ജോജു ജോര്‍ജ് നായകനായ 'പീസി'ന്റെ റിവ്യു.
ജോജു ജോര്‍ജ് നായകനായ 'പീസ്' തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിരി സംഭാഷണങ്ങളുടെ രസികത്ത്വത്തിനൊപ്പം ത്രില്ലിംഗ് അനുഭവവും കൂടി സമ്മാനിക്കുന്ന ചിത്രമാണ് 'പീസ്'. ചെറു കഥാ സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകന്റെ ആകാംക്ഷയെ കൊളുത്തിയിടുന്ന ആഖ്യാനമാണ് 'പീസി'ന്റേത്. അമ്പരിപ്പിക്കുന്ന ഒരു ട്വിസ്റ്റ് ചിത്രത്തെ കുറിച്ചുള്ള തുടര്‍ ചിന്തകളിലേക്ക് പ്രേക്ഷകനെ എത്തിക്കുകയും ചെയ്യും.
undefined
'കാര്‍ലോസ്' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജോജു ജോര്‍ജ് അവതരിപ്പിക്കുന്നത്. ഫുഡ് ഡെലിവറിക്കൊപ്പം അല്‍പസ്വല്‍പം കഞ്ചാവ് വില്‍പനയുമൊക്കെയുള്ള കഥാപാത്രമാണ് ജോജു ജോര്‍ജിന്റേത്. ജോജു ജോര്‍ജിന്റെ കഥാപാത്രത്തിന്റെ മകളായ 'രേണുക'യായിട്ടാണ് അദിതി രവി ചിത്രത്തില്‍ എത്തുന്നത്. ജോജു ജോര്‍ജിന്റെ സുഹൃത്തും കാമുകിയുമായ 'ജലജ'യായി ആശാ ശരത്തും ചിത്രത്തില്‍ എത്തുന്നു. 'കാര്‍ലോസി'ന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസത്തിലാണ് കഥ തുടങ്ങുന്നത്. മകള്‍ 'രേണുക' താൻ പ്രണയത്തിലാണെന്ന് 'കാര്‍ലോസി'നോട് പറയുകയാണ്. 'കാര്‍ലോസി'നൊപ്പം മദ്യപിക്കുകയും അടുത്ത് ഇടപെടുകയും ചെയ്യുന്ന 'ജിബ്രാൻ' ആണ് 'രേണുക'യുടെ കാമുകൻ. 'രേണുക'യ്‍ക്കൊപ്പം ആശുപത്രിയില്‍ മെയില്‍ നഴ്സ് ആണ് ഷാലു റഹിം അവതരിപ്പിക്കുന്ന 'ജിബ്രാൻ'. വളരെ രസകരമായ കഥാ സന്ദര്‍ഭങ്ങളിലൂടെ ഇവരുടെ പ്രണയം അവതരിപ്പിക്കപ്പെടുകയും കാര്‍ലോസ് സമ്മതിക്കുകയും ചെയ്യുന്നു.
'ജിബ്രാന്റെ' സുഹൃത്തിനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാൻ 'കാര്‍ലോസും' സംഘവും കാറില്‍ യാത്ര തിരിക്കുന്നു. വഴിയില്‍ കണ്ട അപരിചിതനായ മാമുക്കോയയെയും 'ജിബ്രാൻ' വാഹനത്തില്‍ കയറ്റുന്നു. യാത്രക്കിടെ അബദ്ധത്തില്‍ തോക്ക് പൊട്ടി മാമുക്കോയയുടെ കഥാപാത്രം മരിക്കുന്നു. മദ്യപിച്ചിരുന്ന 'കാര്‍ലോസി'നെയും സംഘത്തെയും ഇത് വലിയ കുടുക്കിലാക്കുന്നു. അതില്‍ നിന്ന് രക്ഷപ്പെടാൻ 'കാര്‍ലോസും' സംഘവും നടത്തുന്ന ശ്രമങ്ങളിലൂടെ 'പീസി'ന്റെ കഥ പുരോഗമിക്കുന്നു.
വളരെ തൻമയത്വത്തോടെയും രസകരമായുമാണ് ജോജു ജോര്‍ജ് 'കാര്‍ലോസി'നെ അവതരിപ്പിച്ചിരിക്കുന്നത്. ജോജു ജോര്‍ജിന്റെ മാനറിസങ്ങളും ഡയലോഗ് ഡെലിവെറിയുടെ താളവും കൃത്യമായ അളവില്‍ 'കാര്‍ലോസിന്' പാകമാകുന്നു. ആശാ ശരത്തിന്റെ അഭിനയ ജീവിതത്തിലെ വേറിട്ട കഥാപാത്രമാണ് 'ജലജ'. ജോജു ജോര്‍ജിനൊപ്പം കട്ടക്കുനില്‍ക്കുന്ന പ്രകടനമാണ് ആശാ ശരത്തിന്റേത്. ഇരുവരുടെയും ഓണ്‍ സ്‍ക്രീൻ കെമിസ്ട്രിയും കഥാ സന്ദര്‍ഭങ്ങള്‍ക്ക് പൂര്‍ണതയേകുന്നു. എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം പൊലീസ് ഇൻസ്‍പെക്ടറായ 'ഡിക്സണിന്റേ'താണ്. അനില്‍ നെടുമങ്ങാടാണ് 'ഡിക്സണെ' തനതു ശൈലിയില്‍ പകര്‍ത്തിയിരിക്കുന്നത്. അനില്‍ നെടുമങ്ങാടിന്റെ അവസാന ചിത്രവുമാണ് 'പീസ്'. രമ്യാ നമ്പീശന്റെ 'ഡോ. ഏഞ്ചല്‍' കഥാഗതിയില്‍ നിര്‍ണായകമായ ഒരു കഥാപാത്രമാണ്. രസികത്തം നിറഞ്ഞ രൂപഭാവാദികളോടെയാണ് സിദ്ദിഖ് ചിത്രത്തില്‍ കളം നിറഞ്ഞിരിക്കുന്നത്. വിജിലേഷ് കരയാടും ചിത്രത്തില്‍ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നവാഗതനായ സൻഫീര്‍ കെയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ആദ്യ സംവിധാന സംരഭത്തില്‍ തന്നെ പക്വതയോടെയുള്ള ആഖ്യാനം നിര്‍വഹിക്കാൻ സൻഫീറിനായി. കഥയുടെ രസച്ചരട് മുറിയാതിരിക്കാനുള്ള ശ്രദ്ധ സൻഫീര്‍ ആഖ്യാനത്തില്‍ പുലര്‍ത്തിയിട്ടുണ്ട്. ക്ലൈമാക്സിലെ ട്വിസ്റ്റിന്റെ അമ്പരപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നതും സൻഫീറിന്റെ ആഖ്യാനത്തിന്റെ മേൻമ കൊണ്ടാണ്. സൻഫീര്‍ കെയുടെതാണ് ചിത്രത്തിന്റെ കഥയും.
കളര്‍ഫുള്ളായിട്ടുള്ള ഒരു ചിത്രമാണ് ഛായാഗ്രാഹകനായ ജുബൈര്‍ മുഹമ്മദ് തന്റെ ക്യാമറക്കണ്ണിലൂടെ പ്രേക്ഷകനെ കാട്ടുന്നത്. നൗഫല്‍ അബ്‍ദുള്ളയുടെ കട്ടുകള്‍ സിനിമയുടെ ത്രില്ലിംഗ് അനുഭവം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. ജുബൈർ മുഹമ്മദിന്റെ സംഗീതവും ചിത്രത്തിന്റെ മൊത്തം സ്വഭാവത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ജോജു ജോര്‍ജ് പാടിയ ഗാനവും ചിത്രത്തിന് അനുയോജ്യമായതുതന്നെ.
Read More : മരുമക്കള്‍ 'സാന്ത്വനം' വീടിനെ പ്രശ്‍നത്തിലാക്കുമ്പോൾ, 'സാന്ത്വനം' റിവ്യു