സ്ക്രീനില്‍ തീ പടര്‍ത്തി ചോളന്മാര്‍; 'പൊന്നിയിന്‍ സെല്‍വന്‍ 1' റിവ്യൂ

By Web Team  |  First Published Sep 30, 2022, 12:58 PM IST

നാല് പതിറ്റാണ്ടിന്‍റെ സിനിമാജീവിതത്തില്‍ മണി രത്നം സൃഷ്ടിച്ച സൗന്ദര്യാനുഭവത്തിന്‍റെ തുടര്‍ച്ച തന്നെയാണ് പൊന്നിയിന്‍ സെല്‍വന്‍. ബിഗ് സ്ക്രീനില്‍ തന്നെ കണ്ടറിയേണ്ടത്


എഴുതപ്പെട്ട മറ്റൊരു കഥയും ബിഗ് സ്ക്രീനില്‍ എത്തിക്കാന്‍ കോളിവുഡ് ഇത്രയധികം ആഗ്രഹിച്ചിട്ടും കാത്തിരുന്നിട്ടുമുണ്ടാവില്ല, കല്‍കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലായ പൊന്നിയിന്‍ സെല്‍വന്‍ പോലെ. പത്താം നൂറ്റാണ്ട് പശ്ചാത്തലമാക്കി ചോള സാമ്രാജ്യത്തിലെ അധികാര വടംവലികളുടെ കഥ പറഞ്ഞ നോവലിലെ കേന്ദ്ര കഥാപാത്രം ചോള ചക്രവര്‍ത്തി അരുള്‍മൊഴി വര്‍മ്മന്‍ ആണ്. അന്‍പതുകളുടെ തുടക്കത്തില്‍ ആദ്യം കല്‍കി മാസികയില്‍ പരമ്പരയായി പ്രസിദ്ധീകരിച്ച നോവല്‍ പിന്നീട് അഞ്ച് വോള്യങ്ങളില്‍ രണ്ടായിരത്തില്‍ അധികം പേജുകളിലായി പ്രസിദ്ധീകരിക്കപ്പെട്ട ബൃഹദാഖ്യാനമാണ്. തമിഴകത്ത് തലമുറകള്‍ക്ക് പ്രിയങ്കരമായ ഈ നോവല്‍ സിനിമയാക്കാന്‍ ശ്രമിച്ചവരില്‍ എംജിആറും കമല്‍ ഹാസനും അടക്കമുള്ള പലകാലങ്ങളിലെ മുന്‍പേരുകാരുണ്ട്. തൊണ്ണൂറുകളിലും 2010നു ശേഷവുമൊക്കെ വിജയിക്കാതെ പോയ തന്‍റെ തന്നെ പരിശ്രമങ്ങള്‍ക്കു ശേഷമാണ് മണി രത്നം പൊന്നിയിന്‍ സെല്‍വന്‍റെ ചലച്ചിത്ര രൂപവുമായി എത്തിയിരിക്കുന്നത്.

തമിഴ് ബിഗ് സ്ക്രീനില്‍ വിസ്മയങ്ങള്‍ പലത് സൃഷ്ടിച്ചിട്ടുള്ള മണി രത്നം തന്‍റെ ഡ്രീം പ്രോജക്റ്റ് എന്നു വിശേഷിപ്പിച്ച ചിത്രം എന്നതായിരുന്നു ഇന്ത്യയൊട്ടുക്കുമുള്ള സിനിമാപ്രേമികളില്‍ പൊന്നിയിന്‍ സെല്‍വന്‍ ഇത്രയധികം താല്‍പര്യം ഇടയാക്കാന്‍ കാരണമായ ഒരു അടിസ്ഥാന വസ്തുത. രണ്ടാമത് ചിത്രത്തിലെ നീണ്ട താരനിരയും. വിക്രം, ഐശ്വര്യ റായ്, കാര്‍ത്തി, ജയം രവി, തൃഷ തുടങ്ങിയ താരനിരയെ ഒരുമിച്ച് ഒരു സ്ക്രീനില്‍ കാണുന്നതിലെ പുതുമയും ചിത്രത്തിന്‍റെ യുഎസ്‍പി ആയിരുന്നു.

