാഹചര്യം കൂടി സൃഷ്‍ടിച്ച രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിയറ്ററുകളിലെത്തുന്ന അജിത്ത് ചിത്രം എന്നതായിരുന്നു അതിന് പ്രധാന കാരണം. ബോളിവുഡ് ചിത്രം പിങ്കിന്‍റെ റീമേക്ക് ആയ നേര്‍കൊണ്ട പാര്‍വൈ ആയിരുന്നു അജിത്തിന്‍റെ കഴിഞ്ഞ ചിത്രം. സാമ്പത്തിക വിജയം നേടിയെങ്കിലും പരമ്പരാഗത അജിത്ത് കുമാര്‍ ആരാധകരെ മുന്നില്‍ കണ്ട് ഒരുക്കിയ ചിത്രമായിരുന്നില്ല അത്. പക്ഷേ ചിത്രത്തിന്‍റെ സംവിധായകന്‍ എച്ച് വിനോദ് അജിത്ത് ആരാധകര്‍ക്കിടയിലും ശ്രദ്ധ നേടിയിരുന്നു. ആക്ഷനും പഞ്ച് ഡയലോഗുകളുമൊക്കെയുള്ള, തങ്ങള്‍ കാണാനാഗ്രഹിക്കുന്ന രീതിയില്‍ അജിത്ത് കുമാറിനെ സ്ക്രീനില്‍ അവതരിപ്പിക്കുന്ന മാസ് ചിത്രം എന്നതായിരുന്നു വലിമൈയെക്കുറിച്ചുള്ള ആരാധക പ്രതീക്ഷ. ആ പ്രതീക്ഷകള്‍ അസ്ഥാനത്തായില്ല എന്നു മാത്രമല്ല അജിത്ത് ആരാധകര്‍ അല്ലാത്ത സിനിമാപ്രേമികള്‍ക്കും ആസ്വാദ്യകരമായ മികച്ച എന്‍റര്‍ടെയ്‍ന്‍മെന്‍റ് പാക്കേജ് ആണ് വലിമൈ.
ഒരു വലിയ സൂപ്പര്‍താരം നായകനാവുമ്പോള്‍ ആ താരപരിവേഷം ചിത്രത്തിന്‍റെ ആകെ ബാലന്‍സിനെ കുലുക്കുകയും, ചിത്രത്തിന്‍റെ ടോട്ടാലിറ്റിക്ക് പരിക്കേല്‍ക്കുകയുമൊക്കെ ചെയ്യുന്നത് തമിഴ് സിനിമയിലെന്നല്ല, ഇന്ത്യന്‍ മുഖ്യധാരാ സിനിമയില്‍ സ്വാഭാവികമാണ്. അജിത്ത് കുമാര്‍ എന്ന ഇന്ന് തമിഴകത്തെ ഏറ്റവും ജനസ്വാധീനമുള്ള താരത്തെ നായകനാക്കിയിട്ടും മുകളില്‍ പറഞ്ഞതരം പരിക്ക് ഏല്‍ക്കാതെ കാത്തു എന്നതാണ് എച്ച് വിനോദ് എന്ന സംവിധായകന്‍റെ നേട്ടം. നായകന്‍ വിജയിക്കുന്ന കഥയായിരിക്കുമെന്ന് ഉറപ്പുള്ളവരാണ് പ്രേക്ഷകരെങ്കിലും ആ വിജയത്തിലേക്കുള്ള വഴികള്‍ ചടുലവും ആകര്‍ഷകവുമാക്കാന്‍ വിനോദിന് സാധിച്ചിട്ടുണ്ട്. ആക്ഷന്‍ ത്രില്ലര്‍ എന്ന ഗണത്തില്‍ വെറുതെ കയറിക്കൂടുകയല്ല വലിമൈ. മറിച്ച് റേസിംഗ്, ചേസിംഗ്, സംഘട്ടന രംഗങ്ങള്‍ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.
