സസ്പെന്‍സിന്‍റെ മറ നീക്കി മമ്മൂട്ടി; 'ദി പ്രീസ്റ്റ്' റിവ്യൂ

By Web Team  |  First Published Mar 11, 2021, 5:50 PM IST

വസ്ത്രധാരണത്തില്‍ മാത്രമല്ല സ്വഭാവത്തിലും വ്യത്യസ്‍തയുള്ള നായക കഥാപാത്രമാണ് മമ്മൂട്ടിയുടെ ഫാ. കാര്‍മെന്‍ ബെനഡിക്റ്റ്. സഭാവസ്ത്രത്തിനുള്ളില്‍ പാരാസൈക്കോളജിയില്‍ അതീവതല്‍പ്പരമായ, പല ക്രിമിനല്‍ കേസുകളിലും പൊലീസിനെ സഹായിക്കുന്നതില്‍ ആനന്ദം അനുഭവിക്കുന്ന ഒരു മനുഷ്യനുണ്ട്


ഒരു വര്‍ഷത്തിലേറെ നീണ്ട കൊവിഡ്‍ കാല ഇടവേളയ്ക്കുശേഷം തിയറ്ററുകളിലേക്ക് മലയാളത്തില്‍ നിന്ന് ആദ്യമായെത്തുന്ന സൂപ്പര്‍താര ചിത്രം, മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായെത്തുന്ന ചിത്രം ഇതൊക്കെയായിരുന്നു 'ദി പ്രീസ്റ്റി'നെ റിലീസിനുമുന്‍പ് വാര്‍ത്തകളിലേക്ക് നീക്കിനിര്‍ത്തിയ പ്രധാന ഘടകങ്ങള്‍. കഥാപാത്രങ്ങള്‍ക്കായി നിരവധി മേക്കോവറുകള്‍ നടത്തിയിട്ടുള്ള മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത ഗെറ്റപ്പും സിനിമാപ്രേമികളുടെ ശ്രദ്ധ പിടിക്കുന്ന ഒന്നായിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്ന 'ദി പ്രീസ്റ്റ്' ഹൊറര്‍ മിസ്റ്ററി ജോണറില്‍ പെടുന്ന ചിത്രമാണ്.

വസ്ത്രധാരണത്തില്‍ മാത്രമല്ല സ്വഭാവത്തിലും വ്യത്യസ്‍തയുള്ള നായക കഥാപാത്രമാണ് മമ്മൂട്ടിയുടെ ഫാ. കാര്‍മെന്‍ ബെനഡിക്റ്റ്. സഭാവസ്ത്രത്തിനുള്ളില്‍ പാരാസൈക്കോളജിയില്‍ അതീവതല്‍പ്പരമായ, പല ക്രിമിനല്‍ കേസുകളിലും പൊലീസിനെ സഹായിക്കുന്നതില്‍ ആനന്ദം അനുഭവിക്കുന്ന ഒരു മനുഷ്യനുണ്ട്. ഒരു ബിസിനസ് കുടുംബത്തില്‍ നടക്കുന്ന തുടര്‍ ആത്മഹത്യകള്‍ക്കു സമാന്തരമായി മുഖവുരയൊന്നുമില്ലാതെ ഫാ. ബെനഡിക്റ്റിനെയും പ്രേക്ഷകര്‍ക്ക് നേരിട്ട് പരിചയപ്പെടുത്തുകയാണ് സംവിധായകന്‍. സുഹൃത്തായ പൊലീസ് ഓഫീസറെ സഹായിക്കാനായി അന്വേഷണത്തില്‍ സജീവമാകുന്ന ബെനഡിക്റ്റിനെ കാത്തിരിക്കുന്ന ചില നിഗൂഢതകളുണ്ട്. സ്വന്തം നിലയില്‍ ഈ നിഗൂഢതകളെ തേടിപ്പോകാന്‍ തീരുമാനിക്കുന്ന ഫാ. ബെനഡിക്റ്റിനു മുന്നില്‍ ചുരുള്‍ നിവരുന്ന യാഥാര്‍ഥ്യങ്ങളിലേക്കാണ് സംവിധായകന്‍ പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്.

Latest Videos

 

ക്രൈം എന്ന് സംശയം തോന്നിപ്പിക്കുന്ന ഒരു സംഭവത്തിലെ ഇന്‍വെസ്റ്റിഗേഷനില്‍ ആരംഭിച്ച് പിന്നീട് മിസ്റ്ററിയിലൂടെയും ഹൊററിലൂടെയുമൊക്കെ കടന്നുപോകുന്ന രീതിയിലാണ് ചിത്രത്തിന്‍റെ ഘടന. ഫാ. ബെനഡിക്റ്റിന്‍റെ അന്വേഷണങ്ങളിലൂടെയും കണ്ടെത്തലുകളിലൂടെയുമാണ് ഈ ഷിഫ്റ്റുകളൊക്കെ സംഭവിക്കുന്നത്. താഴ്ന്ന സ്ഥായിയില്‍ ആരംഭിച്ച് കൃത്യമായ ഇടവേളകളില്‍ നരേഷനെ വേഗത്തിലാക്കുന്ന, ആകാംക്ഷയുളവാക്കുന്ന ചില ട്വിസ്റ്റുകള്‍ ഒളിപ്പിച്ചുവച്ചിട്ടുള്ളതാണ് ചിത്രത്തിന്‍റെ തിരക്കഥ. 

