സംഭവം ഇരുക്ക്! 'തുനിവ്' റിവ്യൂ

By Web Team  |  First Published Jan 11, 2023, 7:48 AM IST

തുനിവിലെ നായകന്‍ സമീപകാല കരിയറില്‍ അജിത്ത് ഏറ്റവും കരിസ്മയോടെ കാണപ്പെടുന്ന കഥാപാത്രമാണ്. ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്‍റെ മറ്റൊരു പ്ലസ്.


താരമൂല്യം ഏറുന്നതിനനുസരിച്ച് ഒരു നായക നടനെ കേന്ദ്ര കഥാപാത്രമാക്കി ഒരു ചിത്രം ഒരുക്കുമ്പോള്‍ സംവിധായകര്‍ നേരിടുന്ന പലവിധ പ്രതിസന്ധികളുണ്ട്. ഒന്ന് താരാരാധകരെ തൃപ്തിപ്പെടുത്തേണ്ടിവരും എന്നതാണ്. എന്നാല്‍ താരം മുന്‍പ് വിജയകരമായി പലവട്ടം സഞ്ചരിച്ച വഴിയേ മടുപ്പിക്കുന്ന ക്ലീഷേകളുമായി യാത്ര പുറപ്പെട്ടാല്‍ സാധാരണ പ്രേക്ഷകര്‍ തള്ളും, ക്ലീഷേകള്‍ അധികമായാല്‍ ആരാധകരും ഇന്ന് വലിയ വില തരില്ല. കോളിവുഡില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ പ്രധാനിയായ അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്‍ത് എത്തിയിരിക്കുന്ന തുനിവ് മുകളില്‍ പറഞ്ഞതരം സിനിമകളുടെ നേര്‍ എതിര്‍വശത്ത് നില്‍ക്കുന്ന സിനിമയാണ്. വന്‍ താരമൂല്യമുള്ള ഒരു നായക നടനെ വാണിജ്യപരമായി ഏറ്റവും നന്നായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നും, അതിലൂടെ തനിക്ക് പറയാനുള്ള ഒരു വിഷയത്തെ മനോഹരമായി എങ്ങനെ അവതരിപ്പിക്കാമെന്നും കാണിച്ചുതരികയാണ് തുനിവിലൂടെ എച്ച് വിനോദ്. തുനിവിന്‍റെ തല ശരിക്കും, ആ സംവിധായകനാണ്.

ഒരു പുതുതലമുറ ബാങ്കിന്‍റെ നഗരത്തിലെ മുഖ്യ ഓഫീസില്‍ പട്ടാപ്പകല്‍ നടക്കുന്ന ഒരു വന്‍ കൊള്ളയുടെ പ്ലാനിംഗിനും അതിന്‍റെ നടപ്പാക്കലിനും മധ്യെ കാണിയെ പൊടുന്നനെ കൊണ്ട് നിര്‍ത്തുന്ന രീതിയിലാണ് എച്ച് വിനോദ് ചിത്രം ആരംഭിക്കുന്നത്. ഡള്‍ ആയ നിമിഷങ്ങളില്ലാത്ത, ഇനിയെന്ത് എന്ന കൌതുകം അവസാനിക്കാത്ത രണ്ടര മണിക്കൂറാണ് പിന്നാലെ കാണിയെ കാത്തിരിക്കുന്നത്. കറുപ്പ്, വെളുപ്പ് കളങ്ങള്‍ക്ക് പുറത്ത് നില്‍ക്കുന്ന, തന്‍റേതായ ശരികളില്‍ സംശയമില്ലാത്ത നായകനാണ് അജിത്തിന്‍റെ വിനായക് മഹാദേവ് (ആ യഥാര്‍ഥ പേര് സിനിമയില്‍ ഉപയോഗിക്കുന്നില്ലെങ്കിലും). എന്താണ് സംഭവിക്കുന്നതെന്ന് ആ ബാങ്കിലെ ജീവനക്കാരെപ്പോലെ തിരിച്ചറിയാന്‍ സമയമെടുക്കുന്ന കാണിക്ക് മുന്നിലേക്കാണ് അജിത്തിന്‍റെ നായകനെ സംവിധായകന്‍ വൈകാതെ അവതരിപ്പിക്കുന്നത്. ഒരു വില്ലനായി അവതരിച്ച്, പോകെപ്പോലെയുള്ള കഥാവഴിയില്‍ സമൂഹഘടനയിലെ യഥാര്‍ഥ വില്ലന്മാര്‍ ആരൊക്കെയെന്ന് ചൂണ്ടിക്കാട്ടുകയാണ് അജിത്തിന്‍റെ നായകന്‍.

