അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കുന്ന ചിത്രം എന്നതായിരുന്നു ഗരുഡന് റിലീസിന് മുന്‍പ് ലഭിച്ച പ്രേക്ഷകശ്രദ്ധയുടെ ഒരു പ്രധാന കാരണം
ത്രില്ലര്‍ എന്നത് എക്കാലവും ഏത് ഭാഷാ സിനിമയിലും ഏറ്റവും പ്രേക്ഷകരുള്ള ഗണങ്ങളില്‍ ഒന്നാണ്. മലയാളത്തിലും അങ്ങനെതന്നെ. എന്നാല്‍ അങ്ങനെയായിട്ടും എന്തുകൊണ്ട് ത്രില്ലറുകള്‍ കുറയുന്നു എന്ന ചോദ്യത്തിന് ഉത്തരം അണിയറക്കാര്‍ക്ക് ഭയമാണ് എന്നതാണ്. ഒടിടിയിലൂടെ ഏത് ഭാഷകളിലെയും സിനിമകളും സിരീസുകളും കാണുന്ന, ഒരു നൊടിയില്‍ ഗൂഗിളിനോട് ഏത് സംശയവും ചോദിക്കുന്ന ഒരു തലമുറയ്ക്ക് മുന്നില്‍ പഴുതടച്ച തിരക്കഥകള്‍ ആവശ്യപ്പെടുന്ന ത്രില്ലറുകള്‍ ഒരുക്കാനുള്ള ആത്മവിശ്വാസം പലര്‍ക്കുമില്ല എന്നതാണ് മലയാളത്തിലും അത്തരം സിനിമകള്‍ കുറയാന്‍ കാരണം. എന്നാല്‍ ഈ ജോണറില്‍ തനിക്കുള്ള ആത്മവിശ്വാസം സംവിധായകന്‍ എന്ന നിലയില്‍ മിഥുന്‍ മാനുവല്‍ തോമസ് അഞ്ചാം പാതിരായിലൂടെ മുന്‍പ് തെളിയിച്ചതാണ്. അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കുന്ന ചിത്രം എന്നതായിരുന്നു ഗരുഡന് റിലീസിന് മുന്‍പ് ലഭിച്ച പ്രേക്ഷകശ്രദ്ധയുടെ ഒരു കാരണം.
താന്‍ ഏറെ കൈയടി നേടിയിട്ടുള്ള പൊലീസ് വേഷത്തില്‍ സുരേഷ് ഗോപി വീണ്ടുമെത്തുന്ന എന്നതും നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒരുമിക്കുന്ന ചിത്രമെന്നതും ഗരുഡന്‍റെ പ്ലസ് ആയിരുന്നു. പ്രതീക്ഷകളെ സാധൂകരിക്കുന്ന ചിത്രം എന്നതാണ് ഗരുഡനെക്കുറിച്ചുള്ള ആദ്യ അഭിപ്രായം. മലയാളത്തില്‍ തുലോം വിരളമായ ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. എസ് പി ഹരീഷ് മാധവ് എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി വീണ്ടും കാക്കി അണിയുന്നത്. മുഖം നോക്കാതെ നടപടിയെടുക്കുന്നതില്‍ പേരെടുത്ത, മികച്ച സേവനത്തിലുള്ള പൊലീസ് മെഡല്‍ നേടിയിട്ടുള്ള ഹരീഷിന് മുന്നിലേക്ക് കരിയറിന്‍റെ അവസാനകാലത്ത്, സമൂഹശ്രദ്ധ ലഭിച്ച ഒരു കേസ് എത്തുകയാണ്. ശാസ്ത്രീയ തെളിവുകളുടെ വെളിച്ചത്തില്‍ വലിയ പ്രയത്നം കൂടാതെ അദ്ദേഹം അത് തെളിയിക്കുകയും പ്രതിയ്ക്ക് ശിക്ഷ ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ ശിക്ഷ പൂര്‍ത്തിയാക്കി പ്രതി പുറത്തിറങ്ങുന്നതോടെ കഥയുടെ മറ്റൊരു ചുരുള്‍ നിവരുകയാണ്. യഥാര്‍ഥ കുറ്റവാളി ആരെന്ന ചോദ്യത്തിന് അവസാനം വരെ കാക്കേണ്ടിവരുന്ന, നിരവധി വഴിത്തിരിവുകളും അപ്രതീക്ഷിതത്വങ്ങളും കാത്തുവച്ചിരിക്കുന്ന തിയറ്റര്‍ എക്സ്പീരിയന്‍സ് തന്നെയാണ് ഗരുഡന്‍.
