ഇത് വിനയന്റെ ദൃശ്യവിസ്‍മയം, 'പത്തൊമ്പതാം നൂറ്റാണ്ട്' റിവ്യു

By Web Team  |  First Published Sep 8, 2022, 4:24 PM IST

സ്‍ക്രീനില്‍ 'പത്തൊമ്പതാം നൂറ്റാണ്ട്' വിസ്‍മയിപ്പിക്കും.


കേരളം കാത്തിരുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. പത്തൊമ്പതാം നൂറ്റാണ്ടിലെ നേര്‍ ചരിത്രത്തിന്റെ ദൃശ്യാവിഷ്‍കാരമല്ല എന്ന്  സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും അക്കാലത്തിന്റെ ഓര്‍മപെടുത്തലാണ് വിനയന്റെ സംവിധാനത്തിലെത്തിയ സിനിമ. കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ കീഴ് ജാതിക്കാരായ വിഭാഗം ജനത അനുഭവിച്ച ദുരിതങ്ങളും വേര്‍തിരിവും  അതിനെതിരെയുളള പോരാട്ടങ്ങളുമെല്ലാം ചിത്രത്തില്‍ ദൃശ്യവത്‍കരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ ദൃശ്യമികവോടുള്ള ഒരു സിനിമാനുഭവവുമായും മാറിയിരിക്കുന്നു 'പത്തൊമ്പതാം നൂറ്റാണ്ട്'.

വിനയന്റെ ബ്രഹ്‍മാണ്ഡ ചിത്രമെന്ന വിശേഷണത്തോടെയായിരുന്നു 'പത്തൊമ്പതാം നൂറ്റാണ്ട്' റിലീസിന് മുന്നേ പ്രചാരണങ്ങളില്‍ നിറഞ്ഞിരുന്നത്. വിസ്‍മയിപ്പിക്കുന്ന മെയ്‍ക്കിംഗ് മികവിലാണ് വിനയൻ 'പത്തൊമ്പതാം നൂറ്റാണ്ട്' ഒരുക്കിയിരിക്കുന്നത് എന്നത് തിയറ്റര്‍ കാഴ്‍ച സാക്ഷ്യപ്പെടുത്തും. മലയാളത്തിന്റെ ബ്രഹ്‍മാണ്ഡ ചിത്രങ്ങള്‍ക്ക് മറുപേരായി മാറുകയാണ് 'പത്തൊമ്പതാം നൂറ്റാണ്ടും'. ചരിത്രത്തിന്റെ ഏറ്റുപറച്ചലുകളിലൂടെ മാത്രം പരിചയമുള്ള ഒരു കാലഘട്ടത്തെ സര്‍ഗാത്മകമായി ചിത്രീകരിക്കുന്നതില്‍ വിനയൻ കാട്ടിയിരിക്കുന്ന മികവ് അതുല്യമാണ്.  ഗഹനമായ ഗവേഷണം അവശ്യമായ കഥാപരിസരത്തിന് അതേ ഗൗരവം നല്‍കിയാണ് തിരക്കഥാകൃത്ത് കൂടിയായ വിനയൻ സിനിമയെ സമീപിച്ചിരിക്കുന്നത്. ചരിത്രത്തിന്റെ രേഖപ്പെടുത്തിയും പറഞ്ഞുകേട്ടതുമായ മാത്രം വഴികളിലൂടെ സഞ്ചരിക്കാതെ സിനിമാ അനുഭവത്തിനായി വിനയൻ സ്വന്തം വീക്ഷണങ്ങളും ഭാവനയും 'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ തിരക്കഥാരചനയില്‍ ആവോളം ഉപയോഗിച്ചിട്ടുമുണ്ട്. വൻ താരനിരയോടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും കൂട്ടായ്‍മയില്‍ വലിയ ക്യാൻവാസില്‍ ഒരുങ്ങിയിരിക്കുന്ന 'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ സര്‍ഗ്ഗാത്മക സംഘാടകൻ എന്ന നിലയില്‍ വിനയന്റെ പേര് ചിത്രത്തിന്റെ നിരൂപണങ്ങളില്‍ തീര്‍ച്ചയായും തിളങ്ങും.

