വിന്‍റേജ് കാലഘട്ടത്തിലെ സിദ്ദിഖിനെ സിനിമയില്‍ കാണാന്‍ സാധിക്കും.
പ്രൊമോഷണല്‍ മെറ്റീരിയലുകളിലെ വൈവിധ്യം കൊണ്ട് ശ്രദ്ധനേടിയ ചിത്രമാണ് ബാഷ് മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച 'ന്നാലും ന്‍റെളിയാ'. ഒരു കോമഡി- ഫാമിലി എന്റർടെയ്നർ ആയിരിക്കും ചിത്രമെന്ന് ഇവയിൽ നിന്നും സൂചന ലഭിച്ചിരുന്നു. ഒടുവിൽ സിനിമ ഇന്ന് തിയറ്ററിൽ എത്തിയപ്പോൾ അക്കാര്യം അരക്കിട്ട് ഉറപ്പിച്ചിരിക്കുകയാണ് സംവിധായകൻ. സിദ്ദിഖ്- സുരാജ് വെഞ്ഞാറമൂട് കോമ്പോയിൽ എത്തിയ ചിത്രം പ്രേക്ഷകരെ മനസ്സറിഞ്ഞ് ചിരിപ്പിക്കും എന്ന് തീർച്ച.
ദുബൈയിൽ സ്ഥിരതാമസമാക്കിയ മലയാളികളായ രണ്ട് കുടുംബത്തിന്റെ കഥയാണ് 'ന്നാലും ന്‍റെളിയാ' പറയുന്നത്. ഇൻഷുറൻസ് ഏജന്റ് ആയ ബാലകൃഷ്ണൻ, അയാളുടെ ഭാര്യ ലക്ഷ്മി, അളിയൻ വിവേക്, അബ്ദുൾ കരീം, ഭാര്യ സുൽഫി, അവരുടെ മകൾ ഇസ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ബാലകൃഷ്ണനായി സുരാജും ലക്ഷ്മി ആയി ഗായത്രി അരുണും എത്തിയപ്പോൾ, കരീം എന്ന കോൺട്രാക്ടറായി സിദ്ദിഖും മകളെ കുറിച്ചുള്ള ആകുലതകൾ മനസ്സിൽ കൊണ്ട് നടക്കുന്ന സുൽഫിയായി ലെനയും അരങ്ങ് തകർത്തു. മറ്റുള്ളവർ പുതുമുഖങ്ങളാണ്. ഒപ്പം മീര നന്ദനും ചിത്രത്തിൽ പ്രധാന റോൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ലക്ഷ്മിയുടേയും ബാലുവിന്റെയും കഥ പറഞ്ഞ് കൊണ്ടാണ് സിനിമ തുടങ്ങുന്നത്. എട്ട് വർഷമായി ഒരു കുഞ്ഞിക്കാൽ കാണാൻ ആഗ്രഹിക്കുന്ന ദമ്പതികളാണ് ഇരുവരും. അതിനുള്ള ചികിത്സകൾ നടക്കുകയാണ്. ഇരുവരുടെയും ജീവിതത്തിൽ മാറ്റം വരുത്താൻ ഉതകുന്ന മൂന്ന് ദിവസമാണ് ഡോക്ടർ നൽകിയിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തിന് വേണ്ടി ദമ്പതികൾ കാത്തിരിക്കുമ്പോൾ, ആ ദിവസങ്ങളില്‍ അവരെ തേടി എത്തുന്നത് അപ്രതീക്ഷിതമായ ചില സംഭവ വികാസങ്ങളാണ്.
ലക്ഷ്മിയുടെ സഹോദരൻ വീട്ടിലേക്ക് വരുന്നതോടെയാണ് കഥ മറ്റൊരു തലത്തിലേക്ക് പോകുന്നത്. ഇവിടെയാണ് കരീമും സുൽഫിയും ഉള്ളത്. പ്രത്യേക ഒരു കാരണത്താൽ ബാലുവിന്റെയും കരീമിന്റെയും ഫാമിലികൾ തമ്മിൽ കാണാനും തർക്കത്തിൽ ഏർപ്പെടാനും കാരണമാകുന്നുണ്ട്. ആ തർക്കം പിന്നീട് സൗഹൃദത്തിലേക്ക് വഴിവയ്ക്കുകയാണ്.
