ഐഫ്എഫ്എഫ്‍കെ 2024ല്‍ പ്രദര്‍ശിപ്പിച്ച മി മറിയം, ദ ചില്‍ഡ്രൻ ആൻഡ് 26 അദേഴ്‍സ് റിവ്യു.
ഒരു മുപ്പതുകാരിയുടെ വീടിന്റെയും ഓര്‍മകളുടെയും പശ്ചാത്തലത്തിലാണ് മി മറിയം, ദ ചില്‍ഡ്രൻ ആൻഡ് 26 അദേഴ്‍സ് സിനിമാക്കാഴ്‍ചയായിരിക്കുന്നത്. ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന യുവതിയാണ് മറിയം മഹബൊബ. മഹബൊബെ വീട് ഫര്‍ഷദ് ഹഷെമിയുടെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി വിട്ടുകൊടുക്കുകയാണ്. സിനിമാ ചിത്രീകരണം എങ്ങനെയാണ് മഹബൊബയുടെ ജീവിതത്തെ ബാധിക്കുന്നതെന്ന് ഇറാന്റെ രാഷ്‍ട്രീയപരമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടും ചര്‍ച്ച ചെയ്യുന്ന സിനിമയാണ് മി മറിയം, ദ ചില്‍ഡ്രൻ ആൻഡ് അദേഴ്‍സ്.
ചലനാത്മകമല്ലാത്ത മഹബൊബയുടെ ജീവിതം ഷൂട്ടിംഗ് സംഘത്തിന്റെ വരവോടെ മാറിമറിയുകയാണ്. ചിത്രീകരണത്തിനായി വിട്ടുകൊടുക്കുമ്പോഴും വീട്ടില്‍ നിന്ന് മാറിത്താമസിക്കാൻ മഹബൊബ ഒരുക്കമല്ല. മഹബൊബയുടെ ഓര്‍മകള്‍ തീര്‍ക്കുന്ന നിശ്ചലതകള്‍ വീട്ടില്‍ പലയിടങ്ങളായുണ്ട്. അവയ്‍ക്കൊന്നും നാശം സംഭവിക്കാതിരിക്കാനാണ് ഷൂട്ടിംഗുള്ളപ്പോഴും അവിടെ താമസിക്കാൻ മഹബൊബ തയ്യാറാകുന്നത്. എന്നാല്‍ മഹബൊബയുടെ വീടിന്റെ സ്വതസിദ്ധമായ അവസ്ഥയെ ഷൂട്ടിംഗ് സംഘം അപ്പാടെ തകിടം മറിക്കുന്നു.
undefined
മഹബൊബ എങ്ങനെയാണ് ഒരു ഒറ്റപ്പെടലിലേക്ക് മാറിയെന്നതില്‍ ഇറാനിലെ സമകാലീന രാഷ്‍ട്രീയ സാഹചര്യങ്ങള്‍ക്കും പങ്കുണ്ടെന്ന് പറയാതെ പറയുന്നുണ്ട് സംവിധായകൻ. സിനിമയ്‍ക്കുള്ളിലെ ലൈൻ പ്രൊഡ്യൂസറായ ഫര്‍ഷദ് ഹഷെമിയുടെ സെറ്റിലെ പ്രോപ്പര്‍ട്ടികളും ശ്രദ്ധാപൂര്‍വം നിരത്തിയവയാണ്. ആ ഹ്രസ്വ ചിത്രത്തിന്റെ കഥ പറച്ചിലിനൊപ്പം മഹബൊബയുടെ ഭൂതകാലവും സമാന്തരമായി പകര്‍ത്തുമ്പോള്‍ നായിക ഹിജാബ് ധരിച്ചവരെല്ലെന്നതും ശ്രദ്ധേയമാണ്. മഹബൂബയുടെ പോയകാല ജീവിതത്തിലെ ഓര്‍മകള്‍ സിനിമയ്‍ക്കുള്ളിലെ നായിക അവതരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളുമായി ചില ഘട്ടങ്ങളില്‍ താദാത്മ്യം പ്രകടിപ്പിക്കുന്നുമുണ്ട്.
