'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന ചിത്രത്തിന്റെ റിവ്യു (Rocketry: The Nambi Effect review).
ഇന്ത്യ കണ്ട ഏറ്റവും മികച്ച റോക്കറ്റ് ശാസ്‍ത്രജ്‍ഞനായ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്'. കേരളം ഏറ്റവും ചര്‍ച്ച ചെയ്‍ത സംഭവങ്ങളിലൊന്നായ ചാരക്കേസിന്റെ ഇരയായ മനുഷ്യന്റെ കഥ പറയുന്ന ചിത്രം. ഐഎസ്‍ആര്‍ഒയുടെ മേധാവിയാകേണ്ടിയിരുന്ന ഒരാളുടെ ജീവിതം വ്യാജക്കേസില്‍ തകര്‍ന്നുപോകുന്നത് കേരളത്തിന്റെ ഓര്‍മകളിലുണ്ട്. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ താൻ നിരപരാധിയാണെന്ന് തെളിയിക്കുകയും നഷ്‍ടപരിഹാരം വാങ്ങിച്ചെടുക്കുകയും ചെയ്‍ത നമ്പി നാരായണന്റെ ജീവിതം പറയുന്നതിനാല്‍ 'റോക്കട്രി: ദി നമ്പി ഇഫക്റ്റി'നായി ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. നമ്പി നാരായണനോട് ചെയ്‍ത ക്രൂരതകള്‍ക്ക് കാലം മാപ്പ് ചോദിച്ചിരിക്കുകയാണ് 'റോക്കട്രി: ദി നമ്പി ഇഫക്റ്റി'ലൂടെ (Rocketry: The Nambi Effect review).
എന്തുകൊണ്ട് നമ്പി നാരായണൻ ആദരവര്‍ഹിക്കുന്നുവെന്നതിന്റെ കൃത്യമായ അടയാളപ്പെടുത്തലുകളാണ് ചിത്രത്തിന്റെ ആദ്യ പകുതിയില്‍. ബഹിരാകാശത്തിന്റെ വിശാലമായ ഷോട്ടില്‍ നിന്ന് തിരുവനന്തപുരത്തെ നമ്പി നാരായണന്റെ വീട്ടിലേക്ക് ക്യാമറ കയറിച്ചെല്ലുകയാണ് തുടക്കത്തില്‍. തുടര്‍ന്ന് വ്യാജ ചാരക്കേസില്‍ പെട്ട നമ്പി നാരായണനെ കാണിക്കുന്നു. പിന്നീട് 19 വര്‍ഷത്തിന് ശേഷം നമ്പി നാരായണൻ ഒരു അഭിമുഖത്തിന് തയ്യാറെടുക്കുന്നതാണ് കാണുന്നത്. അഭിമുഖ സംഭാഷണത്തില്‍ നമ്പി നാരായണന്റെ വളര്‍ച്ചയും തകര്‍ച്ചയും അതിജീവനവുമെല്ലാം വെളിപ്പെടുന്ന തരത്തിലാണ് ചിത്രത്തിന്റെ ആഖ്യാനം. കേവലം ചാരക്കേസില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ട ആളല്ല നമ്പി നാരായണൻ എന്ന് ചിത്രം അഭിമുഖത്തിന്റെ തുടക്കത്തിലേ സൂചന നല്‍കുന്നു. ഐഎസ്ആര്‍ഒയിലെ പ്രതിഭാധനനയാ ശാസ്‍ത്രജ്‍ഞനായി നമ്പി നാരായണനെ അടയാളപ്പെടുത്തുന്ന രംഗങ്ങളാല്‍ സംമ്പുഷ്‍ടമാണ് ആദ്യ പകുതി.
