'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ് എ ഡിയുടെ സംവിധാനത്തിലെത്തുന്ന ചിത്രം
'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍' (Thanneer Mathan Dinangal) എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് ഗിരീഷ് എ ഡി (Girish A D). കൗമാര പ്രണയം എന്ന, സിനിമയില്‍ പുതുമയൊന്നുമില്ലാത്ത ഒരു വിഷയം ഒരു ഹയര്‍ സെക്കന്‍ഡറി സ്‍കൂളിന്‍റെ പശ്ചാത്തലത്തില്‍ ഗിരീഷ് അവതരിപ്പിച്ചപ്പോള്‍ തികച്ചും പുതുമയുള്ള അനുഭവമായിരുന്നു പ്രേക്ഷകര്‍ക്ക്. പുതുമുഖങ്ങളെ അണിനിരത്തി, അതിസാധാരണമെന്ന് തോന്നുന്ന ജീവിതമുഹൂര്‍ത്തങ്ങളിലേക്ക് ക്യാമറ ഫോക്കസ് ചെയ്‍ത ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ കൗമാരക്കാരായിരുന്നെങ്കിലും പ്രായഭേദമന്യെ ആസ്വാദകര്‍ ഏറ്റെടുത്ത ചിത്രം 2019ലെ സര്‍പ്രൈസ് സൂപ്പര്‍ഹിറ്റും ആയിരുന്നു. രണ്ടര വര്‍ഷത്തിനു ശേഷം ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയിരിക്കുന്ന രണ്ടാം ചിത്രം എന്നതുതന്നെയാണ് 'സൂപ്പര്‍ ശരണ്യ'യുടെ പ്രധാന യുഎസ്‍പി. തണ്ണീര്‍മത്തനിലെ നായിക 'കീര്‍ത്തി'യെ അവതരിപ്പിച്ച അനശ്വര രാജന്‍ (Anaswara Rajan) തന്നെ ഇവിടെ ടൈറ്റില്‍ കഥാപാത്രം എന്നതും കാഴ്ചയ്ക്കു മുന്‍പുള്ള കൗതുകമായിരുന്നു. റിലീസിനു മുന്‍പുള്ള ട്രെയ്‍ലറിലും പാട്ടിലുമൊക്കെ ചിത്രം 'തണ്ണീര്‍മത്തന്‍റെ' ഒരു തുടര്‍ച്ച പോലെ തോന്നിപ്പിച്ചിരുന്നെങ്കിലും കാഴ്ചാനുഭവത്തില്‍ അങ്ങനെയല്ല. ആവര്‍ത്തന വിരസത ഒട്ടും അനുഭവിപ്പിക്കാത്ത മികച്ച എന്‍റര്‍ടെയ്‍നര്‍ ആണ് ചിത്രം.
മലയാള സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ കഥാപശ്ചാത്തലമായി എണ്ണമറ്റ തവണ അവതരിപ്പിക്കപ്പെട്ടിട്ടുള്ളവയാണ് കോളെജ് മെന്‍സ് ഹോസ്റ്റലുകള്‍. കഥപറച്ചിലിന്‍റെ ഏതെങ്കിലും ഭാഗത്ത് വിമെന്‍സ് ഹോസ്റ്റലുകളും വന്നുപോയിട്ടുണ്ടെങ്കിലും അവിടം പ്രധാന കഥാപശ്ചാത്തലമാവുന്ന സിനിമകള്‍ മലയാളത്തില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. 'തണ്ണീര്‍മത്തനി'ല്‍ ഹയര്‍ സെക്കന്‍ഡറി സ്‍കൂള്‍ ആയിരുന്നു സംവിധായകന്‍ കഥാപശ്ചാത്തലമാക്കിയിരുന്നതെങ്കില്‍ 'സൂപ്പര്‍ ശരണ്യ'യില്‍ അത് ഒരു എന്‍ജിനീയറിംഗ് കോളെജ് ക്യാമ്പസ് ആണ്. എന്‍ജിനീയറിംഗ് ആദ്യ വര്‍ഷ വിദ്യാര്‍ഥിയായി കോളെജിലെത്തുന്ന ശരണ്യയുടെ മുന്നോട്ടുള്ള ദിവസങ്ങളെ, അവളുടെ കാഴ്ചപ്പാടിലൂടെയും ബോധ്യങ്ങളിലൂടെയും പിന്തുടരുകയാണ് സംവിധായകന്‍. ഗിരീഷ് എ ഡിയുടെത് തന്നെയാണ് ചിത്രത്തിന്‍റെ രചന. ആത്മവിശ്വാസത്തിന്‍റെ കാര്യത്തില്‍ പിന്നോക്കമുള്ള, ഇഷ്‍ടമില്ലാത്തതിനോട് 'നോ' പറയാന്‍ ബുദ്ധിമുട്ടുന്ന ശരണ്യയ്ക്ക് കോളെജ് ജീവിതം ഉണ്ടാക്കുന്ന മാറ്റങ്ങളാണ് ഒട്ടും ഏച്ചുകെട്ടല്‍ തോന്നിപ്പിക്കാത്ത രീതിയില്‍ ചിത്രം പറയുന്നത്.