വീട്ടില്‍ ക്രമം തെറ്റാതെ വെച്ചിരിക്കുന്ന സാധന സാമഗ്രികള്‍ ഷൂട്ടിംഗ് സംഘത്തിലെ ആള്‍ക്കാര്‍ മാറ്റുന്നു. തുടക്കത്തില്‍ മഹബൊബയെ ഏറ്റവും അലോസരപ്പെടുത്തുന്ന സംഗതികളാണ് ഇവ. മഹബൊബയുടെ ഓര്‍മകളെ തകിടം മറിക്കുന്നതും പുനരവലോകനം ചെയ്യുന്ന പ്രവൃത്തിയായും അത് മാറുന്നുണ്ട്. അതില്‍ പ്രധാനം മഹബൊബയുടെ അച്ഛൻ വരച്ച അപൂര്‍ണമായ ചിതം മാറ്റുന്നതാണ്. ഒരാളുടെ മുഖം പാതി വരച്ച ഒരു ചിത്രമാണ് അത്. അവസാന ഘട്ടത്തില്‍ ആ ഒരു ചിത്രത്തിന്റെ അപൂര്‍ണത പൂര്‍ണതയിലേക്ക് മഹബൊബയുടെ ഓര്‍മകളിലെന്ന പോലെ ഒരു രംഗത്ത് സ്വാഭിവകമായ സ്വയം വരയുന്നുമുണ്ട്. ചിത്രം വെച്ച സ്ഥലത്ത് സിനിമയ്‍ക്കുള്ളിലെ സിനിമയിലെ നായികയുടെയും നായകന്റെയും പെയിന്റിംഗ് തൂക്കിയിടുമ്പോള്‍ ആദ്യം മഹബോബ അസ്വസ്‍ഥപ്പെടുന്നുണ്ടെങ്കിലും പിന്നീടിന്റെ അതിനോട് സഹൃദയത്വം കാട്ടുന്നുമുണ്ട്.
സംവിധായകൻ ഫര്‍ഷദ് ഹഷെമി സിനിമയ്‍ക്കുള്ള സിനിമക്കാരനായി മി മറിയം, ദ ചില്‍ഡ്രൻ ആൻഡ് അദേഴ്‍സില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അക്ഷരാര്‍ഥത്തില്‍ യഥാര്‍ഥ സിനിമയെ ചലിപ്പിക്കുന്നതും സംവിധായകൻ ഫര്‍ഷദ് ഫാഷ്‍മിയുടെ കഥാപാത്രം ആണെന്നതും പ്രത്യേകതയാണ്. സമാന്തരമായി രണ്ട് സിനിമാ കഥകളെയും ഒരു ചരടില്‍ കോര്‍ത്തിണക്കിയിരിക്കുകയാണ് ഹര്‍ഷദ് ഫാഷ്‍മി. ടൈറ്റില്‍ കാര്‍ഡിലടക്കം ബുദ്ധിപൂര്‍ണമായ ഒരു സാമര്‍ഥ്യം പ്രകടമാക്കുന്നുണ്ട് ഫര്‍ഷദ് ഹാഷ്‍മി. സിനിമയുടെ ആകെത്തുകയെ അതില്‍ കോര്‍ത്തിടുന്നു. ചുമരില്‍ നീല പെയിന്റടിച്ചും പടര്‍ത്തിയുമാണ് ചിത്രത്തിന്റെ ടൈറ്റില്‍ തെളിയുന്നതും മായുന്നതും.
സിനിമയില്‍ പ്രധാന കഥാപാത്രം അവതരിപ്പിച്ചത് തിരക്കഥ എഴുത്തിലും പങ്കാളിയായ മഹബോബെ ഘൊലാമിയാണ്. ശില്‍പിയുമായ മഹബോബെയായി പക്വതയാര്‍ന്ന പ്രകടനം ചിത്രത്തില്‍ നടത്തുന്നുണ്ട് അവര്‍. മഹബോബെയുടെ പ്രകനം സിനിമയുടെ നട്ടെല്ലുമാണ്. വൈകാരിക പ്രക്ഷുബ്‍ധമായ ഓര്‍മകളും ജീവിതവും താരം കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. സംവിധായകൻ ഫര്‍ഷാദ് ഹാഷ്‍മി ലൈൻ പ്രൊഡ്യൂസറായി സമര്‍ഥമായ ഇടപെടലുകള്‍ നടത്തുന്നതും ശ്രദ്ധയാകര്‍ഷിക്കുന്നു. സിനിമയുടെ പ്രമേയത്തില്‍ കൃത്യമായി പ്ലേസായ താരങ്ങള്‍ പ്രധാന ആകര്‍ഷകമാകുന്നുണ്ട്. നാവിദ്, സാറ, മിലിദാ അലിഖാനി, റഹേല അര്‍ഷാദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്.
പേയ്‍മൻ യാസ്‍ദാനിയന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ സ്വാഭാവികമായ പരിണാമത്തിനും അടയാളപ്പെടുത്തലുകള്‍ക്കും കൃത്യമായി അടിവരയിടുന്നതാണെന്നതും പ്രധാനമാണ്.
Read More: മൂന്ന് സ്‍ത്രീകള്‍, ഒരു ജീവിതം- മെമ്മറീസ് ഓഫ് ബേര്‍ണിംഗ് ബോഡി റിവ്യു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക