പ്രണയത്തിന്‍റെ, കാത്തിരിപ്പിന്‍റെ മധുരം പ്രേക്ഷകന് പകര്‍ന്ന് 'മൈ ഫേവറൈറ്റ് കേക്ക്'

By Shilpa M  |  First Published Dec 19, 2024, 10:49 AM IST

പ്രണയവും കാത്തിരിപ്പും ഒറ്റപ്പെടലും ഇഴചേർന്ന 'മൈ ഫേവറൈറ്റ് കേക്ക്' മനുഷ്യജീവിതത്തിന്റെ സങ്കീർണതകളെ മനോഹരമായി അവതരിപ്പിക്കുന്നു. 70-ാം വയസ്സിൽ ഒരു സ്ത്രീയുടെ സ്വപ്നങ്ങൾക്കായുള്ള യാത്രയും അതിന്റെ അനന്തരഫലങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.


പ്രണയം, കാത്തിരിപ്പ്, ഒറ്റപ്പെടൽ..മനുഷ്യ ജീവിതത്തിലെ സങ്കീർണതകളെയും മോഹങ്ങളെയും  മനോഹരമായി കോർത്തിണക്കിയൊരു ചിത്രം. ബർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തില്‍ പ്രദർശിപ്പിച്ച തലയെടുപ്പോടെയാണ് ചിത്രം ഐഎഫ്എഫ്കെയിൽ എത്തുന്നത്. ഐഎഫ്എഫ്കെയിൽ ലോക സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച മൈ ഫേവറൈറ്റ് കേക്കിന് നിറഞ്ഞ കയ്യടി.

മറിയം മൊഗാദം, ബെതാഷ് സനെയ്‌ഹാ എന്നിവർ ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രത്തിൽ ലില്ലി ഫർഹാദ്പൗർ മാഹിനായും ഇസ്‌മായിൽ മെഹ്‌റാബി ഫാരാമാർസ്‌ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നു.

Latest Videos

undefined

മുപ്പത് വർഷമായി ഒറ്റയ്ക്കുള്ള ജീവിതം മടുത്ത് തുടങ്ങിയിരുന്നു മാഹിന്. പഴയ കൂട്ടുകാരുടെ ഒത്തുചേരലിനിടെ, രസകരമായ സംസാരത്തിനിടയിൽ എന്തുകൊണ്ടാണ് ജീവിതത്തിലേക്ക് ഒരാളെ കൂടി കൂട്ടിക്കൂടാ എന്ന ചോദ്യം മാഹിനിലേക്ക് പതിഞ്ഞത്. സ്ത്രീകളുടെ അവകാശങ്ങൾക്ക് ഏറെ പരിമിതികൾ കൽപിച്ചിരിക്കുന്ന ഒരു രാജ്യത്ത് സ്വന്തം ഇഷ്ടങ്ങൾക്കായി ഒരു സ്ത്രീ ഇറങ്ങി തിരിക്കുന്നു, അതും 70–ാം വയസിൽ. 

ഫാരാമാർസ്‌ എന്ന ക്യാബ് ഡ്രൈവറിൽ എത്തി നിൽക്കുന്നു അവരുടെ അന്വേഷണം. എനിക്ക് നിങ്ങളോട് പ്രണയമാണെന്നോ ജീവിത കാലം മുഴുവൻ എന്റെ കൂടെ കാണുമോയെന്നൊക്കെയുള്ള പതിവ് ചോദ്യങ്ങളില്ല. പിന്നെ അത് അവരുടെ മണിക്കൂറുകളായിരുന്നു. ഒന്നിച്ച് നൃത്തം ചെയ്തും ഭക്ഷണം കഴിച്ചുമൊക്കെ അവരങ്ങനെ സ്വയം മറന്ന് ജീവിക്കുന്നു. 

എന്നെങ്കിലും വരുമെന്ന് കരുതിയ ആ ഒരാളെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം ഇല്ലേ? അതൊക്കെ അവരിൽ നിറഞ്ഞു നിന്നു. താൻ മരിച്ച് കഴിഞ്ഞാൽ പുറംലോകം അത് അറിയാതെ പോകുമോ എന്നായിരുന്നു ഫാരാമാർസിന്റെ ഭയം. പ്രിയപ്പെട്ടൊരാൾ വരുമെന്ന് കരുതി പല ദിവസങ്ങളിലും മാഹിൻ തന്റെ 'ഫേവറൈറ്റ് കേക്ക് ' ഉണ്ടാക്കും.അത് പങ്കിടാൻ ഒരാൾ വന്നതിന്റെ സന്തോഷമായിരുന്നു മാഹിന്. 

ഇരുവരുടെയും കാത്തിരിപ്പ് അവസാനിക്കുന്നുവെങ്കിലും ഒറ്റപ്പെടലിന് ഇനി തീവ്രത കൂടുകയുള്ളുവെന്ന് വ്യക്തമാകുന്നു. കാത്തിരുന്നെത്തിയ അതിഥി ഒരു യാത്ര പോലും പറയാതെ മടങ്ങുന്നു. ദൈവമേ എന്നോട് ഇത് എന്തിന് ചെയ്തുവെന്ന്  ഉള്ളുപിടഞ്ഞ് മാഹിൻ ചോദിക്കുമ്പോൾ ഒരു നോവായി 'മൈ ഫേവറൈറ്റ് കേക്ക്' മാറുന്നു. പ്രേക്ഷകരുടെ ഉള്ളും കണ്ണും നിറയും. 

തീയറ്റര്‍ നിറച്ച ഐഎഫ്എഫ്കെ, ഗംഭീര ചിത്രങ്ങള്‍: ചലച്ചിത്ര മേള കീഴടക്കിയ ചിത്രങ്ങള്‍ ഇവയാണ് !

ഐഎഫ്എഫ്കെ 2024 ലെ പ്രധാന സിനിമകളുടെ റിവ്യൂകള്‍

click me!