ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് കടക്കുന്ന പെൺകുട്ടിയുടെ അപ്രതീക്ഷിതമായ രൂപമാറ്റമാണ് "ടൈഗർ സ്ട്രൈപ്സ്" എന്ന ചിത്രം.
പ്യൂപ്പയിൽ നിന്നും ഒരു ചിത്രശലഭം ഉരുത്തിരിയുന്നപോലെ തന്നെയാണ് മനുഷ്യശരീരത്തിന്റെ വളർച്ചയും. പ്രത്യേകിച്ച് ഒരു സ്ത്രീ ശരീരം. ബാല്യത്തിന്റെ സ്വാതന്ത്ര്യം ശരീരത്തിന്റേതുകൂടിയാണെന്ന് ഓരോ പെൺകുട്ടിയും തിരിച്ചറിയുക ഋതുമതിയാകുമ്പോഴായിരിക്കും. ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് കടക്കുന്ന പെൺകുട്ടിയുടെ അപ്രതീക്ഷിതമായ രൂപമാറ്റമാണ് "ടൈഗർ സ്ട്രൈപ്സ്" എന്ന ചിത്രം. ഐഎഫ്എഫ്‍കെയില്‍ ഇത്തവണ അർദ്ധരാത്രി പ്രദർശിപ്പിച്ച രണ്ട് സിനിമകളിൽ ഒന്നാണ് "ടൈഗർ സ്ട്രൈപ്സ്". ബോഡി ഹൊറർ ചിത്രത്തിൽ വന്യത, അതിന്റെ എല്ലാ സീമകളും ലംഘിക്കുന്നുണ്ട്. ജൂലിയ ഡുകൂർനോയുടെ 'ടൈറ്റേൻ', അഗ്നിസ്‌ക സ്‌മോക്‌സിൻസ്‌കയുടെ 'ദി ലൂർ' എന്നിവയൊക്കെ ശരീരത്തിന്റെ ഭീകരമായ പരിവർത്തനങ്ങളെ വ്യക്തമായി അടയാളപ്പെടുത്തിയ ചിത്രങ്ങളാണ്. ആ നിരയിലേക്കാണ് മലേഷ്യൻ എഴുത്തുകാരിയും സംവിധായികയുമായ അമൻഡ നെൽ ഇയു ടൈഗർ സ്‌ട്രൈപ്‌സുമായി എത്തുന്നത്.
undefined
മലേഷ്യൻ നാടോടിക്കഥകളെ റിയലിസവുമായി സമന്വയിപ്പിച്ച് അമൻഡ അതിഭാവുകത്വത്തോടെ തന്നെയാണ് കഥ പറഞ്ഞുവെക്കുന്നത്. പന്ത്രണ്ട് വയസ്സുള്ള സഫാൻ എന്ന പെൺകുട്ടിയുടെ തീക്ഷണമായ കണ്ണുകളിൽ ആരംഭിക്കുന്ന ചിത്രം പിന്നീടങ്ങോട്ട് ശരീരത്തിന്റെ സ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്നുണ്ട്. മലേഷ്യയിലെ പെൺകുട്ടികൾക്കായുള്ള ഒരു മുസ്ലീം സ്കൂളാണ് പശ്ചാത്തലത്തിൽ ഉടനീളമുള്ളത്. പരമ്പരാഗത മുസ്‌ലിം വസ്ത്രമണിഞ്ഞ വിദ്യാർത്ഥിനികൾ. സ്കൂൾ കഴിഞ്ഞ് ഒരുമിച്ച് വീട്ടിലേക്ക് മടങ്ങുന്ന മൂവർ സംഘത്തിന്റെ കളിചിരികൾ വീട് വരെ നീളുന്നുണ്ട്. ഗ്രാമാതിർത്തിയിലെ വനത്തിൽ ബാല്യം ആഘോഷിക്കുകയാണ് അവർ. കാണുന്ന എല്ലായിടത്തും വർണ്ണാഭമായ സ്റ്റിക്കറുകൾ ഒട്ടിച്ചുവെക്കുന്നുണ്ട് സഫാൻ. തന്നെ പിന്തുടർന്ന് വരുന്നവർക്ക് വഴികാട്ടാനെന്നപോലെ. ഫറാ, മറിയം എന്ന രണ്ട് സുഹൃത്തുക്കളുമായി ശരീരം മറന്നവൾ ആഘോഷിക്കുന്നു. ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് കടക്കുമ്പോൾ ഒരു നേതാവെന്ന പോലെ സഫാൻ സുഹൃത്തുക്കളാക്ക് മുൻപിൽ താൻ ബ്രാ ധരിക്കുന്ന കാര്യം വെളിപ്പെടുത്തുന്നുണ്ട്. സഫാന്റെ ബ്രാ സുഹുത്തുക്കൾക്ക് ധരിച്ചുനോക്കാൻ നൽകുകയും കൗതുകത്തോടെ ഈ കാര്യങ്ങൾ ചർച്ച ചെയ്യുന്നതും സഫാനാണ്. എന്നാൽ താൻ ഋതുമതിയാകുമ്പോൾ ആ കാര്യം സുഹൃത്തുക്കളോട് പങ്കുവയ്ക്കാൻ അവൾക്കാകുന്നില്ല. കാരണം ആ സ്‌കൂളിൽ ആദ്യമായി ആർത്തവത്തെ അറിഞ്ഞത് അവളായിരുന്നു. ആർത്തവരക്തം വൃത്തിയായി കഴുകി കളഞ്ഞില്ലെങ്കിൽ അത് ചെകുത്താൻ പാനം ചെയ്യുമെന്നുള്ള ഭീതി നിറയ്ക്കുന്ന ഉപദേശം ഫറാ മുൻപ് പങ്കുവെച്ചത് ഓർത്തിട്ടാകണം രക്തം നിറഞ്ഞ പാഡ് സഫാൻ വൃത്തിയായി കഴുകുന്നുണ്ട്.