ആര്‍ മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്നുവെന്ന പ്രത്യേകതയും 'റോക്കട്രി: ദി നമ്പി ഇഫക്റ്റി'ന് ഉണ്ട്. സ്വന്തം തിരക്കഥയില്‍ നായകനാകുന്നതും ആര്‍ മാധവൻ തന്നെ. നമ്പി നാരായണന്റെ ജീവിതം തന്നെ തന്റെ ആദ്യ സംവിധാന സംരഭത്തിന് തെരഞ്ഞെടുത്തതിന് മാധവൻ കയ്യടി അര്‍ഹിക്കുന്നു. കൃത്യമായ ഗൃഹപാഠം ചെയ്‍താണ് മാധവൻ നമ്പി നാരായണന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. യഥാര്‍ഥ സംഭവങ്ങളോട് നീതികേട് കാണിക്കാതെ തന്നെ സിനിമാറ്റിക് അനുഭവത്തിന് കൂടി മാധവൻ പ്രാധാന്യം നല്‍കിയിരിക്കുന്നു. നമ്പി നാരായണൻ എന്ന ശാസ്‍ത്രജ്‍ഞന് രാജ്യത്തോടുള്ള ആത്മാര്‍ഥത വെളിവാക്കുന്ന തരത്തിലുള്ള രംഗങ്ങളും സംവിധായകൻ കൃത്യമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. ശാസ്‍ത്രസംബന്ധമായ രംഗങ്ങള്‍ വിരസതയില്ലാതെ പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്ന തരത്തിലാണ് മാധവന്റെ ആഖ്യാനം. രണ്ടാം പകുതിയില്‍ വൈകാരികതയ്‍ക്കും പ്രാധാന്യം നല്‍കിയാണ് മാധവൻ തിരക്കഥ എഴുതിയിരിക്കുന്നത്.
പ്രകടനത്തിന്റെ കാര്യം എടുക്കുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ തന്നെ മാധവൻ പരകായ പ്രവേശം നടത്തിയിരിക്കുന്നുവെന്ന് പറയേണ്ടിവരും. യുവാവായ നമ്പി നാരായണൻ തൊട്ട് ഇന്നത്തെ നമ്പി നാരായണൻ വരെയുള്ള കാലങ്ങളില്‍ അദ്ദേഹത്തെ കൃത്യമായി ചെറു ചലനങ്ങളില്‍ പോലും മാധവൻ അടയാളപ്പെടുത്തിയിരിക്കുന്നു. അവസാന രംഗങ്ങളില്‍ നമ്പി നാരായണൻ തന്നെ സ്‍ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ പ്രേക്ഷകന് തുടര്‍ച്ച നഷ്‍ടപ്പെടാത്തതിന് കാരണം മാധവന്റെ അതിസൂക്ഷ്‍മമായ അഭിനയമാണ്. പ്രകടനത്തില്‍ നമ്പി നാരായണന്റെ ഭാര്യ മീനയായി എത്തിയ സിമ്രാനും വിസ്‍മയിപിപ്പിക്കുന്നു. ജീവിതത്തില്‍ സംഭവിച്ച ദുരന്ത സംഭവങ്ങളില്‍ മാനസികമായ തകരുന്ന മീനയെ മികച്ച രീതിയില്‍ സിമ്രാൻ പകര്‍ത്തിയിരിക്കുന്നു.
വിക്രം സാരാഭായി, എപിജെ അബ്‍ദുള്‍ കലാം തുടങ്ങിയ ശാസ്‍ത്രജ്‍ഞരും ചാരക്കേസില്‍ കുറ്റാരോപിതരായ മറിയം റഷീദയും ഫൗസിയ ഹസനും കേരള പൊലീസ് ഉദ്യോഗസ്ഥരും സിബിഐ ഉദ്യോഗസ്ഥരുമൊക്കെ ചിത്രത്തില്‍ കടന്നുവരുന്നു. അഭിമുഖകാരനായ തമിഴ് പതിപ്പില്‍ സൂര്യയും ഹിന്ദിയില്‍ ഷാരൂഖ് ഖാനുമാണ് അഭിനയിച്ചിരിക്കുന്നത്. ആറ് രാജ്യങ്ങളില്‍ ചിത്രീകരിച്ച സിനിമ എന്ന പ്രത്യേകതയും 'റോക്കട്രി : ദി നമ്പി ഇഫക്റ്റി'നുണ്ട്. സാം സി എസിന്റെ സംഗീതവും സിനിമയുടെ അനുകൂല ഘടകമാണ്.
നമ്പി നാരായണനായി മാധവന്‍റെ പരകായ പ്രവേശനം; 'റോക്കട്രി' പ്രേക്ഷക പ്രതികരണം