ശങ്കര്‍ രാമകൃഷ്‍ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്‍ത പതിനെട്ടാംപടി എന്ന സിനിമയുടെ റിവ്യു
എഴുപതോളം പുതുമുഖ താരങ്ങളെ ഉൾപ്പെടുത്തി ശങ്കർ രാമകൃഷ്‍ണൻ ഒരുക്കിയ ചിത്രമാണ് പതിനെട്ടാം പടി. ഒരാള്‍ വിദ്യ ആര്‍ജ്ജിക്കുന്നത് വിദ്യാലയങ്ങളുടെ ചുവരുകള്‍ക്കുള്ളിലല്ല, മറിച്ച് സമൂഹത്തില്‍ നിന്നാണെന്ന ആശയത്തിലൂന്നിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശങ്കർ രാമകൃഷ്‍ണൻ എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും കൈയൊപ്പ് പതിഞ്ഞ ചിത്രം മലയാളസിനിമയ്ക്ക് സമ്മാനിക്കുന്നത് വലിയ ഒരു നിര പുതുമുഖ താരങ്ങളെയാണ്.
undefined
സ്‍കൂൾ ഓഫ് ജോയ് എന്ന തുറന്ന ഗുരുകുലത്തിലെ അശ്വിൻ വാസുദേവ് എന്ന പൃഥ്വിരാജ് കഥാപാത്രത്തിലൂടെ തുടങ്ങുന്ന ചിത്രം തൊണ്ണൂറുകളുടെ അവസാനകാലത്തിലേക്കാണ് പ്രേക്ഷകരെ കൊണ്ടുപോവുന്നത്. തിരുവനന്തപുരത്തെ സർക്കാർ സ്‍കൂളിലെ കുട്ടികളും ഇന്റര്‍നാഷണൽ സ്‍കൂളിലെ കുട്ടികളും തമ്മിലുള്ള മത്സരങ്ങളും അവർക്കിടയിലുണ്ടാവുന്ന വഴക്കിലൂടെയും പുരോഗമിക്കുന്ന ചിത്രം തുടക്കം മുതൽ ചടുലതയാർന്ന വേഗതയിലാണ് മുന്നോട്ടുപോവുന്നത്. ഓരോ ഫ്രെയിമിലും തുടക്കക്കാരുടെ പതർച്ചയില്ലാത്ത മികച്ച പ്രകടനമാണ് ഓരോരുത്തരും കാഴ്‍ചവയ്‍ക്കുന്നത്. ഒപ്പം ആകാംക്ഷ ഒട്ടും ചോരാതെ പിടിച്ചിരുത്തുന്ന തിരക്കഥയും അതിനൊത്ത സംവിധാനമികവും ചിത്രത്തെ പ്രേക്ഷകരിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.
സിനിമയുടെ തുടക്കത്തിൽ പൃഥ്വിരാജ് പറയുന്ന ഒരു വാചകമുണ്ട്- മനുഷ്യനാണ് ഏറ്റവും വലിയ ദേവനും അസുരനും. ഈ യാഥാര്‍ഥ്യബോധത്തെ മുന്നോട്ട് നയിച്ചാണ് 18-ാം പടി എന്ന ചിത്രത്തിന്റെ ഒഴുക്ക്. ഓരോ മനുഷ്യരുടെയും ജീവിതത്തിൽ ഓരോ പടികളുണ്ടെന്നും അതിൽ നിർണായകമായ ഒരു ഘട്ടത്തിലുണ്ടാവുന്ന മാറ്റം എല്ലാം മാറ്റിമറിക്കുമെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നു..
ആദ്യപകുതിയിൽ നിന്ന് രണ്ടാം ഘട്ടത്തിലേക്ക് എത്തുമ്പോൾ ജോൺ പാലയ്ക്കൽ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നു. ഇതോടെ ചിത്രം മറ്റൊരുതലത്തിലേക്കാണ് ഒഴുകുന്നത്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‍സിറ്റി പ്രൊഫസറുടെ റോളിലെത്തുന്ന മമ്മൂട്ടി ലുക്ക് കൊണ്ടും അഭിനയമികവുകൊണ്ടും വീണ്ടും പ്രേക്ഷകരെ വിസ്‍യിപ്പിക്കുന്നു. അതിരപ്പിള്ളിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളും കൈയടിയർഹിക്കുന്നു. ആര്യ, മനോജ് കെ ജയൻ, മണിയൻപിള്ള രാജു അടക്കമുള്ള താരങ്ങളും മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്‍ചവയ്ക്കുന്നത്. അക്ഷയ് രാധാകൃഷ്‍ണന്‍, അശ്വിന്‍ ഗോപിനാഥ്, വാഫാ ഖദീജ റഹ്‍മാന്‍, ആര്‍ഷ, ചന്ദുനാഥ് തുടങ്ങിയ പുതുമുഖങ്ങളും തുടക്കക്കാരുടെ പതിർച്ചയില്ലാതെ സ്ക്രീനിൽ നിറഞ്ഞു നിന്നു. ബോഡി ലാഗ്വേജും, ഡയലോഗ് പ്രസന്റേഷനും വൈകാരികമായ രംഗങ്ങളിലെ കയ്യടക്കത്തോടെയുള്ള ഭാവ പ്രകടനങ്ങളും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ചിത്രത്തെ കൂടുതൽ മനോഹരമാക്കുന്നു.
കെച്ച കെംപക്‌ഡേ, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നൊരുക്കിയ ആക്ഷന്‍ രംഗങ്ങൾ ത്രസിപ്പിക്കുന്ന അനുഭവമാണ് സമ്മാനിക്കുന്നത്. വൈല്‍ഡ് ലൈഫ് ഫിലിംമേക്കറും ക്യാമറാമാനുമായിരുന്ന സുധീപ് എളമണിന്റെ ഫ്രെയിംമുകൾ സമ്മാനിക്കുന്ന കാഴ്‍ച 18-ാം പടിയെ കൂടുതൽ മനോഹരമാക്കുന്നു . ഭുവന്‍ ശ്രീനിവാസന്റെ എഡിറ്റിംഗും മികച്ചു നിൽക്കുന്നു.