ഇന്ത്യയിലും പാകിസ്ഥാനിലുമായി വ്യാപിച്ചുകിടക്കുന്ന ആഫ്രിക്കൻ വേരുകളുള്ള ഗോത്രവിഭാഗമായ സിദ്ദികളുടെ ജീവിതമാണ് ജയൻ ചെറിയാൻ റിഥം ഓഫ് ദമ്മാമിൽ വിവരിക്കുന്നത്. തിരക്കഥയില്‍ ജയന്‍ ചെറിയാന്‍ സന്നിവേശിപ്പിച്ച സിദ്ദി സ്വത്വവും തുടക്കം മുതല്‍ അവസാനം വരെയുള്ള ദമ്മാമിന്‍റെ മേളപ്പെരുക്കവും റിഥം ഓഫ് ദമ്മാമിലൂടെ മലയാളി സംവിധായകന്‍ എന്ന നിലയില്‍ ജയന്‍ ചെറിയാനെ ഒരിക്കല്‍ക്കൂടി അടയാളപ്പെടുത്തുന്നു.
'ഉത്തര കന്നഡയിലെ സിദ്ദി വിഭാഗക്കാരായ എല്ലാ സഹോദരി സഹോദരന്‍മാര്‍ക്കുമുള്ള ആദരമാണ് ഈ സിനിമ'
സിദ്ദികള്‍, അടിമകളായി പോര്‍ച്ചുഗീസ് വ്യാപാരികള്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്ന ആഫ്രിക്കന്‍ തദ്ദേശീയര്‍. ഇന്ത്യയിലും പാകിസ്ഥാനിലുമായി അധിവസിക്കുന്ന ആഫ്രിക്കന്‍ വംശജരായ ബന്തു ഗോത്ര ജനതയാണ് സിദ്ദികള്‍ എന്നറിയപ്പെടുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ബ്രാഹ്‌മണ അടിമത്തത്തിന്‍റെ ഇരകളായി വിവേചനം നേരിടേണ്ടിവരുന്ന ഉത്തര കന്നഡയിലെ സിദ്ദി ഗോത്രക്കാരുടെ പാരമ്പര്യവും ജീവിതവും സംസ്‌കാരവും ആചാരങ്ങളുമാണ് ദമ്മാം എന്ന വാദ്യോപകരണത്തിന്‍റെ പശ്ചാത്തലത്തില്‍ 'റിഥം ഓഫ് ദമ്മാം' (Rhythm of Dammam) എന്ന ചലച്ചിത്രത്തിലൂടെ ജയന്‍ ചെറിയാന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ദൈര്‍ഘ്യം 92 മിനിറ്റ്. 29-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്‌കെ 2024) മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം സിദ്ദികളുടെ പ്രാദേശിക ഭാഷയിലുള്ള ആദ്യ സിനിമ കൂടിയാണ്.
undefined
സിദ്ദി സ്വത്വം
ഈ നൂറ്റാണ്ടില്‍ മലയാളത്തിലെ രാഷ്ട്രീയ സിനിമകളുടെ പതാകവാഹകരിൽ ഒരാളായ സംവിധായകനാണ് ജയൻ ചെറിയാൻ. സെന്‍സര്‍ഷിപ്പ് ആഹ്വാനങ്ങള്‍ക്ക് വഴി തുറക്കുകയും 2012ലെ 17-ാം കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങൾക്കും വിധേയമാവുകയും ചെയ്ത 'പപ്പീലിയോ ബുദ്ധ' എന്ന ചിത്രത്തിന്‍റെ സംവിധായകനായിരുന്നു അദേഹം. 2016ലെ 'കാ ബോഡിസ്‌കേപ്സ്' എന്ന സിനിമയും ശ്രദ്ധിക്കപ്പെട്ടു. ഫീച്ചർ ഫിലിമുകൾക്ക് പുറമെ ഡോക്യുമെന്‍ററി, ഷോര്‍ട് ഫിലിം സംവിധായകൻ എന്ന നിലയിലും രാജ്യാന്തര അംഗീകാരങ്ങൾ നേടിയിട്ടുള്ള ജയൻ ചെറിയാന്‍റെ ഏറ്റവും പുതിയ സിനിമയും രാഷ്ട്രീയ സന്ദേശവാഹകയാണ്.
'ഉത്തര കന്നഡയിലെ സിദ്ദീ വിഭാഗത്തിലെ സഹോദരി സഹോദരന്‍മാര്‍ക്കുള്ള ആദരം' എന്ന ടൈറ്റിലോടെയാണ് ജയൻ ചെറിയാൻ എഴുതി സംവിധാനം ചെയ്ത റിഥം ഓഫ് ദമ്മാം ആരംഭിക്കുന്നത്. കാടിന്‍റെ വന്യമായ വിദൂര ഷോട്ടുകളിൽ സിദ്ദി ഗോത്രക്കാർ ആരെന്ന മുഖവുരയോടെയുള്ള തുടക്കം. ഉത്തര കർണാടകയിലെ ഒരു സിദ്ദി കുടുംബത്തിലെ കാരണവർ മരണപ്പെടുന്നു. അയാളുടെ ദഹിപ്പിക്കലും അടിയന്തരവും അതിനോടനുബന്ധിച്ച് അരങ്ങേറുന്ന സംഭവങ്ങളിലൂടെയുമാണ് സിനിമയുടെ രംഗപ്രവേശം. അതേ വീട്ടിലെ ജയറാം സിദ്ദി എന്ന 12 വയസുകാരന്‍റെ ശരീരത്തിലേക്ക് മുത്തച്ഛന്‍റെ ആത്മാവ് കുടിയേറുന്നതിലൂടെ സിനിമയുടെ ട്രാക്ക് മാറുന്നു. അതോടെ സിനിമ നാടകീയമാകുന്നു. ജയറാമിനെ മോചിപ്പിക്കാൻ കുടുംബം ദമ്മാം സംഗീതത്തെയും ഗോത്രാചാരങ്ങളെയും കൂട്ടുപിടിക്കുന്നതിലൂടെയാണ് സിനിമയുടെ വികാസം.
ഉത്തര കന്നഡയിലെ സിദ്ദീ വിഭാഗത്തിലെ സഹോദരി സഹോദരന്‍മാര്‍ക്കുള്ള ആദരം- എന്ന ടൈറ്റിലിനെ സിദ്ദികളുടെ ജീവിതവും സംസ്കാരവും സാമൂഹിക സാഹചര്യവും അതേപടി പകര്‍ത്തി റിഥം ഓഫ് ദമ്മാമിലൂടെ ജയന്‍ ചെറിയാന്‍ സാധൂകരിക്കുന്നു. സിനിമയിലെ കാസ്റ്റിംഗാണ് ഏറ്റവും ശ്രദ്ധേയം. സിദ്ദി പ്രാദേശിക ഭാഷാഭേദത്തിലുള്ള ഈ സിനിമയിലെ അഭിനയതാക്കളെല്ലാം സിദ്ദി ഗോത്രത്തില്‍പ്പെട്ടവര്‍ തന്നെയാണ്. സിദ്ദികളും ദമ്മാമും ചേരുന്ന സ്വാഭാവിക അവതരണശൈലി ജയന്‍ ചെറിയാന്‍ ഈ ചിത്രത്തിലും പിന്തുടരുന്നു. എന്നാല്‍ അത് ഡോക്യുമെന്‍ററി സ്വഭാവത്തിലേക്ക് വഴുതിപ്പോയിട്ടുമില്ല. ദമ്മാമിന്‍റെ മേളപ്പെരുക്കത്തിലും സവിശേഷ നൃത്തത്തിലുമുള്ള രണ്ട് ദീര്‍ഘ രംഗങ്ങള്‍ സിനിമയില്‍ ശ്രദ്ധേയം. യാഥാർഥ്യ ബോധം കൈവിടാതെ ദമ്മാം പോലെ വളരെ ലൗഡായ സംഭാഷണങ്ങളിലും ശബ്ദത്തിലുമാണ് അവതരണം. ടൈറ്റിൽ ഷോട്ട് മുതൽ അതിമനോഹരമായ ദൃശ്യാവിഷ്കാരവും കാണാം. എല്ലാറ്റിനും ദമ്മാം സംഗീതത്തിന്‍റെ കോറസ്സുമുണ്ട്.