മമ്മൂട്ടി എന്ന അഭിനേതാവിന് വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമല്ല ഫാ. ബെനഡിക്റ്റ്. പക്ഷേ പാരാസൈക്കോളജിസ്റ്റ് ആയ പാതിരി എന്ന കൗതുകമുണര്‍ത്തുന്ന പാത്രസൃഷ്‍ടിയെ അതേ കൗതുകത്തോടെ സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട് മമ്മൂട്ടി. ചലനങ്ങളില്‍ മിതത്വമുള്ള ഒരു ബോഡി ലാംഗ്വേജിലാണ് ആദ്യന്തം ഫാ. ബെനഡിക്റ്റിനെ അദ്ദേഹം ആവിഷ്‍കരിച്ചിരിക്കുന്നത്. പ്രത്യേകതയുള്ള വസ്ത്രധാരണവും സന്തതസഹചാരിയായി ഒപ്പമുള്ള നായയുമൊക്കെ ചേര്‍ന്ന് അസാധാരണത്വമുള്ള ഒരു പൂര്‍ണ്ണത നല്‍കുന്നുണ്ട് ഫാ. ബെനഡിക്റ്റിന്. 'ജാന്‍സി' എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ എത്തുന്നത്. മഞ്ജുവിന്‍റെ സീനിയോരിറ്റിയും പ്രതിഭയും ആവശ്യപ്പെടുന്ന കഥാപാത്രം തന്നെയാണ് അത്. 'ജാന്‍സി'യുടെ അനുജത്തി 'ജെസി'യായി നിഖില വിമലിന്‍റെ കാസ്റ്റിംഗും നന്നായിട്ടുണ്ട്. എന്നാല്‍ ചിത്രത്തിലെ ഏറ്റവും മികച്ച താരനിര്‍ണ്ണയം എന്നു പറയാനാവുക നരേഷന്‍റെ കേന്ദ്രസ്ഥാനത്ത് വരുന്ന ബേബി മോണിക്ക അവതരിപ്പിച്ച സ്‍കൂള്‍ വിദ്യാര്‍ഥിനിയായ 'അമേയ'യാണ്. ആ വേഷം മോശമായാല്‍ ചിത്രം തന്നെ മോശമാവുമായിരുന്നു. എന്നാല്‍ ഒരു ബാലതാരത്തെ സംബന്ധിച്ച് വെല്ലുവിളി ഉയര്‍ത്തുന്ന 'അമേയ'യായി ബേബി മോണിക്ക മികച്ച പ്രകടനം കാഴ്ച വച്ചിട്ടുണ്ട്. മമ്മൂട്ടിയും മഞ്ജു വാര്യരുമൊക്കെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അവരുടെ താരപരിവേഷത്തെ വെറുതെ ആഘോഷിക്കാനായി മിനക്കെട്ടിട്ടില്ല എന്നതാണ് ജോഫിന്‍ ടി ചാക്കോ ചെയ്‍ത ഒരു നല്ല കാര്യം. ഇവരുടെ താപരിവേഷത്തെ ഉപയോഗപ്പെടുത്തിയിട്ടുള്ളപ്പോള്‍ത്തന്നെ കഥാപാത്രത്തിനു മേലേക്ക് അതിനെ വളരാന്‍ അനുവദിച്ചിട്ടില്ല സംവിധായകന്‍.

 

തന്‍റെ മീഡിയത്തില്‍ പൂര്‍ണ്ണമായും കോണ്‍ഫിഡന്‍സ് ഉള്ള ഒരു നവാഗത സംവിധായകന്‍റെ സാന്നിധ്യമാണ് 'ദി പ്രീസ്റ്റി'ന്‍റെ സാങ്കേതിക മേഖലകളില്‍ കാണാനാവുക. മലയാളത്തില്‍ ഈ ജോണറിലുള്ള ചില ചിത്രങ്ങളിലൊക്കെ കടന്നുവരാറുള്ള ശബ്ദത്തിന്‍റെ അമിതോപയോഗവും അനാവശ്യമായ ഫാസ്റ്റ് കട്ടിഗും ഒന്നും ദി പ്രീസ്റ്റില്‍ കാണാനില്ല. അഖില്‍ ജോര്‍ജിന്‍റെ ഛായാഗ്രഹണം നിഗൂഢതകളിലേക്ക് പതിയെ പ്രേക്ഷകരുടെ ശ്രദ്ധയെ ക്ഷണിക്കേണ്ട ഒരു ചിത്രത്തിന് അനുയോജ്യമാണ്. കളര്‍ പാലറ്റും മൂവ്മെന്‍റ്സുമൊക്കെ അതിന് അനുയോജ്യം. ഒപ്പം രാഹുല്‍ രാജിന്‍റെ പശ്ചാത്തലസംഗീതം കൂടി ചേര്‍ന്ന് സൃഷ്ടിക്കുന്ന മൂഡ് സംവിധായകന് തുണയായിട്ടുണ്ട്.

click me!