ആഷിഖ് അബു ചിത്രം റൈഫിള്‍ ക്ലബ് റിവ്യു.
വളരെ സ്റ്റൈലിഷ് മേക്കിങ്ങിൽ പിറന്ന പക്കാ മാസ്- ത്രില്ലർ പടം, ആഷിഖ് അബു സംവിധാനം ചെയ്ത 'റൈഫിൾ ക്ലബ്ബി'നെ ഇങ്ങനെ വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു. ഇതുവരെ അവതരിപ്പിക്കാത്തൊരു ജോണറുമായെത്തിയ ആഷിഖിന്റെ മികച്ചൊരു കംബാക്ക് പടം കൂടിയാണ് ചിത്രമെന്നതിൽ തർക്കത്തിന് സ്ഥാനമുണ്ടാകില്ല. റെട്രോ സ്റ്റൈലിൽ വിന്റേജ് ലുക്കിൽ ആദ്യാവസാനം വരെ ഡാർക്ക് തീം ഫോളോ ചെയ്ത് അണിയിച്ചൊരുക്കിയ ചിത്രം പ്രേക്ഷകനെ തിയറ്ററിൽ പിടിച്ചിരുത്തുന്ന പക്കാ സിനിമാറ്റിക് എക്സ്പീരിയൻസാണ്.
1991ൽ നടക്കുന്ന കഥയാണ് റൈഫിൽ ക്ലബ് പറയുന്നത്. അവറാൻ, ദയാനന്ദ്, കുഴിവേലി ലോനപ്പൻ, ഷാജഹാൻ, ഇട്ടിയാനം തുടങ്ങിയവരാണ് റൈഫിൽ ക്ലബിലെ പ്രധാന കഥാപാത്രങ്ങൾ. ദയാ ഗ്രൂപ്പ് മേധാവിയാണ് ദയാനന്ദ്. ഇയാൾക്ക് രണ്ട് മക്കളുണ്ട്. ഇവരാണ് ദയാനന്ദിന്റെ എല്ലാം. എന്നാൽ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു മകനെ ഇയാൾക്ക് നഷ്ടമാകുന്നു. ഇതിന് കാരണക്കാരായത് ഒരു ഡാൻസ് ഗ്രൂപ്പാണ്. ഇതേസമയം, ഇങ്ങ് സുൽത്താൻ ബത്തേരിയിൽ റൈഫിൾ ക്ലബ് കുടുംബത്തിൽ ഷാജഹാൻ എന്ന സിനിമാ നടൻ തന്റെ പുതിയ ചിത്രത്തിന്റെ ആവശ്യത്തിനായി എത്തുന്നു. ഇവിടെയാണ് ഡാൻസ് ഗ്രൂപ്പിലെ രണ്ട് പേർ വരുന്നത്. ശേഷം നടക്കുന്ന സംഭവ വികാസങ്ങളാണ് റൈഫിൾ ക്ലബിന്റെ പ്രമേയം.
undefined
പണ്ട് ടിപ്പുവിന്റെ കാലത്ത് പിൻമുറക്കാരായി കൈമാറിവന്ന തോക്ക് ശേഖരങ്ങൾ സംരക്ഷിക്കുന്നവരാണ് റൈഫിൽ ക്ലബിലെ കുടുംബാംഗങ്ങൾ. പുരുഷന്മാർക്കൊപ്പം സ്ത്രീകളും ഗൺ ഉപയോഗിക്കുന്നതിൽ അഗ്രഗണ്യരാണ്. ഇവർക്ക് മുന്നിലാണ് റിവഞ്ച് ചെയ്യാനായി ഒരുകൂട്ടർ എത്തുന്നത്. പിന്നെ പറയേണ്ടല്ലോ പൂരം. ആദ്യ സീൻ മുതൽ തുടങ്ങിയ 'വെടിയൊച്ച' അവസാനം വരെ നിലനിർത്തുന്നതിൽ ചിത്രം വളരെയധികം ശ്രദ്ധ പുലർത്തിയിട്ടുണ്ട്.
ഇന്നതെന്ന് എടുത്ത് പറയാനാകാത്ത വിധമാണ് സിനിമയുടെ ഓരോ മേഖലകളും കൈകാര്യം ചെയ്തിരിക്കുന്നവർ സിനിമയെ കൊണ്ടു പോയിരിക്കുന്നത്. വളരെ സിമ്പിൾ ആയിട്ടുള്ളൊരു പ്ലോട്ടിനെ വലിച്ചിഴക്കാതെ ഒരു സിനിമാ സ്ക്രീനിൽ നിന്നും പ്രേക്ഷകൻ എന്താണോ ആഗ്രഹിക്കുന്നത് അത് നല്ല വെടിപ്പായി തന്നെ ആഷിഖ് അബു ചെയ്ത് വച്ചിട്ടുണ്ട്. ശ്യാം പുഷ്‌കരൻ, ദിലീഷ് കരുണാകരൻ, സുഹാസ് എന്നിവരുടെ തിരക്കഥ അതിന് മികച്ചൊരു അടിത്തറ പാകിയിട്ടുമുണ്ട്.
ആദ്യാവസാനം മുതൽ വാവ് ആൻഡ് സിനിമാറ്റിക് മൊമൻസുകളാൽ സമ്പന്നമാണ് റൈഫിൾ ക്ലബ്. ഫ്രെയിംസ്, സീൻസ്, കാസ്റ്റിംഗ് തുടങ്ങി സംഭാഷമങ്ങളിൽ വരെ അത് നിലനിർത്താൻ അണിയറ പ്രവർത്തകർക്ക് സാധിച്ചു എന്നത് പ്രശംസനീയമാണ്. വിന്റേജ് ലുക്കിലിറങ്ങിയ പടമായത് കൊണ്ട് തന്നെ തീം ആയാലും കോസ്റ്റ്യൂസ് ആയാലും അതിന്റേതായ രീതിയിൽ പക്കയായി അവലംബിച്ചിരിക്കുന്നുണ്ട് ചിത്രത്തിൽ.
ഒരു ചെറിയ കഥയുടെ അകമ്പടിയി തുടങ്ങിയ സിനിമ കണ്ടിറങ്ങുമ്പോൾ തൃശ്ശൂർ പൂരത്തിൽ പങ്കെടുത്ത പ്രതീതിയാണ് പ്രേക്ഷകന് സമ്മാനിച്ചിരിക്കുന്നത്. അത്രയ്ക്കുണ്ട് ക്ലൈമാക്സിന്റെ പവർ. ആഷിഖ് അബുവിന്റെ തന്നെ ഛായാഗ്രഹണം ഓരോ നിമിഷം കഴിയുന്തോറും സിനിമയുടെ മാറ്റ് കൂട്ടിക്കൊണ്ടേയിരുന്നു. റൈഫിൽ ക്ലബ്ബിൽ എടുത്ത് പറയേണ്ടുന്നത് റെക്സ് വിജയന്റെ പശ്ചാത്തല സംഗീതമാണ്. കിടിലൻ തീമുകൾക്കും ഇൻട്രോകൾക്കുമൊപ്പം അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതം കൂടിയായപ്പോൾ തിയറ്ററിൽ ചെറുതല്ലാത്ത ആവേശം തന്നെ പ്രേക്ഷകന് സമ്മാനിച്ചിട്ടുണ്ട്. അജയൻ ചാലിശെരിയുടെ ആർട്ട് വർക്കും പ്രശസനീയമാണെന്നതിൽ തർക്കമില്ല.
റൈഫിൽ ക്ലബ്ബിലെ അഭിനേതാക്കളുടെ പ്രകടനങ്ങൾ എടുത്തു പറയേണ്ടിയിരിക്കുന്നു. ചെറുത് മുതൽ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ വരെ പെർഫെക്ട് കാസ്റ്റിംഗ് ആണെന്നത് ഏറെ ശ്രദ്ധേയമാണ്. ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, വിജയരാഘവൻ തുടങ്ങി എല്ലാവരും എപ്പോഴത്തെയും പോലെ അവരവരുടെ ഭാഗങ്ങൾ ഗംഭീരമാക്കി.
എക്സ്ട്രാ ഡീസന്റായി സുരാജ് വെഞ്ഞാറമൂട്; 'ഇ.ഡി' ടീസർ എത്തി
റാഫി, വിനീത് കുമാർ, സുരേഷ് കൃഷ്ണ, ഹനുമാന്‍കൈന്‍ഡ് സൂരജ്, സെന്ന ഹെഗ്‌ഡെ, വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, സുരഭി ലക്ഷ്മി, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, വൈശാഖ് ശങ്കർ, നിയാസ് മുസലിയാർ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ്, പരിമള്‍ ഷായ്സ്, സജീവ് കുമാർ, കിരൺ പീതാംബരൻ, ഉണ്ണി മുട്ടത്ത്, ബിബിൻ പെരുമ്പിള്ളി, ചിലമ്പൻ, ഇന്ത്യൻ തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ എത്തി ഗംഭീര പ്രകടനം കാഴ്ചവച്ചത്.
ആകെമൊത്തത്തിൽ മികച്ചൊരു തിയറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന സിനിമയാണ് റൈഫിൾ ക്ലബ്. ആഷിക് അബുവിന്റെ സംവിധാന മികവ് ഒരിക്കൽക്കൂടി പ്രകടമാകുന്ന ചിത്രം പ്രേക്ഷകരെ തിയറ്ററിലേക്ക് ആനയിക്കുമെന്ന് ഉറപ്പാണ്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..