സ്ത്രീയുടെ ആര്‍ത്തവകാലകാല ശുദ്ധി ആധുനികതയ്ക്കും സ്വാതന്ത്ര്യബോധത്തിനും അതീതമായി ഇന്നും നിലനിൽക്കുന്നുവെന്ന യാഥാർഥ്യത്തിലേക്കുള്ള ഓർമപ്പെടുത്തലാകുന്നുണ്ട് അകത്തകളങ്ങളിൽ സ്ത്രീകൾ മാത്രം ഉൾപ്പെടുന്ന ഒരു സംഭാഷണ രംഗം.
'കമിങ് ഓഫ് ഏജ് ഡ്രാമ' ഴോൺറയിൽ ഇന്ദു ലക്ഷ്മി തീർത്ത 'ഇമോഷ്ണൽ ഹുക്ക്' ആണ് 'അപ്പുറം'. അനഘ രവി അവതരിപ്പിക്കുന്ന ജാനകി എന്ന കഥാപാത്രത്തിൻ്റെ കാഴ്ചയിലൂടെയാണ് കഥ നടക്കുന്നത്. ജാനകിയുടെ വൈകാരിക തലത്തിലൂടെയാണ് അപ്പുറത്തിൻ്റെ സഞ്ചാരം. കൗമാരക്കാരിയായ ജാനകിയുടെ എട്ട് വയസ് മുതലുള്ള പ്രായമാണ് സംഭാഷണങ്ങളിലൂടെ സംവിധായിക സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അനഘയ്ക്ക് പുറമെ ജഗദീഷ്, മിനി ഐ ജി എന്നിവരാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ.
തുടർച്ചയായി ആത്മഹത്യാ ശ്രമം നടത്തുന്ന അമ്മ. ആദ്യത്തെ ശ്രമം നടത്തുന്നത് തനിക്ക് എട്ട് വയസുള്ളപ്പോഴായിരുന്നു എന്ന് പറഞ്ഞുകൊണ്ട് സംഭാഷണങ്ങളിലൂടെ, നേരെ കഥയിലേയ്ക്ക് സംവിധായിക പ്രേക്ഷകരെ വലിച്ചിട്ടു. മരണവുമായി മുഖാമുഖം നില്‍ക്കുന്നത് ആത്മഹത്യാ ശ്രമങ്ങൾ തുടരുന്ന മിനി ഐ ജിയുടെ അമ്മ കഥാപാത്രം മാത്രമല്ല, അനഘ അവതരിപ്പിക്കുന്ന മകളും ജഗദീഷിന്റെ അച്ഛൻ കഥാപാത്രവും കൂടിയാണ്. ചെറിയ പ്രായം മുതൽ ജാനകി അനുഭവിക്കുന്ന അരക്ഷിതാവസ്ഥ അവരുടെ കുടുംബാന്തരീക്ഷത്തിലെ അസ്ഥിരതയൊക്കെ നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷകരിലെത്തിക്കുന്നുണ്ട് ഇന്ദു. വളരെ വേഗം കഥയിൽ വന്നുവീണ കാഴ്ചക്കാരെ തുടർന്നുള്ള ഒന്നരമണിക്കൂറിനടുത്ത സമയം പൂർണമായും ജാനകിയുടെ മാനസികാവസ്ഥകൾക്കൊപ്പം അവരുടെ വീട്ടിൽ തളച്ചിടുന്നു.
ആദ്യ പകുതിയിൽ മാറി മാറി വരുന്ന പ്രധാന ലൊക്കേഷൻ ജാനകിയുടെ വീടും ആശുപത്രിയും മാത്രമാണ്. പിന്നീട് അമ്മയുടെ 'വിജയിച്ച ആത്മഹത്യാശ്രമ'ത്തിനു പിന്നാലെ കഥാപരിസരം പൂർണമായും ഗ്രാമാന്തരീക്ഷത്തിലേയ്ക്ക് മാറുകയാണ്. ജാനകിയുടെ അമ്മ ജനിച്ചുവളർന്ന വീട്ടിലാണ് പിന്നീട് കഥ നടക്കുന്നത്. കഥയുടെ ആദ്യ പകുതിയായി കരുതാവുന്ന അമ്മയുടെ മരണം വരെയുള്ള ഭാഗത്ത് ആ കഥാപാത്രം ആവർത്തിച്ച് പറയുന്ന അവരുടെ അച്ഛനാണ് കുടുംബവീട്ടിൽ ഏറ്റവും 'സ്ട്രൈക്കിങ് ' ആയി ആദ്യം പ്രത്യക്ഷപ്പെടുന്നത്. മാനസിക രോഗത്തിന്റെ കുടുംബ പാരമ്പര്യത്തെക്കുറിച്ച് മിനി ഐജിയുടെ കഥാപാത്രം പറയുന്നതും ചെറുപ്പകാലത്ത് അവരനുഭവിച്ചതായി സംഭാഷണങ്ങളിലൂടെ മനസിലാകുന്ന ട്രോമയുമെല്ലാം ഇവിടെയെത്തുമ്പോൾ സാധൂകരിക്കപ്പെടുന്നുണ്ട്. പിന്നീട് കാണുന്നത് വിശ്വാസവും അന്ധവിശ്വാസവും തമ്മിലെ ഞാണിന്മേൽകളിയാണ്.