ജയറാം സിദ്ദി (ചിന്‍മയ് സിദ്ദി), ഭാസ്‌കര സിദ്ദി (പ്രശാന്ത് സിദ്ദി), യശോദ സിദ്ദി (ഗിരിജ സിദ്ദി), ഗണപതി സിദ്ദി) (നാഗരാജ് സിദ്ദി), ഫ്രാന്‍സിസ് സിദ്ദി (മോഹന്‍ സിദ്ദി) എന്നിവരാണ് പ്രധാന അഭിനയതാക്കള്‍. ജയറാം സിദ്ദി, ഭാസ്‌കര സിദ്ദി എന്നിവരുടെ അഭിനയമാണ് ഏറ്റവും പ്രശംസനീയം.
ഒറ്റ സീനില്‍ കത്തുന്ന പ്രതിഷേധാഗ്നി
റിഥം ഓഫ് ദമ്മാമില്‍ സിദ്ദികളുടെ ജീവിതത്തിലേക്കാണ് ജയന്‍ ചെറിയാന്‍ ക്യാമറ ഫോക്കസ് ചെയ്യുന്നത്. അവരുടെ ജീവിതവും സംസ്‌കാരവുമായി താരതമ്യം ചെയ്യുമ്പോള്‍ വൈരുധ്യങ്ങളെ തുറന്നുകാട്ടാന്‍ അത്രയധികം സ്ക്രീന്‍സ്‌പേസ് അനുവദിച്ചിട്ടില്ല. ടൈറ്റിലിലെ സമര്‍പ്പണം കഴിഞ്ഞാല്‍ പിന്നീടങ്ങോട്ട് സിദ്ദികളുടെ ജീവിതമാണ് പ്രധാന പ്രമേയം. എന്നാല്‍ പോര്‍ച്ചുഗീസ് അടിമകളായി ഇന്ത്യയിലെത്തുകയും ഗോവയില്‍ നിന്ന് രക്ഷപ്പെട്ടോടി ഉത്തര കന്നഡിലെ വനാന്തരങ്ങളില്‍ അഭയംപ്രാപിക്കുകയും ചെയ്ത സിദ്ദികള്‍ ഇന്നും നേരിടുന്ന ജാതീയ വിവേചനങ്ങളെ പിന്നീടുള്ള ഒറ്റ സീനില്‍ ജയന്‍ ചെറിയാന്‍ ആളിക്കത്തിക്കുന്നു. ഭൂവുടമയും തൊഴിലാളിയും തമ്മിലുള്ള വിടവിനെ ആ ഒറ്റ രംഗത്താല്‍ ജയന്‍ ചെറിയാന്‍ വിദഗ്ധമായി റിഥം ഓഫ് ദമ്മാമില്‍ അടയാളപ്പെടുത്തി.
ഉത്തര കന്നഡയില്‍ അധിവസിക്കുന്ന സിദ്ദികളുടെ ജീവിതത്തെ ദമ്മാം സംഗീതത്തിന്‍റെ സ്വത്വതാളത്തിൽ അവതരിപ്പിക്കുന്നതില്‍ റിഥം ഓഫ് ദമ്മാം വിജയിക്കുന്നു. പാർശ്വവൽക്കരണവും അപരവല്‍ക്കരണവും ഒരിക്കല്‍ക്കൂടി ജയന്‍ ചെറിയാന്‍ സിനിമയില്‍ ചര്‍ച്ചയായി.
Read more: മലയാള സിനിമയുടെ കരുത്ത്, ക്രാഫ്റ്റ്! കൃഷാന്ദിന്‍റെ സംഘർഷ ഘടന- റിവ്യൂ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം