ശരീരം, മനുഷ്യന്‍, പാട്രിയാര്‍ക്കി; 'ബോഡി' റിവ്യൂ

By Nirmal Sudhakaran  |  First Published Dec 14, 2024, 4:02 PM IST

ഐഎഫ്എഫ്‍കെ മത്സരവിഭാഗത്തില്‍ പ്രീമിയര്‍ ആയി എത്തിയ ഹിന്ദി ചിത്രം 'ബോഡി'യുടെ കാഴ്ചാനുഭവം


യതി (2014) എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ഹിന്ദി സംവിധായകന്‍ അഭിജിത് മജൂംദാറിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് ബോഡി. പേര് സൂചിപ്പിക്കുന്നതുപോലെ ശരീരം എന്നതിനെ ഫോക്കസില്‍ നിര്‍ത്തി പാട്രിയാര്‍ക്കിയല്‍ ആയ സമൂഹത്തിലെ കഥകളിലൊന്നിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുകയാണ് സംവിധായകന്‍. മനോജ് എന്നാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്‍റെ പേര്. ഒരു നടനാണ് അയാള്‍. ഒരു തിയറ്റര്‍ ഗ്രൂപ്പിനൊപ്പം പ്രവര്‍ത്തിക്കുന്ന വ്യക്തി. അതേസമയം വ്യക്തിപരമായ ചില ട്രോമകളില്‍ നിന്ന് ഇനിയും മോചനം നേടാന്‍ സാധിക്കാത്ത, എന്നാല്‍ അതിനുവേണ്ടി പരിശ്രമിക്കാന്‍ മനസുള്ള ഒരാളും.

സുഹൃത്തുക്കള്‍ക്കൊപ്പം നടത്തുന്ന ഒരു ചെറിയ ട്രിപ്പിനിടയില്‍ നിന്നാണ് മനോജിനെ നമ്മള്‍ ആദ്യം കാണുന്നത്. അടുപ്പമുള്ളവരില്‍ നിന്ന് കൈപ്പേറിയ, ഒരിക്കലും മറക്കാനാവാത്ത ചില അനുഭവങ്ങളാണ് അയാള്‍ക്ക് അന്ന് ഉണ്ടായത്. പിന്നീട് മനോജിനൊപ്പമുള്ള ദൈനംദിന ജീവിതത്തില്‍ കാണികളെ അയാള്‍ക്കൊപ്പം കൂട്ടുകയാണ് സംവിധായകന്‍. കഥാപാത്രത്തെ സംബന്ധിച്ച് എല്ലാം ഒറ്റയടിക്ക് സ്പൂണ്‍ ഫീഡ് ചെയ്യാതെ പതിയെപ്പതിയെയാണ് ഒരു ക്യാരക്റ്റര്‍ ആര്‍ക്ക് പൂര്‍ത്തിയാക്കുന്നത്. 90 ശതമാനവും സ്റ്റാറ്റിക് ഫ്രെയ്‍മുകളിലൂടെയാണ് അഭിജിത്ത് മജൂംദാര്‍ ചിത്രത്തിന്‍റെ ദൃഷ്യഭാഷ രൂപപ്പെടുത്തിയിരിക്കുന്നത്. മനോജിന്‍റെ വിരസവും വിഷാദാത്മകവുമായ ജീവിതം പോലെതന്നെയാണ് ചലനങ്ങള്‍ ഏറെക്കുറെ ഒഴിഞ്ഞ് നില്‍ക്കുന്ന, ചിത്രത്തിന്‍റെ ഫ്രെയ്‍മുകളും.

Latest Videos

അച്ഛനമ്മമാരുടെ ഒരുമിച്ചുണ്ടായ മരണവുമായി ഇനിയും സമരസപ്പെടാനാവാത്ത മനോജിന് ആരുമായും അടുത്ത വ്യക്തിബന്ധങ്ങള്‍ ഇല്ല. പങ്കാളി ഖുഷ്ബുവിനെപ്പോലെ അയാളോട് കരുതലുള്ള അപൂര്‍വ്വം മനുഷ്യരേ ഉള്ളൂ. സ്വന്തം കലാപ്രവര്‍ത്തനത്തിന് വ്യക്തികളേക്കാള്‍ പ്രാധാന്യം കൊടുക്കുന്നുണ്ട് അയാള്‍. വ്യക്തിപരമായ തകര്‍ച്ചകളില്‍ നിന്ന് കരകയറാനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന മനോജിന് മുന്നിലേക്ക് അയല്‍വീട്ടിലെ അയാള്‍ക്ക് പ്രിയപ്പെട്ട ഒരു കുട്ടിയുടെ ജീവിതവും കടന്നുവരികയാണ്. ഒഴിവുവേളകളില്‍ അയാള്‍ക്ക് ആശ്വാസ സാന്നിധ്യമായ, ആ കുട്ടിയും ഒരു ഇരയാണെന്ന തിരിച്ചറിവ് ഒരു ഉള്‍ക്കിടിലമാണ് അയാളില്‍ ഉണ്ടാക്കുന്നത്. തുടര്‍ന്ന് വിഷയത്തില്‍ തന്നെക്കൊണ്ട് ആവുന്നത് ചെയ്യാന്‍ അയാളും ശ്രമിക്കുന്നു.

