ത്രില്ലടിപ്പിച്ച് 'ഇരട്ട'- റിവ്യു

By Web Team  |  First Published Feb 3, 2023, 3:03 PM IST

ജോജു ജോര്‍ജ് ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിന്റെ റിവ്യു.


'ഇരട്ട' എന്ന പേരില്‍ തന്നെ സിനിമയുടെ കഥാ സൂചനകളുണ്ടായിരുന്നു. 'ഇരട്ട'കളായി എത്തിയത് ജോജു ജോര്‍ജും. പൊലീസ് വേഷത്തിലാണ് ജോജുവിന്റെ വേഷപകര്‍ച്ച എന്നതിനാല്‍ മുൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രേക്ഷക പ്രതീക്ഷകളും ആവോളമുണ്ടായിരുന്നു. ആ പ്രതീക്ഷകളെയൊക്കെ നിറവേറ്റുന്ന ഗംഭീര സിനിമ കാഴ്‍ച തന്നെയാകുന്നു 'ഇരട്ട' തിയറ്ററുകളില്‍.

പൊലീസുകാരായ 'വിനോദി'ന്റെയും 'പ്രമോദി'ന്റെയും കഥയാണ് ചിത്രം പറയുന്നത്. 'വിനോദ് എഎസ്ഐ'യും 'പ്രമോദ്' ഡിവൈഎസ്‍പിയുമാണ്. അതിന്റെ ഈഗോ ക്ലാഷുകളൊക്കെയുള്ള രണ്ട് കഥാപാത്രങ്ങളാണ് ഇരുവരും. തുടക്കത്തില്‍ വിനോദ്  മരിക്കുന്നു. വെടിയേറ്റാണ് വിനോദിന്റെ മരണം. ആരാണ് കൊലപാതകി?, വിനോദിന്റെ മരണം സംഭവിച്ചത് എങ്ങനെ?. തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയാണ് ആദ്യാവസാനം വരെ 'ഇരട്ട'. പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കുന്നതാണ് ഓരോ രംഗവും. ഞെട്ടിക്കുന്ന ഒരു ക്ലൈമാക്സോടെ ഒടുക്കവും.

Latest Videos

undefined

'ജോസഫും' 'നായാട്ടു'മൊക്കെ കണ്ട് ജോജു ജോര്‍ജുവിനെ ആഘോഷിച്ചവരാണ് മലയാളി പ്രേക്ഷകര്‍. ഇനി ജോജുവിനെ ഓര്‍ക്കുമ്പോള്‍ 'വിനോദും'  'പ്രമോദും'  മനസില്‍ തെളിയും. അത്രത്തോളം സ്വാഭാവിക വേഷപകര്‍ച്ചയാണ് ജോജു ചിത്രത്തില്‍ നടത്തിയിരിക്കുന്നത്. രൂപത്തില്‍ അധികമൊന്നും മാറ്റങ്ങള്‍ വരുത്താതെ തന്നെ കഥാപാത്രങ്ങള്‍ക്ക് വേറിട്ട വ്യക്തിത്വം നല്‍കാൻ ജോജുവിന് സാധിച്ചിരിക്കുന്നുവെന്നത് ആ അഭിനയപ്രതിഭയ്ക്ക് സാക്ഷ്യം. ജോജുവിന്റെ മുഖം തന്നെയായിട്ടും ഒറ്റനോട്ടത്തില്‍ തന്നെ വേര്‍തിരിച്ചറിയാനാകും വിധമുള്ളതാണ് 'വിനോദി'ന്റെയും 'പ്രമോദി'ന്റെയും മാനറിസങ്ങള്‍. പക്വതയാര്‍ന്ന പ്രകടനമാണ് ചിത്രത്തിലെ വൈകാരിക രംഗങ്ങളിലും ജോജുവിന്റേത്. ജീവിതത്തില്‍ തകര്‍ന്നുപോകുന്ന ദുരന്ത സന്ദര്‍ഭങ്ങളെ ചിത്രത്തില്‍ ആഴത്തില്‍ തീര്‍ത്ത വ്യത്യസ്‍ത ഭാവങ്ങളിലും ഇരു കഥാപാത്രങ്ങളിലും പകര്‍ത്തിയിരിക്കുന്നു ജോജു ജോര്‍ജ്.

സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു പ്രധാന കഥാപാത്രം ശ്രീകാന്ത് മുരളിയുടെ 'ഡിവൈഎസ്‍പി സതീഷ് ചന്ദ്രനാ'ണ്. സിനിമയുടെ സ്വാഭാവികമായ പ്രകടന ശൈലിക്ക് ചേര്‍ന്നു പോകുന്നതാണ് ശ്രീകാന്ത് മുരളിയുടെ ഭാവമാറ്റങ്ങള്‍. 'എസ്‍പി സവിത സത്യൻ' ആയി ചിത്രത്തില്‍ എത്തിയ ആര്യ സലിമും ചിത്രത്തിന്റെ മൊത്തം പ്രകടന ശൈലിക്കൊപ്പം നില്‍ക്കുന്നു. തമിഴ് നടി അഞ്‍ജലിയുടെ 'മാലിനി'യാണ് ചിത്രത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊരു പ്രധാന സ്‍ത്രീ കഥാപാത്രം.

സിനിമയ്‍ക്കൊപ്പം സഞ്ചരിക്കുന്ന പ്രേക്ഷകനെ വേദനിപ്പിക്കുന്ന ഒരു കഥാപരിസമാപ്‍തിയാണ് 'ഇരട്ട'യ്‍ക്കുള്ളത്. കഥാപാത്രങ്ങളെ മനശാസ്‍ത്രപരമായും സമീപിച്ചിരിക്കുന്നു ചിത്രം. അതുകൊണ്ടുതന്നെ പ്രധാന കഥാപാത്രങ്ങളുടെ പശ്ചാത്തലം പോലും വളരെ പ്രാധാന്യമര്‍ഹിക്കുന്ന തരത്തില്‍ പ്രകടമാകുന്നുണ്ട്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി അമ്പരിപ്പിക്കുന്ന ചിത്രം അഭിനേതാക്കളുടെ പ്രകടനത്താല്‍ പ്രശംസയര്‍ഹിക്കുന്നു.

ചിത്രത്തിന്റെ കഥയും സംവിധാനവും നവാഗതന്റേതാണ്. രോഹിത് എം ജി കൃഷ്‍ണൻ സിനിമയില്‍ വരവറിയിച്ചിരിക്കുന്നുവെന്ന് നിസംശയം പറയാം. ഒരു അന്വേഷണാത്മക സിനിമയ്ക്ക് വേണ്ടും വിധം ആകാംക്ഷ നിലനിര്‍ത്തിക്കൊണ്ട് ഓരോ രംഗങ്ങളും കോര്‍ത്തെടുക്കാൻ സംവിധായകനും തിരക്കഥാകൃത്തുമായ രോഹിത് എം ജി കൃഷ്‍ണന് കഴിഞ്ഞിരിക്കുന്നു. വ്യക്തതയോടെയും എന്നാല്‍ പ്രേക്ഷകനെ അനുഭവിപ്പിച്ചും കഥ പറയുന്ന ആഖ്യാന വൈഭവം തീര്‍ച്ചയായും രോഹിത് എം ജി കൃഷ്‍ണന് അവകാശപ്പെടാം.

വിജയ്‍യുടെ ഛായാഗ്രാഹണം ജോജു ജോര്‍ജ് ചിത്രത്തിന്റെ കാഴ്‍ചാനുഭവം മനോഹരമാക്കുന്നതില്‍ മാത്രമല്ല ഴോണറിന്റെ സ്വഭാവം നിലനിര്‍ത്തുന്നതിനും സഹായകരമാകുന്ന തരത്തിലാണ്.  മനു ആന്റണിയുടെ കട്ടുകള്‍ 'ഇരട്ട'യെന്ന ചിത്രത്തിന് മികവ് വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. ജേക്ക്സ് ബിജോയ്‍യുടെ പശ്ചാത്തല സംഗീതം ചിത്രത്തിന്റെ പ്രമേയമര്‍ഹിക്കുന്ന തരത്തിലുള്ളതാണ്. ഗാനവും കേള്‍വിക്കപ്പുറം കഥയോട് ചേര്‍ന്നിരിക്കുന്നു.

Read More: എ ആര്‍ റഹ്‍മാന്റെ ഗാനമെത്തി, ചിത്രത്തില്‍ ചിമ്പുവിനൊപ്പം അനു സിത്താരയും- വീഡിയോ

tags
click me!