ഇതാണ് ഞങ്ങ പറഞ്ഞ നടന്‍; 'നടികര്‍' റിവ്യൂ

By Web Team  |  First Published May 3, 2024, 2:05 PM IST

ഏത് നടനും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ് ഡേവിഡ് പടിക്കല്‍. അഭിനേതാവ് എന്ന നിലയില്‍ സ്വയം പുതുക്കലോ പരിശ്രമമോ നടത്താത്ത, മുന്‍കാല വിജയങ്ങളുടെ ലഹരിയില്‍ ഇപ്പോഴും കഴിയുന്ന അലസനായ നടനാണ് ഡേവിഡ്.


ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സിനിമാ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ ഏറ്റവുമധികം വന്നിട്ടുള്ളത് മലയാളത്തില്‍ ആയിരിക്കും. അവയില്‍ പലതും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുമുണ്ട്. ആ നിരയിലെ ഏറ്റവും പുതിയ എന്‍ട്രിയാണ് ടൊവിനോ തോമസിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത നടികര്‍. സിനിമയുടെ വിശാലലോകത്തിലേക്ക് മൊത്തത്തില്‍ ഫ്രെയിം സെറ്റ് ചെയ്യുന്നതിന് പകരം ഡേവിഡ് പടിക്കല്‍ എന്ന, മലയാള സിനിമയിലെ ഒരു യുവ സൂപ്പര്‍താരത്തിലേക്ക് ഫോക്കസ് ചെയ്യുകയാണ് നടികറിലൂടെ ലാല്‍ ജൂനിയര്‍.

ബന്ധുബലത്തിന്‍റെ തണലോ സുഹൃത്തുക്കളുടെ കൈത്താങ്ങോ ഇല്ലാതെ സ്വന്തം പരിശ്രമത്തിലൂടെ സിനിമയിലേക്ക് എത്തിയ ആളാണ് ഡേവിഡ്. വന്‍ വിജയം നേടിയ ആദ്യ മൂന്ന് ചിത്രങ്ങള്‍ സിനിമാലോകത്ത് അയാളുടെ തലവര മാറ്റി. പലരും കൊതിക്കുന്ന സൂപ്പര്‍സ്റ്റാര്‍ പട്ടം വൈകാതെ തേടിയെത്തി. എന്നാല്‍ നിലവില്‍ പരാജയത്തുടര്‍ച്ചയിലാണ് അയാള്‍. പ്രതീക്ഷിച്ച് കൈ കൊടുക്കുന്ന പ്രോജക്റ്റുകളൊന്നും ജനത്തെ തിയറ്ററുകളില്‍ രസിപ്പിക്കുന്നില്ല. ഗംഭീര നടനെന്ന് സ്വന്തമായും അഭിപ്രായമില്ലാത്ത ഡേവിഡിന്‍റെ പരാജയകാരണം താരഭാരം തലയില്‍ കയറിയതാണെന്ന് ഒപ്പമുള്ളവര്‍ക്കുപോലും അഭിപ്രായമുണ്ട്. ആളിലും ആരവത്തിലും സമ്പന്നതയിയും പെട്ട് സിനിമയ്ക്കുവേണ്ടിപ്പോലും ആത്മാര്‍ഥമായ ഒരു പരിശ്രമം അയാള്‍ ഇപ്പോള്‍ കൊടുക്കുന്നില്ല. എന്നാല്‍ ഈ പിടികളില്‍ നിന്നൊക്കെ വിടുതല്‍ നേടി വീണ്ടും തിളക്കമുള്ള വിജയങ്ങള്‍ നേടണമെന്ന് അയാള്‍ക്ക് ആത്മാര്‍ഥമായ ആഗ്രഹമുണ്ടുതാനും. അങ്ങനെ ആഗ്രഹിക്കുന്ന ഡേവിഡിന് മുന്നിലേക്ക് ബാല എന്ന, നാടകപശ്ചാത്തലമുള്ള ആക്റ്റിംഗ് കോച്ച് എത്തിയാല്‍ എന്തായിരിക്കും സംഭവിക്കുക? സൂപ്പര്‍സ്റ്റാര്‍ പട്ടമുള്ള ഒരാള്‍ അഭിനയം പഠിക്കാന്‍ തയ്യാറാവുമോ? ശേഷമുള്ള ചോദ്യങ്ങള്‍ക്കും ആകാംക്ഷകള്‍ക്കുമുള്ള ഉത്തരമാണ് നടികര്‍ എന്ന ചിത്രം.