Latest Videos

undefined

 

കമല്‍ ഹാസന്‍റെ വോയ്സ് ഓവറില്‍ കഥാപശ്ചാത്തലം ചുരുക്കി വിവരിച്ചതിനു ശേഷം യുദ്ധമുഖത്തെ ആദിത്ത കരികാലനിലൂടെ (വിക്രം) കഥയിലേക്ക് നേരിട്ട് പ്രവേശിക്കുകയാണ് മണി രത്നം. പിതാവ് സുന്ദര ചോളനില്‍ നിന്നും അദ്ദേഹത്തിന്‍റെ മരണശേഷം ലഭിച്ച ചോള സാമ്രാജ്യത്തിന്‍റെ കിരീടാവകാശം ആദിത്ത കരികാലന്‍ കൈയാളുന്ന കാലമാണ് പിഎസ് 1 ലെ ടൈംലൈന്‍. നിര്‍ഭയനും യുദ്ധങ്ങളില്‍ അതീവ തല്‍പരനുമായ കരികാലന്‍റെ കാലം പിടിച്ചടക്കലുകളുടേത് കൂടിയാണ്. എതിര്‍പാളയങ്ങളില്‍ നിന്ന് തങ്ങള്‍ക്കു നേര്‍ക്ക് സംഭവിക്കുന്നെന്ന് കരുതുന്ന ചില ഗൂഢാലോചനകളെക്കുറിച്ച് അറിഞ്ഞുവരാന്‍ കരികാലനാല്‍ നിയോഗിക്കപ്പെടുന്ന ഉറ്റ സുഹൃത്തും ചാരനുമായ വന്തിയത്തേവനൊപ്പം (കാര്‍ത്തി) വ്യത്യസ്ത ഭൂമികകളിലൂടെ സഞ്ചരിക്കുകയാണ് സിനിമ.

ALSO READ : 'രണ്ട് സെക്കന്‍ഡ് പോലും എടുത്തില്ല ആ മറുപടിക്ക്'; മമ്മൂട്ടിയെ സമീപിച്ചതിനെക്കുറിച്ച് മണി രത്നം

 

ബിഗ് സ്ക്രീനിലെ എപിക് നരേഷനുകള്‍ പ്രേക്ഷകരെ സ്വാധീനിക്കണമെങ്കില്‍ അതില്‍ യുദ്ധരംഗങ്ങളുടെ മിഴിവ് മാത്രം പോരാതെവരും. മറിച്ച് കഥാപാത്രങ്ങളുടെ വൈകാരികലോകത്തോട് പ്രേക്ഷകര്‍ക്ക് അടുപ്പം തോന്നണം. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ മിഴിവാര്‍ത്ത പാത്രസൃഷ്ടികളാണ് ഇവിടെ മണി രത്നത്തിന്‍റെ കൈമുതല്‍. ഉദാഹരണത്തിന് ആദിത്ത കരികാലന്‍റെ യുദ്ധത്തോടുള്ള അടങ്ങാത്ത ത്വര. കീഴടക്കുന്ന പ്രദേശങ്ങളില്‍ ചോളന്മാരുടെ കൊടി പാറിച്ച് വെട്രിവേല്‍ എന്ന് വിജയഭേരി മുഴക്കുന്ന കരികാലന്‍ യഥാര്‍ഥത്തില്‍ ഉള്ളില്‍ മുറിവേറ്റ, അതിന്‍റെ വേദനയില്‍ നിന്ന് രക്ഷപെടാനാവാത്ത മനുഷ്യനാണ്. അഥവാ അതില്‍ നിന്നുള്ള അയാളുടെ ഒരേയൊരു രക്ഷാമാര്‍ഗ്ഗമാണ് പോര്‍ക്കളങ്ങള്‍. നന്ദിനിയുമായുള്ള (ഐശ്വര്യ റായ്) സാക്ഷാത്കരിക്കാനാവാതെപോയ തന്‍റെ പ്രണയത്തില്‍ നിന്നാണ് അയാളുടെ എല്ലാ അസന്തുഷ്ടികളുടെയും ആരംഭം. ഒരു സാമ്രാജ്യത്തോടു തന്നെയുള്ള നന്ദിനിയുടെ പക ആരംഭിക്കുന്നതും അവിടെനിന്നുതന്നെ. ഇത്തരത്തില്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള ആഴമേറിയ കൊടുക്കല്‍വാങ്ങലുകള്‍ നിറഞ്ഞതാണ് കല്‍കി കൃഷ്മൂര്‍ത്തി സൃഷ്ടിച്ചിട്ടുള്ള പ്ലോട്ട്. അതിനെ ശക്തിചോരാതെ സ്ക്രീനിലേക്ക് പരിഭാഷപ്പെടുത്താനായി എന്നതാണ് മണി രത്നത്തിന്‍റെ വിജയം. അതിന് അദ്ദേഹത്തെ സഹായിച്ചിരിക്കുന്നത് കാസ്റ്റിംഗിലെ മികവും ഈ പ്രോജക്റ്റിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞുള്ള, അഭിനേതാക്കളുടെ മികവുറ്റ പ്രകടനങ്ങളുമാണ്.

