കഥയാണ് താരം, ഒപ്പം അനശ്വരയും; 'മൈക്ക്' റിവ്യൂ

By Web Team  |  First Published Aug 19, 2022, 3:35 PM IST

മലയാള സിനിമയില്‍ കേന്ദ്രപ്രമേയമായി വന്നിട്ടില്ലാത്ത പ്രമേയ പരിസരം തന്നെയാണ് ചിത്രത്തിന്‍റെ യു‍എസ്‍പി


വെറും അഞ്ച് വര്‍ഷം കൊണ്ട് മലയാള സിനിമയില്‍ തന്‍റേതായ ഇടം സൃഷ്ടിച്ച നടിയാണ് അനശ്വര രാജന്‍. സിനിമകളുടെ തെരഞ്ഞെടുപ്പില്‍ പുലര്‍ത്തുന്ന സൂക്ഷ്മതയും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഉള്‍പ്പെടെയുള്ള വിജയങ്ങളുമാണ് അനശ്വരയെ ശ്രദ്ധേയയാക്കിയത്. സൂപ്പര്‍ ശരണ്യക്കു ശേഷം അനശ്വര ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൈക്ക് മറ്റു ചില കാരണങ്ങള്‍ കൊണ്ടും റിലീസിനു മുന്‍പ് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മലയാളി വേരുകളുള്ള ബോളിവുഡ് താരം ജോണ്‍ എബ്രഹാം സ്വന്തം ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് മൈക്ക്. മോണോലോ​ഗ് വീഡിയോകളിലൂടെ പ്രശസ്തനായ രഞ്ജിത്ത് സജീവിന്‍റെ അരങ്ങേറ്റ ചിത്രവുമായ മൈക്കിന്‍റെ റിലീസിനു മുന്‍പെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ കൈയടി നേടിയിരുന്നു. മലയാള സിനിമയില്‍ അങ്ങനെ കടന്നുവരാത്ത ഒരു പ്രമേയപരിസരത്തിലൂടെയാണ് മൈക്കിന്‍റെ യാത്ര.

സാറ തോമസ് എന്നാണ് അനശ്വര അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ പേര്. സമപ്രായക്കാരായ ആണ്‍കുട്ടികള്‍ അനുഭവിക്കുന്ന സാമൂഹികമായ സ്വതന്ത്ര്യം തനിക്ക് ഇല്ലാതെപോയതില്‍ എപ്പോഴും സങ്കടപ്പെടുന്ന, ആണ്‍കുട്ടികളുള്ള ചങ്ങാതിക്കൂട്ടങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് സാറ. ശീലത്താലും ആവര്‍ത്തനങ്ങളാലും മിക്കപ്പോഴും സാധാരണവത്കരിക്കപ്പെടുന്ന ലിം​ഗ വേര്‍തിരിവിന്‍റെ വീര്‍പ്പുമുട്ടല്‍ അനുഭവിക്കുന്ന സാറ ഒരിക്കല്‍ നിര്‍ണ്ണായകമായ തീരുമാനത്തിലേക്ക് എത്തുകയാണ്. ലിം​ഗമാറ്റ ശസ്ത്രക്രിയയിലൂടെ പുരുഷനായി മാറുക എന്നതാണ് അത്. മനസുകൊണ്ട് ഒരു പുരുഷനാണ് താനെന്ന് സ്വയം മനസിലാക്കുന്ന സാറ മാറ്റത്തിനു ശേഷം സ്വീകരിക്കാന്‍ വച്ചിരിക്കുന്ന പേരാണ് മൈക്ക്. മൈക്കിലേക്കുള്ള യാത്രയ്ക്കിടെ സാറകണ്ടുമുട്ടുന്നയാളാണ് ആന്റണി (രഞ്ജിത്ത് സജീവ്). ഭൂതകാലത്തിന്റേതായ സംഘര്‍ങ്ങളില്‍ ഉഴലുന്ന, ആദ്യ കാഴ്ചയില്‍ നി​ഗൂഢത തോന്നിപ്പിക്കുന്ന ആന്‍റണിയോട് ഒരു സഹായം ചോദിക്കുകയാണ് സാറ. ജീവിതത്തില്‍ നിര്‍ണ്ണായകമായ ഒരു തീരുമാനമെടുത്തിരിക്കുന്ന സാറയുടെയും ജീവിതം തന്നെ അവസാനിപ്പിക്കണമെന്ന് കരുതുന്ന ആന്‍റണിയുടെയും മുന്നോട്ടുള്ള യാത്രയാണ് മൈക്ക്.

Latest Videos

undefined

 