നമ്മുടെയൊക്കെ കുടുംബങ്ങളിലേയ്ക്ക് തിരിച്ചുവച്ച ക്യാമറക്കാഴ്‍ചയാണ് പിന്നീട് കഥ. അമ്മയോടുള്ള സ്നേഹത്തിനും അവരെ നഷ്ടപ്പെടുമോ എന്ന ഭയത്തിലുമാണ് ജാനകി അതുവരെ ജീവിച്ചതെങ്കിൽ ലിംഗവിവേചനത്തിന്റെയും ആഴത്തിൽ വേരൂന്നിയ അന്ധവിശ്വാസങ്ങളുടെയും കഠിനമായ യാഥാർത്ഥ്യങ്ങളെയാണ് അമ്മയുടെ വീട്ടിൽ അവൾക്ക് അഭിമുഖീകരിക്കേണ്ടിവരുന്നത്. മുതിർന്ന പുരുഷന്മാർ തനിക്ക് വേണ്ടി തീരുമാനങ്ങളെടുക്കുന്ന കാഴ്ചയുടെ നിസ്സഹായതയിൽ അമ്മയെ അവസാന നോക്ക് കാണാൻ പോലും കഴിയാതെ വരുന്നുണ്ട് ജാനകിക്ക്. അമ്മയുടെ ബന്ധുക്കളായി ആ വീട്ടിൽ നിറയുന്ന ഓരോ കഥാപാത്രങ്ങളും വീട്ടകങ്ങളിലെ യാഥാർഥ്യങ്ങളിലേക്ക് തിരിച്ചുവച്ച പേടിപ്പെടുത്തുന്ന കണ്ണാടിയായി.
undefined
ജാതകം, ജാതി, കുടുംബമഹിമ എന്നിങ്ങനെയുള്ള ജീർണതകളെ സിനിമ ചർച്ചയ്ക്ക് വയ്ക്കുന്നുണ്ട്. സ്ത്രീയുടെ ആര്‍ത്തവകാലകാല ശുദ്ധി ആധുനികതയ്ക്കും സ്വാതന്ത്ര്യബോധത്തിനും അതീതമായി ഇന്നും നിലനിൽക്കുന്നുവെന്ന യാഥാർഥ്യത്തിലേക്കുള്ള ഓർമപ്പെടുത്തലാകുന്നുണ്ട് അകത്തകളങ്ങളിൽ സ്ത്രീകൾ മാത്രം ഉൾപ്പെടുന്ന ഒരു സംഭാഷണ രംഗം. താൻ തൊട്ടിട്ട് ഇതുവരെ തുളസിച്ചെടിയൊന്നും വാടിയിട്ടില്ലെന്ന് പറയുന്ന സ്ത്രീ, പെണ്ണുങ്ങൾ ചന്ദ്രനിൽ പോയകാലത്താണോ ഈ തൊട്ടുകൂടായ്മയെന്ന് ചോദിക്കുമ്പോൾ സ്ത്രീകൾ ചന്ദ്രനിൽ പോയിട്ടില്ലെന്ന് പറയുന്നത് പുതിയ തലമുറക്കാരിയാണ്. അച്ഛൻ, അമ്മ എന്നിങ്ങനെയല്ലാതെ മറ്റു ബന്ധുക്കളുടെ ബന്ധങ്ങളെയൊന്നും കൃത്യമായി നിർവചിക്കുന്നില്ല ഇന്ദു. തലമുറകളായി മാറി വരുന്ന അന്ധവിശ്വാസങ്ങൾക്ക് അങ്ങനെ പ്രായമോ ബന്ധമോ പരിതിയാകുന്നില്ലെന്ന ഓർമപ്പെടുത്തലാകാം അത്.
സംഗീതമെന്നപോലെ നിശബ്‍ദത കൊണ്ടും കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളെ പ്രേക്ഷകനിലെത്തിക്കാൻ ബിജിപാലിനായിട്ടുണ്ട്. സംഭാഷണങ്ങളിലൂടെ കഥപറഞ്ഞ് പോകുന്ന ചിത്രത്തിൽ അഭിനേതാക്കളുടെ പ്രകടനം മികച്ചതായി നിന്നു. അനഘയുടെയും മിനി ഐജിയുടെയും കഥാപാത്രങ്ങൾക്ക് കുറേകൂടി 'ലൗഡ്' ആയ വൈകാരിക പ്രകടനങ്ങൾക്ക് തിരക്കഥ സാധ്യത നൽകുമ്പോൾ ജഗദീഷ് കഥാപാത്രത്തെ കൈയ്യടക്കത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്. രാകേഷ് തരൺ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് അപ്പു ഭട്ടതിരിയാണ്.
സമകാലികമായ സാഹചര്യങ്ങളിൽ കഥപറയുന്ന ചിത്രം ഏതൊരു ഇന്ത്യൻ സംസ്ഥാനത്തിന്റെയും യാഥാർത്ഥ്യം കൂടിയാണ്. ആദ്യ പ്രദർശനത്തിനപ്പുറം ഉയർന്നുവന്ന ചർച്ചകളിൽ പുരോഗമനപരമായ ആശയം മുന്നോട്ടുവച്ച കഥയെ വിശ്വാസമെന്ന ആശയം കൊണ്ട് തടയിട്ടു എന്ന വിമർശനം ഉയർന്നിരുന്നു. അതേസമയം വിശ്വാസങ്ങൾക്കും സ്നേഹബന്ധത്തിനും അന്ധവിശ്വാസങ്ങൾക്കും ഇടയിലെ നേർത്ത വരയാണ് 'അപ്പുറം'.