ഇട്ടൂപ്പിന്റേയും - കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയും ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഇന്നത്തെ യുവതയുടെ സ്പന്ദനം തൊട്ടറിഞ്ഞ ചിത്രമായിരുന്നു ആനന്ദം. 2016 ല്‍ ഇറങ്ങി വലിയ വിജയം നേടിയ ഈ ചിത്രത്തിന്‍റെ സംവിധായകന്‍ ഗണേഷ് രാജ് ഏഴു വര്‍ഷത്തിന് ശേഷം ഒരു ചിത്രവുമായി എത്തുന്നു. അതാണ് പൂക്കാലം. യുവതയുടെ കഥയാണ് ആനന്ദം പറഞ്ഞതെങ്കില്‍ വൃദ്ധരായ എട്ടു പതിറ്റാണ്ടോളം ഒന്നിച്ച് ജീവിച്ച വൃദ്ധ ദമ്പതികളുടെയും അവരുടെ വൈവിദ്ധ്യപൂര്‍ണ്ണമായ കുടുംബത്തെയുമാണ് ഗണേഷ് പൂക്കാലത്തില്‍ അവതരിപ്പിക്കുന്നത്.
പൂക്കാലത്തില്‍ പൂന്തോട്ടം പോലെ കണ്ണിനും കാതിനും കുളിര്‍മ്മ നല്‍കുന്ന പല പ്രായത്തിലുള്ള കുസുമങ്ങള്‍ വിരിഞ്ഞ് ഒഴുകുന്ന ഒരു ജീവിത യാത്രയാണ് ഗണേഷ് പ്രേക്ഷകന് വാഗ്ദാനം ചെയ്യുന്നത്. ഫീല്‍ ഗുഡ് എന്നതിനൊപ്പം ഫീല്‍ ടൂ ഗുഡ് എന്നതായിരിക്കും ഈ ചിത്രത്തെ വിശേഷിപ്പിക്കാന്‍ ഉതകുന്ന വാക്ക്.
undefined
ഇട്ടൂപ്പിന്റേയും - കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയും ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. കുടുംബത്തിലെ പെണ്‍കുട്ടിയായ എല്‍സിയുടെ മനസമ്മത ദിനത്തിലാണ് കഥയുടെ ആരംഭം. അന്ന് ഇട്ടൂപ്പിന് ലഭിക്കുന്ന പഴയൊരു കത്തില്‍ ആ സന്തുഷ്ടമായ കുടുംബത്തില്‍ ഒരു പൊട്ടിത്തെറിയുണ്ടാക്കാനുള്ള കാര്യം ഉണ്ടായിരുന്നു. അവിടുന്ന് വളരെ നിര്‍ണ്ണായകമായ തീരുമാനം ഇട്ടൂപ്പ് എടുക്കുന്നു. ഇതിനെ അടിസ്ഥാനമാക്കിയാണ് പിന്നീട് കഥ വികസിക്കുന്നത്.
മലയാള സിനിമ രംഗത്ത് ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള നടനാണ് വിജയരാഘവന്‍. അദ്ദേഹത്തിന്‍റെ അഭിനയ ജീവിതത്തിലെ തന്നെ നാഴിക കല്ലാണ് ഇട്ടൂപ്പ് എന്ന വേഷം എന്ന് സംശയത്തിന് ഇട നല്‍കാതെ ചിത്രം കാണുന്ന ആരും പറയും. നൂറുവയസിനോട് അടുക്കുന്ന നാല് തലമുറയെ കണ്ട ഒരു കാരണവരുടെ വേഷത്തില്‍ ജ്വലിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളുടെ പൂക്കാലം തന്നെ തീര്‍ക്കുന്ന വിജയരാഘവന്‍.
സ്ക്രീനില്‍ കൊച്ചുത്രേസ്യയായി എത്തുന്ന കെ.പി.എ.സി ലീലയുടെ വേഷം അതിഗംഭീരം എന്ന വാക്കിനപ്പുറം ഒന്നും വിശേഷിപ്പിക്കാനില്ല. സൂക്ഷ്മഭിനയത്തിന്‍റെയും, ഭാവ തീവ്രതയുടെയും പകര്‍ന്നാട്ടങ്ങള്‍ വളരെ ലളിതമായി തന്നെ നടത്തുന്നുണ്ട് അനുഭവ സമ്പന്നയായി കെ.പി.എ.സി ലീല. ചിലയിടങ്ങളില്‍ സ്ക്രീനില്‍ പ്രേക്ഷകന്‍റെ ആസ്വാദനത്തെ ഒറ്റയ്ക്ക് കവര്‍ന്നെടുക്കുന്നു ഇവരുടെ അഭിനയം എന്ന് പറഞ്ഞാലും തെറ്റില്ല. ചിത്രം പൂര്‍ണ്ണമായും ഈ രണ്ട് കഥാപാത്രങ്ങള്‍ക്ക് ചുറ്റുമാണ് സംവിധായകന്‍ പറഞ്ഞ് വയ്ക്കുന്നത്.