undefined
എസിപി അര്‍ജുന്‍ കുമാര്‍ ആയാണ് അജിത്ത് സ്ക്രീനില്‍ എത്തുന്നത്. കൊളംബിയയിലെ ഒരു അന്തര്‍ദേശീയ മാഫിയയില്‍ നിന്ന് എത്തുന്ന കോടികളുടെ മയക്കുമരുന്ന് ചെന്നൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും സമര്‍ഥമായി വിപണനം ചെയ്യുന്ന ഒരു യുവസംഘത്തെ പിടികൂടുക എന്നതാണ് അര്‍ജുന് മുന്നിലുള്ള മിഷന്‍. അത്യാധുനിക സാങ്കേതികവിദ്യകളുടെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംഘം മയക്കുമരുന്നിന്‍റെ വിപണനത്തിനും മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തുന്നത് യുവാക്കളായ ബൈക്ക് റൈഡര്‍മാരുടെ ഒരു സംഘത്തെയാണ്. ഈ മിഷനുവേണ്ടി ഇറങ്ങിത്തിരിക്കുന്ന എസിപി അര്‍ജുന്‍ കുമാറിന് തന്‍റെ തൊഴിലിലും വ്യക്തിജീവിതത്തിലും നേരിടേണ്ടിവരുന്ന പ്രതിസന്ധികളും അതിനെ അദ്ദേഹം എങ്ങനെ അതിജീവിക്കുന്നു എന്നതുമാണ് വലിമൈയുടെ പ്ലോട്ട്.
ലളിതമായാണ് പ്രധാന പ്ലോട്ടിനെ പ്രേക്ഷകര്‍ക്കു മുന്നില്‍ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു അന്തര്‍ദേശീയ മാഫിയയുടെ ചെന്നൈ കണക്ഷന്‍, മയക്കുമരുന്ന് ഗ്യാങ് പിടിമുറുക്കുന്ന നഗരം, അതില്‍ നിന്ന് നഗരത്തെ രക്ഷിക്കാന്‍ ചുമതലയുള്ള ഒരു പൊലീസ് ഓഫീസറുടെ കടന്നുവരവ്, തുടര്‍ന്ന് ഉറപ്പായും നടക്കേണ്ട ഒരു ഏറ്റുമുട്ടല്‍. അനാവശ്യമായ ട്വിസ്റ്റുകളൊന്നും കൂടാതെ കഥ അവതരിപ്പിക്കാന്‍ സംവിധായകന് ആത്മവിശ്വാസം നല്‍കുന്നത് തന്‍റെ ദൃശ്യഭാഷയിലുള്ള ആത്മവിശ്വാസമാണ്. ഏറെ പ്രതീക്ഷിതത്വം ഉള്ള കഥയാണെങ്കിലും ഒരിക്കല്‍പ്പോലും ലാഗ് അനുഭവപ്പെടുത്താതെ കാണികളെ സ്ക്രീനിലേക്ക് കണ്ണുനട്ടിരിക്കാന്‍ പ്രേമിപ്പിക്കുന്ന ദൃശ്യഭാഷയാണ് ചിത്രത്തിന്‍റേത്. ബൈക്ക് റേസിംഗ്, ചേസിംഗ് രംഗങ്ങളാണ് വലിമൈയുടെ വിഷ്വല്‍ ലാംഗ്വേജിലെ ഹൈലൈറ്റ്. പ്രതിനായക സംഘം ബൈക്ക് റൈഡര്‍മാരായതിനാല്‍ ഇടയ്ക്കിടെ കടന്നുവരുന്ന ബൈക്ക് റൈഡിംഗ് രംഗങ്ങളുടെ ചടുലതയോടെ ചേര്‍ന്നുനില്‍ക്കുന്ന രീതിയിലാണ് ഛായാഗ്രാഹകനായ നീരവ് ഷാ മറ്റു രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്‍റെ എഡിറ്റര്‍. വിജയ്‍യുടെ സമര്‍ഥമായ കട്ടുകള്‍ ചിത്രത്തിന്‍റെ ഈ ആകെ ടെംപോ നിലനിര്‍ത്താന്‍ സംവിധായകനെ ഒട്ടൊന്നുമല്ല സഹായിച്ചിരിക്കുന്നത്.
എച്ച് വിനോദിന്റേത് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ. ഒരു പൊലീസ് ഓഫീസര്‍ക്ക് ഔദ്യോഗിക ജീവിതത്തില്‍ പരിഹരിക്കേണ്ടിവരുന്ന ഒരു മിഷന്‍ അദ്ദേഹത്തിന്‍റെ വ്യക്തിജീവിതത്തെ ബാധിക്കുന്നതൊക്കെ മെലോഡ്രാമയിലേക്ക് പോവാതെ അദ്ദേഹം കൈകാര്യം ചെയ്‍തിട്ടുണ്ട്. അഭിനേതാക്കളുടെ പ്രകടനങ്ങളും അങ്ങനെതന്നെ. ചിത്രത്തിന്‍റെ മൊത്തത്തിലുള്ള ത്രില്ലര്‍ മോഡ് നിലനിര്‍ത്തുന്നതില്‍ ജിബ്രാന്‍ നല്‍കിയിരിക്കുന്ന പശ്ചാത്തല സംഗീതം സംവിധായകന് കരുത്താവുന്നുണ്ട്. വേറിട്ടു നില്‍ക്കുന്ന ചില പഞ്ച് നോട്ടുകള്‍ക്കപ്പുറം ചിത്രത്തിലുടനീളം ജിബ്രാന്‍ നല്‍കിയിരിക്കുന്ന സൗണ്ട് ട്രാക്ക് വലിമൈയുടെ വിഷ്വല്‍ നരേറ്റീവിനോട് ഒത്തുപോകുന്നതാണ്.
