Bheeshma Parvam review : നിറഞ്ഞാടുന്ന മമ്മൂട്ടി, 'ഭീഷ്‍മ പര്‍വം' റിവ്യു

By Web Team  |  First Published Mar 3, 2022, 12:27 PM IST

മമ്മൂട്ടിയുടെ പുതിയ ചിത്രം 'ഭീഷ്‍മ പര്‍വ'ത്തിന്റെ റിവ്യു (Bheeshma Parvam review).


നടപ്പിലും രൂപത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം സ്റ്റൈലിഷായ മമ്മൂട്ടിയെ ക്യാമറയിലാക്കിയായിരുന്നു അമല്‍ നീരദിന്റെ അരങ്ങേറ്റം. അമല്‍ നീരദ് ആദ്യമായി സംവിധായകനായ 'ബിഗ് ബി' മലയാള സിനിമിയില്‍ സ്റ്റൈലിഷ് മേക്കിംഗിന്റെ മറുപേരുമായി. 'ബിഗ് ബി'യുടെ രണ്ടാം വരവും പ്രഖ്യാപിച്ചിട്ടുണ്ട്. ബിലാലിനായുള്ള കാത്തിരിപ്പിനിടിയിലാണ് 'ഭീഷ്‍മ പര്‍വ'വുമായി മമ്മൂട്ടിക്കൊപ്പം എത്തുന്നുവെന്ന് അമല്‍ നീരദ് പ്രഖ്യാപിച്ചത്. മൈക്കിളായിട്ടുള്ള വരവിലും മമ്മൂട്ടി സ്റ്റൈലിഷാണ്. 'ഒരു അമല്‍ നീരദ് പടം' എന്ന വിശേഷണത്തിലാണ്  'ഭീഷ്‍മ പര്‍വ'ത്തിന്റെ കാഴ്‍ചാനുഭവത്തെയും ചുരുക്കിപ്പറയാനാകുക (Bheeshma Parvam review).

കേരളത്തില്‍ ദുരഭിമാനക്കൊലയ്‍ക്ക് ഇരയായ കെവിനും അദ്ദേഹത്തിന്റെ ഭാര്യനീനുവിനുമാണ് ചിത്രം സമര്‍പ്പിച്ചിരിക്കുന്നത്.  വലിയ ക്യാൻവാസിലാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്. ആദ്യ സംഭാഷണത്തില്‍ തന്നെ 'മൈക്കിളി'ന്റെ കുടുംബത്തെ അവതരിപ്പിക്കുന്നു സംവിധായകൻ. വൻ താരനിര അണിനിരന്ന ചിത്രത്തില്‍ ആദ്യം തന്നെ സന്ദര്‍ഭങ്ങളോട് ചേര്‍ന്ന് നിന്ന്  കഥാപാത്രങ്ങളായി പ്രേക്ഷകരോടെ പരിചയപ്പെടുകയാണ് അഭിനേതാക്കള്‍. തുടര്‍ന്ന് ആവേശത്തിലാക്കുന്ന ഒരു ഇൻട്രൊഡക്ഷനുമായി കുടുംബത്തിലെ തലതൊട്ടപ്പൻ 'മൈക്കിളും' പ്രേക്ഷകരുടെ മുമ്പിലേക്ക് എത്തുന്നു. 'ഭീഷ്‍മ പര്‍വം' എന്ന പേര് സൂചിപ്പിക്കുന്നതുപോലെ തന്നെയാണ് ചിത്രത്തിന്റെ കഥാഗതിയും.  ഒന്നുമുതൽ പത്തുവരെ ദിവസങ്ങളിലെ കുരുക്ഷേത്രയുദ്ധം മഹാഭാരതത്തില്‍ വർണ്ണിക്കുന്നത് 'ഭീഷ്‍മ പർവ'ത്തിലാണ്. എന്തുകൊണ്ട് മമ്മൂട്ടി ചിത്രത്തിന്  'ഭീഷ്‍മ പർവം' എന്ന പേര് എന്നത് കണ്ടുകഴിയുമ്പോള്‍ തിരിച്ചറിയും.

Latest Videos

undefined

പതിവുപോലെ അമല്‍ നീരദിന്റെ മെയ്‍ക്കിംഗ് തന്നെയാണ് 'ഭീഷ്‍മ പര്‍വ'ത്തെയും മറ്റ് മലയാള സിനിമകളില്‍ നിന്ന് വേറിട്ടുനിര്‍ത്തുക. 1980കളിലെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കഥാപശ്ചാത്തലം പ്രേക്ഷകരിലേക്ക് ബോധ്യപ്പെടുത്തുന്നതിന് ഉപയോഗിച്ചിരിക്കുന്നത് അക്കാലത്തെ പേപ്പര്‍ കട്ടിംഗുകളെയും മമ്മൂട്ടിയടക്കമുള്ള കഥാപാത്രങ്ങളുടെ ചെറുപ്പകാലത്തെ ദൃശ്യങ്ങളിലൂടെയുമാണ്.  ആക്ഷൻ ത്രില്ലര്‍ സ്വഭാവമെങ്കിലും ട്വിസ്റ്റുകളിലൂടെയല്ല മറിച്ച് ആഖ്യാനത്തിന്റെ മികവിലാണ് 'ഭീഷ്‍മ പര്‍വം' കണ്ണിടവെട്ടാതെ കാണാൻ പ്രേരിപ്പിക്കുന്നത്. ക്രൈം ഡ്രാമയെന്ന ഗണത്തിലേക്ക് വരുമ്പോഴും കുടുംബത്തിന്റെ വൈകാരിക അംശങ്ങളും മുഹൂര്‍ത്തങ്ങളും 'ഭീഷ്‍മ പര്‍വ'ത്തോട് ചേര്‍ന്നുനില്‍ക്കാൻ എല്ലാത്തരം പ്രേക്ഷകരെയും പ്രേരിപ്പിക്കും.