undefined
കോളെജ് ഗേള്‍സ് ഹോസ്റ്റല്‍ എന്ന പശ്ചാത്തലത്തിന്‍റെ പുതുമയിലാണ് ചിത്രത്തിന്‍റെ തുടക്കം. കാസ്റ്റിംഗിലും പെര്‍ഫോമന്‍സിലും ഗിരീഷ് എ ഡി 'തണ്ണീര്‍മത്തനി'ല്‍ കൈവരിച്ച മികവിന്‍റെ തുടര്‍ച്ച തന്നെയാണ് 'ശരണ്യ'യിലും. ഗേള്‍സ് ഹോസ്റ്റല്‍ പശ്ചാത്തലം എന്ന പുതുമയ്ക്കും ചില പരിചിത മുഖങ്ങള്‍ക്കുമൊപ്പം കൂടുതലും പുതുമുഖങ്ങളെയാണ് വിവിധ റോളുകളില്‍ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതുമ നിറഞ്ഞ പശ്ചാത്തലത്തെ ഏറെ വിശ്വസനീയമാക്കാന്‍ ഈ കാസ്റ്റിംഗ് ഏറെ സഹായിക്കുന്നു. ആദിമധ്യാന്തമുള്ള സാമ്പ്രദായിക കഥപറച്ചിലിനു പകരം 'ശരണ്യ'യുടെ ദൈനംദിന ജീവിതത്തിലെ, കോളെജിലും ഹോസ്റ്റലിലും വീട്ടിലുമൊക്കെയായുള്ള ചെറുതും വലുതുമായ 'ഇന്‍സിഡെന്‍റുകളെ' ദൃശ്യവല്‍ക്കരിക്കുകയാണ് സംവിധായകന്‍. ഈ സംഭവങ്ങളോടുള്ള അവളുടെ പ്രതികരണങ്ങളില്‍ നിന്നാണ് ആ കഥാപാത്രത്തിന്‍റെ വളര്‍ച്ചയെ സംവിധായകന്‍ സ്ക്രീനില്‍ വരച്ചിടുന്നത്.
നായികയുടെയും കൂട്ടുകാരികളുടെയും ഹോസ്റ്റല്‍ ജീവിതം മലയാളത്തിന്‍റെ ബിഗ് സ്ക്രീനില്‍ സമീപകാലത്തു കണ്ട മികച്ച അവതരണങ്ങളില്‍ ഒന്നാണ്. സ്ത്രീകളുടേത് മാത്രമായ ഇടങ്ങളെ അവതരിപ്പിക്കുമ്പോളും അതിനെ ഒരു 'ആണ്‍ കാഴ്ച'യായിട്ടാണ് മലയാള സിനിമ മിക്കപ്പോഴും പരിചരിച്ചു പോന്നിട്ടുള്ളത്. എന്നാല്‍ സമകാലികമായ ഒരു കോളെജ് ഗേള്‍സ് ഹോസ്റ്റലിനെ, അവിടെയുള്ള കഥാപാത്രങ്ങളുടെ പെരുമാറലിനെ, ശരീരഭാഷയെയൊക്കെ ഒരു ആണ്‍ കാഴ്ചയിലൂടെ എന്ന തോന്നലുളവാക്കാതെ സ്വാഭാവികമായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രം. ജെന്‍ഡര്‍ വിഷയങ്ങളൊക്കെ പരാമര്‍ശവിഷയമായ ചിത്രങ്ങള്‍ക്ക് പലപ്പോഴുമുണ്ടാവാറുള്ള 'ഏച്ചുകെട്ടലി'ന്‍റെ അനുഭവം ഇവിടെയില്ല എന്നതും ശ്രദ്ധേയമാണ്. മറിച്ച് ശരണ്യയുടെ ദിനേനയുള്ള ജീവിതത്തില്‍ സംഭവിക്കുന്ന വിവിധ സംഭവങ്ങളിലൂടെ, കണ്ടുമുട്ടുന്ന കഥാപാത്രങ്ങളിലൂടെ, അവരുമായുള്ള ഇടപെടലുകളിലൂടെ, സംഘര്‍ഘങ്ങളിലൂടെയൊക്കെ ഹൃദ്യമായ ഒരു എന്‍റര്‍ടെയ്‍നര്‍ ആണ് സംവിധായകന്‍ സൃഷ്‍ടിച്ചിരിക്കുന്നത്.