undefined
ജിനേഷ് എമ്മിന്‍റെ കഥയ്ക്കാണ് മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയിരിക്കുന്നത്. നിരവധി അടരുകളും ഉള്‍പ്പിരിവുകളും ഉള്ളതെങ്കിലും ലീനിയര്‍ ഫോര്‍മാറ്റിലാണ് ഗരുഡന്‍ കഥ പറയുന്നത്. പ്രധാന പ്ലോട്ട് പോയിന്‍റ് ആയ ക്രൈം അവതരിപ്പിച്ചുകൊണ്ട് സുരേഷ് ഗോപിയുടെ ഹരീഷ് മാധവിനെ നേരിട്ട് അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകനായ അരുണ്‍ വര്‍മ്മ. പിന്നാലെ മറ്റൊരു കേന്ദ്ര കഥാപാത്രമായ, കോളെജ് അധ്യാപകന്‍ നിഷാന്ത് കുമാറും സ്ക്രീനില്‍ എത്തുന്നു. സുരേഷ് ഗോപിയുടെ ഓണ്‍ സ്ക്രീന്‍ പൊലീസ് ഇമേജിനെ അധികം ആഘോഷിക്കാതെ, പറയാനുള്ള കഥയില്‍ നിന്ന് ഫോക്കസ് വിടാത്ത ചിത്രമാണ് ഇത്. സുരേഷ് ഗോപിയിലെയും ബിജു മേനോനിലെയും അഭിനേതാക്കള്‍ക്ക് ഏറെ പ്രകടനസാധ്യതയുള്ള വേഷങ്ങളുമാണ് ഗരുഡനിലേത്. ഇരുവരും അത് ഭംഗിയായി നിര്‍വ്വഹിച്ചിട്ടുമുണ്ട്. തലൈവാസല്‍ വിജയ്‍യുടെ റിട്ട. കേണല്‍ ഫിലിപ്പ്, സിദ്ദിഖിന്‍റെ അഡ്വ. തോമസ് ഐപ്പ്, നിഷാന്ദ് സാഗറിന്‍റെ നരി സുനി, ജഗദീഷിന്‍റെ മദ്യാസക്തിയുള്ള കഥാപാത്രം എന്നിവയൊക്കെ പാത്രാവിഷ്കാരം കൊണ്ടും പ്രകടനം കൊണ്ടും ശ്രദ്ധ നേടുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം അഭിരാമിയെ ഒരു പ്രധാന ചിത്രത്തില്‍ കാണാനാവുന്നു എന്നതും ഗരുഡന്‍റെ കൗതുകമാണ്.
സംവിധാനം ചെയ്യാന്‍ നല്ല പ്രാവീണ്യം വേണ്ട തിരക്കഥയാണ് ചിത്രത്തിന്‍റേത്. ഇത്തരം ഒരു തിരക്കഥ കിട്ടുമ്പോള്‍ ഒരു നവാഗത സംവിധായകന് ഉണ്ടായേക്കാവുന്ന അങ്കലാപ്പൊന്നുമില്ലാതെ തന്‍റെ ജോലി ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ട് അരുണ്‍ വര്‍മ്മ. ത്രില്ലറുകളുടെ തിരക്കഥയൊരുക്കുന്നതില്‍ പല വന്‍മരങ്ങള്‍ക്കും പ്രേക്ഷകപ്രതീക്ഷയ്ക്കൊപ്പം എത്താനാവാതെപോവുന്ന ഇക്കാലത്ത് അതില്‍ തനിക്കുള്ള മികവ് എന്താണെന്ന് മിഥുന്‍ മാനുവല്‍ അടിവരയിടുന്ന ചിത്രമാണ് ഗരുഡന്‍. അദ്ദേഹത്തിന്‍റെ വരാനിരിക്കുന്ന തിരക്കഥകളെക്കുറിച്ചുള്ള പ്രതീക്ഷകളും ഗരുഡന്‍ ഉയര്‍ത്തുന്നുണ്ട്. ജോഷി ചിത്രങ്ങളായ പൊറിഞ്ചു മറിയം ജോസിനും പാപ്പനുമൊക്കെ ഛായാഗ്രഹണം നിര്‍വ്വഹിച്ച അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഗരുഡന്‍റെയും ക്യാമറാമാന്‍. പുതുകാലത്തെ പ്രേക്ഷകരുടെ ദൃശ്യസാക്ഷരതയ്ക്കനുസരിച്ച് ഒരു ത്രില്ലറിന് എങ്ങനെ ദൃശ്യഭാഷയൊരുക്കാം എന്നതിന്‍റെ ചൂണ്ടിക്കാട്ടാവുന്ന ഉദാഹരണമാവുന്നുണ്ട് ഗരുഡന്‍. ഇത്തരം ഒരു ചിത്രത്തിന് വേണ്ട പേസിംഗ് ഉറപ്പിക്കുന്നതാണ് ശ്രീജിത്ത് സാരംഗിന്‍റെ കട്ടുകളെങ്കില്‍ മിനിമല്‍ എങ്കിലും മൂഡ് ക്രിയേറ്റ് ചെയ്യുന്ന പശ്ചാത്തലസംഗീതമാണ് ജേക്സ് ബിജോയ് സൃഷ്ടിച്ചിരിക്കുന്നത്.
കൊണ്ടുവരുന്ന ട്വിസ്റ്റുകള്‍ കാണുന്ന പ്രേക്ഷകര്‍ക്ക് വിശ്വസനീയമാവുമ്പോഴാണ് ഒരു ത്രില്ലര്‍ ചിത്രം വിജയിക്കുന്നത്. ഇന്നത്തെ കാലത്തെ പ്രേക്ഷകരെ ഞെട്ടിക്കാന്‍ പ്രയാസമാണെങ്കിലും അവരെ ഞെട്ടിക്കാനായി അധികമായി ശ്രമിച്ച് പാളിപ്പോവുന്ന ചിത്രങ്ങള്‍ മലയാളത്തില്‍ തന്നെ അനവധി ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള പാളലുകളൊന്നും ഉണ്ടാവാത്ത ചിത്രമാണ് ഗരുഡന്‍. ത്രില്ലര്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും സുരേഷ് ഗോപിയുടെയും ബിജു മേനോന്‍റെയും വേറിട്ട കഥാപാത്രങ്ങളായുള്ള വൃത്തിയുള്ള പ്രകടനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ധൈര്യമായി ടിക്കറ്റെടുക്കാവുന്ന ചിത്രമാണ് ഗരുഡന്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക