Paappan Movie Review : നമ്മള്‍ ഉദ്ദേശിക്കുന്ന ആളല്ല 'പാപ്പന്‍'; റിവ്യൂ

By Web Team  |  First Published Jul 29, 2022, 1:46 PM IST

ഒടിടിയുടെയും വെബ് സിരീസുകളുടെയും കാലത്തും ജോഷിയെപ്പോലെ ഒരു സീനിയര്‍ സംവിധായകന്‍ ഔട്ട്ഡേറ്റഡ് ആവാതെ നില്‍ക്കുന്നു എന്നത് സിനിമാപ്രേമികളെ സന്തോഷിപ്പിക്കും


മലയാളം ബി​ഗ് സ്ക്രീനിലെ പൊലീസ് കഥാപാത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ആദ്യ വരിയില്‍ തന്നെ ഇടംപിടിക്കാറുള്ളവരാണ് ഭരത് ചന്ദ്രനും മാധവനും അശോക് നരിമാനും മുഹമ്മദ് സര്‍ക്കാരുമൊക്കെ. ഒക്കെയും സുരേഷ് ​ഗോപി വാക്കും ജീവനും നല്‍കിയ കഥാപാത്രങ്ങള്‍. കാക്കിയിട്ട സുരേഷ് ​ഗോപി എന്നത് തൊണ്ണൂറുകളില്‍ നിര്‍മ്മാതാക്കള്‍ക്ക് മിനിമം ​ഗ്യാരന്‍റി ആയിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ സജീവമായപ്പോള്‍ സിനിമയില്‍ നിന്ന് എടുത്ത ഇടവേളയ്ക്കൊപ്പം സുരേഷ് ​ഗോപിയുടെ അത്തരം വേഷങ്ങള്‍ സിനിമാഗ്രൂപ്പുകളിലെ ചര്‍ച്ചകളില്‍ ഒതുങ്ങി. പത്ത് വര്‍ഷത്തിനു ശേഷം സുരേഷ് ​ഗോപി ഒരു പൊലീസ് കഥാപാത്രമായി എത്തുകയാണ് പാപ്പനിലൂടെ. തനിക്ക് ഒട്ടേറെ ഹിറ്റുകള്‍ നല്‍കിയ ജോഷിക്കൊപ്പമാണ് ആ മടങ്ങിവരവ് എന്നതായിരുന്നു റിലീസിനു മുന്‍പ് പ്രേക്ഷകര്‍ക്കുണ്ടായിരുന്ന ആദ്യ കൗതുകം. എന്നാല്‍ സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങള്‍ക്കുള്ള ട്രിബ്യൂട്ട് പോലെയും കരുതാവുന്ന ചിത്രം അദ്ദേഹത്തിന്‍റെ താരമൂല്യത്തെ കാലാനുസൃതമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

എബ്രഹാം മാത്യു മാത്തന്‍ എന്ന മുന്‍ പൊലീസ് ഉദ്യോ​ഗസ്ഥനാണ് സുരേഷ് ​ഗോപിയുടെ നായകന്‍. തൊഴിലിനോട് ഏറെ ആത്മാര്‍ഥതയുള്ളവനെന്ന് പൊലീസ് സേനയിലെ ഉന്നതോദ്യോ​ഗസ്ഥര്‍ക്കുവരെ അഭിപ്രായമുണ്ടായിരുന്ന അയാള്‍ പക്ഷേ ഒരു നിര്‍ണ്ണായക കേസില്‍ വ്യാജ തെളിവ് ഉണ്ടാക്കിയതിന് സര്‍വ്വീസില്‍ നിന്ന് പുറത്താക്കപ്പെട്ട പശ്ചാത്തലമുള്ളയാളുമാണ്. കാലങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് സമാനരീതിയില്‍ നടക്കുന്ന ചില കൊലപാതകങ്ങളുടെ അന്വേഷണത്തില്‍ അനൗദ്യോ​ഗികമായി മാത്തന്‍റെ സഹായം തേടുകയാണ് പൊലീസ്. അതേസമയം തന്നെ അന്വേഷണത്തിന്‍റെ ചില ഘട്ടങ്ങളില്‍ ഈ കുറ്റകൃത്യങ്ങളുടെ പ്രതിസ്ഥാനത്തും അയാളുടെ പങ്ക് സംശയിക്കപ്പെടുന്നുണ്ട്.

Latest Videos

undefined

 

കുറ്റകൃത്യങ്ങള്‍ അവതരിപ്പിച്ചതിനു ശേഷം കുറ്റവാളി ആരെന്നും അതിനു പിന്നിലുള്ള കാരണം കണ്ടെത്തലുമെല്ലാമുള്ള ഫോര്‍മാറ്റ് തന്നെയാണ് പാപ്പനും പിന്തുടരുന്നത്. പക്ഷേ അതിനെ വ്യത്യസ്‍തമാക്കുന്നത് കേന്ദ്ര കഥാപാത്രത്തിന്‍റെ നേര്‍ക്ക് നീളുന്ന സംശയത്തിന്റെ മുനയും ഏറെ സങ്കീര്‍ണ്ണമായ നരേറ്റീവും ആണ്. ഒരു സസ്‍പെന്‍സ് ത്രില്ലര്‍ ചിത്രം അര്‍ഹിക്കുന്ന എല്ലാ ​ഗൗരവവും നല്‍കിക്കൊണ്ടുള്ളതാണ് ആര്‍ ജെ ഷാനിന്‍റെ രചന. നിരവധി കഥാപാത്രങ്ങളും സബ് പ്ലോട്ടുകളുമെല്ലാമുള്ള ചിത്രം ഏറെ ശ്രദ്ധയോടെയുള്ള കാഴ്ചയാണ് കാണിയില്‍ നിന്ന് ആവശ്യപ്പെടുന്നത്. 

രണ്ടാം വരവില്‍ സുരേഷ് ​ഗോപിയെ ഏറ്റവും സ്റ്റൈലിഷ് ആയി അവതരിപ്പിച്ചിരിക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. സുരേഷ് ​ഗോപിയുടെ ആഘോഷിക്കപ്പെട്ട പൊലീസ് വേഷങ്ങളുടെ ഓര്‍മ്മകള്‍ സ്വാഭാവികമായും ഉണര്‍ത്തുന്ന ചിത്രത്തിലെ നായക കഥാപാത്രം പക്ഷേ പാത്രസൃഷ്ടിയിലും പ്രകടനത്തിലും അവരില്‍ നിന്നെല്ലാം വ്യത്യസ്തരാണ്. താടിയിലും മുടിയിലും കയറിയ നരയ്ക്കൊപ്പം പ്രായത്തിന്‍റേതായ അനുഭവസമ്പത്തും പക്വതയും നടപ്പിലും എടുപ്പിലുമുള്ള ആളാണ് എബ്രഹാം മാത്യു മാത്തന്‍. എതിരാളികളെ എപ്പോഴും വാക്കുകളിലൂടെയും തറപറ്റിച്ചിരുന്ന സുരേഷ് ഗോപിയുടെ മുന്‍കാല പൊലീസ് വേഷങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്‍തനായ മാത്തനെ, അയാള്‍ക്ക് ഒരു ഗ്രേ ഷെയ്ഡ് കൂടി ഉണ്ടാവാം എന്ന നിലയിലാണ് ജോഷി അവതരിപ്പിച്ചിരിക്കുന്നത്.

 

രണ്ടാം വരവിലെന്നല്ല, സുരേഷ് ഗോപിയുടെ ഇതുവരെയുള്ള ഫിലിമോഗ്രഫി എടുത്താലും എബ്രഹാം മാത്യു മാത്തന്‍ എന്ന പാപ്പനെപ്പോലെയുള്ള ഒരു കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിട്ടില്ല. പുറംകാഴ്ചയില്‍ മൃദുസ്വഭാവികളായ സുരേഷ് ഗോപിയുടെ ചില മുന്‍ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്നുവെങ്കിലും മാത്തനെ അടുത്തറിയുന്നവര്‍ക്കറിയാം വ്യക്തിജീവിതത്തില്‍ നേരിട്ട ചില ദുരനുഭവങ്ങള്‍ നല്‍കിയ ഉണങ്ങാത്ത മുറിവുകളുമായാണ് അയാളുടെ ജീവിതമെന്ന്. അത്തരമൊരു കഥാപാത്രത്തിന്‍റെ ഉള്ളറിഞ്ഞുള്ള പ്രകടനമാണ് സുരേഷ് ഗോപിയുടേത്. മാത്തന്‍റെ ചലനങ്ങളിലും പെരുമാറ്റത്തിലുമൊക്കെ മിനിമലിസവും അതേസമയം പറയാതെ പറയുന്ന ഒരു ഗൌരവവും കൊണ്ടുവന്നിട്ടുണ്ട് അദ്ദേഹം. സ്ക്രീനില്‍ ആദ്യമായെത്തുന്ന സുരേഷ് ഗോപി- ഗോകുല്‍ സുരേഷ് കോമ്പിനേഷന്‍ അതിന്‍റെ ലക്ഷ്യം നിറവേറ്റുമ്പോള്‍ സുരേഷ് ഗോപി കഴിഞ്ഞാല്‍ ചിത്രത്തിലെ ഏറ്റവും മികച്ച കാസ്റ്റിംഗ് നിത പിള്ളയുടേതാണ്. വിന്‍സി എബ്രഹാം ഐപിഎസ് എന്ന കഥയുടെ കേന്ദ്ര സ്ഥാനത്തുള്ള പാപ്പന്‍റെ മകള്‍ക്ക് ഏറ്റവും യോജ്യയായ നടി താനാണെന്ന് തോന്നിപ്പിക്കുന്നതാണ് നിതയുടെ പ്രകടനം. നിഗൂഢതകളുള്ള ചാക്കോയായി ഷമ്മി തിലകനും നന്നായി. 

ഒരു ജോഷി ചിത്രത്തില്‍ നിന്ന് കാണികള്‍ പ്രതീക്ഷിക്കുന്ന ദൃശ്യസമ്പന്നതയോടെ എത്തിയിരിക്കുന്ന പാപ്പന്‍ സമീപകാല മലയാള സിനിമയില്‍ സാങ്കേതികമായി ഏറ്റവും ക്ലീന്‍ ആയ ചിത്രം കൂടിയാണ്. ഷോട്ട് ഡിവിഷനിലും നരേഷന്‍റെ ഒഴുക്കിലുമൊക്കെ ജോഷിയെന്ന മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാന്‍റെ മികവ് അനുഭവപ്പെടുത്തുന്ന ചിത്രം അദ്ദേഹം കാലത്തിനനുസരിച്ച് അപ്ഡേറ്റഡ് ആണെന്ന കാര്യവും പ്രേക്ഷകരെ ഓര്‍മ്മിപ്പിക്കുന്നു. ഛായാഗ്രാഹകനായ അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെയും സംഗീത സംവിധായകന്‍ ജേക്സ് ബിജോയ്‍യുടെയും പേരുകളാണ് പാപ്പന്‍റെ ദൃശ്യ ശ്രാവ്യാനുഭവത്തില്‍ വിട്ടുകളയാനാവാത്തത്. ജോഷിയെന്ന മാസ്റ്റര്‍ക്കൊപ്പം യുവനിരയിലെ പ്രതിഭാധനനായ സിനിമാറ്റോഗ്രഫര്‍ ഒത്തുചേര്‍ന്നതിലെ മാജിക് ആണ് പാപ്പന്‍റെ വിഷ്വല്‍സ്. വലിയ കാന്‍വാസില്‍, കോംപ്രമൈസുകള്‍ ഒന്നുമില്ലാതെ ഒരു ചിത്രം ചെയ്യാന്‍ ലഭിച്ച അവസരം അജയ് നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആക്ഷന്‍, സസ്പെന്‍സ് ചിത്രങ്ങളുടെ സ്കോറിംഗില്‍ നിലവില്‍ തനിക്കുള്ള മേധാവിത്വം ജേക്സ് ബിജോയ് ഒരിക്കല്‍ക്കൂടി തെളിയിക്കുന്ന ചിത്രവുമാണ് പാപ്പന്‍. ഫ്ലാഷ് ബാക്കുകള്‍ പലപ്പോഴും കയറിവരുന്ന നരേഷന്‍ തടസ്സങ്ങളൊന്നും അനുഭവപ്പെടുത്താതെ എഡിറ്റ് ചെയ്‍തിരിക്കുന്നത് ശ്യാം ശശിധരന്‍ ആണ്.

 

പലകാലങ്ങളിലായി മലയാള സിനിമയ്ക്ക് വന്‍ ഹിറ്റുകള്‍ സമ്മാനിച്ച ഒരു സംവിധായകന്‍- നടന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമ്പോള്‍ ഉയര്‍ത്തിയ പ്രതീക്ഷ അസ്ഥാനത്താക്കാത്ത ചിത്രമാണ് പാപ്പന്‍. ഒടിടിയുടെയും വെബ് സിരീസുകളുടെയും കാലത്തും ജോഷിയെപ്പോലെ ഒരു സീനിയര്‍ സംവിധായകന്‍ ഔട്ട്ഡേറ്റഡ് ആവാതെ നില്‍ക്കുന്നു എന്നത് സിനിമാപ്രേമികളെ സന്തോഷിപ്പിക്കും.

click me!