ഫീല്‍ ഗുഡ് 'മോഹന്‍ കുമാര്‍ ഫാന്‍സ്'; റിവ്യൂ

By Web Team  |  First Published Mar 19, 2021, 6:04 PM IST

ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നറുകളുടെ സംവിധായകനെന്ന, മുന്‍ ചിത്രങ്ങളിലൂടെ ജിസ് ജോയ് നല്‍കിയിട്ടുള്ള ഗ്യാരന്‍റിക്ക് പുതിയ ചിത്രത്തിലും കോട്ടമൊന്നും സംഭവിച്ചിട്ടില്ല. 


ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നര്‍ എന്നാല്‍ എന്തെന്ന ചോദ്യത്തിന് സമകാലിക മലയാള സിനിമയില്‍ ഉദാഹരണമായി എടുത്തുകാട്ടാവുന്ന ചിത്രങ്ങളുടെ സംവിധായകനാണ് ജിസ് ജോസ്. 'സണ്‍ഡേ ഹോളിഡേ', 'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിസ് ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രമാണ് 'മോഹന്‍കുമാര്‍ ഫാന്‍സ്'. സംവിധായകന്‍റെ മുന്‍ ചിത്രങ്ങളെപ്പോലെതന്നെ ഭാരമില്ലാതെ കണ്ടിറങ്ങിപ്പോരാവുന്ന എന്‍റര്‍ടെയ്‍നര്‍ ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സും.

കുഞ്ചാക്കോ ബോബനാണ് നായകനെങ്കിലും ടൈറ്റിലിലെ 'മോഹന്‍ കുമാറി'നെ അവതരിപ്പിച്ചിരിക്കുന്നത് സിദ്ദിഖ് ആണ്. മലയാള സിനിമയിലെ നായകനിരയില്‍ ഒരുകാലത്ത് തിളങ്ങിനിന്ന നടനായിരുന്നു മോഹന്‍കുമാര്‍. എന്നാല്‍ മമ്മൂട്ടി-മോഹന്‍ലാല്‍ തലമുറയുടെ കടന്നുവരവോടെ നിറംമങ്ങിപ്പോയ നായകനടന്മാരുടെ പട്ടികയിലാണ് മോഹന്‍കുമാറിനെ പ്രേക്ഷകര്‍ ഓര്‍ത്തുവെക്കുന്നത്. ഫീല്‍ഡ് ഔട്ട് ആയിനിന്ന കാലത്തും ചെറുകഥാപാത്രങ്ങളെ സ്വീകരിക്കാതെ നായകവേഷങ്ങള്‍ക്കായി കാത്തിരുന്ന മോഹന് മൂന്ന് പതിറ്റാണ്ടുകള്‍ക്കുശേഷം ഒരു മികച്ച കഥാപാത്രവും സിനിമയും ലഭിക്കുകയാണ്. ജനശ്രദ്ധയും അവാര്‍ഡ് ലഭിക്കാവുന്ന പ്രകടനമെന്ന അഭിനന്ദനങ്ങളും ഈ ചിത്രം നേടിക്കൊടുക്കുന്നതോടെ ജീവിതത്തില്‍ ഒരു പുതിയ തുടക്കം ആശിക്കുകയാണ് ഈ മുന്‍കാല നടന്‍. മോഹന്‍കുമാറിന്‍റെ പുതിയ ചിത്രത്തിന്‍റെ റിലീസ് മുതല്‍ ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് പ്രഖ്യാപനം വരെയുള്ള കാലമാണ് സിനിമയുടെ ടൈം സ്‍പാന്‍. ഇതിനിടെ സിനിമാ മേഖലയിലും പുറത്തുമായി മോഹന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്ന നായകന്‍ ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങള്‍ കൂടി ചേര്‍ന്നതാണ് 'മോഹന്‍കുമാര്‍ ഫാന്‍സ്'.

Latest Videos

undefined

 

126 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഒരിക്കല്‍പ്പോലും ബോറടിപ്പിക്കുന്നില്ല എന്നത് ജിസ് ജോയ് എന്ന തിരക്കഥാകൃത്തിന്‍റെ കൂടി വിജയമാണ്. മോഹന്‍കുമാറിന്‍റെ ജീവിതത്തിലേക്കാണ് അന്തിമമായി എത്തേണ്ടതെങ്കിലും സമാന്തരമായി മൂന്ന് കഥാപാത്ര പരിസരങ്ങളില്‍ നിന്നാണ് ചിത്രത്തിന്‍റെ തുടക്കം. ഒന്ന് മുപ്പത് വര്‍ഷത്തിനു ശേഷമുള്ള തന്‍റെ സിനിമയുടെ റിലീസിനായി ഒരുങ്ങുന്ന മോഹന്‍കുമാര്‍, രണ്ട് സിനിമയില്‍ പിന്നണി പാടുകയെന്ന ആഗ്രഹത്തോടെ നിര്‍മ്മാതാവ് പ്രകാശ് മാത്യുവിന്‍റെ ഡ്രൈവറായി ജോലി നോക്കുന്ന നായകന്‍ കൃഷ്‍ണന്‍ ഉണ്ണി (കുഞ്ചാക്കോ ബോബന്‍), മൂന്ന് സ്‍പൂഫ് സ്വഭാവത്തിലുള്ള കഥാപാത്രം- യുവതാരമായ 'ആഘോഷ് മേനോന്‍' (വിനയ് ഫോര്‍ട്ട്). സമാന്തരമായി ആരംഭിക്കുന്ന ഈ മൂന്ന് കഥാപരിസരങ്ങളും മുന്നോട്ടുപോക്കില്‍ ഒറ്റയൊന്നാവുന്നു. കാഴ്ചയുടെ ഒഴുക്കിന് കോട്ടമൊന്നും തട്ടാതെ അനായാസം അത് സാധിക്കുന്നു എന്നത് ജിസ് ജോയ് എന്ന തിരക്കഥാകൃത്തിന്‍റെ വിജയമാണ്. ബോബി-സഞ്ജയ്‍യുടേതാണ് ചിത്രത്തിന്‍റെ കഥ.

 

സിനിമ പശ്ചാത്തലമാക്കുന്ന ചിത്രങ്ങള്‍ ഒരു കാലത്ത് മലയാളത്തില്‍ തുടര്‍ച്ചയായി എത്തിയിരുന്നു. എന്നാല്‍ ആവര്‍ത്തനവിരസമായ ആ ശ്രേണിയുടെ തുടര്‍ച്ചയല്ല മോഹന്‍കുമാര്‍ ഫാന്‍സ്. കഥാപരിസരത്തില്‍ സിനിമ കടന്നുവരുന്നത് മോഹന്‍കുമാര്‍ എന്ന നടന്‍റെ ജീവിതം ആവിഷ്‍കരിക്കാന്‍ വേണ്ടി മാത്രമാണ്. സിനിമയേക്കാള്‍ മോഹന്‍കുമാറിന്‍റെ വ്യക്തിജീവിതത്തിലേക്കാണ് സംവിധായകന്‍ പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. കഥപറച്ചില്‍ ലളിതമെങ്കിലും വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. കുഞ്ചാക്കോ ബോബന്‍റെയും സിദ്ദിഖിന്‍റെയും കഥാപാത്രങ്ങളാണ് സിനിമയുടെ ജീവനെങ്കില്‍ സ്വഭാവ കഥാപാത്രങ്ങളുടെ നീണ്ടനിരയും ഒപ്പമുണ്ട്. മുകേഷിന്‍റെ നിര്‍മ്മാതാവ് പ്രകാശ് മാത്യു, വിനയ് ഫോര്‍ട്ടിന്‍റെ ആഘോഷ് മേനോന്‍, അലന്‍സിയറിന്‍റെ അച്ഛന്‍, സൈജു കുറുപ്പിന്‍റെ ചേട്ടന്‍, ശ്രീനിവാസന്‍റെ പോളൂട്ടി ബ്രദര്‍, ജോയ് മാത്യുവിന്‍റെ ഛായാഗ്രാഹക സുഹൃത്ത്, രമേശ് പിഷാരടിയുടെ സജിമോന്‍ തുടങ്ങി സ്ക്രീന്‍ ടൈം കുറഞ്ഞ റോളുകളില്‍ വരെ പ്രധാന താരങ്ങളെ കാസ്റ്റ് ചെയ്‍തത് സിനിമയുടെ കാഴ്ചാനുഭവത്തിന് ഗുണകരമാവുന്നുണ്ട്. പുതുമുഖം അനാര്‍ക്കലി നാസര്‍ ആണ് നായികാ കഥാപാത്രം ശ്രീരഞ്ജിനിയെ അവതരിപ്പിച്ചിരിക്കുന്നത്.

 

പ്രിന്‍സ് ജോര്‍ജ് ഒരുക്കിയിരിക്കുന്ന പാട്ടുകള്‍ ചിത്രത്തിന്‍റെ സ്വഭാവത്തിന് ഇണങ്ങുന്നതും കഥയുടെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ എത്തുന്നവയുമാണ്. വില്യം ഫ്രാന്‍സിസ് ആണ് പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. കളര്‍ഫുള്‍ സ്വഭാവമുള്ള, എന്നാല്‍ പ്രധാന കഥാപാത്രത്തിന്‍റെ ഇമോഷനുകള്‍ക്കൊപ്പം സഞ്ചരിക്കുന്ന ചിത്രത്തിന് അനുയോജ്യമായ ഒരു വിഷ്വല്‍ പാറ്റേണ്‍ ആണ് ഛായാഗ്രാഹകന്‍ ബാഹുല്‍ രമേശ് ഒരുക്കിയിരിക്കുന്നത്. മോഹന്‍കുമാര്‍ എന്ന പഴയകാല നടന്‍റെ ഓര്‍മ്മകള്‍ക്കൊപ്പമെന്ന് ഗിമ്മിക്കുകളൊന്നുമില്ലാതെ പ്രേക്ഷകരെ തോന്നിപ്പിക്കുന്നത് ബാഹുല്‍ ഒരുക്കിയിരിക്കുന്ന ക്ലാസി ആയ ഫ്രെയ്‍മുകളാണ്. രാത്രി ദൃശ്യങ്ങളും മനോഹരം. ഇത്രയും കഥാപാത്രങ്ങള്‍ കടന്നുവരുന്ന ഒരു ചിത്രം അതിന്‍റെ കഥപറച്ചിലിന് തടസ്സമൊന്നും അനുഭവപ്പെടാതെ എത്തിച്ചതിന് എഡിറ്റര്‍ രതീഷ് രാജിനും കൈയ്യടി. 

അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയിരിക്കുന്ന ചിത്രമാണ് മോഹന്‍കുമാര്‍ ഫാന്‍സ്. സുഹൃത്തുക്കള്‍ക്കോ കുടുംബത്തിനോ ഒപ്പം തിയറ്ററിലെത്തി ഭാരമൊന്നുമില്ലാതെ കണ്ടിറങ്ങാവുന്ന ചിത്രമാണിത്. ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നറുകളുടെ സംവിധായകനെന്ന, മുന്‍ ചിത്രങ്ങളിലൂടെ ജിസ് ജോയ് നല്‍കിയിട്ടുള്ള ഗ്യാരന്‍റിക്ക് പുതിയ ചിത്രത്തിലും കോട്ടമൊന്നും സംഭവിച്ചിട്ടില്ല. 

click me!