ഇതാ ഒരു സ്‌നേഹഗാഥ; 'ശുഭരാത്രി' റിവ്യൂ

By Web Team  |  First Published Jul 6, 2019, 4:52 PM IST

റിലീസിന് മുന്‍പ് അണിയറക്കാരുടേതായ അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രമാണ് ശുഭരാത്രി. ഒരു യഥാര്‍ഥ സംഭവത്തെ സിനിമയാക്കിയപ്പോള്‍ സിനിമാറ്റിക്ക് ആക്കാനായി അനാവശ്യ കൂട്ടിച്ചേര്‍ക്കലുകളൊന്നും നടത്തിയിട്ടില്ല സംവിധായകന്‍ വ്യാസന്‍ കെ പി. വറ്റിപ്പോകാത്ത മനുഷ്യനന്മയിലുള്ള പ്രതീക്ഷയാണ് ലളിതമായ ഈ ചിത്രം പങ്കുവെക്കുന്നത്.
 


'കോടതിസമക്ഷം ബാലന്‍ വക്കീലി'ന് ശേഷമെത്തുന്ന ദിലീപ് ചിത്രമാണ് 'ശുഭരാത്രി'. 'അയാള്‍ ജീവിച്ചിരിപ്പുണ്ട്' എന്ന ആദ്യ സംവിധാന സംരംഭത്തിന് ശേഷം വ്യാസന്‍ കെ പി സംവിധാനം ചെയ്യുന്ന ചിത്രവും. വളച്ചുകെട്ടലുകളൊന്നുമില്ലാതെ, ലളിതമായും ലീനിയര്‍ ആയും പറഞ്ഞുപോകുന്ന മനുഷ്യനന്മയുടെ കഥയാണ് 'ശുഭരാത്രി'.

കൃഷ്ണന്‍ എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. കൃഷ്ണനോളമോ ഒരുപക്ഷേ അതിനേക്കാള്‍ മുകളിലോ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രവും സിനിമയിലുണ്ട്. സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ് എന്ന കഥാപാത്രം. മതാത്മകമായ എല്ലാ നീതിബോധത്തോടെയും ജീവിയ്ക്കുന്ന മുഹമ്മദ് ആദ്യ ഹജ്ജിനുള്ള ഒരുക്കത്തിലാണ്. യാത്ര പുറപ്പെടുംമുന്‍പ് ചില ബന്ധങ്ങള്‍ക്കിടയിലൊക്കെ അവശേഷിക്കുന്ന അസ്വാരസ്യങ്ങള്‍ പറഞ്ഞുതീര്‍ത്ത് പൊരുത്തം വാങ്ങാനുള്ള തിരക്കിലാണ് അയാള്‍. കടമകളെല്ലാം തീര്‍ത്ത് യാത്ര പുറപ്പെടുന്നതിന്റെ തലേരാത്രി അവിചാരിതമായി അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുകയാണ് 'കൃഷ്ണന്‍' എന്നയാള്‍. കൃഷ്ണന്റെ ജീവിതത്തെ എന്നേയ്ക്കുമായി മാറ്റിത്തീര്‍ക്കുകയാണ് ആ കൂടിക്കാഴ്ച.

Latest Videos

undefined

ഹജ്ജിന് മുന്നോടിയായുള്ള കടമകള്‍ തീര്‍ക്കുന്ന മുഹമ്മദിലും അയാളുടെ ചുറ്റുപാടിലുമാണ് സിനിമ ആരംഭിക്കുന്നത്. കഷ്ടതകള്‍ നിറഞ്ഞ ഭൂതകാലത്തില്‍നിന്ന് സ്വപ്രയത്‌നത്താല്‍ ഉയര്‍ന്നുവന്ന അയാള്‍ സമൂഹത്തിലെ എല്ലാ തുറകളിലുമുള്ളവരുടെ ബഹുമാനം നേടിയെടുത്തിട്ടുണ്ട്. ഭാര്യയും മക്കളും പേരക്കുട്ടികളുമൊക്കെയൊത്ത്  സന്തോഷകരമായ ജീവിതം നയിക്കുന്ന മുഹമ്മദിന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന കൃഷ്ണന്‍ പക്ഷേ ജീവിതത്തിന്റെ മറ്റൊരറ്റത്ത് നില്‍ക്കുന്നയാളാണ്. സാമ്പത്തികമായി താഴേത്തട്ടിലെങ്കിലും സമാധാനപരമായ കുടുംബജീവിതം നയിച്ചുവന്നയാളായിരുന്നു കൃഷ്ണന്‍. പക്ഷേ കൗമാരദശയില്‍ അറിയാതെ പെട്ടുപോയ ഒരു കുറ്റകൃത്യത്തിനുള്ള പിഴ അയാളെ വര്‍ഷങ്ങള്‍ക്ക് ശേഷം തേടിവരുകയാണ്. ജീവിതത്തിന്റെ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് മനുഷ്യരെ ഒരുമിപ്പിക്കുന്ന മതാതീതമായ ആത്മീയതയുടെ കഥ പറയുകയാണ് 'ശുഭരാത്രി'.

സിദ്ദിഖ് സമീപകാലത്ത് അവതരിപ്പിച്ചവയില്‍ ഏറ്റവും പ്രാധാന്യമുള്ള കഥാപാത്രമാണ് മുഹമ്മദ്. ആദ്യ ഹജ്ജ് യാത്രയ്ക്ക് മുന്‍പ്, ആത്മീയമായ ഉണര്‍വ്വില്‍ നില്‍ക്കുന്ന മധ്യവയസ്‌കനെ സിദ്ദിഖ് ഉള്ളില്‍ തൊടുംവിധം അവതരിപ്പിച്ചിട്ടുണ്ട്. സ്ഥിരം തമാശാ കഥാപാത്രങ്ങളില്‍ നിന്നെല്ലാം വേറിട്ട കഥാപാത്രമാണ് ദിലീപിന്റെ കൃഷ്ണന്‍. കൗമാരത്തില്‍ സ്വന്തം അറിവോടെയല്ലാതെ ഭാഗഭാക്കായ ഒരു കുറ്റകൃത്യം രണ്ട് പതിറ്റാണ്ടിന് ശേഷം തേടിയെത്തിയതിന്റെ ഞെട്ടലിലാണ് അയാള്‍. പ്രിയപ്പെട്ടവര്‍ അകലുന്നതിന്റെയും ജീവിതം കൈവിട്ടുപോകുന്നതിന്റെയും വേദനയില്‍ നില്‍ക്കുന്ന കൃഷ്ണനെ ദിലീപും നന്നായി സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട്.

സിദ്ദിഖും ദിലീപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ചെറുവേഷങ്ങളില്‍ പോലും താരങ്ങളാണ് എത്തുന്നത്. അനു സിത്താരയാണ് നായിക. സായ് കുമാര്‍, നെടുമുടി വേണു, ഹരീഷ് പേരടി, അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, നാദിര്‍ഷ, ആശ ശരത്ത് എന്നിങ്ങനെ പോകുന്നു ശുഭരാത്രിയിലെ താരനിര. ബിജിബാല്‍ സംഗീതം പകര്‍ന്ന പാട്ടുകളാണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. സൂഫി പരിവേഷമുള്ള പാട്ടുകള്‍ വീണ്ടും പ്ലേ ചെയ്ത് കേള്‍ക്കാന്‍ തോന്നുന്നവയാണ്. ഏച്ചുകെട്ടലുകളൊന്നുമില്ലാതെയുള്ള നരേഷന് യോജിക്കുന്നവിധം മിനിമലാണ് ആല്‍ബിയുടെ ഛായാഗ്രഹണം. 

റിലീസിന് മുന്‍പ് അണിയറക്കാരുടേതായ അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രമാണ് ശുഭരാത്രി. ഒരു യഥാര്‍ഥ സംഭവത്തെ സിനിമയാക്കിയപ്പോള്‍ സിനിമാറ്റിക്ക് ആക്കാനായി അനാവശ്യ കൂട്ടിച്ചേര്‍ക്കലുകളൊന്നും നടത്തിയിട്ടില്ല സംവിധായകന്‍ വ്യാസന്‍ കെ പി. വറ്റിപ്പോകാത്ത മനുഷ്യനന്മയിലുള്ള പ്രതീക്ഷയാണ് ലളിതമായ ഈ ചിത്രം പങ്കുവെക്കുന്നത്.

click me!