പേര് സൂചിപ്പിക്കുംപോലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച അനശ്വര രാജന്‍ തന്നെയാണ് സിനിമയുടെ ജീവന്‍. കാസ്റ്റിംഗില്‍ത്തന്നെ വിശ്വാസ്യത നേടിയ ശരണ്യയെ ഗംഭീരമാക്കിയിട്ടുണ്ട് അനശ്വര. ടൈറ്റില്‍ കഥാപാത്രത്തിനൊപ്പം വന്നുപോകുന്ന ചെറുതും വലുതുമായ മറ്റു കഥാപാത്രങ്ങളും നന്നായി എഴുതപ്പെട്ടിട്ടുള്ളവയാണ് എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു പ്ലസ്. 2 മണിക്കൂര്‍ 41 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തെ ഒരു അനായാസ കാഴ്ചയാക്കുന്നത് ഈ കഥാപാത്രങ്ങള്‍ കൂടി ചേര്‍ന്നാണ്. മമിത ബൈജു, അര്‍ജുന്‍ അശോകന്‍, വിനീത് വിശ്വം എന്നിവരുടെയൊക്കെ കഥാപാത്രങ്ങള്‍ക്കൊപ്പം ചില സര്‍പ്രൈസ് ഗസ്റ്റ് അപ്പിയറന്‍സുകളും ചിത്രത്തിന്‍റെ രസച്ചരടിന് പിന്തുണ നല്‍കുന്നുണ്ട്. സബ് പ്ലോട്ടുകളും മറ്റു കഥാപാത്രങ്ങളുമൊക്കെ 'ശരണ്യയുടെ ലോകം' എന്ന പ്രധാന വഴിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നത് ഗിരീഷ് എ ഡി തിരക്കഥയില്‍ നേടിയെടുത്തിരിക്കുന്ന വിജയമാണ്.
ഒരു എന്‍ജിനീയറിംഗ് കോളെജിലേക്കോ ഗേള്‍സ് ഹോസ്റ്റലിലേക്കോ ഒക്കെ നേരിട്ടു കടന്നുചെന്നതുപോലെയാണ് ചിത്രത്തിന്‍റെ ദൃശ്യഭാഷ. പ്രൊഡക്ഷന്‍ ഡിസൈനറും ഛായാഗ്രാഹകനും ചേര്‍ന്ന് കൈവരിച്ച നേട്ടമാണ് ഇത്. സജിത്ത് പുരുഷന്‍ ആണ് ചിത്രത്തിന്‍റെ സിനിമാറ്റോഗ്രാഫര്‍. കൗമാര ലോകത്തിന്‍റെ വേഗത്തിനൊപ്പം സഞ്ചരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ആകാശ് ജോസഫ് വര്‍ഗീസ് ആണ്. വേഗത്തിലുള്ള, അതേസമയം സ്വാഭാവികമെന്ന് തോന്നുന്ന, 'കണ്ണില്‍ പെടാത്ത' കട്ടുകളിലാണ് ആകാശ് ചിത്രത്തിന്‍റെ ദൃശ്യങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസിന്‍റെ ഈണങ്ങള്‍ ചിത്രത്തിന്‍റെ ടോട്ടല്‍ മൂഡ് സൃഷ്‍ടിക്കുന്നതില്‍ സംവിധായകന് മികച്ച പിന്തുണ നല്‍കിയിട്ടുണ്ട്. സിനിമയെന്നാല്‍ നായകന്മാരുടെ വീരചരിതങ്ങള്‍ മാത്രമായിരുന്ന മുഖ്യധാരാ സിനിമയില്‍ 'സൂപ്പര്‍ ശരണ്യ'മാര്‍ക്ക് കിട്ടുന്ന മികച്ച തിയറ്റര്‍ കൗണ്ടും ഇനിഷ്യലുമൊക്കെ പ്രതീക്ഷ പകരുന്ന കാര്യങ്ങളാണ്. 'തണ്ണീര്‍മത്തന്‍ ദിനങ്ങളു'ടെ സംവിധായകന്‍റെ രണ്ടാംചിത്രം എന്ന നിലയിലുള്ള പ്രേക്ഷക പ്രതീക്ഷകളോട് എല്ലാ തരത്തിലും നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട് ഗിരീഷ് എ ഡിക്ക്. ആവര്‍ത്തനത്തിന്‍റെ ചുവ അനുഭവിപ്പിക്കാത്ത, മികച്ച എന്‍റര്‍ടെയ്‍നര്‍ കാണാന്‍ സൂപ്പര്‍ ശരണ്യക്ക് ടിക്കറ്റെടുക്കാം.