ഞെട്ടിക്കുന്ന ജ്യോ​തിര്‍മയി, പിടിച്ചിരുത്തുന്ന അമല്‍ നീരദ്; 'ബോഗയ്ന്‍‍വില്ല' റിവ്യൂ

By Web TeamFirst Published Oct 17, 2024, 4:02 PM IST
Highlights

ഹൈപ്പിനോട് നീതി പുലര്‍ത്തുന്നു എന്ന് മാത്രമല്ല, അമല്‍ നീരദിലെ ഫിലിം മേക്കര്‍ മുകളിലേക്കുള്ള പടവ് ചവുട്ടിക്കയറുന്ന കാഴ്ച കൂടിയാണ് ബോ​ഗയ്ന്‍വില്ല.

മലയാള സിനിമയുടെ വിഷ്വല്‍ ലാം​ഗ്വേജ് കാലത്തിനൊത്ത് പുതുക്കിയെടുത്തതില്‍ പ്രധാനിയായ സംവിധായകന്‍റെ കരിയറിലെ പത്താം ചിത്രം. പ്രധാന കഥാപാത്രങ്ങളായി, വലിയ ഇടവേളയ്ക്ക് ശേഷം സ്ക്രീനിലെത്തുന്ന ജ്യോതിര്‍മയിയും ഒപ്പം കുഞ്ചാക്കോ ബോബനും, കൂടെ എക്സ്റ്റന്‍ഡഡ് കാമിയോ റോളില്‍ ഫഹദ് ഫാസിലും. ഒരു അമല്‍ നീരദ് പടം എന്ന ഹൈപ്പിന് പുറമെ പേര് മുതല്‍ ചൂഴ്ന്നുനില്‍ക്കുന്ന ഒരു നി​ഗൂഢത ബോ​ഗയ്ന്‍‍വില്ലയ്ക്ക് ഉണ്ടായിരുന്നു. പ്രീ റിലീസ് അഭിമുഖങ്ങളില്‍ ഒരു വാക്ക് പോലും വീണുപോകാതെയിരിക്കാന്‍ അണിയറക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഹൈപ്പിനോട് നീതി പുലര്‍ത്തുന്നു എന്ന് മാത്രമല്ല, അമല്‍ നീരദിലെ ഫിലിം മേക്കര്‍ മുകളിലേക്കുള്ള പടവ് ചവുട്ടിക്കയറുന്ന കാഴ്ച കൂടിയാണ് ബോ​ഗയ്ന്‍വില്ല.

അമല്‍ നീരദ് ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ കഥാപാത്രങ്ങളുടെ എണ്ണം ഏറ്റവും കുറവുള്ള ചിത്രം ഇതാണ്. അതുതന്നെയാണ് ബോ​ഗയ്ന്‍‍വില്ലയുടെ കാഴ്ചയിലെ ഏറ്റവും വലിയ പ്രത്യേകതയും. എണ്ണത്തില്‍ കുറഞ്ഞ കഥാപാത്രങ്ങളും ഹൈറേഞ്ചിന്‍റെ പശ്ചാത്തലവും വച്ച് സൈക്കോളജിക്കല്‍ ഘടകങ്ങളുള്ള ഒരു ക്രൈം ത്രില്ലര്‍ ഒരുക്കിയിരിക്കുകയാണ് അദ്ദേഹം. ലാജോ ജോസ് എഴുതിയ റൂത്തിന്‍റെ ലോകം എന്ന  നോവലിനെ അധികരിച്ചാണ് അമല്‍ നീരദ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒരു കാറപകടത്തെ അതിജീവിച്ച ദമ്പതികളായ റീത്തുവിന്‍റെയും ഡോ. റോയ്സ് തോമസിന്‍റെയും കഥയാണ് ബോ​ഗയ്ന്‍‍വില്ല പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ആ അപകടം പക്ഷേ അവരുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചു. ആ അപകടത്തിന് ശേഷം റെട്രോ​ഗ്രേഡ് അംനീഷ്യ ബാധിച്ച റീത്തു ഓര്‍മ്മയ്ക്കും മറവിക്കുമിടയിലെ നൂല്‍പ്പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഓര്‍മ്മ നഷ്ടം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെ മറികടക്കാന്‍ ഡോക്ടര്‍ പറഞ്ഞുകൊടുത്ത വഴികളിലൂടെ നടക്കുന്ന റീത്തുവിന് അതിന്‍റേതായ സൗകര്യങ്ങളും സഹായങ്ങളും ഒരുക്കിക്കൊണ്ടാണ് ഡോ. റോയ്സിന്‍റെയും ജീവിതം. അപ്രതീക്ഷിതത്വങ്ങളൊന്നുമില്ലാതെ ഒരേ താളത്തില്‍ മുന്നോട്ടുപോകുന്ന അവരുടെ ദിനങ്ങളിലൊന്നിലേക്ക് ഡേവിഡ് കോശി എന്ന പൊലീസ് ഓഫീസര്‍ ഒരു അന്വേഷണത്തിന്‍റെ ഭാ​ഗമായി എത്തുകയാണ്. തങ്ങള്‍ രാഷ്ട്രീയ സമ്മര്‍ദ്ദം അനുഭവിക്കുന്ന ഒരു കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാ​ഗമായാണ് അദ്ദേഹം എത്തുന്നത്. റീത്തുവിന്‍റെയും റോയ്സിന്‍റെയും വീട്ടിലേക്ക് പൊലീസ് എന്തിനെത്തി എന്ന കേവല സംശയത്തില്‍ നിന്ന് മുന്നോട്ടുള്ള വഴികളില്‍ ഉദ്വേ​ഗത്തിന്‍റെ മുന കൂര്‍പ്പിക്കുകയാണ് അമല്‍ നീരദ്. റീത്തുവിനെ ജ്യോതിര്‍മയിയും റോയ്സിനെ കുഞ്ചാക്കോ ബോബനും ഡേവിഡ് കോശിയെ ഫഹദ് ഫാസിലും അവതരിപ്പിക്കുന്നു.

Latest Videos

 

അമല്‍ നീരദ് ചിത്രങ്ങളില്‍ ഏറ്റവും ഉള്ളടക്ക കേന്ദ്രീകൃതമായ ചിത്രമാണ് ബോ​ഗയ്ന്‍‍വില്ല. സ്റ്റൈല്‍ ഓവര്‍ സബ്സ്റ്റന്‍ഡ് എന്ന് മുന്‍പ് പഴി കേട്ടിട്ടുള്ള ടാ​ഗ് അമല്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട് ജോണറിനോട് ഏറെ കൂറ് പുലര്‍ത്തുന്ന ഈ ചിത്രത്തില്‍. ഹൈറേഞ്ചിലെ ഒരു കാര്‍ യാത്രയുടെ ഏരിയല്‍ ഷോട്ടില്‍ നിന്ന് ആരംഭിക്കുന്ന മനോഹര ഫ്രെയ്മുകളില്‍ നിന്ന് ആരംഭിച്ച് ക്രൈമിന്‍റെ ഇരുണ്ട വഴികളിലേക്ക് എത്തിച്ചേരുന്ന സഞ്ചാരമാണ് ബോ​ഗയ്ന്‍‍വില്ല. റീത്തുവിന്‍റെയും റോയ്സിന്‍റെയും ഏറെ പ്രത്യേകതകളുള്ള ജീവിതത്തെ സമയമെടുത്ത് പരിചയപ്പെടുത്തിക്കൊണ്ടാണ് അമല്‍ നീരദ് കഥ പറഞ്ഞുതുടങ്ങുന്നത്. എസിപി ഡേവിഡ് കോശിയുടെ വരവോടെ ചിത്രം ​ഉദ്വേ​ഗങ്ങളിലേക്കുള്ള ​ഗിയര്‍ ഷിഫ്റ്റിം​ഗ് തുടങ്ങുകയാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കാസ്റ്റിം​ഗുകളില്‍ ഒന്നാണ് റീത്തു തോമസ് ആയി ജ്യോതിര്‍മയിയുടേത്. ആദ്യ കാഴ്ചയില്‍ത്തന്നെ വന്‍ സ്ക്രീന്‍ പ്രസന്‍സ് അനുഭവിപ്പിക്കുന്ന ജ്യോതിര്‍മയി മുന്നോട്ട് പോകുന്തോറും ഓര്‍മ്മനഷ്ടം ബാധിച്ച റീത്തുവായി വിസ്മയിപ്പിക്കുകയാണ്. അതുപോലെ തന്നെ അമല്‍ നീരദിന്‍റെ ബ്രില്യന്‍റ് കാസ്റ്റിം​ഗ് ആണ് കുഞ്ചാക്കോ ബോബന്‍റേതും. ഒരു നടന്‍ എന്ന നിലയില്‍ വെല്ലുവിളിയുടെ ​ഗ്രാഫുകള്‍ ഉയര്‍ത്തുന്ന കഥാപാത്രത്തെ കുഞ്ചാക്കോ ബോബന്‍ അനുഭവ പരിചയം കൊണ്ട് നന്നായി ലാന്‍ഡ് ചെയ്യിക്കുന്നുണ്ട്. ഫഹദ് ഫാസിലിന്‍റെ സാന്നിധ്യം എസിപി ഡേവിഡ് കോശി എന്ന കഥാപാത്രത്തിന് കൂടുതല്‍ വെയ്റ്റ് നല്‍കുന്നുണ്ട്. ചിത്രത്തില്‍ പിന്നീടുള്ള ഏറ്റവും മികച്ച പ്രകടനം റീത്തയുടെ സഹായി രമയായി എത്തുന്ന ശ്രിന്ദയുടേതാണ്. രമയുടെ ഭര്‍ത്താവ് ബിജുവായി ഷറഫുദ്ദീനും ക്രിമിനല്‍ സൈക്കോളജിസ്റ്റ് മീരയായി വീണ നന്ദകുമാറും എത്തുന്നു. മറ്റൊരു ശ്രദ്ധേയ കഥാപാത്രമായി നിസ്താര്‍ സേഠും ചിത്രത്തിലുണ്ട്.

