മാസ് ലൂസിഫര്‍; നിറഞ്ഞുനിന്ന് മോഹൻലാല്‍, കയ്യടി നേടി പൃഥ്വിരാജ്- റിവ്യു

By Web Team  |  First Published Mar 28, 2019, 12:18 PM IST

അങ്ങനെ ആ പേര് സ്‍ക്രീനില്‍ തെളിഞ്ഞു. സംവിധാനം- പൃഥ്വിരാജ് സുകുമാരൻ. മോഹൻലാല്‍ സ്റ്റീഫൻ നെടുമ്പള്ളിയെന്ന നായകകഥാപാത്രമായി എത്തുന്ന സിനിമയെന്ന ആവേശത്തോളം തന്നെ പൃഥ്വിരാജിലെ സംവിധായകനെ കാണാനുള്ള കൗതുകവും പ്രേക്ഷകരില്‍ ഉണ്ടായിരുന്നിരിക്കണം. എങ്ങനെയാകും പൃഥ്വിരാജ് എന്ന സംവിധായകൻ?  ആ ചോദ്യത്തിന് ഉത്തരം തീയേറ്ററിലെ നിറഞ്ഞ കയ്യടി തന്നെയാണ്. മോഹൻലാല്‍ എന്ന മാസ് നായകന്‍റെ താളവും ഭാവവും അളന്നുമുറിച്ച് ക്യാമറയിലാക്കി തീയേറ്ററിലെത്തിച്ചിരിക്കുന്നു, പൃഥ്വിരാജ്. ഒപ്പം ഒരു മാസ് എന്റര്‍ടെയ്‍നറും.


അങ്ങനെ ആ പേര് സ്‍ക്രീനില്‍ തെളിഞ്ഞു. സംവിധാനം- പൃഥ്വിരാജ് സുകുമാരൻ. മോഹൻലാല്‍ സ്റ്റീഫൻ നെടുമ്പള്ളിയെന്ന നായകകഥാപാത്രമായി എത്തുന്ന സിനിമയെന്ന ആവേശത്തോളം തന്നെ പൃഥ്വിരാജിലെ സംവിധായകനെ കാണാനുള്ള കൗതുകവും പ്രേക്ഷകരില്‍ ഉണ്ടായിരുന്നിരിക്കണം. എങ്ങനെയാകും പൃഥ്വിരാജ് എന്ന സംവിധായകൻ?  ആ ചോദ്യത്തിന് ഉത്തരം തീയേറ്ററിലെ നിറഞ്ഞ കയ്യടി തന്നെയാണ്. മോഹൻലാല്‍ എന്ന മാസ് നായകന്റെ താളവും ഭാവവും അളന്നുമുറിച്ച് ക്യാമറയിലാക്കി തീയേറ്ററിലെത്തിച്ചിരിക്കുന്നു, പൃഥ്വിരാജ്. ഒപ്പം ഒരു മാസ് എന്റര്‍ടെയ്‍നറും.

Latest Videos

undefined

പി കെ ആര്‍ എന്ന് വിളിക്കപ്പെടുന്ന പി കെ രാംദാസ് എന്ന രാഷ്‍ട്രീയ അതികായന്റെ മരണത്തോടെയാണ് സിനിമയുടെ തുടക്കം. കേരള മുഖ്യമന്ത്രിയായ പികെആറിന്റെ മരണം അക്ഷരാര്‍ഥത്തില്‍ ഒരു വൻമരത്തിന്റെ പതനമാണ്. രാംദാസിന്റെ മൂത്ത മകളാണ് പ്രിയദര്‍ശിനി (മഞ്ജു വാര്യര്‍). അച്ഛനെ കാണാൻ എന്തായാലും സ്റ്റീഫൻ എത്തും, അതിന് തടയിടണമെന്ന് പറയുന്നു, പ്രിയദര്‍ശിനി. ഇരുവര്‍ക്കുമിടയിലെ അകല്‍ച്ച പിന്നീട് ആണ് വ്യക്തമാകുന്നത്. പൊലീസ് കൂട്ടങ്ങള്‍ തടയാൻ ശ്രമിച്ചിട്ടും സ്റ്റീഫൻ നെടുമ്പള്ളി താൻ ദൈവമായി കാണുന്ന പികെആറിനെ കാണാൻ എത്തുന്നു. ആദ്യ രംഗങ്ങളില്‍ തന്നെ നായകൻ മാസ് തന്നെയെന്ന് സംവിധായകൻ അടിവരയിട്ട് ഉറപ്പിക്കുന്നു.

പിന്നീട് രാഷ്‍ട്രീയകരുനീക്കങ്ങളാണ്. സര്‍ക്കാര്‍ പിരിച്ചുവിടാനും പുതിയ മുഖ്യമന്ത്രിയായി രാംദാസിന്റെ മകനെ ഉയര്‍ത്തിക്കാട്ടാനും തീരുമാനമാകുന്നു. അതിന് ഫണ്ട് എവിടെ നിന്ന് വരുന്നുവെന്നതിലാണ് സിനിമയുടെ പ്രതിനായകവശത്തിന് ഊന്നല്‍ നല്‍കിയിരിക്കുന്നത്. സിനിമയുടെ തുടക്കത്തില്‍ ഇക്കാര്യം ഇന്ദ്രജിത്തിന്റെ വോയ്സ്‍ ഓവറിലൂടെ തിരക്കഥാകൃത്ത് വ്യക്തമാക്കുന്നുമുണ്ട്. ബോബി എന്ന പ്രിയദര്‍ശിനിയുടെ രണ്ടാം ഭര്‍ത്താവാണ് പികെആറിന്റെ കാലശേഷം പാര്‍ട്ടിക്ക് ഫണ്ട് കണ്ടെത്താൻ തയ്യാറാകുന്നത്. ബോബിയുടെ പ്രതിനായക മുഖവും സിനിമയുടെ തുടക്കത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ നിന്ന് വേറിട്ട കഥാഗതിയിലാണ് പികെആര്‍ വളര്‍ത്തിയെടുത്ത രാഷ്‍ട്രീയക്കാരനായ സ്റ്റീഫൻ നെടുമ്പള്ളി. ആതുരാലയം നടത്തുന്ന സ്റ്റീഫൻ നെടുമ്പള്ളിയുടെ ഭൂതകാലചരിത്രം അധികമാര്‍ക്കും അറിയില്ല. പക്ഷേ കേരള രാഷ്‍ട്രീയത്തില്‍ സ്റ്റീഫൻ നെടുമ്പള്ളി നിര്‍ണ്ണായക സാന്നിധ്യവുമാണ്.

ആരാധകര്‍ക്ക് ആഘോഷമാക്കാനുള്ളതും ആവേശത്തിലാകാനുള്ളതുമാണ് മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളി. കയ്യടക്കമുള്ള സംവിധാനത്തില്‍ മാസ് നായകനായി മോഹൻലാല്‍ വീണ്ടും കസറിയിരിക്കുന്നു.  നെടുനീളൻ സംഭാഷണങ്ങള്‍ക്ക് പകരം കാച്ചിക്കുറുക്കിയ പഞ്ച് ഡയലോഗുകളാണ് സ്റ്റീഫൻ നെടുമ്പള്ളിക്കായി തിരക്കഥാകൃത്ത് കരുതിവച്ചിരിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ തകര്‍പ്പൻ പ്രകടനങ്ങളിലൂടെ മോഹൻലാല്‍ വീണ്ടും വിസ്‍മയിപ്പിക്കുന്നു. സിനിമയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന മാസ് പ്രകടനങ്ങള്‍ക്കു പകരം കഥാഗതിയോട് ചേര്‍ന്നുനിറഞ്ഞുനില്‍ക്കുന്ന രീതിയിലാണ് സ്റ്റീഫൻ നെടുമ്പളളിയായുള്ള മോഹൻലാലിന്റെ വേഷം.

ലൂസിഫറിലെ പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തിയിരിക്കുന്നത് മഞ്ജു വാര്യരാണ്. കഥാപാത്രത്തിന്റെ കുട്ടിക്കാലം മുതലുള്ള സാഹചര്യങ്ങള്‍ വരെ വെളിപ്പെടുത്തും വിധമുള്ള കരുത്തുറ്റ പ്രകടനമാണ് മഞ്ജു വാര്യരുടേതും. തീയേറ്ററില്‍ കയ്യടി നേടുന്ന മറ്റൊരു കഥാപാത്രം ടൊവിനോയുടെതാണ്. മലയാളത്തില്‍ ആദ്യമായി എത്തിയ വിവേക് ഒബ്‍റോയ്ക്ക് ആയിരിക്കും ചിലപ്പോള്‍ സിനിമയില്‍ നായകനായ മോഹൻലാലിനേക്കാളും രംഗങ്ങള്‍. ബോബി എന്ന കഥാപാത്രത്തെ ഒതുക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട് വിവേക് ഒബ്റോയ്.

