Kaaval Review : ആക്ഷന്‍ ഹീറോയുടെ തിരിച്ചുവരവ്; 'കാവല്‍' റിവ്യൂ

By Web Team  |  First Published Nov 25, 2021, 4:21 PM IST

തൊണ്ണൂറുകളിലെ മാസ് ആക്ഷന്‍ ഹീറോയെ പുതിയ കാലത്തിന്‍റെ ഫ്രെയ്‍മിലേക്ക് അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട് സംവിധായകന്‍


സുരേഷ് ഗോപിയും (Suresh Gopi) കാക്കി യൂണിഫോമുമുണ്ടെങ്കില്‍ നിര്‍മ്മാതാക്കള്‍ മിനിമം ഗ്യാരന്‍റി ഉറപ്പിക്കുന്ന കാലമായിരുന്നു മലയാള സിനിമയുടെ തൊണ്ണൂറുകള്‍. പൊലീസ് യൂണിഫോമിലും അല്ലാതെയുമുള്ള മാസ് ആക്ഷന്‍ കഥാപാത്രങ്ങളാണ് അദ്ദേഹത്തിന്‍റെ താരപദവി ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത്. രണ്‍ജി പണിക്കര്‍ (Renji Panicker) എഴുതി ഷാജി കൈലാസും ജോഷിയും സംവിധാനം ചെയ്‍ത ചിത്രങ്ങളാണ് അക്കൂട്ടത്തില്‍ പെട്ടെന്ന് ഓര്‍ക്കപ്പെടുന്നവ. 2000നു ശേഷമുള്ള സുരേഷ് ഗോപിയുടെ ഫിലിമോഗ്രഫിയില്‍ ഈ ശ്രേണിയിലുള്ള ചിത്രങ്ങള്‍ കുറയുന്നതായി കാണാം. അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് അമ്പരപ്പിച്ച പല കഥാപാത്രങ്ങളെയും  അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സുരേഷ് ഗോപിയുടെ മാസ് വേഷങ്ങള്‍ നേടിയ ജനപ്രീതി അവയ്ക്കൊന്നും അവകാശപ്പെടാനാവില്ല. ഒരിടവേളയ്ക്കുശേഷം 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്കു മുന്നിലേക്കെത്തിയ സുരേഷ് ഗോപിയെ പഴയ മാസ് അപ്പീലില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്ന ചിത്രമാണ് 'കാവല്‍' (Kaaval).

മമ്മൂട്ടി നായകനായെത്തിയ 'കസബ'യിലൂടെ സംവിധായകനായി അരങ്ങേറിയ നിഥിന്‍ രണ്‍ജി പണിക്കരുടെ (Nithin Renji Panicker) രണ്ടാമത്തെ ചിത്രമാണ് കാവല്‍. സുരേഷ് ഗോപിയുടെ നിരവധി മാസ് കഥാപാത്രങ്ങളെ സൃഷ്‍ടിച്ച രണ്‍ജി പണിക്കര്‍ നായകനൊപ്പം നില്‍ക്കുന്ന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ മറ്റൊരു കൗതുകം. രണ്‍ജി പണിക്കര്‍ അവതരിപ്പിക്കുന്ന ആന്‍റണിയെന്ന മധ്യവയസ്‍കനായ കഥാപാത്രത്തിലൂടെയാണ് സുരേഷ് ഗോപിയുടെ തമ്പാനെ നമ്മള്‍ പരിചയപ്പെടുന്നത്. ഹൈറേഞ്ചില്‍ സ്വന്തം ബിസിനസുമായി കഴിഞ്ഞിരുന്ന ചെറുപ്പകാലത്ത് പൊതുകാര്യങ്ങളില്‍, വിശേഷിച്ചും തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ നേരിടുന്ന പ്രശ്‍നങ്ങളില്‍ മുന്‍ പിന്‍ നോക്കാതെ ഇറങ്ങിത്തിരിക്കുന്ന സ്വഭാവമുള്ളവരായിരുന്നു ഇരുവരും. അധികാരം കൈയാളുന്നവരെ പിണക്കേണ്ടിവന്നതിന്‍റെ തിക്താനുഭവം പില്‍ക്കാലത്ത് വ്യക്തിജീവിതത്തില്‍ പേറേണ്ടിവന്നവരുമാണ് ആന്‍റണിയും തമ്പാനും. 'പഴയ ജീവിത'ത്തിലേക്കും ഓര്‍മ്മകളിലേക്കും മടങ്ങാന്‍ താല്‍പര്യമില്ലാതെ മറ്റൊരിടത്ത് ജീവിക്കുന്ന തമ്പാന് പക്ഷേ ഹൈറേഞ്ചിലേക്കു തന്നെ മടങ്ങേണ്ടിവരുകയാണ്. ഉറ്റസുഹൃത്തിന്‍റെ കുടുംബം നേരിടുന്ന പ്രതിസന്ധി ഘട്ടത്തില്‍ ഒരു കാവലായി അയാള്‍ വന്നിറങ്ങുന്നതാണ് സിനിമയുടെ പ്ലോട്ട്.

Latest Videos

undefined

 

പതിയെയുള്ള തുടക്കമാണ് ചിത്രത്തിന്‍റേത്. ഭൂതകാലം ഏല്‍പ്പിച്ച ആഘാതം കൊണ്ടുനടക്കുന്നയാളെന്ന് ആദ്യ കാഴ്ചയില്‍ തന്നെ വ്യക്തമാവുന്ന തരത്തിലാണ് രഞ്ജി പണിക്കരുടെ ആന്‍റണിയുടെ ആദ്യ ഫ്രെയിം മുതല്‍ സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. അയാളുടെ കുടുംബവും പശ്ചാത്തലവും വിശദമായി പരിചയപ്പെടുത്തിയതിനു ശേഷമാണ് സുരേഷ് ഗോപിയുടെ തമ്പാനിലേക്ക് സിനിമ സഞ്ചരിക്കുന്നത്. തമ്പാന്‍റെയും ആന്‍റണിയുടെയും രണ്ടു വ്യത്യസ്‍ത കാലങ്ങള്‍ വിശ്വസനീയമായി അവതരിപ്പിക്കുന്നതില്‍ ചിത്രം വിജയിച്ചിട്ടുണ്ട്. ഒരു 'മാസ് നായകനെ' സൃഷ്‍ടിക്കാനായി അനാവശ്യമായി സൃഷ്‍ടിച്ചതെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളല്ല ചിത്രത്തിലേത്. മറിച്ച് പ്രേക്ഷകരെ വൈകാരികമായി കണക്റ്റ് ചെയ്‍തുകൊണ്ടാണ് പഴയ ഫയര്‍ ബ്രാന്‍ഡ് സുരേഷ് ഗോപിയെ ചിത്രം ഫ്രെയ്‍മില്‍ എത്തിക്കുന്നത്. തമ്പാന്‍റെ ഉറ്റ സുഹൃത്ത് ആന്‍റണിയായി മികച്ച താരനിര്‍ണ്ണയമാണ് രണ്‍ജി പണിക്കരുടേത്. ആന്‍റണിയുടെ ആവേശം നിറഞ്ഞ ചെറുപ്പവും ഭൂതകാലത്തിന്‍റെ വേദന പേറുന്ന മധ്യവയസ്സും രണ്‍ജി പണിക്കര്‍ നന്നായി സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട്. ഡയലോഗ് ഡെലിവറിയിലും ആക്ഷന്‍ സീക്വന്‍സുകളിലും പഴയ മാസ് കഥാപാത്രങ്ങളെ അനുസ്‍മരിപ്പിച്ച് തിളങ്ങുന്ന സുരേഷ് ഗോപിയുടെ തമ്പാന് ആഴം നല്‍കുന്നത് വൈകാരിക രംഗങ്ങളാണ്. പോയകാലത്തിന്‍റെ ഒരു വ്യഥ പേറുന്ന തമ്പാനെ ഗംഭീരമാക്കിയിട്ടുണ്ട് അദ്ദേഹം.

