സത്യൻ അന്തിക്കാടിന്റെ സംവിധാനത്തില്‍ ജയറാം നായകനായ 'മകളു'ടെ റിവ്യു (Makal review).
മീര ജാസ്‍മിന്റെ മടങ്ങിവരവ് എന്ന നിലയില്‍ റിലീസിന് മുന്നേ പ്രേക്ഷക ചര്‍ച്ചയില്‍ ഇടംപിടിച്ച ചിത്രമായിരുന്നു 'മകള്‍'. സത്യൻ അന്തിക്കാടും ജയറാമും വീണ്ടും ഒന്നിക്കുന്നുവെന്ന കൗതുകവുമുണ്ടായിരുന്നു. ഒരു സത്യൻ അന്തിക്കാട് - ജയറാം സിനിമയില്‍ പ്രതീക്ഷിക്കാവുന്ന കാര്യങ്ങള്‍ തന്നെയാണ് 'മകളി'ലും. കുടുംബ പ്രേക്ഷകരുടെ നായകനും സംവിധായകനും എന്ന വിശേഷണം അടിവരയിട്ടുറപ്പിക്കുകയാണ് ജയറാമും സത്യൻ അന്തിക്കാടും 'മകളി'ലൂടെയും (Makal review).
undefined
ഇരു മതസ്ഥരായ മീരാ ജാസ്‍മിന്റെ കഥാപാത്രം 'ജൂലി'യും ജയറാമിന്റെ കഥാപാത്രം 'നന്ദകുമാറും' പ്രണയിച്ചു വിവാഹം കഴിച്ചവരാണ്. അക്കാദമിക്കായി വലിയ പാരമ്പര്യമുള്ള ഒരു തറവാട്ടില്‍ നിന്നുള്ളയാളാണ് 'ജൂലി'. ആയുര്‍വേദ ഡോക്ടറുടെ മകനും മെക്കാനിക്കുമാണ് 'നന്ദകുമാര്‍'. പ്രവാസ ജീവിതത്തിന് ശേഷം മടങ്ങിവരുന്ന കഥാപാത്രമാണ് 'നന്ദകുമാര്‍'. 'നന്ദകുമാറി'ന്റെയും 'ജൂലി'യുടെയും മകള്‍ കഥാപാത്രമാണ് ദേവിക സഞ്‍ജീവ് അവതരിപ്പിക്കുന്ന 'അപര്‍ണ'. ഇവരുടെ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇണക്കങ്ങളും പിണക്കുക്കളും ഒക്കെയായി ഒരു കൊച്ചു കഥ. 'മകള്‍' എന്ന പേര് സൂചിപ്പിക്കുന്നതു പോലെ തന്നെയാണ് കഥാപശ്ചാത്തലവും.
കുടുംബ പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുന്ന സത്യൻ അന്തിക്കാട് സിനിമാ ശീലങ്ങളുടെ തുടര്‍ച്ചയാണ് മകളും. സത്യൻ അന്തിക്കാടിന്റെ അനുഭവ പരിചയം തന്നെയാണ് 'മകള്‍' എന്ന ചിത്രത്തെ പരുക്കേല്‍പ്പിക്കാതെ രക്ഷിക്കുന്നത്. ഒരു ഫീല്‍ഗുഡ് കുടുംബ ചിത്രമെന്ന ലേബലില്‍ 'മകളും' സത്യൻ അന്തിക്കാടിന്റെ പ്രേക്ഷകരെ ആകര്‍ഷിക്കും. ചെറു ചിരി രംഗങ്ങളും മകള്‍ എന്ന ചിത്രത്തിന്റെ പ്ലസുകളാണ്.
ഡോ. ഇക്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വീണ്ടും സത്യൻ അന്തിക്കാട് എന്ന സംവിധായകനു വേണ്ടി തിരക്കഥ എഴുതുന്നതില്‍ ഇക്‍ബാല്‍ കുറ്റിപ്പുറം വിജയിച്ചിരിക്കുന്നു. സാധാരണ സിനിമാ പതിവുകളില്‍ നിന്ന് വ്യത്യസ്‍തമായ അച്ഛൻ- മകള്‍ ബന്ധമാണ് മകളില്‍ പറയുന്നത്. ടീനേജുകാരിയായ ഒരു മകള്‍ക്ക് എങ്ങനെയാകണം അച്ഛൻ എന്നാണ് ചിത്രം പരിശോധിക്കുന്നത്. അച്ഛനും അമ്മയും വ്യത്യസ്‍ത മതക്കാരാകുമ്പോള്‍ മകള്‍ ഏത് മതം സ്വീകരിക്കും എന്ന ആശയക്കുഴപ്പങ്ങളെയൊക്കെ ആക്ഷേപഹാസ്യത്തോടെ നോക്കിക്കാണുന്നുണ്ട് ചിത്രം.
പ്രകടനത്തില്‍ ജയറാമില്‍ ഭദ്രമാണ് 'മകളി'ലെ 'നന്ദൻ'. ജയറാം കയ്യടക്കമുള്ള അഭിനയത്തോടെയാണ് ചിത്രത്തില്‍ 'നന്ദനെ' അവതരിപ്പിച്ചിരിക്കുന്നത്. വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കഥാപാത്രമല്ലെങ്കിലും സ്വാഭാവികതയോടെ 'ജൂലി'യെ പകര്‍ത്തിയത് കാണുമ്പോള്‍ മീരാ ജാസ്‍മിനിലെ നടിയെ പ്രേക്ഷകര്‍ക്ക് ഓര്‍മ വരും. 'അപര്‍ണ' എന്ന മകള്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദേവിക സഞ്‍ജീവാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. ടീനേജുകാരിയുടെ ഭാവപ്രകടനങ്ങള്‍ ഭദ്രമായി ചെയ്‍തിരിക്കുന്നു ദേവിക. പ്രേക്ഷകനെ എന്റര്‍ടെയ്‍ൻ ചെയ്യിപ്പിക്കുന്ന ഒരു കഥാപാത്രം നസ്‍ലെന്റെ 'രോഹിത്താ'ണ്. 'അപര്‍ണ'യെ പ്രണയിക്കുന്ന യുവാവായിട്ടുള്ള കഥാപാത്രമായി നസ്‍ലെൻ കയ്യടി നേടുന്നു. യുവ റോമിയായിടുള്ള നസ്‍ലിന്റെ ചെയ്‍തികളും സംഭാഷണങ്ങളുമെല്ലാം ചിരി സമ്മാനിക്കുന്നതാണ്. ഇന്നസെന്റ്, ശ്രീനിവാസൻ, സിദ്ധിഖ്, അല്‍ത്താഫ്, ബാലാജി മനോഹര്‍ തുടങ്ങിയവരെല്ലാം അവരവരുടെ കഥാപാത്രങ്ങളെ ഭംഗിയാക്കിയിരിക്കുന്നു.
'മകള്‍' എന്ന പേരിനോടും സിനിമയോടും മൊത്തം ചേര്‍ന്നുനില്‍ക്കുന്നതാണ് 'കണ്‍മണിയേ' എന്ന ഗാനം. വിഷ്‍ണു വിജയന്റെ സംഗീത സംവിധാനത്തില്‍ ബി കെ ഹരിനാരായണനാണ് ഗാനം എഴുതിയിരിക്കുന്നത്. പ്രദീപ് കുമാര്‍, കാര്‍ത്തിക വൈദ്യനാഥൻ എന്നിവര്‍ പാടിയിരിക്കുന്നു. രാഹുല്‍ രാജിന്റെ പശ്ചാത്തല സംഗീതവും 'മകള്‍' എന്ന ചിത്രത്തോട് ഇഴചേര്‍ന്ന് നില്‍ക്കുന്നു.