ബൃന്ദ മാസ്റ്ററുടെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. (Hey Sinamika Review)
തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും പ്രശസ്തയായ നൃത്ത സംവിധായിക ബൃന്ദ മാസ്റ്ററുടെ (Brinda) ആദ്യ സംവിധാന സംരംഭം, കേന്ദ്ര കഥാപാത്രങ്ങളായി ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salmaan), അദിതി റാവു ഹൈദരി (Aditi Rao Hydari), കാജല്‍ അഗര്‍വാള്‍ (Kajal Aggarwal). കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ നേടിയ മികച്ച വിജയത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന ദുല്‍ഖറിന്‍റെ തമിഴ് ചിത്രത്തിന്‍റെ യുഎസ്‍പി ഇതൊക്കെയായിരുന്നു. പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ ചിത്രത്തെക്കുറിച്ച് എന്തുതരം പ്രതീക്ഷയാണോ ഉയര്‍ത്തിയത്, അത് പ്രേക്ഷകര്‍ക്കു നല്‍കാന്‍ ബൃന്ദ മാസ്റ്ററിന് സാധിച്ചിട്ടുണ്ട്. സിനിമയിലെ ദീര്‍ഘകാല പരിചയം കൈമുതലാക്കി, ഒരു നവാഗത സംവിധായികയുടേതെന്ന തോന്നലുളവാക്കാത്ത മേക്കിംഗ് ആണ് ബൃന്ദയുടേത്.
undefined
'സംഭാഷണ പ്രിയന്‍' എന്ന വിശേഷണമാണ് ഒറ്റ വാക്കില്‍ സ്വഭാവം പറയാന്‍ പറഞ്ഞാല്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന യാഴന്‍ എന്ന കഥാപാത്രത്തിനു ചേരുക. ഭക്ഷണം പാചകം ചെയ്യാനും വിളമ്പാനും ഇഷ്ടപ്പെടുന്ന, ജീവിതത്തില്‍ എല്ലാറ്റിനോടും കൗതുകമുള്ള മനസ് സൂക്ഷിക്കുന്ന ആളാണ് ദുല്‍ഖറിന്‍റെ നായകന്‍. കേരളത്തിലെ ചില ഇഷ്ട വിഭവങ്ങളുടെ റെസിപ്പി പഠിക്കാന്‍ കൊച്ചിയില്‍ എത്തുമ്പോള്‍ യാദൃശ്ചികമായി അയാള്‍ മൗനയെ പരിചയപ്പെടുകയാണ്. ഇരുവരും പൊടുന്നനെ അടുക്കുകയും ആ പരിചയം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയും ചെയ്യുന്നു. എന്നാല്‍ വിവാഹശേഷം സാമ്യങ്ങളേക്കാള്‍ തങ്ങള്‍ക്കിടയിലെ വ്യത്യാസങ്ങളാണ് മൗന ശ്രദ്ധിക്കുന്നത്. സ്നേഹമുള്ളയാള്‍ എന്ന് സമ്മതിക്കുമ്പോഴും യാഴന്‍റെ ചില സ്വഭാവസവിശേഷതകള്‍ ഒരു പങ്കാളി എന്ന രീതിയില്‍ തന്നില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദം സഹിക്കവയ്യാതെ അറ്റകൈക്ക് ഒരു പരീക്ഷണത്തിന് മുതിരുകയാണ് മൗന. ജീവിതം വച്ചുള്ള ഈ പരീക്ഷണത്തില്‍ അവള്‍ക്ക് കടന്നുപോകേണ്ട പ്രതിസന്ധികളാണ് ചിത്രത്തിന്‍റെ പ്ലോട്ട്. അദിതി റാവു ഹൈദരി മൗനയായി എത്തുമ്പോള്‍ മൂന്നാമത്തെ പ്രധാന കഥാപാത്രം മലര്‍വിഴിയായി കാജല്‍ അഗര്‍വാളും എത്തുന്നു.
