Vaashi Review : വാശിയോടെ വാദിച്ച് ടൊവിനൊയും കീര്‍ത്തി സുരേഷും, 'വാശി' റിവ്യു

By Web Team  |  First Published Jun 17, 2022, 3:31 PM IST

ടൊവിനൊ തോമസ് നായകനായ ചിത്രത്തിന്റെ റിവ്യു (Vaashi Review).
 


ടൊവിനൊ തോമസും കീര്‍ത്തി സുരേഷും വക്കീലൻമാരായി അഭിനയിക്കുന്നുവെന്നതായിരുന്നു 'വാശി'യുടെ ആദ്യത്തെ കൗതുകം. 'വാശി' എന്ന പേരും ചിത്രത്തിനെ പ്രേക്ഷക ശ്രദ്ധയിലേക്ക് എത്തിക്കാൻ കാരണമായി. രണ്ട് വക്കീലൻമാരുടെ പ്രൊഫഷണല്‍ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് 'വാശി'. സമകാലീന സാഹചര്യങ്ങളില്‍ പ്രാധാന്യമുള്ള ഒരു വിഷയമാണ് 'വാശി' ചര്‍ച്ച ചെയ്യുന്നത് (Vaashi Review).

'എബിൻ' എന്ന വക്കീലായിട്ടാണ് ടൊവിനൊ തോമസ് അഭിനയിക്കുന്നത്. 'മാധവി' എന്ന വക്കീലായി കീര്‍ത്തി സുരേഷും വേഷമിട്ടിരിക്കുന്നു. വക്കീല്‍ ജോലിയില്‍ സ്വന്തമായി ഒരു പേര് സ്വന്തമാക്കാൻ ശ്രമിക്കുന്ന 'എബിനെ'യും 'മാധവി'യും പരിചയപ്പെടുത്തിയാണ് 'വാശി'യുടെ തുടക്കം. ഒരു മുറി ഷെയര്‍ ചെയ്‍ത് ഇരുവരും വക്കീല്‍ ജോലിയുമായി മുന്നോട്ടുപോകുകയാണ് തുടക്കത്തില്‍. 

Latest Videos

അതിനിടയില്‍ അവിചാരിതമായി 'എബിൻ' പബ്ലിക് പ്രോസിക്യുട്ടറാകുന്നു. തുടര്‍ന്ന് ഏറ്റെടുക്കേണ്ടി വരുന്ന ഒരു കേസും ചിത്രത്തിന്റെ ഭാഗമാകുമ്പോഴാണ് 'വാശി' സമകാലീന സമൂഹത്തോട് സംവദിക്കുന്നത്. കാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ലൈംഗിക ബന്ധങ്ങളില്‍ 'കണ്‍സെന്റ്' എന്നത് എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന് 'വാശി'യിലൂടെ ചര്‍ച്ച ചെയ്യുന്നു. 'കണ്‍സെന്റ്' എന്നത് വാദപ്രതിവാദങ്ങളില്‍ ദുരുപയോഗം ചെയ്യുന്നതിനെ കുറിച്ചും ചിത്രത്തില്‍ പറയുന്നു. 

അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് ചിത്രത്തില്‍ എടുത്തുപറയേണ്ട ഒരു ഘടകം. 'എബിനാ'യി ചുറുചുറുക്കോടെ ടൊവിനൊ തോമസ് പകര്‍ന്നാടിയിരിക്കുന്നു. കീര്‍ത്തി സുരേഷിന്റെ 'മാധവി' എന്ന കഥാപാത്രവും വാശിയില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇരുവരുടെയും കെമിസ്‍ട്രിയും 'വാശി'യെന്ന ചിത്രത്തിന്റെ ആകര്‍ഷക ഘടകമായി മാറിയിരിക്കുന്നു. അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

നവാഗതനായ വിഷ്‍ണു ജി രാഘവ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്. ആദ്യ സംരഭത്തില്‍ തന്നെ കാലിക പ്രസക്‍തിയുള്ള ഒരു വിഷയം ചര്‍ച്ച ചെയ്യാൻ ധൈര്യം കാട്ടിയതിന് വിഷ്‍ണു ജി രാഘവ് അഭിനന്ദനം അര്‍ഹിക്കുന്നു. കൃത്യമായി ഗൃഹപാഠം ചെയ്‍തു തന്നെയാണ് വിഷ്‍ണു രാഘവ് തിരക്കഥ എഴുതിയിരിക്കുന്നത്. വക്കീല്‍ ജോലിയില്‍ തുടക്കക്കാരുടെ പ്രശ്‍നങ്ങളും പ്രൊഫഷണല്‍ ജീവിതത്തിലെ 'വാശി'യുമെല്ലാം രസകരമായി പറഞ്ഞിരിക്കുന്നു വിഷ്‍ണു ജി രാഘവ്.  കോടതി മുറിയിലെ വാദപ്രതിവാദ കാഴ്‍ചകള്‍ വിരസമാകാതെ ഛായാഗ്രാഹകൻ നീല്‍ ഡി കുഞ്ഞ പകര്‍ത്തിയിരിക്കുന്നു. സിനിമയ്‍ക്ക് മൊത്തം ഒരു താളം നല്‍കുന്ന തരത്തിലാണ് യാക്‌സന്‍ & നേഹയുടെ പശ്ചാത്തല സംഗീതം. വിനായക് ശശികുമാറിന്റെ വരികളില്‍ സംഗീതം പകര്‍ന്ന കൈലാസ് മേനോനും വാശിയിലെ ഗാനങ്ങളിലൂടെ വീണ്ടും ഇഷ്‍ടം കൂടും. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാര്‍ നിര്‍മിച്ച 'വാശി' തിയറ്ററുകളില്‍ കാണേണ്ട ഒരു ചിത്രം തന്നെയാകുന്നു.

Read More : ടൊവിനൊ തോമസിന്റേയും കീര്‍ത്തി സുരേഷിന്റെയും 'വാശി', തിയേറ്റര്‍ ലിസ്റ്റ്

tags
click me!