അപ്രതീക്ഷിത സംഘർഷങ്ങളും ട്വിറ്റുകളും നിറച്ചാണ് 'ന്നാലും ന്‍റെളിയാ' അവസാനിക്കുന്നത്. ഇനി എന്താകും എന്ന ചോദ്യം ഉയർത്തുന്ന ആദ്യ പകുതിയും ട്വിസ്റ്റുകളും കോമഡിയും നിറച്ച രണ്ടാം പകുതിയും തിയറ്ററുകളിൽ ചിരി ഉയർത്തി. നാട്ടുകാർ എന്തു വിചാരിക്കുമെന്ന് പറഞ്ഞ് ജീവിക്കുന്നവരെയും മക്കൾ കാരണം സമാധാനം ഇല്ലാത്ത മാതാപിതാക്കളെയും വർക്ക് പ്രെഷർ കാരണം ബുദ്ധിമുട്ടുന്നവരെയും സംവിധായകൻ ചിത്രത്തിൽ വരച്ചു കാട്ടുന്നുണ്ട്.
ഒരു പക്കാ ഫാമിലി- കോമഡി എന്റർടെയ്നറിനെ മികച്ച രീതിയിൽ തന്നെ ബാഷ് മുഹമ്മദ് സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്.
അതിമനോഹരമായ ഷോട്ടുകളിലൂടെ പ്രകാശ് വേലായുധനും കൈയ്യടി അർഹിക്കുന്നുണ്ട്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ച നടീനടന്മാർ തങ്ങളുടെ ഭാഗങ്ങൾ ഗംഭീരമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് സിദ്ദിഖും സുരാജും ലെനയും. വിന്‍റേജ് കാലഘട്ടത്തിലെ സിദ്ദിഖിനെ സിനിമയില്‍ കാണാന്‍ സാധിക്കും. മിനി സ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായത്രി അരുണിന്റെ നായിക വേഷവും മികച്ചതായിട്ടുണ്ട്. എന്തായാലും ചിരിക്കാൻ താല്പര്യം ഉള്ളവർക്ക് മികച്ച തിയറ്റർ അനുഭവം തന്നെയാകും 'ന്നാലും ന്‍റെളിയാ'.
വേദന മറന്ന് അരങ്ങ് കീഴടക്കിയ നിള നൗഷാദ്; കലോത്സവത്തിലെ മികച്ച നടി, ഒപ്പം കലക്കൻ താരവും
മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് കൃഷ്‍ണനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ബാഷ് മുഹമ്മദിനൊപ്പം ശ്രീകുമാര്‍ അറയ്‍ക്കലും ചിത്രത്തിന്റെ തിരക്കഥാരചനയില്‍ പങ്കാളിയാണ്. എഡിറ്റിംഗ് മനോജ്, സംഗീതം വില്യം ഫ്രാൻസിസ്, ഷാൻ റഹ്‍മാൻ, അസോസിയേറ്റ് ഡയറക്ടര്‍ പാർത്ഥൻ, സൗണ്ട് ഡിസൈൻ ശ്രീജേഷ് നായർ, ഗണേഷ് മാരാര്‍, ഗാനരചന ഹരിനാരായണൻ, പ്രൊഡക്ഷൻ ഡിസൈനർ അജി കുട്ടിയാണി, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, വസ്ത്രാലങ്കാരം ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് സജി കാട്ടാക്കട, അഡ്‍മിനിസ്‌ട്രേഷൻ, ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിൻ ബാബു, വിഎഫ്എക്‌സ് കോക്കനട്ട് ബഞ്ച്, മാർക്കറ്റിങ് ബിനു ബ്രിംഗ് ഫോർത്ത്, പിആർഒ വാഴൂർ ജോസ്, സ്റ്റിൽസ് പ്രേംലാൽ, വിതരണം മാജിക് ഫ്രയിംസ് ഫിലിംസ്, മാർക്കറ്റിങ് ഏജൻസി ഒബ്സ്ക്യൂറ, ഡിസൈൻ ഓൾഡ് മങ്ക്സ്.