ടൈറ്റില്‍ കഥാപാത്രമായെത്തുന്ന മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ക്രിസ്റ്റഫറിലെ ഹൈലൈറ്റ്
പൊലീസ് വേഷങ്ങളില്‍ മലയാളി സിനിമാപ്രേമികള്‍ ആഘോഷിച്ചിട്ടുള്ള താരങ്ങളില്‍ ഒരാളാണ് മമ്മൂട്ടി. ഇന്‍സ്പെക്ടര്‍ ബല്‍റാമും ഓഗസ്റ്റ് 1 ലെ പെരുമാളും തുടങ്ങി അക്കൂട്ടത്തില്‍ പലരുടെ ഫേവറൈറ്റുകള്‍ പലരാവും. ഫിലിമോഗ്രഫിയില്‍ കാക്കി വേഷങ്ങള്‍ നിരവധിയുണ്ടെങ്കിലും നടന്‍ എന്ന നിലയിലെ മികവിന്‍റെ മുദ്രയാല്‍ അവയില്‍ ഓരോരുത്തര്‍ക്കും ഒരു സവിശേഷ വ്യക്തിത്വം നല്‍കാന്‍ ശ്രദ്ധിക്കാറുണ്ട് മമ്മൂട്ടി. മമ്മൂട്ടിയുടെ ഏറ്റവും പുതിയ പൊലീസ് വേഷവുമായി എത്തിയിരിക്കുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണന്‍റെ സംവിധാനത്തില്‍ എത്തിയിരിക്കുന്ന ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ.
നിരവധി കുറ്റകൃത്യങ്ങളിലൂടെ, അവയോട് പ്രധാന കഥാപാത്രത്തിന്‍റെ പ്രതികരണങ്ങളിലൂടെ വികസിക്കുന്ന കഥാഘടനയാണ് ചിത്രത്തിന്റേത്. ആ കുറ്റകൃത്യങ്ങളുടെ പ്രത്യേകത അവയില്‍ ഭൂരിഭാഗത്തിലും ഇരയാവുന്നത് സ്ത്രീകളാണ് എന്നതാണ്. അത്തരം കേസുകളില്‍ എന്ത് വിലകൊടുത്തും നീതിയുടെ പക്ഷത്ത് നില്‍ക്കുന്നയാളാണ് മമ്മൂട്ടിയുടെ പൊലീസ് ക്രിസ്റ്റഫര്‍. അതിനുള്ള കാരണം എന്ത് എന്നതിന് ഉത്തരമാണ് സ്വജീവിതത്തില്‍ അയാള്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍. ബയോഗ്രഫി ഓഫ് എ വിജിലാന്റെ കോപ്പ് എന്ന ഹാഷ് ടാഗുമായി എത്തിയിരിക്കുന്ന ചിത്രം അത് സൂചിപ്പിക്കുന്നതുപോലെ, ത്രില്ലര്‍ മോഡില്‍ കഥ പറയുമ്പോള്‍ത്തന്നെ നായക കഥാപാത്രത്തിന്റെ ജീവചരിത്രം കൂടിയാവുന്നു. നിയമ സംവിധാനത്തിന് പുറത്ത് നീതി നടപ്പാക്കുന്ന ഉദ്യോഗസ്ഥനെന്ന സംശയ നിഴലില്‍ എപ്പോഴും നില്‍ക്കുന്ന ക്രിസ്റ്റഫറിന് അതിനൊക്കെയും സ്വന്തമായ ന്യായീകരണങ്ങളുമുണ്ട്.
undefined
ALSO READ : 'ലാല്‍കൃഷ്‍ണ'യുടെ രണ്ടാം വരവ് ഉറപ്പിച്ചു; വീണ്ടും ഷാജി കൈലാസ്, സുരേഷ് ഗോപി
ഒരു കുറ്റകൃത്യത്തിലൂടെ ആരംഭിച്ച്, മറ്റൊന്നിലൂടെ വളര്‍ന്ന് മുന്നോട്ട് പോകുന്ന രീതിയിലാണ് ചിത്രം. മമ്മൂട്ടിയുടെ കഥാപാത്രത്തെ തുടക്കത്തില്‍ തന്നെ സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഓര്‍മ്മയിലേക്ക് ആദ്യമെത്തുന്ന മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രങ്ങളില്‍ പലരും ഉച്ചത്തില്‍ ഒരുപാട് സംസാരിക്കുന്നവരാണെങ്കില്‍ ക്രിസ്റ്റഫര്‍ അത്തരക്കാരനല്ല. ഒരുപാട് ജീവിതാനുഭവങ്ങളിലൂടെ കടന്നുവന്നതിന്‍റെ ഒരു കനപ്പെട്ട മൗനം അയാളിലുണ്ട്. അതേസമയം ചില കുറുംവാചകങ്ങളില്‍ ക്രിസ്റ്റഫറിന് ഉദയകൃഷ്ണ നല്‍കിയിട്ടുള്ള പഞ്ച് ലൈനുകള്‍ തിയറ്ററുകളില്‍ കൈയടി ഉയര്‍ത്തുന്നുമുണ്ട്. കടന്നുവന്ന വഴികളില്‍ ഏറ്റ വേദനകളുടെ മുറിവുണങ്ങാത്ത ക്രിസ്റ്റഫറിനെ അണ്ടര്‍പ്ലേ ശൈലിയിലാണ് അദ്ദേഹം സ്ക്രീനില്‍ എത്തിച്ചിരിക്കുന്നത്.
എസിപി സുലേഖയായി എത്തിയ അമല പോള്‍, ചെറിയ സ്ക്രീന്‍ ടൈം എങ്കിലും സാന്നിധ്യം അടയാളപ്പെടുത്തിപ്പോകുന്ന ശരത് കുമാറിന്‍റെ പൊലീസ് ഓഫീസര്‍, ഐശ്വര്യ ലക്ഷ്മിയുടെ അഭിഭാഷക, ഷൈന്‍ ടോം ചാക്കോയുടെ ജോര്‍ജ് കൊട്ടരക്കന്‍, ദിലീഷ് പോത്തന്‍റെ എസ്‍പി അഭിലാഷ് തുടങ്ങി വന്‍ താരനിരയുള്ള ചിത്രത്തില്‍ ശ്രദ്ധ നേടിയ പ്രകടനങ്ങള്‍ നിരവധിയുണ്ട്. കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം പ്രതിനായകനായി എത്തിയ വിനയ് റായ് ആണ്. അദ്ദേഹത്തിന്‍റെ അപാര സ്ക്രീന്‍ പ്രസന്‍സ് ഉപയോഗപ്പെടുത്തിയാണ് തുടക്കം മുതല്‍ ബി ഉണ്ണികൃഷ്ണന്‍ സിതാറാം തൃമൂര്‍ത്തി എന്ന കഥാപാത്രത്തെ ബില്‍ഡ് ചെയ്‍ത് എടുത്തിരിക്കുന്നത്.
ഫയിസ് സിദ്ദിഖ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. സ്റ്റൈലൈസ്‍ഡ്, അതേസമയം ക്ലാസ് എന്ന് വിശേഷിപ്പിക്കാവുന്നതാണ് ക്രിസ്റ്റഫറിനുവേണ്ടി ഫയിസ് ഒരുക്കിയിരിക്കുന്ന ഫ്രെയിമുകള്‍. വന്നുപോവുന്ന കുറ്റകൃത്യങ്ങളുടെ ഡാര്‍ക്നെസ് സ്ക്രീനിലുമുണ്ട്. കളര്‍ ടോണും കാഴ്ചയില്‍ ഈ ത്രില്ലര്‍ ചിത്രത്തിന് ഒരു പുതുമ സമ്മാനിക്കുന്നുണ്ട്. മറ്റു വശങ്ങളില്‍ എടുത്തു പറയേണ്ടത് ജസ്റ്റിന്‍ വര്‍ഗീസിന്റെ പശ്ചാത്തല സംഗീതമാണ്. ആദ്യ ടീസറിലൂടെ കേട്ട് റിലീസിന് മുന്‍പ് തരംഗം തീര്‍ത്ത ക്രിസ്റ്റഫറിന്‍റെ ഈ തീം മ്യൂസിക് മമ്മൂട്ടിയുടെ കഥാപാത്രത്തിന് മാസ് മൊമന്‍റുകള്‍ സമ്മാനിക്കുന്നതില്‍ നല്ല പങ്കുവഹിക്കുന്നുണ്ട്.
ടൈറ്റില്‍ കഥാപാത്രമായെത്തുന്ന മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ക്രിസ്റ്റഫറിലെ ഹൈലൈറ്റ്. പോയ പതിറ്റാണ്ടുകളിലെ നിരവധി കഥാപാത്രങ്ങളിലൂടെ തേച്ചുമിനുക്കിയെടുത്ത തന്‍റെ അഭിനയ പ്രതിഭയിലൂടെ പിന്നെയും വിസ്മയിപ്പിക്കുകയാണ് അദ്ദേഹം.