ചുരുള്‍ നിവര്‍ത്തുന്ന നിഗൂഢത; 'കോള്‍ഡ് കേസ്' റിവ്യൂ

By Web Team  |  First Published Jun 30, 2021, 5:06 PM IST

മലയാളത്തില്‍ ഹൈബ്രിഡ് ഴോണര്‍, ആറ് വര്‍ഷത്തിനു ശേഷം പൊലീസ് യൂണിഫോമില്‍ പൃഥ്വിരാജ്


ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം പൃഥ്വിരാജ് വീണ്ടും ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം,  ക്രൈം ഇന്‍വെസ്റ്റിഗേഷനൊപ്പം പാരലല്‍ ട്രാക്കില്‍ ഹൊറര്‍-സൂപ്പര്‍നാച്ചുറല്‍ ഘടകങ്ങള്‍ അടങ്ങിയ ഹൈബ്രിഡ് ഴോണര്‍, പരസ്യ സംവിധായകനും ഛായാഗ്രാഹകനുമായ തനു ബാലകിന്‍റെ ഫീച്ചര്‍ സംവിധാന അരങ്ങേറ്റം, 'അരുവി' എന്ന തമിഴ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയിലും ശ്രദ്ധ നേടിയ അദിതി ബാലന്‍റെ മലയാളസിനിമാ അരങ്ങേറ്റം, ഒപ്പം പൃഥ്വിരാജിന്‍റെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസും. 'കോള്‍ഡ് കേസ്' റിലീസിനു മുന്‍പ് സിനിമാപ്രേമികള്‍ ശ്രദ്ധിച്ച വിവരങ്ങള്‍ ഇത്രയുമൊക്കെയാവും.

പൃഥ്വിരാജ് മുന്‍പ് അവതരിപ്പിച്ച പൊലീസ് കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്‍തനാണ് 'എസിപി സത്യജിത്ത്'. പഞ്ച് ഡയലോഗുകളോ കൗണ്ടറുകളോ അടിക്കുന്ന കാക്കിധാരികളായ നായകന്മാരില്‍ നിന്നു വേറിട്ടയാളാണ്, കാര്യമാത്രപ്രസക്തമായി മാത്രം സംസാരിക്കുന്ന, മറ്റുള്ളവരുടെ നിര്‍ദേശങ്ങളും കേള്‍ക്കാന്‍ തയ്യാറാവുന്ന സത്യജിത്ത്. കായലില്‍ വലയിടുന്ന ഒരാള്‍ക്ക് ലഭിക്കുന്ന പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുള്ള ഒരു തലയോട്ടിയില്‍ നിന്നാണ് 'കോള്‍ഡ് കേസ്' ആരംഭിക്കുന്നത്. സംഭവം മാധ്യമശ്രദ്ധ ആര്‍ജ്ജിക്കുന്നതോടെ പൊലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുന്നു. ആ സംഘത്തെ നയിക്കുന്ന ആളായാണ് എസിപി സത്യജിത്ത് പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തുന്നത്. 

Latest Videos

undefined

 

കൊല്ലപ്പെട്ടയാളുടെ അസ്‍തിത്വം തേടി പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നതിനൊപ്പമാണ് 'മേധ' (അദിതി ബാലന്‍) എന്ന മാധ്യമപ്രവര്‍ത്തകയുടെ വ്യക്തിപരമായ ചില സവിശേഷാനുഭവങ്ങളെ ഒരു പാരലല്‍ ട്രാക്കില്‍ സംവിധായകന്‍ അവതരിപ്പിക്കുന്നത്. അതീന്ദ്രീയാനുഭവങ്ങളെക്കുറിച്ച് ടെലിവിഷനില്‍ പ്രോഗ്രാം അവതരിപ്പിക്കുന്ന മേധയ്ക്കും അപ്രതീക്ഷിതമായി അത്തരം ചില അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരികയാണ്. ഈ രണ്ട് ട്രാക്കുകളും എപ്പോള്‍, എങ്ങനെ കൂട്ടിമുട്ടും എന്ന ചിന്ത പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് സംവിധായകന്‍ സസ്‍പെന്‍സ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതും ചിത്രം മുന്നോട്ടു നീങ്ങുന്നതും.

ഛായാഗ്രഹണം, പ്രൊഡക്ഷന്‍ ഡിസൈന്‍, സൗണ്ട്സ്കേപ്പ് എന്നീ സാങ്കേതിക മേഖലകളിലെല്ലാം മികവ് പുലര്‍ത്തിയിട്ടുള്ള ചിത്രമാണ് കോള്‍ഡ് കേസ്. കൊവിഡ് ആദ്യതരംഗത്തിനു ശേഷം സിനിമാ ചിത്രീകരണം പുനരാരംഭിച്ചപ്പോള്‍ ഏറ്റവുമാദ്യം ഷൂട്ടിംഗ് ആരംഭിച്ച സിനിമകളിലൊന്നായിരുന്നു ഇത്. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങളുടേതായ 'കുറവുകള്‍' ദൃശ്യപരമായി പ്രേക്ഷകരെ അനുഭവിപ്പെടുത്താത്ത തരത്തിലുള്ള വിഷ്വല്‍ ഗ്രാമര്‍ കൊണ്ടുവരാന്‍ പരസ്യ സംവിധായകന്‍ കൂടിയായ തനു ബാലകിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ കുറേ ഭാഗം നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയായ ജോമോന്‍ ടി ജോണ്‍ ആണ് ക്യാമറയില്‍ പകര്‍ത്തിയതെങ്കില്‍ ചിത്രം പൂര്‍ത്തിയാക്കിയത് ഗിരീഷ് ഗംഗാധരനാണ്. ഇത്തരമൊരു സിനിമയ്ക്കു വേണ്ട വിഷ്വല്‍ എലമെന്‍റ്സ്, എവിടെയും ഏച്ചുകെട്ടല്‍ തോന്നിപ്പിക്കാതെ സ്ക്രീനില്‍ എത്തിക്കാന്‍ ഇരുവര്‍ക്കും ആയിട്ടുണ്ട്. പ്രകാശ് അലക്സ് ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. രണ്ട് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍, സൂപ്പര്‍നാച്ചുറല്‍ ട്രാക്കുകള്‍ ഇടയ്ക്കിടെ സ്വിച്ച് ചെയ്‍തുകൊണ്ട് മുന്നോട്ടുപോകുന്ന കഥപറച്ചിലില്‍ ഷമീര്‍ മുഹമ്മദിന്‍റെ എഡിറ്റിംഗിനൊപ്പം സിനിമയെ എന്‍ഗേജിംഗ് ആക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരിക്കുന്നത് പ്രകാശ് അലക്സിന്‍റെ സൗണ്ട്സ്കേപ്പ് ആണ്. 

 

നിരവധി കഥാപാത്രങ്ങള്‍ ഇല്ലാത്ത ചിത്രത്തില്‍ പക്ഷേ കാസ്റ്റിംഗ് മികച്ചുനില്‍ക്കുന്നുണ്ട്. പൃഥ്വിരാജിന്‍റെ സത്യജിത്തും അദിതി ബാലന്‍റെ മേധയും സുചിത്ര പിള്ളയുടെ സാറ സഖായിയും തുടങ്ങി അലന്‍സിയറിന്‍റെ ചന്ദ്രഭാനുവിനെപ്പോലെ ചെറുകഥാപാത്രങ്ങളുടെ വരെ കാസ്റ്റിംഗ് ബുദ്ധിപൂര്‍വ്വമാണ്. അനില്‍ പി നെടുമങ്ങാടിനെ കഥാപാത്രമായി ഒരിക്കല്‍ക്കൂടി കാണാനുള്ള അവസരം കൂടിയാവുന്നു കോള്‍ഡ് കേസ്. എസിപി സത്യജിത്തിന്‍റെ അന്വേഷണസംഘത്തിലുള്ള സിയാദ് എന്ന പൊലീസുകാരനാണ് അനിലിന്‍റെ കഥാപാത്രം. 

സത്യജിത്ത് എന്ന കഥാപാത്രത്തിനപ്പുറം 'ഹൈബ്രിഡ് ഴോണറി'ലുള്ള ചിത്രം എന്നതാണ് കോള്‍ഡ് കേസിലേക്ക് തന്നെ അടുപ്പിച്ചതെന്ന് പൃഥ്വിരാജ് പ്രീ-റിലീസ് അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. അതുതന്നെയാണ് ചിത്രത്തിന്‍റെ കാഴ്ചാനുഭവത്തിലെ പ്രത്യേകതയും. അതേസമയം അതിസങ്കീര്‍ണ്ണതകളൊന്നുമില്ലാതെ ഏറെക്കുറെ നേരിട്ടുതന്നെ കഥപറഞ്ഞുപോകുന്ന ത്രില്ലറുമാണ് ചിത്രം. വലിയ അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ കോള്‍ഡ് കേസ് സിനിമാപ്രേമികളെ നിരാശപ്പെടുത്താത്ത ചിത്രമാണ്. 

click me!