സൗഹൃദങ്ങളുടെ ആഘോഷക്കാഴ്‍ചകള്‍, 'സാറ്റര്‍ഡേ നൈറ്റ്' റിവ്യു

By Web Team  |  First Published Nov 4, 2022, 4:12 PM IST

നിവിൻ പോളി ചിത്രം 'സാറ്റര്‍ഡേ നൈറ്റി'ന്റെ റിവ്യു.


സുഹൃത്തുക്കളുടെ ആഘോഷമാണ് 'സാറ്റര്‍ഡേ നൈറ്റ്'. പ്രചാരണങ്ങളില്‍ വിശേഷിപ്പിച്ചതുപോലെ 'സ്റ്റാൻലി'യുടെയും കൂട്ടുകാരുടെയും സൗഹൃദക്കാഴ്‍ചകളാണ് സിനിമ നിറയെ. സൗഹൃദങ്ങളുടെ ലഹരിയാണ് ജീവിതത്തിന്റെ ആഘോഷം എന്ന് അടിവരയിടുന്നു ചിത്രം. സിറ്റുവേഷൻ കോമഡി ചിരികളാല്‍ രസിപ്പിക്കുന്ന ചിത്രം കൂട്ടായി തിയറ്ററില്‍ പോയി കാണേണ്ടതുതന്നെ.

ഒരുമിച്ച് പഠിച്ചവരാണ് 'സ്റ്റാൻലി'യും 'അജിത്തും' 'ജസ്റ്റിനും' 'സുനിലും.' ഇഴപിരിയാത്ത സുഹൃത്തുക്കളാണെങ്കിലും സാധാരണ കാണുന്നതുപോലെ തന്നെ ഇവരുടെ ഇടയിലും പിണക്കങ്ങളും വാശിയുമൊക്കെയുണ്ട്. 'സ്റ്റാൻലി'ക്കാണെങ്കില്‍ തന്റെ കൂട്ടുകാരാണ് എല്ലാം. കൂട്ടുകാര്‍ സെറ്റിലായതിനു ശേഷമേ തന്റെ കാര്യം ആലോചിക്കൂവെന്ന് ഉറപ്പിച്ചുനടക്കുന്ന ആള്‍.  'സ്റ്റാൻലി'യുടെ കൂടെ എന്തിനും നില്‍ക്കുന്ന സുഹൃത്ത് 'സുനിലു'മാണ്. ഡബ്യുടിഎഫ് എന്ന ഒരു പാര്‍ട്ടി ആഘോഷിക്കാൻ 'സ്റ്റാൻലി' തീരുമാനിക്കുന്നു. വെനസ്‍ഡേ, തേസ്‍ഡേ, ഫ്രൈ ഡേ അതു കഴിഞ്ഞ് സാറ്റര്‍ഡേ നൈറ്റ് എന്ന ആഘോഷത്തിന് 'സ്റ്റാൻലി' മുന്നിട്ട് ഇറങ്ങുന്നുവെങ്കിലും സുഹൃത്തുക്കള്‍ തമ്മില്‍ പിണങ്ങുന്നതിനു വരെ അത് കാരണമാകുന്നു. സുഹൃത്തുക്കള്‍ നാലു പേരും പല വഴികളായി പിരിയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 'അജിത്തിനെ' കാണാൻ 'സുനില്‍' വിദേശത്ത് എത്തുന്നതോടെയാണ് കഥയുടെ അടുത്ത ഘട്ടം. അത് അവരുടെ സൗഹൃദങ്ങളുടെ മറ്റൊരു തിരിച്ചറിവിലേക്കും വഴിത്തിരിവിലേക്കും നയിക്കുന്ന സംഭവങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

Latest Videos

undefined

റോഷൻ ആൻഡ്രൂസിന്റെ ഇതുവരെയുള്ള ചലച്ചിത്ര ആഖ്യാനങ്ങളില്‍ നിന്ന് തീര്‍ത്തും വേറിട്ട് നില്‍ക്കുന്നതാണ് 'സാറ്റര്‍ഡേ നൈറ്റ്'. സൗഹൃദങ്ങളുടെ രസക്കാഴ്‍ചകള്‍ മാത്രമാകാതെ ഇമോഷനും പ്രാധാന്യം നല്‍കിയിരിക്കുന്നു ചിത്രത്തില്‍. 'സ്റ്റാൻലി' എന്ന കേന്ദ്ര കഥാപാത്രത്തിനൊപ്പം തന്നെ മറ്റ് സുഹൃത്തുക്കള്‍ക്കും കൃത്യമായി ഇടംനല്‍കുന്ന തരത്തിലാണ് ചിത്രത്തിന്റെ കഥ പറച്ചിലും ആഖ്യാനവും. സൗഹൃദങ്ങളുടെ കഥ പലതവണ മലയാള സിനിമ പറഞ്ഞതെങ്കിലും പുതുമ നിറഞ്ഞ ദൃശ്യപരിചരണത്തോടെ 'സാറ്റര്‍ഡേ നൈറ്റി'നെ വര്‍ത്തമാന കാലത്തിന്റേതാക്കുകയാണ് റോഷൻ ആൻഡ്രൂസ്.