യെന്നൈ അറിന്താലിനുശേഷം അജിത്ത് കുമാര്‍ പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എന്നതും അജിത്ത് ആരാധകരില്‍ വലിമൈയോട് താല്‍പര്യം ഉയര്‍ത്തിയ ഘടകമായിരുന്നു. പൊലീസ് യൂണിഫോം അണിയുന്നില്ലെങ്കിലും സ്ക്രീന്‍ പ്രസന്‍സ് കൊണ്ട് ആരാധകരെ ഇളക്കുന്നുണ്ട് അജിത്ത്. ബൈക്ക് റേസര്‍ എന്ന നിലയിലുള്ള അജിത്തിന്‍റെ ഐഡന്‍റിറ്റിയെ തിരക്കഥയില്‍ വിദഗ്‍ധമായി സംയോജിപ്പിച്ചിട്ടുണ്ട് സംവിധായകന്‍. ആയതിനാല്‍ അജിത്ത് ആരാധകര്‍ക്ക് ഏറെ കണക്ട് ചെയ്യാന്‍ കഴിയുന്ന ചിത്രമാണ് വലിമൈ. അജിത്തിന്‍റെ വലിയ താരപരിവേഷത്താല്‍ സിനിമയുടെ ടോട്ടാലിറ്റിക്ക് പരിക്കേല്‍ക്കുന്നില്ലെങ്കിലും ശക്തമായ മറ്റു കഥാപാത്രങ്ങള്‍ ചിത്രത്തില്‍ ഇല്ല. തെലുങ്ക് താരം കാര്‍ത്തികേയ ഗുമ്മകൊണ്ടയാണ് വൂള്‍ഫ് രംഗ അഥവാ നരേന്‍ എന്ന പ്രതിനായകനായി എത്തുന്നത്. സംവിധായകന്‍ ബില്‍ഡപ്പുകള്‍ നല്‍കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വലിയ ഇംപാക്റ്റ് ഉണ്ടാക്കാതെ പോകുന്നുണ്ട് ഈ വില്ലന്‍. ചില ആക്ഷന്‍ രംഗങ്ങള്‍ നല്‍കിയിട്ടുള്ളതൊഴിച്ചാല്‍ നായിക ഹുമ ഖുറേഷിക്കും കാര്യമായൊന്നും ചെയ്യാനില്ല. മലയാളി താരങ്ങളായ ധ്രുവന്‍, പേളി മാണി, ദിനേശ് പ്രഭാകര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ആക്ഷന്‍ ത്രില്ലര്‍ എന്ന വിശേഷണങ്ങളൊക്കെ വെറും വിശേഷണങ്ങളായി മാറുന്നതാണ് ഏത് ഭാഷകളിലെയും ഇന്ത്യന്‍ സിനിമകളിലെ സ്ഥിരം കാഴ്ച. എന്നാല്‍ ആ ജോണറിനോട് നീതി പുലര്‍ത്തിയിട്ടുള്ള മുഖ്യധാരാ തമിഴ് ചിത്രം എന്നതാണ് വലിമൈയുടെ കാഴ്ചാനുഭവം. ആക്ഷന്‍ രംഗങ്ങള്‍ക്കായി വിയര്‍പ്പൊഴുക്കാന്‍ മടിയൊന്നുമില്ലാത്ത അജിത്ത് ഒരു മുഴുനീള ആക്ഷന്‍ ത്രില്ലറില്‍ അഭിനയിച്ചാല്‍ കിട്ടുന്ന റിസല്‍ട്ട് ആണ് വലിമൈ. ഒരു സൂപ്പര്‍താരത്തെ നായകനാക്കി ഒരു മാസ് ചിത്രം കാലികമായി എങ്ങനെ ഒരുക്കാം എന്നതിന്‍റെ മോശമല്ലാത്ത ഒരു റെഫറന്‍സ് കൂടി ആവുന്നുണ്ട് വലിമൈ.