മുൻപ്, വസ്ത്രങ്ങൾകൊണ്ട് തന്റെ ശരീരത്തെ മൂടിവെക്കാൻ ആഗ്രഹിക്കാത്ത സഫാൻ തന്റെ അമ്മയിൽ നിന്നും ശിക്ഷ ഏറ്റുവാങ്ങുന്നുണ്ട്. എന്നാൽ അതേ സഫാൻ തന്നെ തന്റെ ശരീരം മൂടിവെച്ച് നടക്കാൻ തുടങ്ങുന്നതാണ് കഥയുടെ ഗതിയെ തിരിക്കുന്നത്. ഓരോ രോമകൂപത്തിലും സംഭവിക്കുന്ന മാറ്റങ്ങൾ സഫാനെ എത്രത്തോളം അസ്വസ്ഥയാക്കുന്നുവോ അതിന്റെ ഇരട്ടിയായി അത് പ്രേക്ഷകർ അനുഭവിക്കുണ്ട്. എന്താണ് ഈ പെണ്‍കുട്ടിക്ക് സംഭവിക്കുന്നത് എന്ന ആശ്തര്യത്തിലാണ് പ്രേക്ഷകർ.
സഫാനുമായി സൗഹൃദത്തിലാണെങ്കിലും ഫറാ യഥാർത്ഥത്തിൽ അവളോട് അസൂയയും വെറുപ്പുമുള്ളവളാണ്. ആർത്തവമായെന്ന സംശയത്താൽ നീ മോശമായി എന്ന് പറഞ്ഞ് ഫറാ അവളെ അകറ്റി നിരത്തുന്നുണ്ട്. എന്നാൽ സഫാന്റെ മാറ്റം വന്യമായിരുന്നു. ഋതുമതിയായ സഫാൻ ഒരു സ്ത്രീയായല്ല പകരം ഒരു കടുവയിലേക്കാണ് പരിണാമം ചെയ്യുന്നത് നഖങ്ങൾ അടർന്നു മാറുമ്പോൾ പോലും സഫാൻ കരയുന്നില്ല. ദേഹം മുഴുവൻ രക്തമൊലിക്കുന്ന അവസ്ഥയെ ആ പെൺകുട്ടി ശക്തമായാണ് നേരിടുന്നത്. സാധാരണ ഭക്ഷണങ്ങളെ വെറുത്ത് പൂർണമായി മൃഗതുല്യമായ അവസ്ഥയിലേക്ക് സഫാൻ എത്തുമ്പോൾ പ്രേക്ഷകർ ശ്വാസമടക്കിപിടിക്കുന്നുണ്ട്. പച്ചമാംസം അനായാസേന കടിച്ചുപറിച്ച് തിന്ന് ചോരയൊലിപ്പിക്കുന്ന മുഖത്തോടെ വിശ്രമിക്കുന്ന സഫാന്റെ ശാന്തത പോലും ഭീകരമായിരുന്നു.
സ്കൂൾ ടോയിലറ്റിൽ സഫാനെ ഫറായുടെ നേതൃത്വത്തിൽ കുട്ടികൾ ഉപദ്രവിക്കുമ്പോൾ തന്റെ എല്ലാ വന്യതയും പുറത്തെടുത്ത് അവൾ പ്രതികരിക്കുന്നുണ്ട്. ഇത് ഉച്ഛാടനത്തിലേക്ക് വഴിവെക്കുന്ന സംഭവമായി മാറുകയായിരുന്നു. ഇതോടെ ചിത്രം ഉത്കണ്ഠയുടെയും ഭീതിയുടെയും കൊടുമുടിയിലേക്ക് പ്രേക്ഷകനെ എത്തിക്കുന്നു. സാഫിന്റെ കഥയെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ചുള്ള ഒരു ഉപമയാക്കി അമൻഡ മാറ്റുന്നു എന്നതിൽ സംശയമില്ല. ലജ്ജയിലും ഭയത്തിലും മറഞ്ഞിരിക്കണോ അതോ സ്വന്തം ശക്തിയും സ്വാതന്ത്ര്യവും പ്രകടിപ്പിക്കണോ എന്ന ചോദ്യം അവർ മുന്നോട്ട് വെക്കുകയാണെന്ന് പറയാം.
മൂന്ന് പെൺകുട്ടികളുടെ ശക്തമായ കാസ്റ്റിംഗ് കഥ പറയാൻ അമൻഡയെ സഹായിച്ചിട്ടുണ്ട്. സഫ്രീൻ സൈരിസൽ, ദീന എസ്രാൾ, പിക്ക എന്നിവർ പക്വതയോടെ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നു എന്നത് സംവിധായികയുടെ മിടുക്കു കൂടിയാണ്. അതിശക്തമായ ഓപ്പണിംഗ് സീക്വൻസ് മുതൽ അവസാനം വരെ, ടൈഗർ സ്ട്രൈപ്സ്, അമൻഡയുടെ ആത്മശിസ്വത്തിന്റെ അടയാളം കൂടിയാണ്. കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രം മലേഷ്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയാണ്.