മാളവിക മോഹനനും മാത്യു തോമസും ഒന്നിച്ച 'ക്രിസ്റ്റി'യുടെ റിവ്യു.
മനോഹരമായ ഒരു ചെറുകഥ പോലെ ഭാവസാന്ദ്രമായി പ്രണയം അനുഭവിപ്പിക്കുന്ന ചിത്രമാണ് 'ക്രിസ്റ്റി'. പ്രണയമാകുന്ന കടലിന്റെ വേലിയേറ്റങ്ങളില്‍ പെട്ടുപോകുന്നവരുടെ കഥയാണ് 'ക്രിസ്റ്റി'യില്‍ പറയുന്നത്. കടലിനെ പോലെ തന്നെ അതിരില്ലാത്ത ഒന്നായി പ്രണയത്തെയും അനുഭവിപ്പിക്കുന്നു ചിത്രത്തില്‍. മനുഷ്യ കാമനയുടെ വികാരതീവ്രതയേക്കാള്‍ ലളിത സുന്ദരമായി കാറ്റായും മഴയായുമൊക്കെ ഒരു അനുഭവമായി പ്രണയം പ്രേക്ഷകനിലേക്കെത്തിക്കുകയാണ് 'ക്രിസ്റ്റി'.
തിരുവനന്തപുരത്തെ പൂവാറാണ് കഥാ പരിസരം. പഠിക്കാൻ മോശമായ 'റോയ്' ഡാൻസും സുഹൃത്തുക്കളുമൊത്തുള്ള കറങ്ങലുമൊക്കെയായി ജീവിതം ആസ്വദിക്കുകയാണ്. പരീക്ഷയില്‍ എങ്ങനെയെങ്കിലും ജയിക്കാനായി 'റോയ്‍യെ ഒരു ട്യൂഷൻ ടീച്ചറിന്റെ അടുത്തേയ്‍ക്ക് പറഞ്ഞയയ്‍ക്കുകയാണ്. 'ക്രിസ്റ്റി'യാണ് 'റോയ്‍'യെ പഠിപ്പിക്കാൻ നിയോഗിക്കപ്പെടുന്നത്. വിവാഹ മോചനം തേടുന്ന കാലഘട്ടത്തിലാണ് 'ക്രിസ്റ്റി'ക്ക് അടുത്തേയ്‍ക്ക് 'റോയ്' എത്തുന്നത്. ആദ്യം എന്തോ അസ്വഭാവിക തോന്നുണ്ടെങ്കിലും പിന്നീട് 'റോയ്' 'ക്രിസ്റ്റി'യുമായി പ്രണയത്തിലാകുന്നു. തന്നെക്കാള്‍ പ്രായക്കൂടുതലുള്ള 'ക്രിസ്റ്റി'യോടുള്ള തന്റെ പ്രണയം 'റോയ്' ഒടുവില്‍ തുറന്നുപറയുകയും ചെയ്യുന്നു. 'ക്രിസ്റ്റി'യും 'റോയ്‍യു ഒന്നിക്കുമോ?. അവരുടെ പ്രണയത്തിന്റെ അര്‍ഥതലങ്ങള്‍ എങ്ങനെയൊക്കെയാണ് വ്യഖ്യാനിക്കപ്പെടുക?. ചോദ്യങ്ങള്‍ക്ക് നിരവധി സാധ്യതകളുണ്ടെങ്കിലും 'ക്രിസ്റ്റി' നേര്‍രേഖയില്‍ അവയ്‍ക്ക് മറുപടി നല്‍കുകയല്ല ചെയ്യുന്നത്. മറിച്ച് പ്രേക്ഷകനില്‍ 'ക്രിസ്റ്റി' പ്രണയം ഒരു അനുഭവമായി പടര്‍ത്തുകയാണ് ചെയ്യുന്നത്.
സമകാലീന മലയാള സാഹിത്യത്തില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച ബെന്യാമനും ജി ആര്‍ ഇന്ദുഗോപനുമാണ് 'ക്രിസ്റ്റി'യുടെയും എഴുത്ത്. മുൻവിധികളിലെ തോന്നലുകളെ അപ്പാടെ തിരസ്‍ക്കരിക്കുന്ന തരത്തില്‍ സാഹിത്യ ഭാഷയ്‍ക്ക് പകരം ദൃശ്യാനുഭവത്തിന് ഊന്നല്‍ നല്‍കുന്നതാണ് ഇരുവരുടെയും തിരക്കഥ. കഥാ പശ്ചാത്തലത്തെ വേണ്ടുംവിധം പരിഗണിച്ചാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സംഭാഷണങ്ങളില്‍ പ്രാദേശികത്തനിമ നിലനിര്‍ത്തുന്നതിലും വിജയിച്ചിരിക്കുന്നു.