Latest Videos

കഥപറച്ചിലിലല്ല തനിക്ക് താല്‍പര്യമെന്നും മറിച്ച് പ്രേക്ഷകര്‍ക്ക് വിവരങ്ങള്‍, അതും കഴിയുന്നതും സൂക്ഷ്മാംശങ്ങളോടെ നല്‍കുന്നതാണ് ഫിലിംമേക്കിംഗില്‍ തനിക്ക് ആവേശം പകരുന്നതെന്നും പറഞ്ഞിട്ടുള്ളയാളാണ് എച്ച് വിനോദ്. ഒരു കഥയായി പറഞ്ഞാല്‍ ലളിതമാണ് തുനിവിന്‍റെ സഞ്ചാരവഴി. പക്ഷേ ആ ലാളിത്യത്തിലെ ഉള്‍പ്പിരിവുകളും അടരുകളും നമ്മെ അമ്പരപ്പിക്കും. മാധ്യമ വാര്‍ത്തകളില്‍ നിത്യേനയെന്നോണം കേള്‍ക്കുന്ന ചില സംഭവങ്ങളുടെ തുടര്‍ച്ചകള്‍ കാണിക്ക് ചിത്രത്തോട് വേഗത്തിലുള്ള സംവേദനം സാധ്യമാക്കുന്നുമുണ്ട്. ഒരു ബാങ്ക് കൊള്ളയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയിലെ വന്‍കിട തട്ടിപ്പുകളിലേക്കാണ് എച്ച് വിനോദ് ശ്രദ്ധ ക്ഷണിക്കുന്നത്. ഒരു ജോണര്‍ ഫാന്‍ ആണ് അദ്ദേഹം എന്നതിന്‍റെ തെളിവാകുന്നുമുണ്ട് തുനിവ്. ഒരു ഹൈസ്റ്റ് (heist) ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്. തുടക്കം മുതല്‍ ഒടുക്കം വരെ ആ ജോണറിനോട് നീതി പുലര്‍ത്തിയിട്ടുണ്ട് സംവിധായകന്‍. ഏറിയ സമയവും ഒരു റിയല്‍ ടൈം ഫിലിം പോലെ തോന്നിപ്പിക്കുന്ന, കഥാപാത്രങ്ങളുടെ പശ്ചാത്തലം പരിചയപ്പെടുത്തുന്നതിനുവേണ്ടി മാത്രം ഫ്ലാഷ് ബാക്കുകളിലേക്ക് പോകുന്ന ശൈലിയിലാണ് ചിത്രം. അത്തരം ഫ്ലാഷ് ബാക്കുകള്‍ നന്നേ കുറവും. അതിനാല്‍ത്തന്നെ ഒരു പ്രഭാതത്തില്‍ ആരംഭിച്ച് ആ ദിവസത്തിലൂടെ മുന്നേറുന്ന ഒരു ബാങ്ക് റോബറി ശ്രമവും ചുറ്റുപാടും അതുണ്ടാക്കുന്ന ആഘാതങ്ങളും ചേര്‍ത്ത് പിരിമുറുക്കമുള്ള ഒരു നരേറ്റീവ് സൃഷ്ടിക്കുന്നതില്‍ സംവിധായകന് പൂര്‍ണ്ണമായും വിജയിക്കാനായിട്ടുണ്ട്.

 