undefined

സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങള്‍ പോലും സ്റ്റാറ്റിക് ഫ്രെയ്‍മുകളിലൂടെ അതിന്‍റെ ഡ്രാമ ചോര്‍ത്തിക്കൊണ്ടാണ് അഭിജിത്ത് അവതരിപ്പിക്കുന്നത്. സിനിമാറ്റിക്കിന് പകരം റിയലിസ്റ്റിക് ആയാണ് അദ്ദേഹം കേന്ദ്ര കഥാപാത്രമായ മനോജിനെയും അദ്ദേഹത്തിന്‍റെ ജീവിതത്തെയും അവതരിപ്പിച്ചിരിക്കുന്നത്. ഏറ്റവും ആഘാതം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള തുടക്കത്തിലെ ആക്റ്റ് പോലും ഈ വിഷ്വല്‍ ​ഗ്രാമര്‍ കൊണ്ട് മറ്റൊരനുഭവമാണ് ഉണ്ടാക്കുന്നത്. അതേസമയം കേന്ദ്ര കഥാപാത്രത്തെക്കുറിച്ചുപോലും മുഴുവന്‍ പറയുന്നുമില്ല സംവിധായകന്‍. അച്ഛനമ്മമാരുടെ ഒരുമിച്ചുള്ള മരണം കൂടാതെ മറ്റെന്തോ ട്രോമ കൂടി കുട്ടിക്കാലത്ത് അയാള്‍ക്ക് ഉണ്ടായിട്ടുണ്ടെന്ന സൂചനകള്‍ അവിടവിടെ നല്‍കുന്നുണ്ട്. എന്നാല്‍ അത് എന്താണെന്ന് വ്യക്തമാക്കുന്നുമില്ല. മനോജും അയല്‍ക്കാരനായ കുട്ടിയും നേരിടുന്ന ദയാരഹിതമായ അനുഭവങ്ങള്‍ക്ക് സമാനതകളുണ്ട്. രണ്ടും പുരുഷന്മാരില്‍ നിന്നുള്ള ശാരീരിക ആക്രമണങ്ങളാണ്. എന്നാല്‍ ഇതൊന്നും സ്പൂണ്‍ ഫീഡ് ചെയ്യാന്‍ ശ്രമിക്കുന്നില്ല സംവിധായകന്‍. നരേറ്റീവ് ലീനിയര്‍ ആയിരിക്കുമ്പോഴും അമൂര്‍ത്തമായി ചിലത് പറയാതെ ബാക്കിവച്ചുകൊണ്ടാണ് ബോഡി അവസാനിക്കുന്നത്. 

പ്ലോട്ട് ശ്രദ്ധേയമായിരിക്കുമ്പോഴും ഇനിയും മികച്ചതാക്കാമായിരുന്ന സിനിമയെന്ന അനുഭവമാണ് ബോഡി നല്‍കിയത്. 2 മണിക്കൂര്‍ 22 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ ഏറെയും സ്റ്റാറ്റിക് ആയ ഫ്രെയ്‍മുകളിലൂടെ അവതരിപ്പിക്കുകയെന്നതാണ് അഭിജിത്ത് മജൂംദാര്‍ എടുത്തിരിക്കുന്ന ക്രിയേറ്റീവ് ഡിസിഷന്‍. ഒരുപക്ഷേ ഡ്രാമയെ ചോര്‍ത്തി മനുഷ്യരുടെ നിത്യജീവിതത്തില്‍ പാട്രിയാര്‍ക്കി ഇടപെടുന്നത് എത്രയും സ്വാഭാവികമായി ആണെന്ന ചിത്രീകരണമാവും അദ്ദേഹം ലക്ഷ്യമാക്കിയത്. ക്രൗഡ് ഫണ്ടിംഗിലൂടെ ലിമിറ്റഡ് ബജറ്റില്‍ ഒരുക്കിയിട്ടുള്ള ചിത്രത്തെ സംബന്ധിച്ച് ബുദ്ധിപരമായ തീരുമാനം കൂടിയാണ് അത്. അതേസമയം സിനിമാരൂപം എന്ന നിലയില്‍ ചിത്രത്തിന് ഉണ്ടായിരുന്ന സാധ്യതകളെ ചുരുക്കിയിട്ടുമുണ്ട് അത്. ഐഎഫ്എഫ്‍കെ അന്തര്‍ദേശീയ മത്സരവിഭാ​ഗത്തിലായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍.

ALSO READ : ദ സബ്സ്റ്റൻസ്; രക്തവും മാംസവും ചിന്തുന്ന സൗന്ദര്യ സങ്കൽപ്പങ്ങൾ- റിവ്യു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!