കൗമാരക്കാരനായ 'റോയ്‍'യായി മാത്യു തോമസാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. യൗവനത്തിലേക്ക് പ്രായമെത്തുമ്പോഴുള്ള വിഹ്വലതകളും പ്രണയം പകരുന്ന ധീരതയും വിരഹമനുഭവിപ്പിക്കുന്ന നിസാഹയതകളെയൊക്കെ കൃത്യമായ പാകത്തില്‍ പകര്‍ത്തിയിരിക്കുന്നു മാത്യു. 'ക്രിസ്റ്റി'യായി മാളവിക മോഹനനാണ് ചിത്രത്തില്‍. പ്രകടിപ്പിക്കാനാവാത്ത പ്രണയത്തിന്റെയും ജീവിതത്തിന്റെ അസ്ഥിരതയെയുടെയും വിവിധ ഭാവങ്ങളെ മാളവിക പക്വതയോടെ അവതരിപ്പിച്ചിരിക്കുന്നു. ജോയ് മാത്യുവിന്റെ അച്ഛൻ കഥാപാത്രവും താരത്തിന്റെ ഇന്നോളമുള്ള വേഷങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നു. രാജേഷ് മാധവന്റെ വൈദിക കഥാപാത്രം ചെറു ചിരി സന്ദര്‍ഭങ്ങള്‍ തീര്‍ക്കുന്നുണ്ട്. മഞ്ജു പത്രോസ്, മുത്തുമണി, വീണാ നായര്‍, ബെന്യാമൻ തുടങ്ങിയവരും 'ക്രിസ്റ്റി'യില്‍ വേഷമിട്ടിരിക്കുന്നു.
നവാഗതനായ ആല്‍വിൻ ഹെൻറിയാണ് സംവിധാനം. തന്റെ ആദ്യ ചിത്രത്തില്‍ തന്നെ സ്വന്തം കയ്യൊപ്പ് ചാര്‍ത്താനായിരിക്കുന്നു ആല്‍വിൻ ഹെൻറിക്ക് എന്ന് സംശയമേതുമില്ലാതെ പറയാം. ദുര്‍ഗ്രഹതയൊന്നുമില്ലാതെ ലാളിത്യത്തോടെ ദൃശ്യകഥ പറയുന്ന ഒരു സംവിധായകൻ കൂടിയാണ് വരവറിയിച്ചിരിക്കുന്നത്. 'ക്രിസ്റ്റി'യുടെയും റോയ്‍യുടെയും പ്രണയം വാക്കുകള്‍ക്കപ്പുറത്തേയ്‍ക്ക് അനുഭവമായി പ്രേക്ഷക മനസില്‍ നിറയ്‍ക്കുന്നില്‍ ആല്‍വിൻ ഹെൻറിയുടെ ആഖ്യാനം പ്രധാന പങ്കുവഹിക്കുന്നു.
പൂവാറിന്റെ കടലഴകിനെയും പശ്ചാത്തല പ്രദേശങ്ങളെയും അതിമനോഹരമായാണ് ഛായാഗ്രാഹകൻ ആനന്ദ് സി ചന്ദ്രൻ ക്യാമറയിലാക്കിയിരിക്കുന്നത്. 'റോയ്‍യുടെ പ്രണയ ഭാവങ്ങളെ അതേ തീവ്രതയില്‍ പകര്‍ത്തുന്നതാണ് ആനന്ദ് സി ചന്ദ്രന്റെ ക്യാമറാ നോട്ടങ്ങള്‍. ഗോവിന്ദ് വസന്തയുടെ പശ്ചാത്തല സംഗീതവും 'ക്രിസ്റ്റി'യുടെ പ്രണയ ഭാവങ്ങള്‍ക്ക് ചേരുംപടിയുള്ള അര്‍ത്ഥ തലങ്ങള്‍ സമ്മാനിക്കുന്നു. മനു ആന്റണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.
Read More: കാമുകന് വാലന്റൈന്‍ ഗിഫ്റ്റ് കൊടുക്കാൻ പോയി ശരിക്കും സർപ്രൈസായി ശ്രീവിദ്യ, വീഡിയോ