ലാലു അലക്സാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.
ഇമ്പം പകരുന്ന ഒരു സിനിമ. ലാലു അലക്സ് പ്രധാന വേഷത്തിലെത്തിയ ചിത്രമായ ഇമ്പത്തെ ഒറ്റ വാചകത്തില്‍ അങ്ങനെ വിശേഷിപ്പിക്കാം. പ്രണയവും വിപ്ലവുമെല്ലാം ഇമ്പത്തില്‍ നിറയുന്നു. സമകാലീന സാമൂഹ്യ രാഷ്‍ട്രീയ അവസ്ഥയും ചിത്രത്തില്‍ ചേരുമ്പോള്‍ ഇമ്പം വര്‍ത്തമാന പ്രസക്തിയുള്ള ഒന്നായും മാറുന്നു.
ശബ്‍ദം എന്ന മാസികയുടെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. കരുണാകരൻ ആണ് മാസികയുടെ എഡിറ്റര്‍. വരയ്‍ക്കാൻ ഇഷ്‍ടപ്പെടുന്ന നിതിനും പ്രത്യേക ഘട്ടത്തില്‍ ശബ്‍ദത്തിനൊപ്പം ചേരുന്നു. യുവ എഴുത്തുകാരി കാദംബരിയും ശബ്‍ദത്തിനൊപ്പമുണ്ട്. ഒരു പ്രത്യേക സാഹചര്യത്തില്‍ വിവാദ വാര്‍ത്ത ശബ്‍ദം പ്രസിദ്ധീകരിക്കുന്നു. അത് വലിയ കോലാഹലം സൃഷ്‍ടിക്കുന്നുണ്ടെങ്കില്‍ വാര്‍ത്ത ശരിയല്ലെന്ന് യുവജന നേതാവായ പ്രേമരാജൻ സമര്‍ഥിക്കുന്നതോടെ ശബ്‍ദം പ്രതിസന്ധിയിലാകുന്നു. പ്രതിസന്ധികളെ ശബ്‍ദം എങ്ങനെ അതിജീവിക്കുന്നുവെന്നതാണ് സിനിമയില്‍ ആകാംക്ഷയുണ്ടാക്കുന്നത്.
കരുണാകരനായി ലാലു അലക്സാണ് ഇമ്പത്തിലുള്ളത്. ഏറെക്കാലത്തെ അനുഭവപരിചയത്തിന്റെ അടിത്തറയില്‍ നിന്ന് ചിത്രത്തില്‍ പക്വതയുള്ള പ്രകടനം നടത്തിയിരിക്കുന്നു ലാലു അലക്സ്. വൈകാരികരംഗങ്ങളിലടക്കം മിതത്വം പാലിച്ചാണ് ഇമ്പത്തിലെ പ്രധാന കഥാപാത്രത്തെ ലാലു അലക്സ് പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കുന്നത്. കരുണാകരന്റെ വര്‍ത്തമാനകാല ജീവിതവും ഭൂതകാലവുമെല്ലാം ചിത്രത്തില്‍ വിശ്വസനീയമാം വിധം പകര്‍ത്താനായത് ലാലു അലക്സിന്റെ പ്രകടനത്തിന്റെ കരുത്തുറ്റ അടിത്തറയിലൂടെയാണ്.
കാര്‍ട്ടൂണിസ്റ്റായി പേരെടുക്കാൻ ആഗ്രഹിക്കുന്ന യുവ കഥാപാത്രമായ നിതിൻ സാമുവലായി ദീപക് പറമ്പോല്‍ വേഷമിട്ടിരിക്കുന്നു. യുവത്വത്തിന്റെ ആവേശവും പ്രസരിപ്പും ചടുലതയുമെല്ലാം കഥാപാത്രത്തില്‍ സന്നിവേശിപ്പിക്കാൻ പ്രകടനംകൊണ്ട് ദീപക് പറമ്പോലിന് സാധിക്കുന്നുണ്ട്. നിതിൻ സാമുവലിന്റെ ഇടര്‍ച്ചകളിലെ ഇമോഷണല്‍ രംഗങ്ങളിലും ദീപക് പറമ്പോല്‍ അമിത പ്രകടനമാകാതെ മികവ് കാട്ടിയിരിക്കുന്നു. ശബ്‍ദത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന യുവ എഴുത്തുകാരിയായെത്തി ചിത്രത്തില്‍ ദര്‍ശന സുദര്‍ശന് നായികയായി സാന്നിദ്ധ്യത്തിനപ്പുറത്തെ പ്രകടന സാധ്യതകള്‍ ഉപയോഗപ്പെടുത്താനായിട്ടുണ്ട്. വില്ലൻ വേഷത്തില്‍ ഇര്‍ഷാദ് അലിയാണ്. വില്ലന്റെ പതിവ് മാനറിസങ്ങള്‍ക്കപ്പുറം രസകരമായി കഥാപാത്രത്തെ അവതരിപ്പിക്കാനിയിട്ടുണ്ട് ഇര്‍ഷാദ് അലിക്ക്. പ്രശസ്‍ത എഴുത്തുകാരി മൈഥിലി സ്വാമിനാഥനായി ചിത്രത്തില്‍ മീര വാസുദേവൻ എത്തിയപ്പോള്‍ അഹമ്മദ് എന്ന ചായക്കടക്കാരനായി നര്‍മം വിതറി നവാസ് വള്ളിക്കുന്നും അഡ്വക്കറ്റ് ഭാസ്‍കര പിള്ളയായി ശിവജി ഗുരുവായൂരും പ്രൊഫസര്‍ ഇമ്മാനുവേലായി മാത്യു മാമ്പ്രയും ഇമ്പത്തിന്റെ ഭാഗമായിരിക്കുന്നു.
ശ്രീജിത്ത് ചന്ദ്രനാണ് ഇമ്പം തിരക്കഥയെഴുതി സംവിധാനം ചെയ്‍തിരിക്കുന്നത്. ലാളിത്യമുള്ള ആഖ്യാനമാണ് ശ്രീജിത്ത് സ്വീകരിച്ചിരിക്കുന്നത്. കഥ വിരസതയില്ലാതെ അവതരിപ്പിക്കുന്നതില്‍ തിരക്കഥാകൃത്തുമായ സംവിധായകൻ വിജയിച്ചിരിക്കുന്നു. തമാശയുടെ മേമ്പൊടിയും ഇമ്പത്തില്‍ ചേര്‍ത്താണ് കഥ വികസിപ്പിച്ചിരിക്കുന്നത്.
ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് നിജയ് ജയനാണ്. പ്രമേയത്തിന്റെ സ്വഭാവത്തിനൊത്ത ക്യാമറാ ചലനങ്ങളാണ് ചിത്രത്തിനായി നിജയ് ജയൻ സ്വീകരിച്ചിരിക്കുന്നത്. ഛായാഗ്രാഹം വേറിട്ട കാഴ്‍ചയായി മാറുന്നില്ല. ഇമ്പത്തിന്റെ ലാളിത്യം നിലനിര്‍ത്താൻ നിജയ് സംവിധായകനൊപ്പം പരിശ്രമിച്ചിട്ടുണ്ടെന്ന് വ്യക്തം.
സംഗീതം പി എസ് ജയഹരിയുടേതാണ്. പാട്ടുകള്‍ അധികമില്ലെങ്കിലും പ്രമേയത്തിനൊത്ത് ചേരുന്ന സംഗീതം ഇമ്പത്തെ ആകര്‍ഷകമാക്കുന്നു. ഒരു പ്രത്യേക ഫീലില്‍ പശ്ചാത്തല സംഗീതവും ഇമ്പത്തിനെ ആകര്‍ഷകമാക്കുന്നു. എഡിറ്റര്‍ കുര്യാക്കാസ് ഫ്രാൻസിസിന്റെ കട്ടുകളും ചിത്രത്തിന്റെ ചേരുംവിധമാണ്.
Read More: ഖുഷി ആകെ നേടിയതെത്ര?, ക്ലോസിംഗ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക