കൈയ്യടിക്കേണ്ട കാതല്‍: വീണ്ടും 'ആക്ടര്‍ മമ്മൂട്ടി ആന്‍റ് കമ്പനി' ഞെട്ടിക്കുന്നു: ജിയോ ബേബി ചിത്രം റിവ്യൂ

By Web Team  |  First Published Nov 23, 2023, 12:46 PM IST

ഒരു ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മൂന്നാം വാര്‍ഡില്‍ പൊതു കാര്യ പ്രസക്തനായ സഹകരണ ബാങ്ക് മുന്‍ മാനേജറായ മാത്യൂസ് ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ എത്തുന്നയിടത്താണ് കാതല്‍ ആരംഭിക്കുന്നത്. 


പ്രമേയ വൈവിദ്ധ്യങ്ങള്‍ കൊണ്ട് സമീപകാല മലയാള സിനിമ ലോകത്ത് പ്രേക്ഷകര്‍ക്ക് വിസ്മയം സമ്മാനിക്കുന്നയാളാണ് മമ്മൂട്ടി. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പോലെ ഒരു ശ്രദ്ധേയ ചിത്രം ഒരുക്കിയ ജിയോ ബേബിയുമായി ചേര്‍ന്ന് മമ്മൂട്ടി ഒരു ചിത്രത്തില്‍ എത്തുന്നു എന്നത് പ്രേക്ഷകനെ സംബന്ധിച്ച് കൌതുകവും ആകാംക്ഷയും ഉണ്ടാക്കിയ വാര്‍ത്തയാണ്. കാതല്‍ ദ കോര്‍ എന്ന ചിത്രത്തിന്‍റെ രണ്ട് മണിക്കൂറിന്‍റെ കാഴ്ച കഴിഞ്ഞ് തീയറ്റര്‍ വിടുമ്പോള്‍ നേരത്തെ തോന്നിയ കൌതുകവും ആകാംക്ഷയും ഒരു അത്ഭുതമായി പ്രേക്ഷകന്‍റെ മുഖത്തുണ്ടാകും. ഈ വര്‍ഷത്തെ മികച്ചൊരു ചലച്ചിത്രമാണ് കഴിഞ്ഞിരിക്കുന്നത് എന്ന അത്ഭുതം. തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയത്തെ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ താരപദവികള്‍ അഴിച്ചുവച്ച് നിര്‍മ്മാതാവായും, ഒരു പെര്‍ഫോമറായും മമ്മൂട്ടി എന്ന നടനും ഒപ്പം അഭിനയിക്കുന്നവരും മനസില്‍ തറയ്ക്കും രീതിയില്‍ പറഞ്ഞുവച്ചിരിക്കുന്നു.

ഒരു ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മൂന്നാം വാര്‍ഡില്‍ പൊതു കാര്യ പ്രസക്തനായ സഹകരണ ബാങ്ക് മുന്‍ മാനേജറായ മാത്യൂസ് ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ എത്തുന്നയിടത്താണ് കാതല്‍ ആരംഭിക്കുന്നത്. ഭാര്യ ഓമനയ്ക്കും പിതാവിനും മകള്‍ ഫെനിക്കും ഒപ്പം ആര്‍ക്കും സന്തുഷ്ഠമെന്ന് തോന്നുന്ന ജീവിതം നയിക്കുന്ന മാത്യുസ്. പാര്‍ട്ടിക്കാരും ഉറപ്പിച്ച വിജയം. അതിനിടയിലാണ് കാട്ടുതീ പോലെ ആ കാര്യം പരക്കുന്നത്. ഓമന മാത്യുസില്‍ നിന്നും വിവാഹമോചനത്തിന് കേസ് നല്‍കിയിട്ടുണ്ട്. ആ കേസിന്‍റെ കാരണത്തിലാണ് പിന്നീട് കഥ മുന്നോട്ട് പോകുന്നത്. 

Latest Videos

undefined

ചിത്രത്തില്‍ മമ്മൂട്ടി എന്ന നടന്‍ പതിറ്റാണ്ടുകളുടെ അഭിനയ മികവിനെ വീണ്ടും വീണ്ടും വെല്ലുവിളിക്കുന്ന കാഴ്ചയാണ് മാത്യൂസ് എന്ന റോളിലൂടെ പ്രേക്ഷകന് മുന്നില്‍ വിരിയിക്കുന്നത്. തീര്‍ത്തും ഇമോഷന്‍ നിറച്ച ഒരു തിരക്കഥയില്‍ മമ്മൂട്ടി പലയിടത്തും പ്രേക്ഷകനെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തുന്ന പെര്‍ഫോമന്‍സ് പുറത്തെടുക്കുന്നു. പ്രമേയത്തിന്‍റെ മൌലികതയെ ഒരിക്കലും ഭംഗം വരുത്താത്ത രീതിയിലാണ് മമ്മൂട്ടി ചിലപ്പോള്‍ കരിയറില്‍ ചെയ്തിട്ടില്ല വ്യത്യസ്ത സ്വത്വം ഉള്‍കൊള്ളുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വെറും ഒരു മമ്മൂട്ടി ചിത്രമല്ല കാതല്‍ എന്ന് വീണ്ടും വീണ്ടും പറയേണ്ടിവരും. പ്രധാനമായും ജ്യോതിക അവതരിപ്പിച്ച ഓമന എന്ന റോള്‍. മമ്മൂട്ടിയോളം പോന്ന അതിനൊപ്പം നില്‍ക്കുന്ന കഥാപാത്ര നിര്‍മ്മിതിയാണ് ഓമനയുടെത്. അത് ജ്യോതികയുടെ അഭിനയത്തില്‍ ഭദ്രമാണ്. 

ഒപ്പം തന്നെ എടുത്തു പറയേണ്ട രണ്ട് പ്രകടനങ്ങള്‍ ചിത്രത്തില്‍ നടത്തിയിരിക്കുന്നത് സുധി കോഴിക്കോടും, മമ്മൂട്ടിയുടെ അപ്പന്‍റെ റോളില്‍ എത്തിയ നടനും ഗംഭീരമായ പ്രകടനമാണ് തീയറ്ററില്‍ നടത്തുന്നത്. പലപ്പോഴും സമൂഹം എന്നും ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയത്തെ ചലച്ചിത്രത്തിലേക്ക് കൊണ്ടുവരുമ്പോള്‍ തിരക്കഥകൃത്തും, സംവിധായകനും നേരിടുന്ന പ്രധാന പ്രശ്നം അവ വെറും പറച്ചിലുകളായി പോകും, അത് പ്രേക്ഷകനിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയില്ല എന്നതാണ്. എന്നാല്‍ തീര്‍ത്തും ഇമോഷണലായി ഒഴുകുന്ന തിരക്കഥയില്‍ ഈ പ്രശ്നത്തെ ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സ്കറിയ എന്നിവര്‍ ഗംഭീര കൈയ്യടക്കത്തോടെ മറികടക്കുന്നുണ്ട്. അതിനപ്പുറം ചിത്രത്തിന്‍റെ ഗതിയെ മികച്ച ക്രാഫ്റ്റിലും മേയ്ക്കിംഗിലും ഗംഭീരമാക്കിയിരിക്കുന്നു ജിയോ ബേബി എന്ന സംവിധായകന്‍.

സമൂഹം ഒന്നടങ്കം ചര്‍ച്ച ചെയ്യേണ്ട ഒരു പ്രമേയമാണ് ചിത്രത്തിന്‍റെ 'ദ കോര്‍'. ഒരു മനുഷ്യന്‍റെ  ഉള്ളിലെ അകകാമ്പ് ചിലപ്പോള്‍ മനസിലാക്കാന്‍, അല്ലെങ്കില്‍ അത് പരുവപ്പെടാന്‍ കാലങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും. തന്‍റെ സ്വത്വത്തെ തിരിച്ചറിയാന്‍ അംഗീകരിക്കാന്‍  അവന് സാമൂഹിക തടസ്സങ്ങള്‍ ഉണ്ടാകാം. എന്നാല്‍ സാഹചര്യവും സന്ദര്‍ഭവും സമൂഹവും അതിന് വഴിയൊരുക്കുന്ന കാലം വരും. ശുഭമായ ഒരു അന്ത്യത്തിലാണ് കാതല്‍ അവസാനിക്കുന്നത്. അപ്പോള്‍ ഒരു കൈയ്യടിയെങ്കിലും പ്രേക്ഷകന് നല്‍കാതിരിക്കാനും കഴിയില്ല. 

മമ്മൂട്ടി വീണ്ടും ഞെട്ടിച്ചോ? പ്രതീക്ഷയോളം എത്തിയോ 'കാതല്‍'? ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

'ജോർജ് മാർട്ടിൻ' അല്ല ഇനി 'മാത്യു ദേവസി'; വിസ്മയിപ്പിക്കാൻ മമ്മൂട്ടി, വിജയം ആവർത്തിക്കാൻ മമ്മൂട്ടി കമ്പനിയും

click me!