മലയാളി ഫ്രം ഇന്ത്യ: തിരിച്ചുവന്ന് നിവിന്‍ പോളി, ഒപ്പം ഗൗരവമേറിയ രാഷ്ട്രീയവും

By Web Team  |  First Published May 1, 2024, 2:07 PM IST

നാടിനും വീടിനും ഗുണമില്ലാത്ത ആല്‍പ്പറമ്പില്‍ ഗോപിയായാണ് നിവിന്‍ ചിത്രത്തിന്‍റെ ആദ്യപകുതിയില്‍ എത്തുന്നത്. അമ്മയും സഹോദരിയും നയിക്കുന്ന വീട്ടില്‍ ജോലിയോ കൂലിയോ ഇല്ലാതെ നടക്കുന്ന ഗോപി. 


നിവിന്‍ പോളി നായകനായി  ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത 'മലയാളി ഫ്രം ഇന്ത്യ' തീയറ്ററില്‍ എത്തിയിരിക്കുകയാണ്. തീയറ്ററിലേക്ക് സ്വന്തം സെയ്ഫ് സോണിലേക്ക് നിവിന്‍ പോളിയുടെ ശക്തമായ തിരിച്ചുവരവാണ്  'മലയാളി ഫ്രം ഇന്ത്യ' എന്ന് തന്നെ പറയാം. ഒപ്പം ശക്തമായ രാഷ്ട്രീയ പ്രമേയവും ചിത്രം പങ്കുവയ്ക്കുന്നതോടെ കാലിക പ്രസക്തമായ ചിത്രമായി മാറുന്നുണ്ട്  'മലയാളി ഫ്രം ഇന്ത്യ'.

നാടിനും വീടിനും ഗുണമില്ലാത്ത ആല്‍പ്പറമ്പില്‍ ഗോപിയായാണ് നിവിന്‍ ചിത്രത്തിന്‍റെ ആദ്യപകുതിയില്‍ എത്തുന്നത്. അമ്മയും സഹോദരിയും നയിക്കുന്ന വീട്ടില്‍ ജോലിയോ കൂലിയോ ഇല്ലാതെ നടക്കുന്ന ഗോപി. അല്‍പ്പം രാഷ്ട്രീയവും ക്രിക്കറ്റുമായി നടക്കുകയാണ്. ഗോപിയുടെ രാഷ്ട്രീയം വളരെ ഉപരിപ്ലവമാണെന്ന് ആദ്യം തന്നെ വ്യക്തമാകുന്നുണ്ട്. ഗോപിയുടെയും കൂട്ടുകാരന്‍ ധ്യാന്‍ അവതരിപ്പിക്കുന്ന മല്‍ഗോഷിന്‍റെയും കോംമ്പോയിലാണ് ചിത്രം ആദ്യപകുതിയില്‍ മുന്നോട്ട് പോകുന്നത്. 

Latest Videos

undefined

രാഷ്ട്രീയവും മതവും എല്ലാം ചേര്‍ന്ന അവസ്ഥയില്‍ നാട്ടിലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഗോപി കാരണമാകുന്നതോടെ ഗോപി വിദേശത്തേക്ക് കടക്കുകയാണ്. അവിടെ നടക്കുന്ന ഗോപിയുടെ വിശ്വാസങ്ങളും ധാരണകളും തിരുത്തുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്‍റെ കാതല്‍. നര്‍മ്മത്തിനും ഇമോഷനും ഒരു പോലെ പ്രധാന്യം നല്‍കുന്ന തിരക്കഥയാണ് ചിത്രത്തിന്‍റെത്. അത് മനോഹരമായി ആവിഷ്കരിക്കാന്‍  ഡിജോ ജോസ് ആന്റണിക്ക് സാധിച്ചിട്ടുണ്ട്. 

ഡിജോയുടെ കഴിഞ്ഞ ചിത്രം ജനഗണമനയുടെ രചന നടത്തിയ ഷാരിസ് മുഹമ്മദാണ്  'മലയാളി ഫ്രം ഇന്ത്യ'യുടെയും തിരക്കഥകൃത്ത്. അതിനാല്‍ തന്നെ ജനഗണമനയില്‍ കണ്ട വ്യക്തമായ രാഷ്ട്രീയം പറയുന്ന സംഭവങ്ങളും ഡയലോഗുകളും ചിത്രത്തിലുണ്ട്. നര്‍മ്മത്തിന് പ്രധാന്യം കൊടുക്കുമ്പോഴും ഇന്നത്തെക്കാലത്തെ ആവിഷ്കരിക്കുന്ന പല ഡയലോഗുകളും തീയറ്ററില്‍ പ്രകമ്പനം ഉണ്ടാക്കുന്നുണ്ട് എന്നതാണ് നേര്. 'ഒരു രാജ്യത്തിന്‍റെ ഭരണഘടന മതമായാല്‍...' എന്ന് തുടങ്ങുന്നത് അടക്കം നാളെ ചിലപ്പോള്‍ ചര്‍ച്ചയാകുന്ന ഏറെ ഡയലോഗുകള്‍ ചിത്രത്തില്‍ പ്രേക്ഷകന് മുന്നിലേക്ക് ഇടുന്നുണ്ട്. 

നിവിന്‍ പോളിക്ക് മാത്രം സാധിക്കുന്ന ചില നര്‍മ്മ സന്ദര്‍ഭങ്ങള്‍ വളരെ മനോഹരമായി കാഴ്ചക്കാരില്‍ എത്തുന്നുണ്ട് ആല്‍പ്പറമ്പില്‍ ഗോപി എന്ന കഥാപാത്രത്തിലൂടെ. ഒപ്പം വളരെ ഇമോഷണലായി സ്കോര്‍ ചെയ്യുന്നുണ്ട് നിവിന്‍ പലയിടത്തും. അതിനാല്‍ തന്നെ നിവിന്‍ പോളിയുടെ ഒരു ശക്തമായ തിരിച്ചുവരവ് തന്നെയാണ് ആല്‍പ്പറമ്പില്‍ ഗോപി. ഒപ്പം ധ്യാന്‍ നിവിനുമായുള്ള കോമ്പോ മനോഹരമായി ചെയ്തുവെന്ന് പറയാം. സലീം കുമാര്‍, മഞ്ജുപിള്ള അടക്കം ചെറിയ സന്ദര്‍ഭങ്ങളില്‍ പോലും മനോഹരമായ പ്രേക്ഷക ഹൃദയം കീഴടക്കുന്ന പ്രകടനം പുറത്തെടുക്കുന്നുണ്ട്. 

ചിത്രത്തിന്‍റെ രണ്ടാം പകുതിയില്‍ എത്തുന്ന സുപ്രധാന കഥാപാത്രങ്ങള്‍ തീര്‍ത്തും മനോഹരമാക്കിയിട്ടുണ്ട്.  ജേക്സ് ബിജോയി ഒരുക്കിയ പാട്ടുകളും, ബിജിഎമ്മും തീര്‍ത്തും ചിത്രത്തിന് അനുയോജ്യമായി ഒഴുകുകയാണ് എന്ന് പറയാം. വളരെ മനോഹരമായി ഒരോ ഫ്രെയിമും പകര്‍ത്തി സുദീപ് ഇളമൻ ആല്‍പ്പറമ്പില്‍ ഗോപിയുടെ പരിവര‍ത്തന യാത്ര പ്രേക്ഷകന് ഒരു അനുഭവമായി സമ്മാനിക്കുന്നുണ്ട്.

നിവിന്‍ പോളിയെ പ്രേക്ഷകന്‍ കാണാന്‍ ആഗ്രഹിക്കുന്ന മാനറിസങ്ങളില്‍ നിവിന്‍ പ്രത്യക്ഷപ്പെടുന്ന ഒരു ചിത്രമാണ്  'മലയാളി ഫ്രം ഇന്ത്യ' എന്ന് പറയാം. അതിനപ്പുറം മലയാളി എന്ന ആഗോള പ്രതിഭാസത്തെ അടയാളപ്പെടുത്താനും. മലയാളിയുടെ ഒത്തൊരുമയും പ്രശ്നങ്ങളും എല്ലാം ആവിഷ്കരിക്കാനും മികച്ച തിരക്കഥയിലൂടെ ചിത്രം ശ്രമിക്കുന്നുണ്ട്.  അത് പ്രേക്ഷകന്‍റെ തീയറ്ററിലെ പ്രതികരണത്തിലൂടെ വ്യക്തവുമാണ്. 

വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ സ്വയം ട്രോളിയ ഡയലോഗുകളില്‍ എനിക്ക് സംശയം ഉണ്ടായിരുന്നു: നിവിന്‍ പോളി

ടര്‍ബോ റിലീസ് നേരത്തെയാക്കി; ഈ നീക്കത്തിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ട്; വീണ്ടും 'നൂറുകോടി' സ്വപ്നം.!

click me!