നിഖില്‍ എസ് പ്രവീണ്‍ ആണ് കാവലിന്‍റെ ഛായാഗ്രാഹകന്‍. ഹൈറേഞ്ചിന്‍റെ ഭംഗിയിലേക്ക് പ്രേക്ഷകന്‍റെ ശ്രദ്ധയെ മുറിക്കാതെ കഥാപാത്രങ്ങളുടെ സംഘര്‍ഷങ്ങളില്‍ ഊന്നല്‍ നല്‍കി കഥപറച്ചിലിനെ മുന്നോട്ടുകൊണ്ടുപോകുന്ന ശൈലിയിലാണ് നിഖിലിന്‍റെ ഫ്രെയ്‍മിംഗും ലൈറ്റിംഗുമൊക്കെ. തമ്പാന്‍റെയും ആന്‍റണിയുടെയും ജീവിതം കഴിഞ്ഞാല്‍ സിനിമയില്‍ ഏറ്റവും ശ്രദ്ധ നേടുന്നത് അതിലെ ഗാനങ്ങളാണ്. രഞ്ജിന്‍ രാജ് സംഗീതം പകര്‍ന്ന ഗാനങ്ങള്‍ റിലീസിനു മുന്‍പുതന്നെ ആസ്വാദകശ്രദ്ധ നേടിയിരുന്നു. 'കാര്‍മേഘം മൂടുന്നു' അടക്കമുള്ള മെലഡികളുടെ സിനിമയിലെ പ്ലേസിംഗ് ശ്രദ്ധേയമാണ്. കഥപറച്ചിലിനെ തടസ്സപ്പെടുത്താതെ, അതിനെ മുന്നോട്ടുനയിക്കാന്‍ സംവിധായകന് സഹായകമാവുന്നുണ്ട് ഗാനങ്ങള്‍. പ്രധാന കഥാപാത്രങ്ങളുടെ രണ്ട് വ്യത്യസ്‍ഥ കാലങ്ങള്‍ക്ക് ഒരേപോലെ പ്രാധാന്യമുള്ള സിനിമയില്‍ പ്രേക്ഷകര്‍ക്ക് ആശയക്കുഴപ്പം ഉണ്ടാക്കാതെ ആ കാലങ്ങളെ അവതരിപ്പിക്കാന്‍ എഡിറ്റര്‍ മന്‍സൂറിന്‍റെ കട്ടുകള്‍ സഹായിക്കുന്നുണ്ട്.

 

തമ്പാനായി സുരേഷ് ഗോപിയും ആന്‍റണിയായി രണ്‍ജി പണിക്കരുമാണ് ഏറ്റവും ശ്രദ്ധ നേടുന്നതെങ്കിലും ചിത്രത്തിന്‍റെ സപ്പോര്‍ട്ട് കാസ്റ്റും മികച്ച തെരഞ്ഞെടുപ്പുകളാണ്. ആന്‍റണിയുടെ മകളായി റേച്ചല്‍ ഡേവിഡ്, പി സി ബാലകൃഷ്‍ണനായി സാദ്ദിഖ്, എസ് ഐ കഥാപാത്രമായി കിച്ചു ടെല്ലസ്, പള്ളീലച്ചനായി പദ്‍മരാജ് രതീഷ് എന്നിവരുടെ പ്രകടനങ്ങളാണ് അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം. നെഗറ്റീവ് ഷെയ്‍ഡ് ഉള്ള പൊലീസ് കോണ്‍സ്റ്റബിള്‍ വര്‍ഗീസ് ആയി ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് ശങ്കര്‍ രാമകൃഷ്‍ണന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. തൊണ്ണൂറുകളിലെ സുരേഷ് ഗോപിയെ കാണാം എന്നതായിരുന്നു പ്രീ റിലീസ് അഭിമുഖങ്ങളില്‍ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ കാവലിനെക്കുറിച്ച് പറഞ്ഞത്. തൊണ്ണൂറുകളിലെ മാസ് ആക്ഷന്‍ ഹീറോയെ പുതിയ കാലത്തിനു ചേര്‍ന്ന തരത്തില്‍ അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട് സംവിധായകന്‍ എന്നാണ് കാവലിന്‍റെ കാഴ്ചാനുഭവം. 

click me!