സമീപകാല റിയലിസ്റ്റിക് നരേഷനുകള്‍ക്കിടയില്‍ തീര്‍ത്തും സിനിമാറ്റിക്ക് ആയ തുടക്കമാണ് ചിത്രത്തിന്‍റേത്. എന്നാല്‍ വേഗത്തില്‍ തന്നെ കാണിയെ തന്‍റെ സിനിമയുടെ മൂഡിലേക്ക് എത്തിക്കാന്‍ ബൃന്ദയ്ക്ക് ഇതിലൂടെ കഴിയുന്നു. മൂന്ന് കഥാപാത്രങ്ങളുടെയും ജീവിത പരിസരത്തെ പരിചയപ്പെടുത്താന്‍ മാത്രമാണ് മറ്റു കഥാപാത്രങ്ങളെ തിരക്കഥാകൃത്തായ മദന്‍ കാര്‍ക്കി ഉപയോഗിച്ചിരിക്കുന്നത്. സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത് യാഴനും മൗനയും മലര്‍വിഴിയും തന്നെ. ഒറ്റനോട്ടത്തില്‍ ലളിതമെന്ന് തോന്നുമ്പോഴും ഈ മൂന്ന് കേന്ദ്ര കഥാപാത്രങ്ങളെ നന്നായി എഴുതിയിട്ടുണ്ട് രചയിതാവ്. അതിനൊത്ത പ്രകടനങ്ങളുമാണ് ദുല്‍ഖര്‍, അദിതി, കാജല്‍ എന്നിവരുടേത്. ലൗഡ് ആയ എന്നാല്‍ ലവബിള്‍ എന്ന് തോന്നിപ്പിക്കുന്ന കഥാപാത്രമാണ് ദുല്‍ഖറിന്‍റെ യാഴന്‍. കഥാപാത്രത്തിന് സൃഷ്ടിക്കാള്‍ നല്‍കിയിരിക്കുന്ന നിഷ്കളങ്കതയടക്കം സൂക്ഷ്മമായ ചില ഘടകങ്ങളൊക്കെ നന്നായി സ്ക്രീനില്‍ എത്തിച്ചിട്ടുണ്ട് ദുല്‍ഖര്‍. ദുല്‍ഖര്‍- അദിതി റാവു ഹൈദരി, ദുല്‍ഖര്‍- കാജല്‍ അഗര്‍വാള്‍ കോമ്പിനേഷനുകളൊക്കെ സ്ക്രീനില്‍ ആദ്യമായി സംഭവിക്കുന്നവയാണ്. എന്നാല്‍ ഈ രണ്ട് കോമ്പിനേഷനുകളും മികച്ച കെമിസ്ട്രി സൃഷ്ടിക്കുന്നുണ്ട്. ദുല്‍ഖറിന്‍റെ അഞ്ചാമത് തമിഴ് ചിത്രമാണ് ഹേയ് സിനാമിക. തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ദുല്‍ഖറിനെ സഹായിച്ചേക്കാവുന്ന ചിത്രം തന്നെയാണ് ഇതും.
സിനിമാറ്റോഗ്രഫിയാണ് ചിത്രത്തിന്‍റെ എടുത്തുപറയേണ്ട ഒരു ഘടകം. പ്രീത ജയരാമനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹക. കളറുകളുടെ പരീക്ഷണമാണ് ആദ്യാവസാനം ഫ്രെയ്മുകള്‍ നിറയെ. പ്രണയവും വിരഹവും കോമഡിയുമൊക്കെ കടന്നുവരുന്ന നരേഷനില്‍ പ്രീതയുടെ ഫ്രെയ്മുകളും ഗോവിന്ദ് വസന്ദയുടെ സംഗീതവും ചേര്‍ന്ന് ഒരു സിംഫണി ഉണ്ടാക്കുന്നുണ്ട്. ലളിതമായി തുടങ്ങി, എന്നാല്‍ പതിയെ കഥാപാത്രങ്ങളുടെ വൈകാരികമായ ചില ആഴങ്ങളിലേക്ക് പ്രേക്ഷകരെ എത്തിക്കുകയാണ് ചിത്രം. 2 മണിക്കൂര്‍ 29 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഒരിടത്തും ഇഴച്ചില്‍ അനുഭവിപ്പിക്കുന്നില്ല. കളര്‍ഫുള്‍ ഫ്രെയ്‍മുകളും മികച്ച പ്രൊഡക്ഷന്‍ ഡിസൈനും സംഗീതത്തിന്റെ മികച്ച ബാക്കപ്പുമാണ് സംവിധായികയെ ഇതിന് സഹായിച്ചിരിക്കുന്ന പ്രധാന ഘടകങ്ങള്‍. ആദ്യ സംവിധാന സംരംഭത്തില്‍ ബൃന്ദ മാസ്റ്റര്‍ പ്രതീക്ഷ കാത്തിരിക്കുന്നു എന്നു മാത്രമല്ല, തീര്‍ത്തും ആസ്വാദ്യകരമായ ഒരു റൊമാന്‍റിക് കോമഡി സൃഷ്ടിച്ചിരിക്കുകയും ചെയ്യുന്നു.