Madappally United Movie : മടപ്പള്ളിക്കും കെനിയക്കുമിടയിൽ ഒരു ബോൾ അകലം; 'മടപ്പള്ളി യുണൈറ്റഡ്' റിവ്യൂ

By Soumya R Krishna  |  First Published Jul 9, 2022, 3:47 PM IST

മടപ്പള്ളിയെന്ന കൊച്ചു ഗ്രാമത്തിന്‍റെ കഥ പല ദേശക്കാരുടെ ഹൃദയം തൊട്ടത് അത് അവരുടെ കൂടി കഥയായത് കൊണ്ടാണ്. മടപ്പള്ളിക്കും മാഞ്ചസ്റ്ററിനും മുസോറിക്കും പറയാനുള്ള അതേ കഥ


മടിപിടിച്ച് ഉറക്കമെണീറ്റ അവധിദിവസത്തിൽ ഒരു കുട്ടിക്കൂട്ടം നടത്തിയ യാത്ര. അവരിങ്ങനെ പല വീടുകൾ കയറിയിറങ്ങി പല വഴികളിലൂടെ പ്രിയപ്പെട്ടൊരു ഇടം തേടി പോവുകയാണ്. ഇടയ്ക്ക് വച്ച് കൂട്ടത്തിലൊരാൾ വീഴുമ്പോൾ അവനേയും തോളത്ത് പിടിച്ച് കൂടെ കൊണ്ടു പോകുന്നുണ്ട്, അഞ്ച് സർബത്ത് വാങ്ങി പതിനൊന്ന് പേർ കുടിക്കുന്നുണ്ട്, കയ്യിലുള്ള ബാറ്റും ബോളും എന്‍റെയല്ല ഞങ്ങളുടെയാണെന്ന് കൂട്ടുകാരന്‍റെ അമ്മയോട് പറയുന്നുണ്ട്. മറിച്ചൊന്ന് ചിന്തിക്കാതെ ഈ കുട്ടികൾക്കൊപ്പം പോകാവുന്നൊരു രസകരമായ യാത്രയാണ് മടപ്പള്ളി യൂണൈറ്റഡ് എന്ന ചിത്രം.

മടല്‍ വെട്ടി ബാറ്റാക്കി ഒഴിഞ്ഞ പാടത്തേക്കോ പറമ്പിലേക്കോ ഓടിയിരുന്ന ഒരു തലമുറയ്ക്ക് ആ കാലം ഓർക്കാതെ ഈ ചിത്രം കണ്ടു തീർക്കാനാവില്ല. ആ കാലത്തിനും ഈ ചിത്രത്തിലുടനീളമൊരു വേഷമുണ്ട്.  കുട്ടികളെ കുറിച്ചുള്ള ചിത്രമാണെന്നുവച്ച് ഇത് കുട്ടികളുടെ മാത്രം കഥയുമല്ല. മടപ്പള്ളി എന്ന ഗ്രാമത്തിന്‍റെ കഥയാണ്. അതേ സമയം അത് ഡെറാഡൂണിലെ ഒരു കൊച്ചു പട്ടണത്തിന്‍റെയും കെനിയയിലെ ഒരു  ഗ്രാമത്തിന്‍റെയും കഥ കൂടിയായി തീരുന്നുമുണ്ട്.

Latest Videos

undefined

 

സമാന്തരമായി നടക്കുന്ന രണ്ട് കഥകൾ ഒടുവിലൊരിടത്ത് കൂട്ടിമുട്ടുമ്പോഴാണ് ഈ സിനിമ സംഭവിക്കുന്നത്. സ്പോർട്സ് സിനിമയെന്നോ കുട്ടികളുടെ ചിത്രമെന്നോ ആർട്ട് സിനിമയെന്നോ ഒറ്റ വരിയിൽ വിശേഷിപ്പിക്കാനാവാത്ത വിധമാണ് അജയ് ഗോവിന്ദ് എന്ന സംവിധായകൻ ആ കഥ പറഞ്ഞിരിക്കുന്നത്. കുട്ടികളുടെ കണ്ണിലൂടെയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്ന്. ആ ഗ്രാമത്തിൽ നടക്കുന്ന തട്ടിപ്പുകളും ശരികേടുകളും ആൺനോട്ടങ്ങളും ഒന്നും കണ്ടില്ലെന്ന് നടിക്കുന്നില്ല ചിത്രം. കേരളത്തിലെ മാറിയ പൊതുവിദ്യാലയങ്ങളുണ്ട്. അവിടെ പഠിച്ച കുട്ടികൾ “വട്ട്” എന്ന് പരിഹസിക്കുന്നത് ഇൻസെൻസിറ്റീവാണെന്ന് മുതിർന്നവരെ തിരുത്തുന്നുണ്ട്. തിരക്കഥയിൽ രാഷ്ട്രീയ ശരികേടുകൾ ചർച്ച ചെയ്യുമ്പോഴും അതൊട്ടും മുഴച്ചു നിൽക്കാതെ കഥയോട് ചേർത്തു വച്ചിട്ടുണ്ട്. കുട്ടികളുടെ നിഷ്കളങ്കതയും പ്രസരിപ്പും സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ നിലനിർത്താൻ സിനിമയ്ക്കാകുന്നുണ്ട്. ഏത് തടസ്സത്തിനും ഉടൻ പ്രതിവിധി കാണുന്ന ആ കുട്ടിക്കൂട്ടം, ഒടുവിൽ  കണ്ടെത്തുന്ന ഒരു പോംവഴി കണ്ടിരിക്കുന്നവരുടെ മുഴുവൻ മനസ്സ് നിറയ്ക്കുമെന്നുറപ്പാണ്.

ALSO READ : 'പൃഥ്വിരാജ്, നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു'; കടുവ അണിയറക്കാര്‍ക്കെതിരെ കുറുവച്ചന്‍റെ ചെറുമകന്‍

ഡെറാഡൂണിൽ താമസിച്ചിരുന്ന കാലത്ത് അവിടുത്തെ ഒരു ശ്മശാനത്തിൽ സംവിധായകൻ കണ്ടൊരു കാഴ്ച്ചയാണ് പിന്നീട് മടപ്പള്ളി യുണൈറ്റഡായി തീർന്നത്. രാജ്യത്തിന്‍റെ പലഭാഗങ്ങളിൽ നടന്ന പ്രദർശനങ്ങളിൽ സംവിധായകനൊപ്പം മുൻ കെനിയൻ ക്രിക്കറ്റ് ടീം കാപ്റ്റൻ ആസിഫ് കരീമും പങ്കെടുത്തു. ഇത് മടപ്പള്ളിയുടെയോ കേരളത്തിലേയോ മാത്രം കഥയല്ലെന്നും കെനിയയിലെ ഏത് ഗ്രാമത്തിനും പറയാനുണ്ടാവും ഇത് പോലൊരു കഥയെന്നും, ദില്ലിയിലെ ഇന്ത്യൻ ഹാബിറ്റാറ്റ് സെന്‍ററിലെ ഓഡിറ്റോറിയത്തിൽ നടന്ന പ്രദർശനത്തിന് ശേഷം  കരീം പറഞ്ഞു.

 

കുട്ടികളും അവരുടെ രക്ഷിതാക്കളും ഉൾപ്പടെ 45 പുതുമുഖങ്ങളെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രൊഫഷണൽ അഭിനേതാക്കളെ വെല്ലുന്നതാണ് ഇവരുട പ്രകടനം. നടന്‍ രാജേഷ് മാധവനാണ് ചിത്രത്തിന്‍റെ കാസ്റ്റിംഗ് ഡയറക്ടര്‍. രാജേഷ് മടപ്പള്ളിയിൽ നിന്നു തന്നെ കണ്ടെത്തിയതാണ് ഇവരെയെന്നതാണ് ഏറ്റവും കൌതുകകരം. ഇവരെ കൂടാതെ ശ്രീകാന്ത് മുരളി, സാവിത്രി ശ്രീധരൻ, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ  ചെയ്തിട്ടുണ്ട്. തൻവീർ അഹമ്മദ് ഛായാഗ്രഹണവും കൃഷ്ണപ്രസാദ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. അന്താരാഷ്ട്ര തലത്തിൽ ഇതിനോടകം അഞ്ചിലധികം പുരസ്കാരങ്ങൾക്ക് അർഹമായി മടപ്പള്ളി യുണൈറ്റഡ്. മടപ്പള്ളിയെന്ന കൊച്ചു ഗ്രാമത്തിന്‍റെ കഥ പല ദേശക്കാരുടെ ഹൃദയം തൊട്ടത് അത് അവരുടെ കൂടി കഥയായത് കൊണ്ടാണ്. മടപ്പള്ളിക്കും മാഞ്ചസ്റ്ററിനും മുസോറിക്കും പറയാനുള്ള അതേ കഥ. 

click me!