Latest Videos

undefined

 

ഹണി ബീയും ഡ്രൈവിംഗ് ലൈസന്‍സുമടക്കം ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് ലാല്‍ ജൂനിയര്‍. സ്റ്റൈലിഷ് ആയി ഫ്രെയിമുകള്‍ ഒരുക്കുന്ന, തിയറ്ററുകളില്‍ സെലിബ്രേഷന്‍ മൂഡ് സൃഷ്ടിക്കാന്‍ ഇഷ്ടപ്പെടുന്ന സംവിധായകനാണ് പൊതുവെ അദ്ദേഹം, ഹായ് ഐ ആം ടോണി തുടങ്ങിയ വഴിമാറിനടക്കലുകള്‍ നടത്തിയിട്ടുണ്ടെങ്കിലും. നടികറില്‍ എത്തുമ്പോള്‍ കുറേക്കൂടി ഒതുക്കവും ഗൗരവവുമുള്ള സംവിധായകനെയാണ് കാണുന്നത്. സെലിബ്രേഷന്‍ മൂഡും സ്റ്റൈലിഷ് ഫ്രെയിമുകളുമൊക്കെ ഇവിടെയുമുണ്ടെങ്കിലും പറയുന്ന കഥയില്‍ നിന്ന് ഒരു മിനിറ്റ് പോലും പ്രേക്ഷകരുടെ ശ്രദ്ധയെ മാറ്റുന്നില്ല അദ്ദേഹം. ഡേവിഡ് പടിക്കലിന്‍റെ സ്വപ്നതുല്യമായ ജീവിതത്തിലൂടെ കഥ പറയുന്ന പശ്ചാത്തലത്തിലേക്ക് പ്രേക്ഷകരെ നേരിട്ട് എത്തിക്കുകയാണ് സംവിധായകന്‍. 

 

ഏത് നടനും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ് ഡേവിഡ് പടിക്കല്‍. അഭിനേതാവ് എന്ന നിലയില്‍ സ്വയം പുതുക്കലോ പരിശ്രമമോ നടത്താത്ത, മുന്‍കാല വിജയങ്ങളുടെ ലഹരിയില്‍ ഇപ്പോഴും കഴിയുന്ന അലസനായ നടനാണ് ഡേവിഡ്. ഡേവിഡ് പടിക്കല്‍ ഒരു നടന് മുന്നില്‍ വെക്കുന്ന വെല്ലുവിളികള്‍ പലതാണ്. സീനിയര്‍ സംവിധായകരാലും പിന്നീടെത്തുന്ന ആക്റ്റിംഗ് കോച്ചിനാലുമൊക്കെ സീരിയസ് ആയി കണക്കാക്കപ്പെടാത്ത നടനാണ് ഡേവിഡ്. സിനിമയ്ക്കുള്ളിലെ സിനിമയില്‍ ക്യാമറയ്ക്ക് മുന്നില്‍ ഒരേ രംഗങ്ങളില്‍ത്തന്നെ ‍ഡേവിഡിന്‍റെ മോശം പ്രകടനങ്ങളും നല്ല പ്രകടനങ്ങളും അവതരിപ്പിക്കേണ്ടതുണ്ട്. ഒപ്പം നിലവിലെ പരാജയങ്ങളില്‍ അസംതൃപ്തിയുള്ള, എന്നാല്‍ അത് മാറ്റാന്‍ പരിശ്രമിക്കാതെ, മറിച്ച് അതില്‍ നിന്ന് ഒളിച്ചോടുന്ന ഡേവിഡിന്‍റെ വ്യക്തിജീവിതവും അവതരിപ്പിക്കണം. കണ്ടിരിക്കുന്നവര്‍ക്ക് ഇത് ആരെന്ന് ഒരു തരത്തിലും സംശയം തോന്നാത്ത തരത്തില്‍ ഡേവിഡ് പടിക്കലായി ടൊവിനോ നിറഞ്ഞാടിയിട്ടുണ്ട്. ടൊവിനോയെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചതും ഡേവിഡ് പടിക്കല്‍ കടന്നുപോകേണ്ട ഈ സങ്കീര്‍ണ്ണതകള്‍ ആയിരിക്കും. ടൊവിനോയുടെ കരിയറിലെ ഓര്‍ത്തിരിക്കാവുന്ന കഥാപാത്രങ്ങളുടെ നിരയിലേക്ക് നിസ്സംശയം നടന്നുകയറും ഡേവിഡ് പടിക്കല്‍.

 

സിനിമയുടെ വിശാലലോകത്ത് നടക്കുന്ന കഥയാണെങ്കിലും ഒരു താരത്തിന്‍റെ വ്യക്തിജീവിതം ഫോക്കസ് ചെയ്യുന്ന സിനിമയായതിനാല്‍ പ്രധാന കഥാപാത്രങ്ങള്‍ കുറവാണ് ചിത്രത്തില്‍. സുരേഷ് കൃഷ്ണ അവതരിപ്പിക്കുന്ന മാനേജരും ബാലു വര്‍ഗീസ് അവതരിപ്പിക്കുന്ന ഡ്രൈവറും സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന ആക്റ്റിംഗ് കോച്ചും മാത്രമാണ് ചിത്രത്തില്‍ ഉടനീളമുള്ളത്. എന്നാല്‍ സ്ക്രീന്‍ ടൈമില്‍ ഏറ്റക്കുറച്ചിലുകളുള്ള മറ്റ് കഥാപാത്രങ്ങളുടെ കാസ്റ്റിംഗും ചിത്രത്തില്‍ നന്നായിട്ടുണ്ട്. രഞ്ജിത്ത് അവതരിപ്പിക്കുന്ന സീനിയര്‍ സംവിധായകനും അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന സീനിയര്‍ നടനുമൊക്കെ മികച്ച കാസ്റ്റിംഗ് ആണ്. പ്രത്യേകിച്ച് രഞ്ജിത്ത് അവതരിപ്പിച്ച, ലൊക്കേഷനില്‍ ടെറര്‍ ആയ സംവിധായകന്‍. സുരേഷ് കൃഷ്ണ, ബാലു വര്‍ഗീസ്, സൗബിന്‍ ഷാഹിര്‍, രഞ്ജിത്ത്, അനൂപ് മേനോന്‍ എന്നിങ്ങനെ ഒരുമിച്ച് അങ്ങനെ കണ്ടിട്ടില്ലാത്ത താരങ്ങളെ ബിഗ് സ്ക്രീനില്‍ ഒരുമിച്ച് കാണുന്നതിന്‍റെ ഫ്രെഷ്നസ് നടികറിന് ഉണ്ട്.

 

ചിത്രത്തിലെ മനോഹരമായ ഫ്രെയ്മുകള്‍ക്ക് പിന്നില്‍ ആല്‍ബിയാണ്. ചിത്രത്തിന്‍റെ കോസ്റ്റ്യൂം ഡിപ്പാര്‍ട്ട്മെന്‍റ് ആണ് എടുത്തുപറയേണ്ട ഒന്ന്. ഡേവിഡ് പടിക്കല്‍ മാത്രമല്ല, സിനിമാലോകത്ത് നില്‍ക്കുന്ന മറ്റ് കഥാപാത്രങ്ങളെയും സ്റ്റൈലിഷ് ആയാണ് ജീന്‍ പോള്‍ ലാല്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏക്ത ഭട്ടഡ് ആണ് ചിത്രത്തിന്‍റെ കോസ്റ്റ്യൂം ഡിസൈനര്‍. യക്സന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന സ്കോര്‍ സിനിമയുടെ മൂഡിന് തുടര്‍ച്ചയുണ്ടാക്കുന്നതില്‍ സംവിധായകനെ സഹായിച്ചിട്ടുണ്ട്. സിനിമയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമായിരിക്കുമ്പോഴും ഫീല്‍ ഗുഡ് എന്‍റര്‍ടെയ്നറാണ് നടികര്‍. സംവിധായകന്‍ എന്ന നിലയില്‍ ലാല്‍ ജൂനിയര്‍ വിജയിച്ചിട്ടുണ്ട് അവിടെ. 

ALSO READ : തമിഴ് അരങ്ങേറ്റത്തിന് ലഭിച്ചത് 'ഗോട്ടി'ലെ അവസരം; വേണ്ടെന്നുവച്ച് ശ്രീലീല, കാരണം ഇതാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!