സാങ്കേതികമോ തിരക്കഥാപരമോ ആയ ഗിമ്മിക്കുകളൊന്നുമില്ലാതെ നേരിട്ട് ലളിതമായി കഥ പറഞ്ഞ് കാണിയെ വീണ്ടും വിസ്മയിപ്പിക്കുകയാണ് കൂമനിലൂടെ ജീത്തു ജോസഫ്
ഒടിടിയുടെ വസന്തകാലത്ത് ലോകമെങ്ങുമുള്ള സിനിമാ സംവിധായകര്‍ തൃപ്തികരമായി ഒരുക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുന്ന ഗണമാണ് ത്രില്ലറുകള്‍. ഒരു സാധാരണ കാണി പോലും അത്രത്തോളം ദൃശ്യ സാക്ഷരത നേടി എന്നതാണ് അതിനു കാരണം. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമുകളുടെ വെബ് സിരീസുകളില്‍ കേരളത്തിലും ഏറ്റവും കാണികളുള്ളത് ത്രില്ലറുകള്‍ക്കാണ്. എന്നാല്‍ ഇക്കാലത്തും ത്രില്‍ പേരില്‍ മാത്രമല്ലാത്ത സിനിമകള്‍ അയത്നലളിതമായി ഒരുക്കി പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു സംവിധായകന്‍ മലയാളത്തിലുണ്ട്. ജീത്തു ജോസഫ് എന്നാണ് അദ്ദേഹത്തിന്‍റെ പേര്. ത്രില്ലര്‍ ഗണത്തില്‍ പെട്ട സിനിമകളുടെ മലയാളത്തിലെ ബ്രാന്‍ഡ് നെയിം ആയ ജീത്തുവിന്‍റെ ഏറ്റവും പുതിയ ചിത്രം എന്നതാണ് കൂമന്‍ എന്ന ചിത്രത്തിന്‍റെ യുഎസ്‍പി.
സാങ്കേതികമോ തിരക്കഥാപരമോ ആയ ഗിമ്മിക്കുകളൊന്നുമില്ലാതെ നേരിട്ട് ലളിതമായി കഥ പറഞ്ഞ് കാണിയെ വീണ്ടും വിസ്മയിപ്പിക്കുകയാണ് കൂമനിലൂടെ ജീത്തു ജോസഫ്. ട്വല്‍ത്ത് മാനിനു ശേഷം ജീത്തു ജോസഫിനു വേണ്ടി കെ ആര്‍ കൃഷ്ണകുമാര്‍ എഴുതിയ തിരക്കഥയാണ് കൂമന്‍റേത്. കേരള- തമിഴ്നാട് അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് ആസിഫ് അലി അവതരിപ്പിക്കുന്ന നായക കഥാപാത്രമായ ഗിരിശങ്കര്‍. തൊഴിലിനോട് ഏറെ കൂറ് പുലര്‍ത്തുന്ന, കൃത്യനിര്‍വ്വഹണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ഉദ്യോഗസ്ഥനെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും തോന്നുന്ന ഗിരിശങ്കറിന് മറ്റുചില സ്വഭാവ സവിശേഷതകളുമുണ്ട്. വ്യക്തിപരമായോ തൊഴില്‍പരമായോ നേരിടുന്ന കളിയാക്കലുകള്‍ മറക്കാതെ മനസില്‍ വച്ചുള്ള പകപോക്കലാണ് അതിലൊന്ന്. ജോലി ചെയ്യുന്ന നെടുമ്പാറ സ്റ്റേഷനിലെ, തനിക്ക് പിതൃതുല്യനായ സിഐ സോമശേഖരന്‍ പിള്ള വിരമിക്കുന്ന ഒഴിവിലേക്ക് മറ്റൊരാള്‍ വരുന്നതോടെ, തികച്ചും സ്വാഭാവികമായി നടക്കുന്ന ചില സംഭവവികാസങ്ങളില്‍ ഗിരിയുടെ ജീവിതം മാറിമറിയുകയാണ്. മാറിവരുന്ന സിഐ ഹരിലാല്‍ ആയി ബാബുരാജ് ആണ് വേഷമിട്ടിരിക്കുന്നത്. മലയാള സിനിമ ഇതുവരെ കടന്നുപോയിട്ടില്ലാത്ത ചില സന്ദര്‍ഭങ്ങളിലൂടെയാണ് കൂമന്റെ പിന്നീടുള്ള സഞ്ചാരം.