 

സൌന്ദര്യത്തിന്‍റെ മറുപുറത്ത് പകയുടെ ഒടുങ്ങാത്ത കനല്‍ പേറി നടക്കുന്ന നന്ദിനിയായി ഐശ്വര്യ റായ്‍യെ അവതരിപ്പിച്ചതില്‍ മണി രത്നത്തിന്‍റെ മിടുക്കുണ്ട്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രത്തെ ഐശ്വര്യ റായ് ഗംഭീരമാക്കിയിട്ടുമുണ്ട്. അസ്വസ്ഥതയുടെ ഭാണ്ഡവും പേറി യുദ്ധമുഖങ്ങളിലേക്ക് കുതിക്കുന്ന ആദിത്ത കരികാലനായി വിക്രം നിറഞ്ഞുനില്‍ക്കുന്നുണ്ട് സ്ക്രീനില്‍. ഒരു വിഡ്ഢിയെന്ന പ്രതിച്ഛായ സൃഷ്ടിച്ച് മുഖ്യമന്ത്രി അനിരുദ്ധ ബ്രമ്മരായനുവേണ്ടി രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ആഴ്വാര്‍കടിയന്‍ നമ്പിയായി ജയറാം, കരികാലന്‍റെ സഹോദരി കുന്ദവൈയായി തൃഷ, അരുള്‍മൊഴി വര്‍മ്മനായി ജയം രവി, കാര്‍ത്തിയുടെ വന്തിയത്തേവന്‍, ഐശ്വര്യ ലക്ഷ്മിയുടെ പൂങ്കുഴലി, റഹ്‍മാന്‍റെ മധുരാന്തകന്‍ എന്നിങ്ങനെ ഗൌരവമില്ലാതെ എഴുതപ്പെട്ടതോ അഭിനയിക്കപ്പെട്ടതോ ആയ കഥാപാത്രങ്ങളെയൊന്നും ചിത്രത്തില്‍ കണ്ടുകിട്ടില്ല. പതിവുപോലെ സ്പൂണ്‍ ഫീഡിംഗ് ഒഴിവാക്കിയാണ് മണി രത്നത്തിന്‍റെ അവതരണം. എന്നാല്‍ ഇവിടെ സ്പൂണ്‍ ഫീഡിംഗ് ഇല്ല എന്നത് പൊന്നിയിന്‍ സെല്‍വന്‍റെ കഥ അറിയാത്തവരെ സംബന്ധിച്ച് സിനിമ ആസ്വദിക്കാന്‍ ഒരു ചെറിയ തടസ്സം സൃഷ്ടിച്ചേക്കാം. ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെയാണ് തമിഴ് പതിപ്പും എത്തിയിരിക്കുന്നത്.

 

പിരീഡ് ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒരു ചിത്രത്തെ ഒരു പത്ത് വര്‍ഷം മുന്‍പ് ചെയ്തതുപോലെ സംവിധായകര്‍ക്ക് ഇന്ന് സമീപിക്കാനാവില്ല. എസ് എസ് രാജമൌലിയുടെ ബാഹുബലിക്കും ഒടിടി പ്ലാറ്റ്ഫോമുകളുടെ ജനകീയതയ്ക്കും ശേഷം ഗ്രാന്‍ഡ് വിഷ്വല്‍ എക്സ്പീരിയന്‍സുകളെക്കുറിച്ചുള്ള സാമാന്യ പ്രേക്ഷകരുടെ കാഴ്ചപ്പാട് അടിമുടി മാറി എന്നതാണ് അതിനു കാരണം. അതിനാല്‍‍ത്തന്നെ അത്തരത്തില്‍ പുതുതായി എത്തുന്ന ഒരു ചിത്രത്തിന് പ്രേക്ഷകരുടെ കൈയടി നേടുക എന്നത് അത്രയും ദുഷ്കരമാണ്. എന്നാല്‍ സ്വതസിദ്ധമായ ദൃശ്യ, ശ്രാവ്യ മികവോടെയാണ് മണി രത്നം തന്‍റെ സ്വപ്ന ചിത്രം ഒരുക്കിയിരിക്കുന്നത്. രവി വര്‍മ്മന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പറയുന്ന കഥയില്‍ നിന്ന് പ്രേക്ഷകരുടെ ശ്രദ്ധയെ മുറിക്കുന്ന ഘടകങ്ങളൊന്നും ചിത്രത്തിലില്ല. പ്രൊഡക്ഷന്‍ ഡിസൈനിംഗും സംഗീതവും ഛായാഗ്രഹണവുമൊക്കെ അങ്ങനെതന്നെ. നാല് പതിറ്റാണ്ടിന്‍റെ സിനിമാജീവിതത്തില്‍ മണി രത്നം സൃഷ്ടിച്ച സൌന്ദര്യാനുഭവത്തിന്‍റെ തുടര്‍ച്ച തന്നെയാണ് പൊന്നിയിന്‍ സെല്‍വന്‍. ബിഗ് സ്ക്രീനില്‍ തന്നെ കണ്ടറിയേണ്ടത്.

click me!