മലയാളത്തില്‍ അടുത്തകാലത്തായി വലിയ കുടുംബ കഥകള്‍ വന്നിരുന്നില്ല എന്ന ആത്മവിശ്വാസത്തോടെയാണ് പൂക്കാലം അവതരിപ്പിക്കുന്നത് എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ ഗണേഷ് രാജ് പറഞ്ഞത്. അതിനാല്‍ തന്നെ കുടുംബത്തിന് പുറത്തേക്ക് കഥാ സന്ദര്‍ഭങ്ങളെ അനാവശ്യമായി കൊണ്ടുപോകാനും സംവിധായകന്‍ മെനക്കെടുന്നില്ലെന്നത് മികച്ചൊരു ആഖ്യാന കൌശലം തന്നെയാണ്. അതിനൊപ്പം തന്‍റെ മീറ്ററിന് ഒതുങ്ങുന്ന താരങ്ങളായ വിനീതിനെയും, ബേസിലിനെയും പോലുള്ളവരെ പുറം കഥാപാത്രങ്ങള്‍ എന്ന് പറയാവുന്ന രീതിയില്‍ കൂടുതലായി സംവിധായകന്‍ അവതരിപ്പിക്കുന്നതും.
അബു സലിം അടക്കം വളരെ വ്യത്യസ്തനായ ഒരു കുടുംബനാഥന്‍റെ വേഷത്തില്‍ എത്തുന്ന വ്യത്യസ്തകള്‍ ഏറെ ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും. മലയാളത്തില്‍ ഇതുവരെയുണ്ടായിട്ടുള്ള ഏറെക്കുറെ മൌലികമായ ഒരു കഥാ തന്തു ചിത്രത്തിനുണ്ട്. അത് പ്രേക്ഷകന് രസവും ഒപ്പം ചിന്തയും നല്‍കും. ഇന്നത്തെക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ലിംഗ വിവേചനം ഒരു മുദ്രവാക്യം പോലെയല്ലാതെ കഥഗതിക്ക് അനുയോജ്യമായി പ്രേക്ഷകന് കൃത്യമായി ലഭിക്കുന്ന രീതിയില്‍ ആവിഷ്കരിച്ചതും മനോഹരമായി.
വളരെ സുപ്രധാനമായ ഒരു കഥാപാത്രത്തായി സുഹാസിനിയും ചിത്രത്തില്‍ എത്തുന്നുണ്ട്. ജോണി ആന്‍റണി, അരുൺ കുര്യൻ, അനു ആന്‍റണി, റോഷൻ മാത്യു, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. സച്ചിന്‍ വാര്യര്‍ ഒരുക്കിയ സംഗീതം ചിത്രത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഒരു കളര്‍ഫുള്‍ ഫാമിലി ഡ്രാമയ്ക്ക് വേണ്ടിയുള്ള എല്ലാ സാങ്കേതിക തികവും സംവിധായകന് നല്‍കുന്നതില്‍ ഛായഗ്രാഹകന്‍ ആനന്ദ് സി ചന്ദ്രനും, എഡിറ്റര്‍ മിഥുന്‍ മുരളിയും വിജയിക്കുന്നുണ്ട്.
മനുഷ്യ ജീവിതത്തില്‍ പ്രകൃതിയിലെപ്പോലെ ഒരു പൂക്കാലം ഉണ്ടാകും എന്ന ശുഭപ്രതീക്ഷയാണ് ചിത്രം നല്‍കുന്നത്. ആ പൂക്കാലത്തിന് മുന്‍പ് വരള്‍ച്ചയും മഞ്ഞുകാലവും എല്ലാം കഴിയേണ്ടിവരും. ഇട്ടൂപ്പിന്‍റെയും കൊച്ചുത്രേസ്യയുടെയും കുടുംബത്തിന്‍റെ വലിയൊരു കാലമാണ് ഇത് പറയാന്‍ നമുക്ക് മുന്നില്‍ വരച്ചിടുന്നത്. അത് കണ്ട് തന്നെ ആസ്വദിക്കേണ്ടതാണ്. ഒരു ക്ലീന്‍ ഫാമിലി ചിത്രമാണ് പൂക്കാലം.
നൂറ് വയസുകാരനായി ഞെട്ടിച്ച് വിജയരാഘവന്‍; 'പൂക്കാലം' ട്രെയിലർ
പ്രേക്ഷകമനസ്സിലൊരു പൂക്കാലം തീർത്ത് ‘പൂക്കാലം' ആദ്യ വീഡിയോ ഗാനം പുറത്ത്