തമിഴിലെ എന്നും വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന സംവിധായകന്‍ വെങ്കിട്ട് പ്രഭുവിന്‍റെ വിജയിയെ വച്ചുള്ള ഹീറോയിക്ക് അപ്രോച്ചാണ് ഗോട്ട് എന്ന് ഒരു വാക്കില്‍ പറയാം.
ദളപതി വിജയ് ചിത്രങ്ങള്‍ എന്നും തീയറ്ററില്‍ ഒരു ആഘോഷമാണ്. അത്തരം ഒരു ആഘോഷത്തെ മഹോത്സവമാക്കി മാറ്റാനുള്ള ശ്രമമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്). കേരളത്തിലെ തീയറ്ററുകളില്‍ പുലര്‍ച്ചെ നാലുമണിക്കാണ് ആദ്യഷോ നടന്നത്. അതും ഹൗസ് ഫുള്ളായിരുന്നു. തമിഴിലെ എന്നും വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന സംവിധായകന്‍ വെങ്കിട്ട് പ്രഭുവിന്‍റെ വിജയിയെ വച്ചുള്ള ഹീറോയിക്ക് അപ്രോച്ചാണ് ഗോട്ട് എന്ന് ഒരു വാക്കില്‍ പറയാം. പക്ഷെ അതില്‍ ചില ഗംഭീര പരീക്ഷണങ്ങളും സംവിധായകന്‍ നടത്തിയിട്ടുണ്ട്.
സ്പെഷ്യല്‍ ആന്‍റി ടെററീസ്റ്റ് സ്വാഡിലെ പ്രധാന അംഗമാണ് എംഎസ് ഗാന്ധി. സ്വന്തം ഭാര്യയോടും മകനോടും താന്‍ ഇത്തരം ജോലിയാണ് ചെയ്യുന്നത് എന്നത് ഗാന്ധി പങ്കുവയ്ക്കുന്നില്ല. ഭാര്യ രണ്ടാമത് ഗര്‍ഭിണിയായ സമയത്ത് ഒരു മിഷന്‍റെ ഭാഗമായി ഗന്ധി തായ്ലാന്‍റിലേക്ക് പോകുന്നു. ഒപ്പം ഭാര്യയെയും മകനെയും കൂട്ടുന്നു. എന്നാല്‍ അവിടെ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് കഥയുടെ ഗതി നിര്‍ണ്ണയിക്കുന്നത്.
undefined
മൂന്ന് മണിക്കൂറോളം നീളുന്ന ഒരു അഖ്യാനമാണ് വെങ്കിട്ട് പ്രഭു ഗോട്ടിനായി ഒരുക്കിയിരിക്കുന്നത്. അതില്‍ ആക്ഷനും, ഗാനങ്ങളും, കോമഡിയും, ദളപതി വിജയിയുടെ സ്ഥിരം ഷോകളും വെങ്കിട്ട് പ്രഭുവിന്‍റെ സ്ഥിരം ചില നമ്പറുകളും എല്ലാം ഉണ്ട്. അതിനാല്‍ തന്നെ ദളപതി ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ഗോട്ട് എന്ന് സംശയമില്ലാതെ പറയാം.
ദളപതി വിജയ് ഷോ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കാന്‍ കഴിയുക. നേരത്തെ പലയിടത്തും എഴുതികണ്ടത് പോലെ ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമല്ല ഗോട്ട് എന്ന് പറയാം. ആവശ്യമായ ഇടങ്ങളില്‍ പ്രതീക്ഷിച്ച ക്യാമിയോകളെ വെങ്കിട്ട് പ്രഭു ചേര്‍ത്തിട്ടുണ്ട്. അതിനപ്പുറം വിജയ് ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഒരു ദളപതി, ഇളയദളപതി ഷോയാണ് ഒരുക്കിയിരിക്കുന്നത്. ആദ്യപകുതിയില്‍ ചിത്രം ട്രാക്കില്‍ കയറാന്‍ അല്‍പ്പസമയം എടുത്തോ എന്ന് പ്രേക്ഷകര്‍ക്ക് തോന്നാം എങ്കിലും അത് പരിഹരിക്കുന്ന വിജയ് ഷോയാണ് രണ്ടാം പകുതി.
ടോപ്പ് സ്റ്റാര്‍ പ്രശാന്ത്, പ്രഭുദേവ, ജയറാം തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇവര്‍ക്കെല്ലാം പ്രധാന്യമേറിയ റോള്‍ തന്നെയാണ് ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്. അതില്‍ പ്രത്യേകിച്ച് പ്രശാന്ത്, പ്രഭുദേവ എന്നിവര്‍ക്ക് അത്യവശ്യം മികച്ച രീതിയില്‍ പരിഗണിച്ചിട്ടുണ്ട്. സ്നേഹ, ലൈല, മീനക്ഷി അടക്കം വലിയൊരു വനിത താര നിരയുണ്ടെങ്കിലും കാര്യമായി ഒന്നും അവര്‍ക്ക് ചെയ്യാനില്ലെന്ന് തന്നെ പറയാം.
സാങ്കേതികമായി നോക്കിയാല്‍ വെങ്കിട്ട് പ്രഭുവിന്‍റെ ചിത്രങ്ങള്‍ പുലര്‍ത്തുന്ന ടോപ്പ് നോച്ച് ക്വാളിറ്റി ഗോട്ടും പുലര്‍ത്തുന്നുണ്ട്. അതേ സമയം ഡീ ഏജിംഗില്‍ കൂടുതല്‍ അണിയറക്കാര്‍ വ്യാപൃതരായോ എന്ന സംശയവും ഇല്ലാതില്ല. സംഗീതത്തിന്‍റെ കാര്യത്തില്‍ ഗാനങ്ങള്‍ പുറത്തിറങ്ങിയ സമയത്ത് ഉണ്ടായ വിമര്‍ശനങ്ങളെ പടത്തിന്‍റെ ടോട്ടല്‍ ഔട്ടിനെ ബാധിക്കാത്ത രീതിയില്‍ തന്നെ യുവാന്‍ ശങ്കരരാജ പരിഹരിച്ചിട്ടുണ്ടെന്ന് പറയാം.
തന്‍റെ ഫാന്‍സിനെ തൃപ്തിപ്പെടുത്തുകയും, സ്ഥിരം ഫോര്‍മുലകളില്‍ മാസ് തീര്‍ക്കുകയും അതുവഴി ബോക്സോഫീസില്‍ തരംഗം തീര്‍ക്കുകയും ചെയ്യുന്ന വിജയ് ചലച്ചിത്ര രീതിയുടെ ഒരു വെങ്കിട്ട് പ്രഭു പതിപ്പാണ് ഗോട്ട് എന്ന് പറയാം. അതിനാല്‍ തന്നെ വിജയ് ഫാന്‍സിന് തീര്‍ച്ചയായും ആഘോഷിക്കാനുള്ള വക ഒരുക്കുന്നുണ്ട് ഗോട്ട്.