പരസ്യ വാചകങ്ങളില്‍ പറയുന്നതുപോലെ മമ്മൂട്ടിയെ ബിഗ്‍ സ്‍ക്രീനില്‍ കണ്ടിരിക്കാൻ തോന്നിപ്പിക്കുന്ന തരത്തിലാണ് അമല്‍ നീരദ് നായകനെ അവതരിപ്പിച്ചിരിക്കുന്നത്. സമീപ കാലത്ത് ഏറ്റവും സ്റ്റൈലിഷായി മമ്മൂട്ടി 'ഭീഷ്‍മ പര്‍വ'ത്തില്‍ നിറഞ്ഞാടുന്നു. 'മൈക്കിളാ'യി മമ്മൂട്ടി പകര്‍ന്നാടുമ്പോള്‍ ഭാവത്തിലും സംഭാഷണത്തിലുമുള്ള കയ്യടക്കം വിസ്‍മയിപ്പിക്കും. 'ബിലാല്‍' പോലെ ഒറ്റ കേള്‍വിക്ക് പുറത്ത് വിട്ടുകളയാനാകാത്ത സംഭാഷണങ്ങള്‍ 'ഭീഷ്‍മ പര്‍വ'ത്തിലെ നായകനും സംവിധായകനും തിരക്കഥാകൃത്തും സമ്മാനിച്ചിരിക്കുന്നു. മമ്മൂട്ടിയുടെ തോളിലേറിയാണ് 'ഭീഷ്‍മ പര്‍വം' കഥ പറഞ്ഞുപൂര്‍ത്തിയാക്കുന്നത്. മഹാഭാരതത്തിലെ ഭീഷ്‍മരെ പോലെ സിനിമയില്‍ 'മൈക്കിള്‍' മുന്നില്‍ നിന്നും സാക്ഷിയായും നിറഞ്ഞുനില്‍ക്കുന്നു. ആക്ഷനില്‍ മമ്മൂട്ടി അമ്പരപ്പിക്കുന്നുവെന്ന് തന്നെ പറയേണ്ടിവരും. സുപ്രീം സുന്ദറാണ് ചിത്രത്തില്‍ മികവാര്‍ന്ന രീതിയില്‍ മമ്മൂട്ടിക്കായി സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്‍തിരിക്കുന്നത്. 

അഭിനേതാക്കളുടെ നീണ്ടനിര  തന്നെയുണ്ട് 'ഭീഷ്‍മ പര്‍വ'ത്തില്‍. അടക്കിപ്പിടിച്ച സങ്കടങ്ങളിലും ഓര്‍മകളിലും നീറുകയും പിന്നീടുള്ള പരിണാമത്തെയും അവതരിപ്പിക്കുന്ന സൗബിൻ ഷാഹിര്‍ അതില്‍ വേറിട്ടുനില്‍ക്കുന്നു. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, മാലാ പാര്‍വതി, കോട്ടയം രമേശ്, പോളി വില്‍സണ്‍ തുടങ്ങിയ അഭിനേതാക്കളെല്ലാം സ്വന്തം വേഷം മികച്ച രീതിയില്‍ പകര്‍ത്തിയിരിക്കുന്നു. നെടുമുടി വേണുവിനെയും കെപിഎസി ലളിതയും ഒരുമിച്ച് കാണുന്ന ഫ്രെയിമുകള്‍ തെല്ലൊന്ന് നൊമ്പരപ്പെടുത്തും. അവസാനകാലത്തെ അവശതകള്‍ക്കിടിയും അവര്‍ ചെയ്‍ത പകര്‍ന്നാട്ടം അമ്പരിപ്പിക്കുന്നതുമാണ്.

കഥാപാത്രങ്ങളുടെ താളത്തിനും  സിനിമയുടെ ഗതിമാറ്റത്തിനുമെല്ലാം സംവിധായകന് സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതം സഹായകരമാകുന്നു. ആനന്ദ് സി ചന്ദ്രന്റെ ക്യാമറക്കാഴ്‍ചയ്‍ക്കൊപ്പം നീങ്ങുന്നതാണ് സിനിമയുടെ സംഗീതവും. ഗാനങ്ങള്‍ അത്രകണ്ട് ചേര്‍ന്നുനില്‍ക്കുന്നില്ല എന്നും പറയേണ്ടി വരും. വിവേക് ഹര്‍ഷനാണ് 'ഭീഷ്‍മ പര്‍വ'ത്തിന്റെ ചിത്രസംയോജകൻ. സാങ്കേതികത്തികവാര്‍ന്ന മലയാള സിനിമയായി മാറ്റിയിരിക്കുന്നു 'ഭീഷ്‍മ പര്‍വ'ത്തെ അമല്‍ നീരദും സംഘവും. 

 

click me!