Latest Videos

undefined

'പത്തൊമ്പതാം നൂറ്റാണ്ടി'ന് പെരുമയേറ്റുന്ന മറ്റൊരു പ്രധാന ആള്‍ സിജു വില്‍സണാകും. പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളത്തിലെ നവോത്ഥാന നായകനായിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരായിട്ടാണ് സിജു വില്‍സണ്‍ ചിത്രത്തിനായി വേഷം മാറിയിരിക്കുന്നത്. നോട്ടത്തിലും ഭാവത്തിലും രൂപത്തിലുമൊക്ക സിജു വില്‍സണ്‍ ചങ്കുറപ്പുള്ള, നേതൃഭാവമുള്ള വേലായുധ പണിക്കരായിരിക്കുന്നു. കയ്യടക്കമുള്ള ക്ലാസ് അഭിനയ ശൈലിയാണ് ചിത്രത്തിലെ നായകരൂപത്തിന് സിജു വില്‍സണ്‍ സ്വീകരിച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങളില്‍ സിജു വില്‍സണ്‍ എന്ന നായകൻ ഒരുപടി മുന്നിട്ടുനില്‍ക്കുന്നു. ചിത്രീകരണത്തിനുമുന്നേ നടത്തിയ തയ്യാറെടുപ്പുകളെല്ലാം സിജു വില്‍സണിന് മെയ്‍ വഴക്കമുള്ള, കുതിരസവാരിയുമൊക്കെ നടത്തുന്ന നായകനാകാൻ ഗുണം ചെയ്‍തിരിക്കുന്നു. മലയാളത്തില്‍ സിജു വില്‍സണ്‍ എന്ന ആക്ഷൻ നായകന്റെ ഉദയം കൂടിയാകുന്നു 'പത്തൊമ്പതാം നൂറ്റാണ്ട്'.

അഭിനേതാക്കളുടെ ഒരു വലിയ നിര തന്നെയുണ്ട് 'പത്തൊമ്പതാം നൂറ്റാണ്ടില്‍'. കയദു ലോഹര്‍, അനൂപ് മേനോൻ, രാഘവൻ, ചെമ്പൻ വിനോദ്, ഇന്ദ്രൻസ്, വിഷ്‍ണു വിനയ്, സുരേഷ് കൃഷ്‍ണ, വടിനി ടോം, സുധീര്‍ കരമന, കൃഷ്‍ണ, ഗോകുലം ഗോപാലൻ, ദീപ്‍തി സതി, പൂനം ബജ്‍വ, സെന്തില്‍ കൃഷ്‍ണ,  സുദേവ് നായര്‍ തുടങ്ങി എണ്ണത്തില്‍ ഏറെയുണ്ട് 'പത്തൊമ്പതാം നൂറ്റാണ്ടി'ലെ വേഷക്കാര്‍. ഇവരില്‍ ആറാട്ട് വേലായുധ പണിക്കരുടെ തോളൊപ്പം തന്നെ ചിത്രത്തില്‍ നില്‍ക്കുന്ന നങ്ങേലിയായി എത്തിയ കയദു ലോഹര്‍ക്കാണ് പ്രകടനത്തില്‍ സാധ്യത ഏറെയുള്ളത്.  മുലക്കരം നിര്‍ത്താൻ പോരാടിയ നങ്ങേലി ആയി വെള്ളിത്തിരയിലെത്തിയ കയദു ലോഹര്‍ ആക്ഷൻ രംഗങ്ങളിലടക്കം മികവ് കാട്ടിയിരിക്കുന്നു. തിരുവതാംകൂര്‍ മഹാരാജാവായി അനൂപ് മേനോൻ കഥാപാത്രത്തിന്റെ പാകത്തിനൊത്ത് നിന്നു. കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദിന്റെ വേഷം ഇതുവരെ പറഞ്ഞുകേട്ട കഥകളില്‍ നിന്ന് വേറിട്ട വഴി നടന്നിക്കുന്നു.  'കണ്ണൻ കുറുപ്പാ'യി എത്തിയ വിനയ്ക്കും ചിത്രത്തില്‍ പ്രകടനത്തിന്റെ സാധ്യത ലഭിച്ചിട്ടുണ്ട്.