 

വിഷ്വല്‍ ഒബ്സെഷനായ ഹൈറേഞ്ചില്‍ ഷൂട്ട് ചെയ്യുമ്പോഴും ദൃശ്യപരമായി മിനിമലാവാന്‍ ആ​ഗ്രഹിക്കുന്ന അമല്‍ നീരദിനെ ബോ​​ഗയ്ന്‍‍വില്ലയില്‍ കാണാം. ഈ തരത്തിലുള്ള ഫ്രെയ്മുകള്‍ മറ്റൊരു സംവിധായകന്‍റെ സിനിമയിലും ഇന്ന് കമ്പോസ് ചെയ്യപ്പെടുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം. ഭീഷ്മ പര്‍വ്വത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചിരിക്കുകയാണ് ബോ​ഗയ്ന്‍‍വില്ലയിലൂടെ. ഭീഷ്മയ്ക്ക് ശേഷം സുഷിന്‍ ശ്യാമും വീണ്ടും അമല്‍ നീരദിനൊപ്പം ചേരുകയാണ്. പ്രധാന കഥാപാത്രത്തിന്‍റെ ഓര്‍മ്മനഷ്ടം പ്രധാന പ്രമേയ പരിസരമാകുന്ന ചിത്രത്തില്‍ അത്രത്തോളം സൂക്ഷ്മമായാണ് സുഷിന്‍ സ്കോറിം​ഗ് നടത്തിയിരിക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്‍റെ എഡിറ്റര്‍. ഏതൊരു അമല്‍ നീരദ് ചിത്രത്തെയും പോലെ തിയറ്റര്‍ കാഴ്ച തീര്‍ച്ചയായും അര്‍ഹിക്കുന്ന ചിത്രമാണ് ബോ​ഗയ്ന്‍‍വില്ല. സിനിമാപ്രേമികളെ സംബന്ധിച്ച് ഒഴിവാക്കാനാവാത്ത ചിത്രം.

ALSO READ : 'സയിദ് മസൂദി'നേക്കാള്‍ മുൻപ് സ്ക്രീനിലെത്തുക ഈ കഥാപാത്രം; പൃഥ്വിരാജിന്‍റെ പിറന്നാൾ ദിനത്തിൽ സ്പെഷൽ പോസ്റ്റർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!