സിനിമയിറങ്ങുന്നിതിനു മുമ്പ് പൃഥ്വിരാജ് പറഞ്ഞതൊന്നും വെറുതയല്ലെന്ന് ലൂസിഫര്‍ വ്യക്തമാക്കുന്നു. വേണ്ടത്ര ഗൃഹപാഠം ചെയ്‍താണ് ഓരോ ഷോട്ടോകളും ആംഗിളുകളും പൃഥ്വിരാജ് സ്വീകരിച്ചതെന്ന് അടിവരയിടുന്നതാണ് മിക്ക രംഗങ്ങളും. സമീപകാലത്തെ മലയാള സിനിമകളില്‍ നിന്ന് വ്യത്യസ്‍തമായി ജനക്കൂട്ടവും സ്‍ക്രീനിലുള്ളതാണ് ലൂസിഫര്‍. അതിമനോഹരമായിയാണ് ജനക്കൂട്ടത്തെ പൃഥ്വിരാജ് സ്‍ക്രീനിലെത്തിച്ചിരിക്കുന്നത്. സിനിമയെത്തും മുന്നേ പോസ്റ്ററുകളില്‍ നിറഞ്ഞുനിന്ന അംബാസിഡര്‍ കാര്‍ പോലും സ്‍ക്രീനില്‍ കൃത്യമായി പരിഗണിക്കപ്പെട്ടിട്ടുണ്ട്. ആ വിധത്തിലാണ് പൃഥ്വിരാജ് ഷോട്ട് പ്ലാൻ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ കഥാപാത്രങ്ങള്‍ സിനിമയിലുണ്ടെങ്കിലും സംവിധായകനും തിരക്കഥാകൃത്തും ഓരോരുത്തര്‍ക്കും കൃത്യമായ സ്‍ക്രീൻ സ്‍പേസും നല്‍കിയിരിക്കുന്നു.  സംവിധായകന് മികച്ച പിന്തുണ നല്‍കുന്നതാണ് സുജിത് വാസുദേവിന്റെ ഛായാഗ്രഹണവും. മാസ് മൂഡും വേഗതയും നിലനിര്‍ത്താൻ ദീപക് ദേവിന്റെ പശ്ചാത്തല സംഗീതവും സിനിമയ്‍ക്ക് അടിത്തറയായുണ്ട്.

സിനിമ മൊത്തം പരിഗണിക്കുമ്പോള്‍ മാസ് മൂഡിലുള്ള, ലൂസിഫറിന്റെ തുടക്കം പതിഞ്ഞതാണ്. കഥാപാത്രങ്ങളെ പ്രേക്ഷകരെ പരിചയപ്പെടുത്താൻ എടുക്കുന്ന സമയവും തുടക്കത്തില്‍ രസംകൊല്ലിയാണ്. മേക്കിംഗിലെ വേഗതയാര്‍ന്ന സമീപനമാണ് ആ ഭാഗങ്ങള്‍ കൈവിട്ടുപോകാതെ നിര്‍ത്തുന്നത്. ഒരു പക്കാ മാസ് സിനിമയുടെ തിരക്കഥ ഒരുക്കിയപ്പോള്‍ മുരളി ഗോപിക്ക് പ്രമേയത്തിലോ സീനുകളിലോ വേണ്ടത്ര പുതുമ കണ്ടെത്താനുമായിട്ടില്ല. നായകനെയും സിനിമയെയും മാസ് ആക്കാനാകണം കൂടുതല്‍ ശ്രമം നടത്തിയത്. കഥാപാത്രങ്ങള്‍ തമ്മിലുള്ള ബോണ്ടിംഗോ സംഘര്‍ഷങ്ങളോ ഇഴയടുപ്പമുള്ളതായി മാറ്റാനോ സിനിമ കണ്ടിറങ്ങിയാലും തങ്ങിനില്‍ക്കുന്നതായി മാറ്റാനോ ആയിട്ടില്ല.

click me!