ചരിത്ര പ്രമേയം പറയുമ്പോള്‍ പലപ്പോഴും വിമര്‍ശനത്തിന് ഇടയായേക്കാവുന്ന കലാവിഭാഗം തെറ്റുകുറ്റമില്ലാതെ സര്‍ഗാത്മകമായി അടയാളപ്പെടുത്തിയിരിക്കുന്നത് അജയൻ ചാലിശ്ശേരിയാണ്. കലാ സംവിധായകൻ എന്ന നിലയില്‍ ചരിത്രത്തിന്റെ  സിനിമാകാഴ്‍ചകള്‍ക്ക് അജയൻ ചാലിശ്ശേരി ചാരുത ചേര്‍ത്തിരിക്കുന്നു.  സൗണ്ട് ഡിസൈൻ വിഭാഗവും അഭിനന്ദമര്‍ഹിക്കുന്നു.  പി എം സതീഷ്, മനോജ് ഗോസ്വാമി എന്നിവരാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ചെയ്‍തിരിക്കുന്നത്.

'പത്തൊമ്പതാം നൂറ്റാണ്ടി'നെ ദൃശ്യമികവോടെയുള്ള ഒരു സിനിമാകാഴ്ചയാക്കുന്നത് ഷാജികുമാറിന്റെ ക്യാമറാക്കണ്ണാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തെ പുനരവതിപ്പിക്കുമ്പോഴുള്ള കാഴ്ച ഭംഗിയും പ്രമേയ പരിസരങ്ങളിലെ നോട്ടങ്ങളുമടക്കം  ഷാജികുമാര്‍ ദൃശ്യസമ്പന്നതയോടെ പകര്‍ത്തിയിരിക്കുന്നു. സുപ്രീം സുന്ദര്‍, രാജശേഖര്‍ എന്നിവരാണ് ചിത്രത്തിന്റെ ഏറ്റവും പ്രധാന പൊസിറ്റീവ് ഘടകങ്ങളില്‍ ഒന്നായ ആക്ഷൻ കൊറിയോഗ്രാഫിയെ ഏകോപിച്ചിരിക്കുന്നത്. കഥാപശ്ചാത്തലത്തിന്റെ തീവ്രത പ്രേക്ഷകരിലേക്ക് എത്തിച്ചും സംഭാഷണങ്ങളുടെ പൂരിപ്പിക്കല്‍ വേണ്ടവിധം നടത്തിയും സന്തോഷ് നാരായണന്റെ സംഗീതവും പത്തൊമ്പതാം നൂറ്റാണ്ടിനെ സ്വീകാര്യമാക്കുന്നു. എം ജയചന്ദ്രന്റെ സംഗീത സംവിധാനത്തിലുള്ള പാട്ടുകളും 'പത്തൊമ്പതാം നൂറ്റാണ്ടി'നോട് ചേര്‍ന്നുനില്‍ക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികളും സിനിമ അറിഞ്ഞു തന്നെയുള്ളതാണ്. 'പത്തൊമ്പതാം നൂറ്റാണ്ടി'ന്റെ അര്‍ഥമറിഞ്ഞ് ദൃശ്യങ്ങള്‍ കലാപാരമായി സന്നിവേശിപ്പിച്ചിരിക്കുന്നത് വിവേക് ഹര്‍ഷനാണ്.

Read More : ലോക്കൽ ട്രെയിനിൽ ആരാധകർക്കൊപ്പം യാത്ര, വേറിട്ട പ്രചരണവുമായി 'പത്തൊമ്പതാം നൂറ്റാണ്ട്' ടീം

click me!