Pathaan Review : കിംഗ് ഖാന്‍ ആറാടുകയാണ്; പഠാന്‍ റിവ്യൂ

By Web Team  |  First Published Jan 25, 2023, 1:00 PM IST

ഈ കാഴ്ചയില്‍ നാം മുന്‍പ് കണ്ട സ്പൈ സിനിമകളുടെ പാറ്റേണുകളും സ്വീക്വന്‍സുകളും അവര്‍ത്തിക്കുന്നതായി അനുഭവപ്പെടാം. എങ്കിലും പ്രേക്ഷക പ്രതികരണത്തില്‍ അതിനപ്പുറം ഷാരൂഖ് പല രംഗങ്ങളിലും തന്‍റെ 'സ്വാഗ്' പുറത്തെടുക്കുന്നു എന്ന് കാണാം.
 


നാലുവര്‍ഷത്തിന് ശേഷം ബോളിവുഡിന്‍റെ സ്ക്രീനിലേക്ക് ഷാരൂഖ് ഒരു മാസ് വേഷവുമായി തിരിച്ചെത്തുന്നു എന്നത് തന്നെയാണ് പഠാന്‍ എന്ന ചിത്രത്തിന്‍റെ യുഎസ്പി. അത് ശരിവയ്ക്കുന്ന രീതിയില്‍ കെട്ടിലും മട്ടിലും ഒരു വലിയ കാഴ്ച തന്നെയാണ് പഠാന്‍ സിനിമ പ്രേക്ഷകന് നല്‍കുന്നത്. കഥയിലും കഥ പരിസരത്തിലും കഥ സന്ദര്‍ഭങ്ങളിലും പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും തീയറ്ററിലെത്തുന്ന പ്രേക്ഷകനെ രസിപ്പിക്കാനുള്ള കൂട്ടുകള്‍ എല്ലാം സിദ്ധാര്‍ത്ഥ് ആനന്ദ് ഈ ചിത്രത്തില്‍ ഷാരൂഖിനെ കൂട്ടുപിടിച്ച് ഒരുക്കിവയ്ക്കുന്നു. 

2019 ല്‍ ഇന്ത്യ ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതോടെ ഇന്ത്യയോട് പ്രതികാരത്തിന് തുനിയുന്ന പാക് സൈനിക മേധാവി. അതിനായി അയാള്‍ തിരഞ്ഞെടുക്കുന്നത് വിനാശകാരികളായ ഔട്ട്ഫിറ്റ് എക്സ് എന്ന കോണ്‍ട്രാക്റ്റ് തീവ്രവാദ ഏജന്‍സി അതിന്‍റെ നായകനായ ജിം. ജിമ്മിന്‍റെ ഇന്ത്യയ്ക്കെതിരായ പകയ്ക്ക് ഒരു ഫ്ലാഷ്ബാക്കുണ്ട്. ജിമ്മിന്‍റെ ഇന്ത്യയ്ക്കെതിരായ 'രക്തബീജ്' എന്ന ഓപ്പറേഷന്‍ പഠാനും അദ്ദേഹത്തിന്‍റെ ഏജന്‍സി ജോക്കറും (JOCR) എങ്ങനെ തകര്‍ക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഈ കാഴ്ചയില്‍ നാം മുന്‍പ് കണ്ട സ്പൈ സിനിമകളുടെ പാറ്റേണുകളും സ്വീക്വന്‍സുകളും അവര്‍ത്തിക്കുന്നതായി അനുഭവപ്പെടാം. എങ്കിലും പ്രേക്ഷക പ്രതികരണത്തില്‍ അതിനപ്പുറം ഷാരൂഖ് പല രംഗങ്ങളിലും തന്‍റെ 'സ്വാഗ്' പുറത്തെടുക്കുന്നു എന്ന് കാണാം.

Latest Videos

യാഷ് രാജ് ഫിലിംസ് രൂപം നല്‍കുന്ന സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമാണ് 'പഠാന്‍' അതിനാല്‍ തന്നെ ചിത്രത്തിലുടനീളം അതിനായുള്ള 'ഈസ്റ്റര്‍ എഗ്ഗുകള്‍' അണിയറക്കാര്‍ സംഭാഷണത്തിലൂടെ നല്‍കുന്നു. ഒപ്പം മികച്ചൊരു ക്യാമിയോയും പ്രേക്ഷകനായി ഒരുക്കുന്നു. ഷാരൂഖ് തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്ന് പറയാം. രണ്ടരമണിക്കൂറോളം ചിത്രത്തിന്‍റെ മുക്കാല്‍ഭാഗവും ഷാരൂഖ് സ്ക്രീനിലുണ്ട്. 'പഠാന്‍ മരിച്ചിട്ടില്ല' എന്ന് പറയുന്ന ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന ആദ്യ രംഗം മുതല്‍ ഒരു തിരിച്ചുവരവ് ഷാരൂഖ് നടത്തുന്നു എന്ന് പ്രക്ഷേകന് തോന്നല്‍ ഉണ്ടാക്കാനുള്ള മാസ് രംഗങ്ങള്‍ ഏറെയാണ്. വിവാദങ്ങള്‍ ഏറെയുണ്ടായെങ്കിലും അത് എന്തെങ്കിലും തരത്തില്‍ ചിത്രത്തിനെ ബാധിക്കുന്ന തരത്തിലുള്ളവയാണെന്ന് ചിത്രം കണ്ടാല്‍ തോന്നില്ല, അടിമുടി ദേശസ്നേഹിയായ ഒരു സൈനികനായ പഠാനായി ഷാരൂഖ് സ്ക്രീനില്‍ നിറയുന്നു.

ദീപിക പാദുക്കോണും പ്രേക്ഷകരുടെ കാഴ്ചയെ കീഴടക്കും. വളരെക്കാലത്തിന് ശേഷമാണ് ദീപിക ഇത്രയും ഗ്ലാമറസായി സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്‍റര്‍വെല്‍ ട്വിസ്റ്റില്‍ അടക്കം നെഗറ്റീവ് ഷെയ്ഡില്‍ എത്തുന്ന ഒരു കഥാപാത്രമായി ദീപിക തന്‍റെ റോള്‍ ഭംഗിയാക്കുന്നുണ്ട്. എടുത്തു പറയേണ്ടത് ദീപികയുടെ ആക്ഷന്‍ സീനുകളാണ്. പ്രേക്ഷകനെ കിടുക്കുന്ന സംഘടനം ദീപിക ചിത്രത്തില്‍ പുറത്തെടുക്കുന്നുണ്ട്. പ്രധാന വില്ലനായ ജിം ആയി എത്തുന്നത് ജോണ്‍ എബ്രഹാം ആണ്. തന്‍റെ റോള്‍ ഗംഭീരമാക്കുന്നുണ്ട് ജോണ്‍. പ്രത്യേകിച്ച് സംഘടന രംഗങ്ങളില്‍. വില്ലന്‍ എന്ന രീതിയില്‍ ജോണിന്‍റെ സ്ക്രീന്‍ പ്രസന്‍സ് ചിലപ്പോള്‍ സംഘടന രംഗങ്ങളില്‍ മാത്രമായി ചുരുങ്ങിയെന്ന് ചിലപ്പോള്‍ പ്രേക്ഷകന് തോന്നിയേക്കാം. ഡിംപിള്‍ കപാഡിയയും വളരെ ശക്തമായ ഒരു റോളിലാണ് എത്തുന്നത്.

ഹോളിവുഡ് ചിത്രങ്ങളുടെ സ്ഥിരം ശൈലി കടം കൊണ്ട രീതിയിലാണ് ചിത്രം പോകുന്നത് എന്ന് തോന്നാം. ഒരു സ്പൈയുടെ വിവിധ രാജ്യങ്ങളും പ്രദേശങ്ങളും കടന്ന് പോകുന്ന ഓപ്പറേഷനുകള്‍ ചിത്രത്തിലുണ്ട്. അതിനാല്‍ തന്നെ ചിത്രത്തെ മുന്നോട്ട് കൊണ്ടുപോകുന്നത് സംഘടന രംഗങ്ങളും, വിഎഫ്എക്സും ആണെന്ന് പറയാം. ഇത് ഏറെക്കുറെ തൃപ്തികരമായി സ്ക്രീനില്‍ എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ഗാനങ്ങളില്‍ അടക്കം മികച്ച ദൃശ്യവിരുന്ന് ഒരുക്കുന്നതാണ് ആദ്യത്തെ ഫീച്ചര്‍ ഫിലിം ചെയ്യുന്ന സച്ചിത്ത് പൗലോസ് ക്യാമറയിലൂടെ ഒരുക്കുന്നത്. എങ്കിലും പാശ്ചാത്തല സംഗീതം ചിത്രത്തിന്‍റെ മികവ് വര്‍ദ്ധിപ്പിക്കുന്ന രീതിയില്‍ എത്തിയോ എന്ന സംശയവും ഉയരുന്നു.

തിരിച്ചുവരവ് എന്നത് ഷാരൂഖ് ഖാന് മാത്രമല്ല, ബോളിവുഡിന് തന്നെ ആവശ്യമായ ഒരു ഘട്ടത്തിലാണ് പഠാന്‍ തീയറ്ററുകളില്‍ എത്തുന്നത്. ഷാരൂഖിന്‍റെ മാസായ ഒരു തിരിച്ചുവരവ് അദ്ദേഹത്തിന്‍റെ ആരാധകര്‍ക്ക് പഠാന്‍ സമ്മാനിക്കുന്നു എന്നാണ് തീയറ്ററിലെ കാഴ്ച നല്‍കുന്ന പ്രഥമിക നിഗമനം. പക്ഷെ കഥയിലും, ആഖ്യാനത്തിലും വലിയ പുതുമകള്‍ ഒന്നും ചിത്രം നല്‍കുന്നില്ല എന്നത് എല്ലാവരെയും തൃപ്തിപ്പെടുത്തണം എന്നില്ല. എങ്കിലും ആകെ കാഴ്ചയില്‍ ഒരു ദൃശ്യവിരുന്നായും, ഒരു തട്ടുപൊളിപ്പന്‍ എന്‍റര്‍ടെയ്നറായും തീയറ്ററില്‍ ആഘോഷിക്കാനുള്ള വക പഠാന്‍ ഒരുക്കുന്നുണ്ട്. 

'പഠാൻ' എങ്ങനെയുണ്ട്, ആദ്യ പ്രതികരണങ്ങള്‍ പുറത്ത്, ആവേശത്തിരയില്‍ ആരാധകര്‍

'പഠാൻ' റിലീസിന് റെക്കോര്‍ഡ് സ്ക്രീൻ കൗണ്ട്, കണക്കുകള്‍ ഇങ്ങനെ

click me!