തിരക്കഥയില്‍ ഉള്ള പേസിംഗ് മറ്റ് സാങ്കേതിക വിഭാഗങ്ങളെല്ലാം ചേര്‍ന്ന് കൃത്യമായി സ്ക്രീനിലെത്തിക്കാന്‍ സഹായിച്ചിട്ടുണ്ട്. നീരവ് ഷാ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ഇത്തരം ഒരു ചിത്രത്തിന് വേണ്ട ചടുലത സൃഷ്ടിച്ചെടുത്തിരിക്കുന്നത് നീരവ് ഷായുടെ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടിയുടെ എഡിറ്റിംഗും ചേര്‍ന്നാണ്. ഏറിയകൂറും മൂവിംഗ് ഷോട്ടുകളിലൂടെ സഞ്ചരിക്കുന്ന ഫ്രെയ്മുകളെ ക്യാമറയിലെ കട്ടുകളില്ലാത്ത ഒരൊറ്റ ദൃശ്യമെന്ന അനുഭവമുണ്ടാക്കുന്നതാണ് വിജയ് വേലുക്കുട്ടിയുടെ എഡിറ്റിംഗ് മികവ്. ഒരു റിയല്‍ ടൈം മൂവിയുടെ നൈരന്തര്യം ഈ ചിത്രത്തിന് ഏറെ ആവശ്യമായിരുന്നു താനും. ഒരു ജോണര്‍ ഫിലിം ആയിരിക്കുമ്പോള്‍ തന്നെ നായകനും മഞ്ജു വാര്യരുടെ നായികയ്ക്കുമൊക്കെ മാസ് മൊമെന്‍റുകള്‍ എമ്പാടും നല്‍കിയിട്ടുണ്ട് സംവിധായകന്‍. അത്തരം മൊമെന്‍റുകളെ സ്ക്രീനില്‍ പലമടങ്ങായി രസനീയമാക്കിയതില്‍ വലിയ പങ്ക് വഹിച്ചിരിക്കുന്നത് ജിബ്രാന്‍റെ പശ്ചാത്തല സംഗീതമാണ്. ലോകേഷ് കനകരാജിന്‍റെ വിക്രത്തിനു ശേഷം തമിഴ് സിനിമയില്‍ സംഭവിച്ച ഏറ്റവും സാങ്കേതികമികവ് അനുഭവിപ്പിക്കുന്ന ചിത്രം കൂടിയാണ് തുനിവ്.

 

ആകെത്തുക ഇങ്ങനെയാണെന്നിരിക്കെ അജിത്ത് ആരാധകര്‍ക്ക് മതിമറന്ന് ആഘോഷിക്കാനുള്ള ചേരുവകളും ഉള്‍പ്പെടുത്തി എന്നതാണ് എച്ച് വിനോദിന്‍റെ വിജയം. തുനിവിലെ നായകന്‍ സമീപകാല കരിയറില്‍ അജിത്ത് ഏറ്റവും കരിസ്മയോടെ കാണപ്പെടുന്ന കഥാപാത്രമാണ്. ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്‍റെ മറ്റൊരു പ്ലസ്. സുപ്രീം സുന്ദറിന്‍റെ കൊറിയോഗ്രഫിയില്‍ അജിത്ത് തനിക്ക് ഏറ്റവും താല്‍പര്യമുള്ള മേഖലയില്‍ ഗംഭീരമായി പെരുമാറിയിട്ടുണ്ട്. തുനിവിലെ കണ്‍മണി മഞ്ജു വാര്യര്‍ എന്ന പ്രതിഭയ്ക്കും താരത്തിനും തമിഴ് സിനിമ നല്‍കുന്ന കൈയടിയാണ്. ഏത് നടിയും മോഹിക്കുന്ന ഈ വേഷം അവര്‍ ഭദ്രമാക്കിയിട്ടുണ്ട്. അജിത്ത് കുമാര്‍- മഞ്ജു വാര്യര്‍ കോമ്പിനേഷനും വര്‍ക്ക് ആയിട്ടുണ്ട്. ഡിജിപിയായി എത്തിയ സമുദ്രക്കനി, ബാങ്ക് ഉടമകളില്‍ ഒരാളായെത്തിയ ജോണ്‍ കൊക്കെന്‍ എന്നിവരടക്കം ചിത്രത്തിന്‍റെ കാസ്റ്റിംഗും മികവ് പുലര്‍ത്തിയിട്ടുണ്ട്.

 

എല്ലാ ചേരുവകളും ചേരുംപടി ചേരുമ്പോള്‍ മാത്രമാണ് മുഖ്യധാരാ സിനിമയില്‍ ഒരു വലിയ വാണിജ്യ വിജയം ഉണ്ടാവുക. അപൂര്‍വ്വമായി മാത്രം സംഭവിക്കാറുള്ള രസതന്ത്രങ്ങളിലെ ആ ചേര്‍ച്ച ഈ ചിത്രത്തില്‍ കാണാനാവും. അജിത്ത് ആരാധകര്‍ക്ക് ആഘോഷിക്കാന്‍ ആവോളമുള്ളപ്പോള്‍ത്തന്നെ, അവര്‍ക്ക് മാത്രമുള്ളതാവുന്നില്ല തുനിവ്.

click me!