'നന്നായിക്കൂടെ' എന്ന ചിത്രത്തിന്റെ റിവ്യു.
സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന സിനിമ എന്ന ലക്ഷ്യവും മുന്നില്‍ക്കണ്ട് ഒരുക്കിയിരിക്കുന്നതാണ് 'നന്നായിക്കൂടെ'. നവാഗതയായ ഡോ. ജാനറ്റ് ജെയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ഡോ. ജാനറ്റ് ജെയുടേതാണ് തിരക്കഥയും. സംവിധായകയുടെ വീക്ഷണകോണിലൂടെയുള്ള ചിത്രം എന്ന നിലയ്‍ക്ക് പറയാനുദ്ദേശിച്ച കാര്യം പ്രതിഫലിപ്പിക്കാൻ മികച്ച ഒരു ശ്രമം ഡോ. ജാനറ്റ് നടത്തിയിട്ടുണ്ട്.
സംവിധായിക ഡോ. ജാനറ്റ് ജെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതുപോലെ സാങ്കല്‍പിക കുടുംബം പശ്ചാത്തലമായി വരുന്ന ഒരു ചിത്രമാണ് 'നന്നായിക്കൂടെ'. സമകാലീന സമൂഹത്തിലെ ഒരു ദുരവസ്ഥയില്‍ പെട്ടുപോയ പെണ്‍കുട്ടിയുടെ ജീവിത സാഹചര്യം അവതരിപ്പിച്ചിരിക്കുകയാണ് 'നന്നായിക്കൂടെ'യുടെ തുടക്ക രംഗത്തില്‍. തുടര്‍ന്ന് ആ സാഹചര്യത്തില്‍ പെണ്‍കുട്ടി എത്തിയത് എങ്ങനെയെന്നും പറയുന്നു. പെണ്‍കുട്ടിയുടെ പഴയ ജീവിത കഥ മാത്രമല്ല എൻഗേജിംഗായ ഒരുപാട് സന്ദര്‍ഭങ്ങളിലൂടെ, ഒരു കുടുംബമെന്ന പോലെ കഴിയുന്ന, മാനവിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സൗഹൃദങ്ങളെയും അവതരിപ്പിച്ചിരിക്കുന്നു.
'ഡോ. അശ്വതി', ഭര്‍ത്താവ് 'ജേക്കബ്', ഇവരുടെ മകള്‍ 'ജുവാന', 'ഫാദര്‍ തോമസ്', 'പാത്തുമ്മ', 'ഉണ്ണി', 'മുരുകൻ' എന്നിവര്‍ കുടുംബമെന്ന പോലെ ഒരു വീട്ടില്‍ ജീവിക്കുകയാണ്. വിവിധ കാരണങ്ങളാണ് ഇവരെ ആ വീട്ടില്‍ ഒന്നിപ്പിക്കുന്നത്. സഹായ മനസ്‍കതയുള്ള 'ജേക്കബ്' അതേ കാരണത്താല്‍ തന്നെ ഒരു ചതിയില്‍ പെടുന്നു. ആ അപ്രതീക്ഷിത സംഭവങ്ങള്‍ അവരുടെ കുടുംബത്തിന്റെ താളം തെറ്റിക്കുകയും തുടര്‍ന്ന് സംഘര്‍ഷഭരിതമായ വഴിത്തിരിവുകളും 'നന്നായിക്കൂടെ'യെ ഉദ്വേഗജനകമാക്കുന്നു.
കാലമിത്രയായിട്ടും സമൂഹത്തിലെ വേര്‍തിരിവുകള്‍ അവസാനിക്കുന്നില്ല എന്ന സൂചന 'നന്നായിക്കൂടെ' നല്‍കുന്നു. സ്‍ത്രീകള്‍ നേരിടേണ്ടിവരുന്ന ഗാര്‍ഹിക പീഡനങ്ങള്‍, ജാതി ചിന്തകള്‍ തുടങ്ങിയവ പുതു കാലത്തും അതുപോലെ തുടരുന്നുവെന്നല്ലോ എന്ന് ആകുലപ്പെടുകയാണ് ചിത്രത്തില്‍ സംവിധായിക. പേരിലൂടെ സൂചിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഡോ. ജാനറ്റ് ജെ ആദ്യ ചിത്രത്തില്‍ പുതുമുഖങ്ങളെയാണ് പ്രധാന വേഷങ്ങളില്‍ എത്തിച്ചിരിക്കുന്നത്. കണ്ണൻ, ആരതി കെ ബി, പ്രിയ മരിയ, നന്ദന സുശീല്‍ കുമാര്‍, ആസിഫ് മുഹമ്മദ്, റീബ ചെറിയാൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്കെല്ലാം അവരുടേതായ ഐഡന്റിറ്റി സംവിധായിക നല്‍കിയിരിക്കുന്നു.
ദൈവിക് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിര്‍മാണം. ഡോ. ജാനറ്റ് ജെയാണ് നിര്‍മാണം. ഡോ. ജാനറ്റ് ജെ ആദ്യ ചിത്രമാണെന്ന തോന്നലുളവാക്കാത്ത വിധമാണ് 'നന്നായിക്കൂടെ' ഒരുക്കിയിരിക്കുന്നത്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി തിരക്കഥയില്‍ ഉള്‍പ്പെടുത്താനും ജാനറ്റിന് കഴിഞ്ഞിട്ടുണ്ട്
നേരത്തെ പുറത്തുവിട്ട ചിത്രത്തിലെ ഗാനങ്ങള്‍ റിലീസിന് മുന്നേ ഹിറ്റായിരുന്നു. മെജോ ജോസഫ്, എ ജി ശ്രീരാഗ് എന്നിവരുടെ സംഗീതത്തിലുള്ള പാട്ടുകള്‍ 'നന്നായിക്കൂടെ'യുടെ പ്രമേയത്തോട് ചേര്‍ന്നുനില്‍ക്കുന്നതുമാണ്. പ്രസാദ് കെയുടെ ഛായാഗ്രാഹണം സംവിധായിക ജാനറ്റിന്റെ ആഖ്യാനത്തിനുതകും വിധമാണ്. പരീക്ഷണത്തിനും പ്രധാന്യമുള്ള ഒരു കുടുംബ ചിത്രമെന്ന് 'നന്നായിക്കൂടെ'യെ വിശേഷിപ്പിക്കാം.
Read More: വിജയ് ദേവെരകൊണ്ടയുമായി ഡേറ്റിംഗിലോ?, ഇതാണ് രശ്‍മിക മന്ദാനയുടെ പ്രതികരണം