ഇരുളും വെളിച്ചവും പോലെ ഒരു ത്രില്ലര്‍, 'പകലും പാതിരാവും' റിവ്യു

By Web Team  |  First Published Mar 4, 2023, 2:53 PM IST

'പകലും പാതിരാവും' എന്ന പുതിയ ചിത്രത്തിന്റെ റിവ്യു.


പേരില്‍ തന്നെയുണ്ട് 'പകലും പാതിരാവും'. പകലും രാത്രിയിലുമായുള്ള ചില സംഭവങ്ങള്‍. ദുരൂഹത നിറഞ്ഞ ചില മനുഷ്യര്‍. കുഞ്ചാക്കോ ബോബനും രജിഷയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'പകലും പാതിരാവും' അപ്രതീക്ഷിത വഴിത്തിരുവുകളാലും പ്രേക്ഷക ചിന്തകളെ അട്ടിമറിച്ചുകൊണ്ടുമാണ് മികച്ച ഒരു കാഴ്‍ചാനുഭവമായി മാറിയിരിക്കുന്നത്.

വയനാട്ടിലെ ഒരു ഗ്രാമമാണ് കഥാ പരിസരം. മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് പറഞ്ഞ് പൊലീസുകാര്‍ തിരച്ചിലുകള്‍ നടത്തുന്ന രംഗത്തോടെയാണ് 'പകലും പാതിരാവിന്റെ'യും തുടക്കം. പൊലീസിനെ ചോദ്യം ചെയ്യാൻ മുന്നോട്ടു വരുന്ന അന്നാട്ടുകാരനെ മാവോയിസ്റ്റായി ചിത്രീകരിക്കുന്ന രംഗവും ആദ്യം അവതരിപ്പിച്ചിരിക്കുന്നു. കഥയുടെ ആകെ സ്വഭാവം ഇങ്ങനെ ഒരു മാവോയിസ്റ്റ് ഭീഷണിയുടെ നിഴലിലുമാണ്.

Latest Videos

undefined

ഗ്രാമത്തില്‍ ഒറ്റപ്പെട്ട ഒരു പ്രദേശത്തെ താമസക്കാരാണ് 'വറീതും' ഭാര്യ 'മറിയ'യും മകള്‍ 'മെഴ്‍സി'യും. ബ്ലേഡ് പലിശക്കാരന്റെ ഭീഷണിക്കു മുന്നില്‍ ജീവിതം തള്ളിനീക്കേണ്ടി വരുന്ന ഗതികേടിലാണ് 'വറീതി'ന്റെ കുടുംബം. വിവാഹപ്രായമെത്തി നില്‍ക്കുന്ന 'മെഴ്‍സി'യുടെ ഭാവി എന്തായിരിക്കും എന്നോര്‍ത്താണ് 'മറിയ'യുടെ ആധി. തന്നെ സ്വയം പോഴൻ എന്ന് വിശേഷിപ്പിക്കുന്ന സ്ഥിരം മദ്യപാനിയാണ് 'വറീത്'. മകളെ വിവാഹം കഴിച്ച് അയക്കാൻ കഴിയാത്തതിന്റെ സങ്കടം അയാളില്‍ നിറഞ്ഞുനില്‍പ്പുമുണ്ട്. ഇത്തരമൊരു സാഹചര്യമുള്ള വീട്ടിലേക്കാണ് ഒരു ദിവസം അയാള്‍ കടന്നുവരുന്നത്. ഫോട്ടോഗ്രാഫര്‍ എന്ന് പരിചയപ്പെടുത്തിയ അയാള്‍ എന്തിനു വന്നു എന്ന 'മേഴ്‍സി'യുടെ സംശയങ്ങള്‍ക്കൊപ്പം പ്രേക്ഷനെയും ആകാംക്ഷയോടെ ചേര്‍ത്തുനിര്‍ത്തുന്ന തരത്തിലാണ് കഥയുടെ ആഖ്യാനം. മാവോയിസ്റ്റാണ് അയാള്‍ എന്ന് സംശയിക്കപ്പെടുന്നുണ്ട്. പക്ഷേ അതിനൊക്കെയപ്പുറം ഒരു ദൗത്യമുണ്ട്. വില്ലനായും നായകനായും അയാള്‍ ചിത്രീകരിക്കപ്പെടുന്നു. ശരിക്കും അയാളുടെ ലക്ഷ്യമെന്താണ്?. ആ സംശയങ്ങള്‍ക്കുള്ള ഉത്തരമാണ് കഥാന്ത്യത്തിലുള്ളത്.

പ്രകടനത്തില്‍ ഞെട്ടിപ്പിക്കുന്ന രജിഷ വിജയനാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഗ്രേ ഷേയ്‍ഡുള്ള 'മെഴ്‍സി'യായി രജിഷ ചിത്രത്തില്‍ നിറഞ്ഞാടുന്നു. ഇതുവരെയുള്ള രജിഷയുടെ കഥാപാത്രങ്ങളില്‍ വേറിട്ടുനില്‍ക്കുന്നതാണ് ചിത്രത്തിലെ 'മേഴ്‍സി'. സ്വന്തം ഭാവിയെ കുറിച്ചുള്ള ആശങ്കകളും വെറുപ്പും പകയും സ്വാര്‍ഥതയുമെല്ലാമായി വ്യത്യസ്‍ത ഭാവങ്ങളില്‍ രജിഷ പക്വതയാര്‍ന്ന പ്രകടനം കാഴ്‍ചവയ്‍ക്കുന്നു. രജിഷയുടെ നോട്ടത്തിനു പോലും ആ ഭാവ വ്യത്യാസങ്ങളെ പ്രതിഫലിപ്പിക്കാനാകുന്നു. കഥാപാത്രത്തിന്റെ കാമ്പ് അറിഞ്ഞുള്ള പ്രകടനമാണ് ചിത്രത്തില്‍ രജിഷ നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രത്യേകതയായ നിഗൂഢത ഏതാണ്ട്  അവസാനം വരെ നിലനിര്‍ത്തുന്ന തരത്തിലുള്ള വേഷപകര്‍ച്ചയാണ് കുഞ്ചാക്കോ ബോബന്റേത്. ക്രൗര്യവും കാരുണ്യവും ഒരുപോലെ സമന്വയിക്കപ്പെടുന്ന ഒരു കഥാപാത്രമായിട്ടാണ് കുഞ്ചാക്കോ ബോബൻ 'പകലും പാതിരാവിലു'മുള്ളത്. സ്റ്റൈലിഷ് അവതരണ രീതിയാണ് അദ്ദേഹം ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത്. സ്ഥിരം മദ്യപാനിയായ 'വറീതാ'യി കെ യു മനോജും വിസ്‍മയിപ്പിക്കുന്നു. സീത, ഗുരു സോമസുന്ദരം, തമിഴ്, ഗോകുലം ഗോപാലൻ തുടങ്ങിയവരും അവരവരുടെ വേഷങ്ങള്‍ അര്‍ഹിക്കും വിധം അവതരിപ്പിച്ചിരിക്കുന്നു.

ഹിറ്റ് മാസ് സിനിമകളുടെ സംവിധായകൻ അജയ് വാസുദേവിന്റെ ഒരു പരീക്ഷണ ആഖ്യാനവുമാണ് 'പകലും പാതിരാവും'. മനുഷ്യ സ്വഭാവത്തിന്റെ വിവിധ അടരുകള്‍ ചിത്രത്തില്‍ അവതരിപ്പിക്കാൻ ശ്രമിച്ചിരിക്കുകയാണ് അജയ് വാസുദേവ്. ചുരുങ്ങിയ സ്ഥലങ്ങളില്‍ മാത്രം ചിത്രീകരിച്ചിരിക്കുന്ന സിനിമയായിട്ടും വിരസതയൊട്ടുമില്ലാതെ ആകാംക്ഷ നിറച്ച് ആദ്യാവസാനം പ്രേക്ഷകനെ 'പകലും പാതിരാവി'നോടും ചേര്‍ത്തുനിര്‍ത്തുന്നത് സംവിധായകന്റെ ആഖ്യാനത്തിന്റെ പ്രത്യേകതകൊണ്ടു കൂടിയാണ്. കുഞ്ചാക്കോ ബോബനും രജിഷ വിജയനടക്കമുള്ള താരങ്ങളുടെ വേറിട്ട ഒരു വേഷപകര്‍ച്ച പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ അജയ് വാസുദേവ് വിജയിച്ചിരിക്കുന്നു.

നിഷാദ് കോയയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.  ഒന്നിനൊന്ന് കോര്‍ത്തെടുക്കും പോലെ ആകാംക്ഷഭരിതമായ രംഗങ്ങളാല്‍ പകലും പാതിരാവിനുമൊത്ത് സഞ്ചരിക്കാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നതാണ് നിഷാദ് കോയയുടെ എഴുത്ത്. നിഗൂഢത നിറഞ്ഞ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും സ്വന്തമായ വ്യക്തിത്വവുണ്ട് എന്നതും നിഷോദ് കോയയുടെ എഴുത്തിന്റെ മേൻമയാണ്. അവസാനം വരെ ആകാംക്ഷ നിലനിര്‍ത്തുന്നതിലും തിരക്കഥയുടെ ശൈലി സഹായകരമാകുന്നു.

വയനാടൻ ഗ്രാമത്തിന്റെ സൗന്ദര്യവും നിഗൂഢതയും ചിത്രത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്നതിന് പ്രശംസയര്‍ഹിക്കുന്നു ഛായാഗ്രാഹകൻ ഫയിസ് സിദ്ദിഖ്. കഥാപാത്രങ്ങളുടെ പ്രത്യേകതകള്‍ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിനുവേണ്ടിയുള്ള  ഫയിസിന്റെ ക്യാമറാനോട്ടം. സാം സി എസ്സിന്റെ പശ്ചാത്തല സംഗീതവും പ്രമേയത്തിന് കൃത്യമായി അടിവരയിടുന്നു. സ്റ്റീഫൻ ദേവസിയുടെ സംഗീതത്തിലുള്ള ഗാനങ്ങളും ചിത്രത്തിന്റെ കാഴ്‍ചയെ ആകര്‍ഷകമാക്കുന്നു.

Read More: 'സൂര്യ 42'ന്റെ റിലീസിനായി കാത്തിരിപ്പ്, റെക്കോര്‍ഡ് പ്രീ ബിസിനസ് എന്ന് റിപ്പോര്‍ട്ട്

click me!