CBI 5 Movie Review : ഒളി മങ്ങാത്ത 'അയ്യര്‍', മാറ്റമില്ലാത്ത മമ്മൂട്ടി; സിബിഐ 5 റിവ്യൂ

By Web Team  |  First Published May 1, 2022, 1:21 PM IST

സിബിഐ 5 എഴുതുമ്പോള്‍ എസ് എന്‍ സ്വാമി നേരിട്ട വെല്ലുവിളി മലയാളത്തിലെന്നല്ല, ഏത് ഭാഷാ സിനിമകള്‍ എടുത്താലും ഒരു തിരക്കഥാകൃത്ത് നേരിട്ട വലിയ വെല്ലുവിളിയാണ്


34 വര്‍ഷങ്ങള്‍ക്കിടെ അഞ്ച് ചിത്രങ്ങള്‍, ഒരേ കഥാപാത്രത്തെ ആവര്‍ത്തിക്കുന്ന നായക താരവും ഒരേ സംവിധായക, തിരക്കഥാകൃത്ത് കോമ്പിനേഷനും. ഇന്ത്യന്‍ സ്ക്രീനിലെ തന്നെ അസാധാരണ വ്യക്തിത്വമാണ് മമ്മൂട്ടിയുടെ (Mammootty) സിബിഐ ഉദ്യോഗസ്ഥന്‍ സേതുരാമയ്യര്‍. ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങുമ്പോള്‍ ജനിച്ചിട്ടില്ലാത്ത ഒരു തലമുറ കൂടി സിരീസിലെ അഞ്ചാം ചിത്രം (CBI 5) കാണാന്‍ ഇന്ന് തിയറ്ററുകളിലുണ്ട് എന്നതാണ് ഈ ഫ്രാഞ്ചൈസിയെ വ്യത്യസ്തമാക്കുന്നത്. സിരീസിലെ നാലാം ചിത്രമായ നേരറിയാന്‍ സിബിഐ പുറത്തിറങ്ങി 17 വര്‍ഷത്തിനു ശേഷമാണ് സിബിഐ 5 ദ് ബ്രെയിന്‍ വരുന്നത്. ഈ കാലയളവില്‍ സാങ്കേതികമായും ദൃശ്യപരമായും കഥപറച്ചിലിന്‍റെ രീതിയിലുമൊക്കെ മലയാള സിനിമ വിധേയമായ നിരവധി മാറ്റങ്ങളുണ്ട്. മുഴുവന്‍ മലയാള സിനിമാപ്രേമികള്‍ക്കും സുപരിചിതനായ ഐക്കണിക് കഥാപാത്രം സേതുരാമയ്യരെ ഈ മാറിയ കാലത്ത് പുനരവതരിപ്പിക്കുമ്പോള്‍ എസ് എന്‍ സ്വാമിയും കെ മധുവും എത്ര കണ്ട് വിജയിക്കും എന്നതായിരുന്നു സിബിഐ 5 ഉയര്‍ത്തിയ കൗതുകം. ഒപ്പം സേതുരാമയ്യരെ വീണ്ടും സമകാലികനായി കാണുന്നതിലെ ആവേശവും പ്രേക്ഷകരില്‍ വന്‍ പ്രീ- റിലീസ് ഹൈപ്പ് സൃഷ്ടിച്ച ഘടകമാണ്. 

സിബിഐ 5 എഴുതുമ്പോള്‍ എസ് എന്‍ സ്വാമി നേരിട്ട വെല്ലുവിളി മലയാളത്തിലെന്നല്ല, ഏത് ഭാഷാ സിനിമകള്‍ എടുത്താലും ഒരു തിരക്കഥാകൃത്ത് നേരിട്ട വലിയ വെല്ലുവിളിയാണ്. കുറ്റവാളിയായി മറ്റൊരാളെ തോന്നിപ്പിച്ച് ക്ലൈമാക്സ് ട്വിസ്റ്റിലൂടെ മാത്രം വെളിപ്പെടുത്തപ്പെടുന്ന യഥാര്‍ഥ കുറ്റവാളി എന്നതുള്‍പ്പെടെ ഈ ഫ്രാഞ്ചൈസിയിലെ മുന്‍ നാല് ചിത്രങ്ങളുടെയും ഘടനയിലെ സാമ്യത പ്രേക്ഷകര്‍ക്ക് മനപാഠമാണ് എന്നതാണ് ആ വെല്ലുവിളി. അതിനൊപ്പം ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ ദേശീയവും അന്തര്‍ദേശീയവുമായ സിനിമകളും വെബ് സിരീസുകളും- വിശേഷിച്ചും ത്രില്ലറുകള്‍- കാണുന്ന ഒരു തലമുറയെ കൂടി തൃപ്തിപ്പെടുത്തുക എന്ന ബാധ്യതയും. സാങ്കേതിക മുന്നേറ്റങ്ങളുടേതായ സമകാലത്തെ കഥാപശ്ചാത്തലമാക്കുന്നതില്‍, കഠിനാധ്വാനം ചെയ്‍തിട്ടാണെങ്കിലും തിരക്കഥാകൃത്ത് വിജയിച്ചിട്ടുണ്ട്. ഒപ്പം സേതുരാമയ്യരായുള്ള മമ്മൂട്ടിയുടെ പ്രഭാവവും ചിത്രത്തെ താങ്ങിനിര്‍ത്തുന്ന ഘടകങ്ങളാണ്.

Latest Videos

undefined

 

സിബിഐ സിരീസ് എന്ന പ്രേക്ഷകരിലെ നൊസ്റ്റാള്‍ജിയയെ ആവശ്യത്തിനു മാത്രം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് കെ മധു ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്യാമിന്‍റെ പശ്ചാത്തല സംഗീതം മാത്രം മതി ഏത് പ്രേക്ഷകനും അയ്യര്‍ സ്ക്രീനില്‍ സൃഷ്ടിച്ച നിരവധി നിമിഷങ്ങള്‍ ഓര്‍ത്തെടുക്കാന്‍. കൂടാതെ മുന്‍ ചിത്രങ്ങളിലെ അപൂര്‍വ്വം രംഗങ്ങളും കഥപറച്ചിലിന്‍റെ വിവിധ ഘട്ടങ്ങളില്‍ കടന്നുവരുന്നുണ്ട്. താരനിര്‍ണ്ണയത്തിലും പഴയ- പുതിയ കാലങ്ങളെ കാര്യക്ഷമമായി സമ്മേളിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി, സായ് കുമാര്‍, മുകേഷ് എന്നിവര്‍ക്കൊപ്പം ജഗതി ശ്രീകുമാറും മാത്രമാണ് സിരീസിലെ മുന്‍ ചിത്രങ്ങളില്‍ നിന്നും ഉള്ളവര്‍. ചിത്രം പ്രഖ്യാപിച്ച സമയത്തു തന്നെ എസ് എന്‍ സ്വാമി പറഞ്ഞ ബാസ്കറ്റ് കില്ലിംഗ് ആണ് സിനിമയുടെ പ്ലോട്ട്. അവ അന്വേഷിക്കാന്‍ സിബിഐയില്‍ നിന്നും, ഇപ്പോള്‍ ദില്ലി ഓഫീസിലുള്ള സേതുരാമയ്യരും സംഘവും എത്തുന്നു. തുടര്‍ന്ന് ഇതള്‍ വിടരുന്ന അപ്രതീക്ഷിതത്വങ്ങളിലൂടെയാണ് സിബിഐ 5 മുന്നോട്ടുനീങ്ങുന്നത്. 

രണ്ടേമുക്കാല്‍ മണിക്കൂറോളം ദൈര്‍ഘ്യവും നിരവധി കഥാപാത്രങ്ങളുമുള്ള ചിത്രത്തെ എന്‍ഗേജിംഗ് ആക്കി നിലനിര്‍ത്തിക്കൊണ്ടുപോവുന്നതില്‍ ചിലപ്പോഴെങ്കിലും സംവിധായകന്‍ വിജയിക്കാതെ പോകുന്നുണ്ട്. എന്നാല്‍ അവിടെയൊക്കെ സേതുരാമയ്യരായി എത്തുന്ന മമ്മൂട്ടിയുടെ, വിസ്മയിപ്പിക്കുന്ന സ്ക്രീന്‍ പ്രസന്‍സ് ചിത്രത്തിന് താങ്ങാവുന്നു. ആദ്യഭാഗം മുതല്‍ ആ കഥാപാത്രത്തിന് മാനറിസങ്ങളിലൂടെ അദ്ദേഹം നല്‍കിയിട്ടുള്ള ഡിസൈന്‍ അഞ്ചാം വരവിലും സൂക്ഷ്മമായി തുടരുന്നുണ്ട്. ഇത്രയും സൗമ്യ ഭാവത്തോടെയുള്ള ഒരു മമ്മൂട്ടി കഥാപാത്രത്തെ അടുത്തെങ്ങും കണ്ടിട്ടില്ലല്ലോ എന്ന് ഓര്‍മ്മിപ്പിക്കുന്നുമുണ്ട് ചിത്രം. ഡിവൈഎസ്പി സത്യദാസ് ആയി എത്തുന്ന സായ് കുമാറും ചാക്കോയായി എത്തുന്ന മുകേഷും കൈയടികള്‍ നേടുമ്പോഴും സിബിഐ 5 കാത്തുവച്ചിരിക്കുന്ന സര്‍പ്രൈസ് ജഗതി ശ്രീകുമാര്‍ ആണ്. കഴിഞ്ഞ നാല് ചിത്രങ്ങളിലും അവതരിപ്പിച്ച വിക്രമായിത്തന്നെയാണ് ജഗതിയെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന രീതിയില്‍ തിരക്കഥാകൃത്തിന്‍റെ ബ്രില്യന്‍സ് ഉണ്ട്. പ്രിയതാരത്തെ ഇത്തരമൊരു ചിത്രത്തിലൂടെ വീണ്ടും കഥാപാത്രമായി കാണുക എന്നത് പ്രേക്ഷകരെ സംബന്ധിച്ച് ഒരു വൈകാരിക അനുഭവം കൂടിയാണ്.

 

ശ്യാം സൃഷ്ടിച്ച പശ്ചാത്തല സംഗീതത്തിന് പരുക്കേല്‍ക്കാതെ എന്നാല്‍ ആകെ ശബ്ദപശ്ചാത്തലം കാലികമാക്കിക്കൊണ്ടാണ് ജേക്സ് ബിജോയ് ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ഫിലിം ഫ്രാഞ്ചൈസിയുടെ അഞ്ചാം ഭാഗം എത്തുന്നതിനു മുന്‍പ് അതിന്‍റെ അണിയറക്കാര്‍ വളരെ സൂക്ഷിച്ചു മാത്രമേ പ്രതികരിച്ചിരുന്നുള്ളൂ. ഒരു ഓവര്‍ ഹൈപ്പ് ഉണ്ടാവാതെയിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നുവെങ്കിലും അത് സ്വാഭാവികമായി ഉയര്‍ന്നുവന്നിരുന്നു. ഈ സിരീസിനോടുള്ള പ്രേക്ഷകരുടെ അമിത സ്നേഹം വിനയാവാതെ കാക്കുക എന്നതായിരുന്നു അണിയറക്കാരുടെ വെല്ലുവിളി. ആ വെല്ലുവിളിയോട് ക്രിയാത്മകമായി അവര്‍ പ്രതികരിച്ചതിന്‍റെ ഫലമാണ് സിബിഐ 5.

click me!