മലയാള സിനിമയില്‍ കേന്ദ്രപ്രമേയമായി വന്നിട്ടില്ലാത്ത പ്രമേയ പരിസരം തന്നെയാണ് ചിത്രത്തിന്‍റെ യു‍എസ്‍പി. അതേസമയം, ​പറയുന്നത് ​ഗൗരവമുള്ള വിഷയമെങ്കിലും ഒട്ടുമേ മുഷിപ്പിക്കാത്ത രീതിയിലാണ് നവാ​ഗത സംവിധായകനായ വിഷ്ണു ശിവപ്രസാദ് ചിത്രത്തിന്‍റെ ആഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഓപണിം​ഗ് ടൈറ്റില്‍സില്‍ തന്നെ പറയുന്ന വിഷയം എന്താണെന്ന സൂചന നല്‍കി വൈകാതെ തന്നെ പ്രധാന പ്ലോട്ടിലേക്ക് കടക്കുകയാണ് സംവിധായകന്‍. തണ്ണീര്‍മത്തന്‍ ദിനങ്ങളും സൂപ്പര്‍ ശരണ്യയും പോലെയുള്ള വന്‍ എന്‍റര്‍ടെയ്നറുകളില്‍ കേന്ദ്ര കഥാപാത്രമായിട്ടുള്ള അനശ്വരയുടെ ഓണ്‍സ്ക്രീന്‍ ഇമേജ് ഉപയോ​ഗപ്പെടുത്തിക്കൊണ്ടുതന്നെ വേറിട്ട ഒരു കഥാപാത്രത്തെ സൃഷ്ടിച്ചിരിക്കുകയാണ് തിരക്കഥാകൃത്തായ ആഷിക് അക്ബര്‍ അലി. ഗൌരവത്തോടെ സമീപിച്ചില്ലെങ്കില്‍ ഒരു അഭിനേതാവിന്‍റെ കൈയില്‍ നിന്നും വഴുതിപ്പോകാവുന്ന കഥാപാത്രമാണ് സാറ. ലിംഗമാറ്റം എന്ന തീരുമാനം എടുത്തുകഴിഞ്ഞ, അതേസമയം തന്‍റെ ലിംഗപരമായ അസ്തിത്വത്തിന്‍റെ സംഘര്‍ഷം ഒഴിഞ്ഞിട്ടില്ലാത്ത സാറയെ അനശ്വര നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

ഒരു അഭിനേതാവ് എന്ന നിലയിലുള്ള അരങ്ങേറ്റത്തിന് ഏതൊരാളും മോഹിക്കുന്ന തരത്തിലുള്ള കഥാപാത്രമാണ് ആന്‍റണി. ഭൂതകാലം ഏല്‍പ്പിച്ച ആഘാതങ്ങത്താല്‍ പഴയ സൌഹൃദങ്ങള്‍ പോലും ഉപേക്ഷിച്ച, മദ്യത്തില്‍ അഭയം കണ്ടെത്തുന്ന ആന്‍റണിയായി മികച്ച കാസ്റ്റിംഗ് ആണ് രഞ്ജിത്ത് സജീവിന്‍റേത്. ആന്‍റണിയെ രഞ്ജിത്ത് നന്നായി അവതരിപ്പിച്ചിട്ടുമുണ്ട്. രോഹിണി, അക്ഷയ് രാധാകൃഷ്ണന്‍, വെട്ടുകിളി പ്രകാശ്, സിനി എബ്രഹാം തുടങ്ങി ചിത്രത്തിലെ മറ്റു കാസ്റ്റിംഗും നന്നായി വന്നിട്ടുണ്ട്.

 

ഛായാഗ്രഹണവും സംഗീതവുമാണ് ചിത്രത്തിന്‍റെ മറ്റു രണ്ട് പ്ലസ് പോയിന്‍റുകള്‍. അമല്‍ നീരദ് ശിഷ്യനായ, അമലിന്‍റെ തന്നെ കൊമ്രേഡ് ഇന്‍ അമേരിക്ക ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ചെയ്‍ത രണദിവെയാണ് മൈക്കിന്‍റെ ഛായാഗ്രാഹകന്‍. കേന്ദ്ര കഥാപാത്രത്തിന്‍റെ വൈകാരിക നിലയ്ക്ക് അതീവപ്രാധാന്യമുള്ള ചിത്രത്തില്‍ അതിനൊത്ത തരത്തിലുള്ള കളര്‍ പാലറ്റും ഫ്രെയ്മുകളുമൊക്കെയാണ് രണദിവെ തെരഞ്ഞെടുത്തിരിക്കുന്നത്. പാട്ടുകളേക്കാള്‍ ഹിഷാം അബ്ദുള്‍ വഹാബ് സ്കോര്‍ ചെയ്‍തിരിക്കുന്നത് പശ്ചാത്തല സംഗീതത്തിലാണ്. കഥപറച്ചിലില്‍ സംവിധായകനെ ഏറെ സഹായിച്ചിട്ടുണ്ട് ഹിഷാം ഒരുക്കിയിരിക്കുന്ന സ്കോര്‍. രാജേഷ് രാജന്‍ ആണ് ചിത്രത്തിന്‍റെ സൌണ്ട് ഡിസൈനര്‍.

ബോളിവുഡില്‍ വിക്കി ഡോണര്‍ എന്ന ചിത്രത്തിലൂടെയാണ് ജോണ്‍ എബ്രഹാം ആദ്യമായി നിര്‍മ്മാതാവിന്‍റെ കുപ്പായമണിയുന്നത്. ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളത്തില്‍ ജോണ്‍ എബ്രഹാം ആദ്യമായി നിര്‍മ്മാണത്തിന് തെരഞ്ഞെടുത്ത ചിത്രം അദ്ദേഹത്തിന് അഭിമാനത്തിന് വക നല്‍കുന്നുണ്ട്. വൈവിധ്യമുള്ള നിരവധി പ്രമേയങ്ങളുടെ കടന്നുവരവിന് ഈ ചിത്രത്തിന്‍റെ വിജയം വഴിയൊരുക്കും.

ALSO READ : ഷൂട്ടിംഗ് പുനരാരംഭിക്കുന്നു, ഷങ്കര്‍- കമല്‍ഹാസൻ ചിത്രം 'ഇന്ത്യൻ 2'ന്റെ ബിഗ് അപ്ഡേറ്റ്

click me!