കെട്ടുറപ്പുള്ള തിരക്കഥയാണ് സിനിമയുടെ പ്രധാന ശക്തി. വെറുതെ ഒരു കല്‍പിത കഥ പറഞ്ഞുപോവുകയാണെന്ന് അനുഭവിക്കാത്ത തരത്തില്‍ പാത്രസൃഷ്ടിയില്‍ മികവ് പുലര്‍ത്തിയിട്ടുണ്ട് കെ ആര്‍ കൃഷ്ണകുമാര്‍. ആസിഫ് അലി അവതരിപ്പിക്കുന്ന ഗിരിശങ്കര്‍ ആണെങ്കിലും ജാഫര്‍ ഇടുക്കി അവതരിപ്പിക്കുന്ന മണിയന്‍ ആണെങ്കിലും ബാബുരാജിന്‍റെ സിഐ ഹരിലാല്‍ ആണെങ്കിലുമൊക്കെ കഥാപാത്രാവിഷ്കരണത്തിലെ സൂക്ഷ്മത കാണാം. കൃത്യമായ വ്യക്തിത്വം ഓരോ കഥാപാത്രത്തിനും നല്‍കിയതുകൊണ്ടാണ് വൈചിത്ര്യമുള്ളൊരു കഥ വിശ്വസനീയമാക്കാന്‍ സംവിധായകന് സാധിച്ചിരിക്കുന്നത്. തുടക്കത്തില്‍ തന്നെ നിഗൂഢത ഉണര്‍ത്തി ആ സസ്പെന്‍സ് ഉടനീളം നിലനിര്‍ത്തിക്കൊണ്ടുപോവുകയെന്നത് ഏത് കാലത്തും, വിശേഷിച്ച് ഇക്കാലത്ത് ഒരു തിരക്കഥാകാരനും സംവിധായകനും നേരിടുന്ന വലിയ വെല്ലുവിളിയാണ്. അതിനെ സമര്‍ഥമായി നേരിട്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചു എന്നതില്‍ ജീത്തു ജോസഫും കൃഷ്ണകുമാറും കൈയടി അര്‍ഹിക്കുന്നുണ്ട്.
അഭിനേതാക്കളുടെ കാര്യമെടുത്താല്‍ ആസിഫ് അലിക്ക് കരിയറില്‍ ഇതുവരെ ലഭിച്ചതില്‍ ഏറ്റവും കാമ്പുള്ള കഥാപാത്രങ്ങളിലൊന്നാണ് ഗിരിശങ്കര്‍. ചെറു കളിയാക്കലുകളില്‍ പോലും ഈഗോ മുറിവേല്‍ക്കുന്ന, ആ പക മനസില്‍ കൊണ്ടുനടന്ന് അവസരം കിട്ടുമ്പോള്‍ തീര്‍ക്കുന്ന പൊലീസുകാരനായി ആസിഫ് സ്കോര്‍ ചെയ്‍തിട്ടുണ്ട്. മോശം കാസ്റ്റിംഗുകളൊന്നും കണ്ണില്‍ പെടാത്ത ചിത്രത്തില്‍ പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്ന മറ്റൊരാള്‍ ജാഫര്‍ ഇടുക്കിയാണ്. മണിയന്‍ എന്ന കള്ളന്‍ സമീപകാല മലയാള സിനിമയിലെ മികച്ച സ്വഭാവ കഥാപാത്രങ്ങളില്‍ ഒന്നായി അടയാളപ്പെടും. സിഐ ഹരിലാല്‍ എന്ന കഥാപാത്രം ബാബുരാജ് അവതരിപ്പിച്ചിട്ടുള്ള തരത്തിലുള്ള ഒന്നല്ല. സൌമ്യനായ എസ് ഐ സുകുമാരനായി മേഘനാഥന്‍, സിഐ സോമശേഖരന്‍ പിള്ളയായി രണ്‍ജി പണിക്കര്‍ എന്നിങ്ങനെ ചിത്രത്തിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളില്‍ ഒന്നുപോലും അലസമായി എഴുതപ്പെട്ടതല്ല.
