ഒരു എന്റര്‍ടെയ്‌നര്‍ ചിത്രം എന്നതിനപ്പുറം അവകാശവാദങ്ങളൊന്നുമില്ലാതെയാണ് 'ബ്രദേഴ്‌സ് ഡേ' തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. സംവിധായകനായുള്ള അരങ്ങേറ്റത്തില്‍ പിഴയ്ക്കാതെ ചുവട് വെക്കാനായിട്ടുണ്ട് കലാഭവന്‍ ഷാജോണിന്.
നിഗൂഢതയാല്‍ പെട്ടെന്നൊന്നും വെളിപ്പെട്ടുകിട്ടാത്ത നായകന്‍, പലപ്പോഴും വിദേശ ലൊക്കേഷന്‍, അതിനൊത്ത വേഷവിധാനം, കഥ പറയുന്ന ക്രിസ്ത്യന്‍-ജൂത പശ്ചാത്തലങ്ങള്‍, ഗ്രേ ഷെയ്ഡുള്ള കഥാപാത്രങ്ങളെപ്പോലെതന്നെ ഇരുളും വെളിച്ചവും പരക്കുന്ന സ്‌ക്രീന്‍.. പൃഥ്വിരാജ് സമീപകാലത്ത് അഭിനയിച്ച സിനിമകളിലെ പൊതുസ്വഭാവം കണ്ടെത്തിയ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ അദ്ദേഹത്തിന് ഇനിയെങ്ങാനും ചില രഹസ്യ സംഘടനകളുമായി ബന്ധമുണ്ടാകുമോ എന്നുവരെ സംശയം കൊണ്ടിട്ടുണ്ട്. ഒന്നാലോചിച്ചാല്‍ ചിലപ്പോഴൊക്കെ തീയേറ്ററുകളില്‍ വലിയ വിജയം നേടിയിട്ടുള്ള 'ഫണ്‍ എന്റര്‍ടെയ്‌നറുകളി'ല്‍ നിന്ന് പൃഥ്വി സമീപകാല കരിയറില്‍ അകന്നുനില്‍ക്കുക തന്നെയായിരുന്നു. 'അമര്‍ അക്ബര്‍ അന്തോണി'യിലും 'പാവാട'യിലുമൊക്കെ മുന്‍പ് കണ്ടിട്ടുള്ള പൃഥ്വിയുടെ 'നിഗൂഢതകളൊ'ന്നുമില്ലാത്ത നായകനെ പുനരവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുകയാണ് തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ കലാഭവന്‍ ഷാജോണ്‍.
undefined
റോണി എന്നാണ് പൃഥ്വിരാജിന്റെ നായകന്റെ പേര്. ഹോം സ്‌റ്റേ, കാറ്ററിംഗ് ബിസിനസുകളൊക്കെയുള്ള ജോയിയുടെ (കോട്ടയം നസീര്‍) വലംകൈയാണ് അയാള്‍. ജീവിതത്തെ ലളിതമായി കാണുന്ന റോണിക്ക് ഒരു സ്വകാര്യ ദു:ഖമാണുള്ളത്. അനുജത്തി റൂബിക്ക് (പ്രയാഗ മാര്‍ട്ടിന്‍) നേരിടേണ്ടിവന്ന ഒരു ദുരനുഭവമാണ് അത്. എന്നിരിക്കിലും ജീവിതത്തോടുള്ള അയാളുടെ സമീപനം പ്രസന്നമാണ്. യാദൃശ്ചികമായി പരിചയപ്പെടാനിടയായ ബിസിനസുകാരനായ ചാണ്ടിയും (വിജയരാഘവന്‍) നിഗൂഢതയുടെ പരിവേഷമുള്ള പ്രതിനായകനും (പ്രസന്ന) അയാളുടെ മുന്നോട്ടുപോക്കിനെ മാറ്റിമറിക്കുകയാണ്.
'നിനക്കീ ഇരുട്ടത്ത് നിന്ന് മതിയായില്ലേ' എന്ന ധര്‍മ്മജന്‍ ബോല്‍ഗാട്ടിയുടെ ചോദ്യത്തിലേക്കാണ് പൃഥ്വിരാജിന്റെ ഇന്‍ട്രൊഡക്ഷന്‍. ആ ഇന്‍ട്രോ സീനിന്റെ സ്വഭാവത്തിന് സമാനമാണ് ചിരിക്കാന്‍ വകയുള്ള ആദ്യപകുതി. മുന്ന എന്ന സുഹൃത്തായി ധര്‍മ്മജന്‍ പൃഥ്വിരാജിനൊപ്പം ആദ്യപകുതി മുഴുവന്‍ ഉണ്ടെങ്കിലും അതിലും ചിരിയുണര്‍ത്തുന്നത് വിജയരാഘവന്റെ 'ചാണ്ടി'യാണ്. വിജയരാഘവനെ സാധാരണ കാണാത്ത മട്ടിലുള്ള ഗെറ്റപ്പും അതിനൊത്ത പ്രകടനവുമാണ് 'ചാണ്ടി'യായി അദ്ദേഹത്തിന്റേത്. 'ചാണ്ടി'യുടെ എന്‍ട്രി മുതല്‍ ആദ്യപകുതി മുന്നോട്ടുകൊണ്ടുപോകുന്നത് ഈ കഥാപാത്രമാണ്. ആകെ രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ ആദ്യപകുതി ഒന്നര മണിക്കൂറിലേറെ വരും. തമാശകള്‍ നിറഞ്ഞ ആദ്യപകുതി മുന്നോട്ടുപോകുമ്പോള്‍ തന്നെ പ്രസന്ന അവതരിപ്പിക്കുന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട് സംവിധായകന്‍. രണ്ടാംപകുതിയിലേക്കെത്തുമ്പോള്‍ ചിത്രം ആര്‍ജ്ജിക്കുന്ന ത്രില്ലര്‍ സ്വഭാവത്തിന്റെ ആമുഖമാണ് ആദ്യപകുതിയില്‍ തന്നെ അവതരിപ്പിക്കപ്പെടുന്ന പ്രസന്നയുടെ കഥാപാത്രം.
സംവിധായകനായുള്ള അരങ്ങേറ്റചിത്രത്തിന്റെ രചനയും കലാഭവന്‍ ഷാജോഷിന്റേത് തന്നെയാണ്. പിഴവുകള്‍ തീര്‍ത്ത തിരക്കഥയെന്ന് പറയാനാവില്ലെങ്കിലും രണ്ടേമുക്കാല്‍ മണിക്കൂര്‍ എന്ന താരതമ്യേന വലിയ സമയദൈര്‍ഘ്യത്തിലും കണ്ടിരിക്കുന്നവരെ മുഷിപ്പിക്കാത്ത അനുഭവം ഉണ്ടാക്കാനായിട്ടുണ്ട് അദ്ദേഹത്തിന്. മൊത്തംകാഴ്ചയില്‍ അത്ര പുതുമ പകരുന്ന അനുഭവമല്ലെങ്കിലും ചിത്രത്തിലെ പല പാത്രസൃഷ്ടികളും നന്നായിട്ടുണ്ട്, ആ കഥാപാത്രങ്ങളായി അഭിനേതാക്കളുടെ പ്രകടനങ്ങളും. ഒരുതരത്തില്‍ ആ കഥാപാത്രങ്ങളാണ് സിനിമയെ എന്റര്‍ടെയ്‌നിംഗ് ആയി മുന്നോട്ട് കൊണ്ടുപോകുന്നത്. വിജയരാഘവന്റെ ചാണ്ടി ഐശ്വര്യലക്ഷ്മി അവതരിപ്പിച്ച മകളുമൊക്കെ അത്തരം കഥാപാത്രങ്ങളാണ്. പ്രസന്നയുടെ പ്രതിനായകന്‍ ഇനിയും വികസിപ്പിക്കാമായിരുന്ന കഥാപാത്രമായി (underwritten) തോന്നുമെങ്കിലും പ്രകടനം കൊണ്ട് അദ്ദേഹം ആ കുറവിനെ മറികടന്നിട്ടുണ്ട്.
സ്‌ക്രീനില്‍ ലാളിത്യമുള്ള ഒരു പൃഥ്വിരാജിനെ അവതരിപ്പിക്കാനുള്ള ഷാജോണിന്റെ ശ്രമം പൂര്‍ണമായും വിജയം കണ്ടിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ലഭിച്ച അത്തരമൊരു കഥാപാത്രത്തെ അദ്ദേഹം അനായാസമായി സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട്. നര്‍മ്മരംഗങ്ങളില്‍ ഇന്‍ഹിബിഷനുകളൊന്നുമില്ലാത്ത പൃഥ്വിയെ കാണാനായെങ്കില്‍ നൃത്ത-സംഘട്ടന രംഗങ്ങള്‍ ചടുലതയോടെ അവതരിപ്പിച്ചിട്ടുമുണ്ട് അദ്ദേഹം. പൃഥ്വിയുടെയും പ്രസന്നയുടെയും കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ പ്രാധാന്യമുള്ള നാല് സ്ത്രീ കഥാപാത്രങ്ങളുണ്ട് ചിത്രത്തില്‍. പ്രയാഗ മാര്‍ട്ടിന്‍, ഐശ്വര്യലക്ഷ്മി, മിയ, മഡോണ സെബാസ്റ്റിയന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍. വെറും 'വേഷംകെട്ടുകാരാ'യല്ല, കഥയുടെ മുന്നോട്ടുപോക്കില്‍ സജീവ പങ്കാളിത്തമുള്ളവര്‍ തന്നെയാണ് ഈ നാല് കഥാപാത്രങ്ങളും.
ഒരു എന്റര്‍ടെയ്‌നര്‍ ചിത്രം എന്നതിനപ്പുറം അവകാശവാദങ്ങളൊന്നുമില്ലാതെയാണ് 'ബ്രദേഴ്‌സ് ഡേ' തീയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. സംവിധായകനായുള്ള അരങ്ങേറ്റത്തില്‍ പിഴയ്ക്കാതെ ചുവട് വെക്കാനായിട്ടുണ്ട് കലാഭവന്‍ ഷാജോണിന്. ഓണം പോലെ മലയാളസിനിമയുടെ ഏറ്റവും വലിയ ഫെസ്റ്റിവല്‍ സീസണ്‍ മുന്നില്‍ക്കണ്ട് എത്തിയിരിക്കുന്ന ഈ ചിത്രം അതിന്റെ ധര്‍മ്മം നിറവേറ്റുന്നുണ്ട്. ടിക്കറ്റെടുത്താല്‍ മോശം അനുഭവമാകില്ല 'ബ്രദേഴ്‌സ് ഡേ'.