റോഷൻ ആൻഡ്രൂസിന്റെ തന്നെയാണ് ചിത്രത്തിന്റെ കഥയും. നവീൻ ഭാസ്‍കര്‍ ആണ് 'സാറ്റര്‍ഡേ നൈറ്റി'ന് തിരക്കഥ എഴുതിയിരിക്കുന്നത്. കേവലമൊരു സൗഹൃദകാഴ്‍ചകള്‍ മാത്രമാകാതെ അവയില്‍ നിന്ന് ചില തിരിച്ചറിവുകള്‍ കൂടി ലഭിക്കുന്ന തരത്തിലുള്ള എഴുത്താണ് 'സാറ്റര്‍ഡേ നൈറ്റി'നായി നവീൻ ഭാസ്‍കര്‍ സ്വീകരിച്ചിരിക്കുന്നത്. അതിനായി രസകരമായ കഥാസന്ദര്‍ഭങ്ങള്‍ അവതരിപ്പിച്ചുവെന്നതിനാലാകും നവീൻ ഭാസ്‍കറിന്റെ എഴുത്ത് പ്രേക്ഷകൻ ചേര്‍ത്തുനിര്‍ത്തുക.

പ്രകടനത്തില്‍ നിവിൻ പോളി ചിത്രത്തിലുടെ നീളം നിറഞ്ഞുനില്‍ക്കുകയാണ്. പ്രേക്ഷപ്രീതി നേടിയ തന്റെ മാനറിസങ്ങള്‍ നിര്‍ലോഭം പുനരവതരിപ്പിക്കുമ്പോള്‍ തന്നെ 'സ്റ്റാൻലി'ക്ക് സ്വന്തമായൊരു വ്യക്തിത്വം നല്‍കുന്നതിലും നിവിൻ പോളി വിജയിച്ചിരിക്കുന്നു. വളരെ എനര്‍ജറ്റിക്കായി രസികത്തത്തോടെ നിവിൻ പോളിയെ  ചിത്രത്തില്‍ കാണാനാകും.  സുഹൃത്തുക്കളുടെ വേദനയും തന്റേതായി അനുഭവപ്പെടാൻ ആഗ്രഹിക്കുന്ന കുറച്ച് കിറുക്കുള്ള 'സ്റ്റാൻലി' എന്ന കഥാപാത്രം തനിക്ക് മാത്രം ചെയ്യാവുന്ന ഒന്നാണെന്ന് പ്രകടനത്തില്‍ തെളിയിക്കുന്നുണ്ട് നിവിൻ പോളി.

അജു വര്‍ഗീസ് ചെയ്‍തിരിക്കുന്ന 'സുനില്‍' എന്ന കഥാപാത്രം അല്‍പം വൈകാരികതകൂടി ചേര്‍ന്നിരിക്കുന്നതാണ്. പക്വതയാര്‍ന്ന അഭിനയമാണ് 'സുനില്‍' എന്ന കഥാപാത്രമായി അജു വര്‍ഗീസ് നടത്തിയിരിക്കുന്നത്. സുഹൃത്തുക്കളെങ്കിലും കാമുകിയുടെ പേരില്‍ പരസ്‍പരം തെറ്റിയിരുന്ന 'ജസ്റ്റിനും' 'അജിത്തു'മായി വേഷമിട്ട സിജു വില്‍സണിന്റെയും സൈജു കുറുപ്പിന്റെയും പ്രകടനങ്ങള്‍ ചിത്രത്തിന്റെ രസച്ചരടുകളാകുന്നു. സാനിയ ഇയ്യപ്പൻ, പ്രതാപ് പോത്തൻ, ഗ്രേസ് ആന്റണി, ശാരി എന്നിവരും സ്വന്തം കഥാപാത്രങ്ങളെ ഭംഗിയാക്കിയിരിക്കുന്നു.

അസ്‍ലം കെ പുരയിലിനറെ ഛായാഗ്രാഹണം ചിത്രത്തിന് പുതുമ നല്‍കാൻ പാകത്തിലുള്ളതാണ്. ടി ശിവാനന്ദേശ്വരന്റെ കട്ടുകളാകട്ടെ ചിത്രത്തിന്റെ കഥപറച്ചിലിന് ആവശ്യമായ ഒഴുക്ക് നിലനിര്‍ത്തുന്നു. ജേക്ക്സ് ബിജോയിയുടെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ പ്രമേയത്തിന്റെ സ്വഭാവത്തിനോട് ചേര്‍ന്നിരിക്കുന്നു. സൗഹൃദങ്ങള്‍ പകര്‍ന്ന സന്തോഷങ്ങള്‍ മനസിലേക്ക് തിരികെയെത്തിക്കുന്നതും വീണ്ടും ആഘോഷിക്കാൻ പ്രേരിപ്പിക്കുന്നതുമായ ഒരു തിയറ്റര്‍ കാഴ്‍ചയാണ് എന്തായാലും 'സാറ്റര്‍ഡേ നൈറ്റ്'.

click me!