സാങ്കേതികമായ ഗിമ്മിക്കുകളിലൂടെ തിരക്കഥാപരമായ പാളിച്ചകളെ നികത്താന്‍ ശ്രമിക്കുന്ന സംവിധായകരുടെ കൂട്ടത്തില്‍ ജീത്തു ജോസഫ് ഒരിക്കലും ഉണ്ടായിരുന്നില്ല. ഇവിടെയും അങ്ങനെതന്നെ. മികച്ച ഒരു തിരക്കഥയെ, ത്രില്ലറുകള്‍ ഒരുക്കാനുള്ള തന്‍റെ സ്വതസിദ്ധമായ പാടവം കൊണ്ട് ലളിതാഖ്യാനത്തിലും ഒരു മികച്ച സിനിമാനുഭവമാക്കിയിട്ടുണ്ട് ജീത്തു ജോസഫ്. ദൃശ്യം 2 ഉള്‍പ്പെടെ പകര്‍ത്തിയ സതീഷ് കുറുപ്പ് ആണ് കൂമന്‍റെയും ഛായാഗ്രാഹകന്‍. ഗ്രാമീണ പശ്ചാത്തലത്തില്‍, നിരവധി നൈറ്റ് സീക്വന്‍സുകള്‍ കഥയുടെ പ്രധാന സന്ദര്‍ഭങ്ങളായി വരുന്ന ചിത്രത്തിന്‍റെ ദൃശ്യഭാഷയെ തിരക്കഥയുടെ പിരിമുറുക്കം ഉള്‍ക്കൊണ്ടുകൊണ്ട് പകര്‍ത്തിയിട്ടുണ്ട് സതീഷ്. ത്രില്ലര്‍ എന്ന ഗണത്തോട് ഏറെ നീതി പുലര്‍ത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ അങ്ങനെ വന്നിട്ടില്ലാത്ത ചില അപൂര്‍വ്വ മുഹൂര്‍ത്തങ്ങളുണ്ട്. ആദ്യാവസാനം നിഗൂഢതയുടേതായ ഒരു മൂഡും ഉണ്ട്. കാണിയെ ഈ മൂഡിലേക്ക് സെറ്റ് ചെയ്യാനും അതില്‍ നിലനിര്‍ത്താനും ജീത്തുവിന് ഏറ്റവുമധികം പിന്തുണ നല്‍കിയിരിക്കുന്നത് പശ്ചാത്തല സംഗീതം ഒരുക്കിയ വിഷ്ണു ശ്യാം ആണ്. ചിത്രത്തിന്‍റെ ഏറെ സവിശേഷതകളുള്ള പ്ലോട്ടിനോട് അത്രത്തോളം ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ് വിഷ്ണു സൃഷ്ടിച്ചിരിക്കുന്ന തീം മ്യൂസിക്. സിനോയ് ജോസഫ് ആണ് ചിത്രത്തിന്‍റെ സൌണ്ട് ഡിസൈന്‍.
ദൃശ്യത്തിന്‍റെ സംവിധായകന്‍ എന്നത് ജീത്തു ജോസഫിനു സൃഷ്ടിക്കുന്ന ഒരു പ്രതീക്ഷാഭാരമുണ്ട്. ആ പ്രതീക്ഷാഭാരത്തെയും മുറിച്ചുകടക്കാന്‍ ശേഷിയുള്ള മറ്റൊരു ത്രില്ലറുമായി ലളിതമായി കഥ പറഞ്ഞ് ഈ സംവിധായകന്‍ എത്തുന്നത് ഒരു സിനിമാപ്രേമിയെ സംബന്ധിച്ച് ആവേശം ജനിപ്പിക്കുന്ന കാഴ്ചയും അനുഭവവുമാണ്.
ALSO READ : 'ബ്രഹ്‍മാസ്ത്ര' ഇനി ഒടിടിയില്‍ കാണാം; സ്ട്രീമിംഗ് ആരംഭിച്ചു